പഴയ സോവിയറ്റ് യൂണിയന്റെ ഭാഗവും ഇപ്പോള്‍ അയല്‍രാജ്യവുമായ യുക്രെയ്‌നെതിരെ റഷ്യ ഫെബ്രു. 24ന് ആരംഭിച്ച യുദ്ധം കോവിഡാനന്തര ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കോടിക്കണക്കിന് ആളുകളെ ബാധിക്കുകയും ലക്ഷക്കണക്കിന് പേര്‍ മരിക്കുകയും ചെയ്ത കോവിഡില്‍ നിന്ന് ലോകം മുക്തമായി വരുന്നേയുള്ളൂ. കോവിഡിന് ശേഷമുള്ള ലോകം പഴയതു പോലെയായിരിക്കില്ല എന്നു വിചാരിച്ചിരുന്നവരെ നിരാശയിലാഴ്ത്തിക്കൊണ്ടാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവും തിരിച്ചു വന്നിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഭീഷണമായ സാഹചര്യമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമായതോടെയാണ് യുക്രെയ്ന്‍ സ്വതന്ത്ര രാജ്യമായിത്തീര്‍ന്നത്. അന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തില്‍ 16 അംഗങ്ങളായിരുന്നെങ്കില്‍ ഇന്ന് അതിന്റെ അംഗബലം 30 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള യുക്രെയ്‌നിന്റെ നീക്കമാണ് റഷ്യയെ പ്രകോപിപ്പിച്ചത്. അങ്ങനെ സംഭവിച്ചാല്‍ മോസ്‌കോയ്ക്ക് തൊട്ടടുത്ത് നാറ്റോയുടെ സേനാ സാന്നിദ്ധ്യമുണ്ടാകും. രാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുന്ന ഇത്തരമൊരു നീക്കത്തെ അംഗീകരിക്കാന്‍ റഷ്യ തയ്യാറല്ല. അതാണ് ഇപ്പോള്‍ ഒരു യുദ്ധത്തില്‍ കലാശിച്ചിരിക്കുന്നത്.
റഷ്യ-യുക്രെയ്ന്‍ പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഭാരതത്തിന്റെ നിലപാട്. യുദ്ധം തുടങ്ങിയ ദിവസം തന്നെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഭാരതം ഇടപെടണമെന്ന യുക്രെയ്ന്‍ സ്ഥാനപതിയുടെ അഭ്യര്‍ത്ഥനയും ഭാരതത്തെ കൂടെ നിര്‍ത്താന്‍ റഷ്യയും അമേരിക്കയുമടക്കം വിവിധ രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങളും പുതിയ ലോക ക്രമത്തില്‍ ഭാരതത്തിനുള്ള നിര്‍ണായക സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും സ്വാധീനമുള്ള ലോക നേതാവായി നരേന്ദ്രമോദിയെ വിവിധ രാജ്യങ്ങള്‍ കാണുന്നു എന്നതും ഭാരതത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ സംഗതിയാണ്. ദുര്‍ബ്ബലമായ പഴയ ചേരിചേരാ നയത്തിന്റെ സ്ഥാനത്ത് എല്ലാ രാജ്യങ്ങളോടും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള, ഭാരതത്തിന്റെ താല്പര്യങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യം നല്‍കാന്‍ കഴിയുന്ന ശക്തവും നിഷ്പക്ഷവുമായ ഒരു നയതന്ത്ര നിലപാടാണ് ഇന്ന് ഭാരതത്തെ ലോകത്തില്‍ ഏറ്റവും ശ്രദ്ധിക്കുന്ന രാജ്യമാക്കിത്തീര്‍ത്തിട്ടുള്ളത്. റഷ്യയുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നരേന്ദ്ര മോദി സര്‍ക്കാരിനു കഴിഞ്ഞത് ഈ നിലപാടു മൂലമാണ്.
യുദ്ധം മൂലം യുക്രെയ്‌നില്‍ കുടുങ്ങിയ ഇരുപതിനായിരത്തിലധികം ഭാരതീയരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ‘ഓപ്പറേഷന്‍ ഗംഗ’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും മറ്റു ജോലിക്കാരെയും യുദ്ധഭൂമിയില്‍ നിന്ന് രക്ഷിച്ച് ഭാരതത്തിലേക്ക് കൊണ്ടുവരികയാണ്. ഇതിനു വേണ്ടി വിദേശകാര്യ വകുപ്പ് രാപ്പകല്‍ പരിശ്രമിക്കുകയും സാദ്ധ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. റഷ്യയും യുക്രെയ്‌നുമടക്കമുള്ള എല്ലാ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധവും ഇതിനു വേണ്ടി ഉപയോഗിക്കുന്നു. കരമാര്‍ഗം ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റുമാനിയ എന്നിവിടങ്ങളിലെത്തിച്ച് വിദ്യാര്‍ത്ഥികളെയും മറ്റും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഭാരതത്തിലേക്ക് കൊണ്ടുവരികയാണ്. മുഴുവന്‍ ഭാരതീയരെയും രക്ഷിച്ച് കൊണ്ടുവരുന്നതു വരെ ഈ ദൗത്യം തുടരുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതത്തിന്റെ ദേശീയ പതാക പതിപ്പിച്ച വാഹനങ്ങളില്‍ യുദ്ധഭൂമിയിലൂടെ കടന്നുവരാന്‍ ഭാരത നയതന്ത്ര കാര്യാലയം പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിലൂടെ ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ഭാരതത്തിനു ലഭിക്കുന്ന അംഗീകാരമാണ് പ്രകടമായത്.
അതേ സമയം റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെ അപലപിക്കുന്ന ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാന്‍ അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും ഭാരതം തയ്യാറായില്ല എന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. 15 അംഗ സമിതിയില്‍ വോട്ടെടുപ്പു നടന്നപ്പോള്‍ കക്ഷി ചേരാതെ വിട്ടു നില്‍ക്കുകയാണ് ഭാരതം ചെയ്തത്. 11 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തെങ്കിലും റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം അപ്രസക്തമായി. എല്ലാ രാജ്യങ്ങളും രാജ്യാന്തര നിയമങ്ങളും യു.എന്‍ ചാര്‍ട്ടറും ആദരിക്കണമെന്നാണ് ഭാരതത്തിന്റെ എക്കാലത്തെയും നിലപാടെന്നും യു.എന്നിലെ ഭാരത അംബാസഡര്‍ ടി.എസ്.തിരുമൂര്‍ത്തി വ്യക്തമാക്കുകയും ചെയ്തു. ഭാരതത്തിന്റെ സുരക്ഷാ രംഗത്ത് റഷ്യക്ക് കാര്യമായ പങ്കുണ്ട്. ഭാരത സൈന്യത്തിന്റെ ആയുധ സാമഗ്രികളില്‍ 75 ശതമാനത്തോളം റഷ്യയില്‍ നിന്ന് വാങ്ങിയതോ റഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതോ ആണ്. സൈനിക സാങ്കേതിക രംഗത്ത് ഭാരതത്തോട് ഇത്രമാത്രം സഹകരിക്കുന്ന മറ്റൊരു രാജ്യവുമില്ല എന്നതും വസ്തുതയാണ്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കുക അത്ര എളുപ്പമല്ല. വ്യാപാര കാര്യത്തില്‍ ഉപരോധമേര്‍പ്പെടുത്തിയാല്‍ അത് ആഗോള വിപണിയെ വന്‍തോതില്‍ ബാധിക്കും. ലോക വിപണിയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ 15-17ശതമാനവും കല്‍ക്കരിയുടെ 16ശതമാനവും റഷ്യയില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ഗോതമ്പ് ലോക വിപണിയില്‍ എത്തിക്കുന്നതും റഷ്യയാണ്. ഇരുമ്പിന്റെയും ഉരുക്കിന്റെയും ഉല്പാദനത്തില്‍ റഷ്യ ആറാം സ്ഥാനത്താണ്. ഈ സാഹചര്യത്തില്‍ റഷ്യയെ ദുര്‍ബ്ബലപ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം ലോക വിപണിയെ ഗുരുതരമായി ബാധിക്കുെമന്ന് തീര്‍ച്ചയാണ്.
പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും യുദ്ധമല്ല, സംഭാഷണമാണ് പരിഹാരമെന്ന ഭാരതത്തിന്റെ നിലപാടിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചുവരികയാണ്.