പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ഥികളായി ഭാരതത്തിലേക്കെത്തുന്ന ഹിന്ദുക്കളെ പറ്റിയുള്ള ചര്‍ച്ചകള്‍ പൗരത്വനിയമ ഭേദഗതിയോടെ വലിയ രീതിയില്‍ നടന്നിരുന്നു. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ പെടുന്നതിനാല്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് പ്രാണരക്ഷാര്‍ത്ഥം വരുന്നവര്‍ക്ക് പൗരത്വം ലഭിക്കാനുള്ള കാലയളവ് നിയമം മൂലം മോദി സര്‍ക്കാര്‍ കുറച്ചിരുന്നു. പക്ഷെ പൗരത്വഭേദഗതി ബില്‍ 2019-ല്‍ ഇരുസഭകളിലും എന്‍.ഡി.എ സര്‍ക്കാര്‍ പാസ്സാക്കിയിരുന്നുവെങ്കിലും നാളിതുവരെയായി പൗരത്വം നല്‍കാന്‍ വേണ്ടിയുള്ള നടപടികളിലേക്ക് കടന്നിട്ടില്ല.
രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ഹിന്ദു അഭയാര്‍ത്ഥികള്‍ ഏഴ് സ്ഥലങ്ങളിലായി ആണ് അധിവസിക്കുന്നത്. വാസിര്‍പൂര്‍, ബിജ്‌വാസന്‍, മജ്‌ലിസ് പാര്‍ക്ക്, രോഹിണി സെക്ടര്‍ – 11, രോഹിണി സെക്ടര്‍ – 25, മജ്‌നു-കാ-ടില്ല എന്നിവിടങ്ങളില്‍ നാല്‍പ്പതിനായിരം ഹിന്ദു അഭയാര്‍ത്ഥികള്‍ താമസിക്കുന്നു. രോഹിണി സെക്ടര്‍ 11-ലെ കോളനിയിലേക്ക് (ബസ്തി) നടത്തിയ യാത്രയാണ് ഈ ലേഖനത്തിന്റെ ആധാരം.
മുളകൊണ്ടും മരത്തടി കൊണ്ടും നിര്‍മിച്ച കുടിലുകളിലാണ് ഹിന്ദു അഭയാര്‍ത്ഥികള്‍ താമസിക്കുന്നത്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദില്‍ നിന്നും കറാച്ചിയില്‍ നിന്നും 2013 മുതല്‍ എത്തിയവരാണ് ഇവര്‍. മുഷിഞ്ഞ വസ്ത്രങ്ങളില്‍ മാത്രം കാണപ്പെടുന്ന സ്ത്രീകളും പുരുഷന്മാരും. കൂലിവേല ചെയ്തും ഉന്തുവണ്ടികളില്‍ പഴം, പച്ചക്കറി, മൊബൈല്‍ കവര്‍ എന്നിവ കച്ചവടം ചെയ്തുമാണ് അതിജീവനത്തിനുള്ള വക ഇവര്‍ കണ്ടെത്തുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വലിയ പ്രതിസന്ധിയെയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്.
ഇവിടുത്തെ കുട്ടികളില്‍ വലിയൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല എന്നത് ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ്. ഉച്ചഭക്ഷണത്തിന് വേണ്ടി മാത്രം സ്‌കൂളില്‍ പോകുന്ന കുട്ടികളെയും ഇവിടെ കണ്ടു. ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കുമിടയില്‍ വിദ്യാഭ്യാസം എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഒരു കിട്ടാക്കനിയായി മാറിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. മുതിര്‍ന്നവരില്‍ അക്ഷരാഭ്യാസം ഉള്ളവര്‍ വിരലിലെണ്ണാവുന്നവരേ ഉള്ളൂ, അതില്‍ കൂടുതല്‍ പേര്‍ക്കും അറിയാവുന്ന ഭാഷ ഉര്‍ദുവാണ്. പാകിസ്ഥാനിലെ സ്‌കൂളുകളില്‍ ചേരണമെങ്കില്‍ ഇസ്ലാമിക വിഷയങ്ങള്‍ കൂടി പഠിക്കണം എന്നുള്ളതിനാല്‍ സ്‌കൂളില്‍ ചേരാന്‍ ഇവര്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല. പാകിസ്ഥാനിലെ ഇവരുടെ ജീവിത സാഹചര്യവും ഇതിലും മോശമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ വരെ പാകിസ്ഥാനില്‍ ഉണ്ടായിട്ടുണ്ട്. ദല്‍ഹിയില്‍ ഇവരുടെ ജീവിതം എത്ര ദുസ്സഹം ആണെങ്കിലും ജീവന് ഭീഷണി ഇല്ല എന്ന് ഇവര്‍ ആശ്വസിക്കുന്നു.
പാകിസ്ഥാനില്‍ വെച്ച് ബന്ധുക്കള്‍ മരിച്ചുകഴിഞ്ഞാല്‍ ഹൈന്ദവ ആചാരപ്രകാരം അവരെ സംസ്‌കരിക്കാന്‍ തദ്ദേശവാസികള്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ രാത്രിയില്‍ ആളൊഴിഞ്ഞ ഇടത്ത് മൃതശരീരം കൊണ്ടുപോയി സംസ്‌കരിച്ചിരുന്നു. ചിതാഭസ്മം ഭാരതത്തിലെ പുണ്യനദികളില്‍ നിമഞ്ജനം ചെയ്യാനായി എത്തിയതിനുശേഷം ഇവര്‍ തിരികെ പോകാതെ ഇവിടെ തന്നെ തങ്ങുകയായിരുന്നു. ദല്‍ഹിയില്‍ തലചായ്ക്കാന്‍ ഇടം കണ്ടെത്തുന്നതിനായി വിശ്വഹിന്ദുപരിഷത്തിന്റെയും മറ്റ് പരിവാര്‍ സംഘടനകളുടെയും സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഈ ഹിന്ദു ശരണാര്‍ഥികളില്‍ കുറേയധികം പേര്‍ക്ക് ഇപ്പോഴും ആധാര്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ രേഖകളും ലഭ്യമായിട്ടില്ല. കൂലിവേല ചെയ്യുന്ന മുകേഷ് ആധാര്‍ കാര്‍ഡ് കിട്ടുന്നതിനായി രണ്ടു തവണയായി സേവാകേന്ദ്രത്തില്‍ 500 രൂപ കെട്ടിവെച്ചു. ആധാര്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് അയാളെ തിരിച്ചയയ്ച്ചു എങ്കിലും ഇതുവരെ അയാള്‍ക്ക് അത് ലഭിച്ചിട്ടില്ല. പണം വാങ്ങുന്നതിനുള്ള രസീതും അയാള്‍ക്ക് ലഭിച്ചിട്ടില്ല. പല കുടുംബങ്ങളിലും ചില അംഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ട്, മറ്റ് അംഗങ്ങള്‍ക്ക് ലഭിക്കുന്നതില്‍ അധികൃതര്‍ തടസ്സം പറയുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനും ഇവര്‍ പ്രയാസം അനുഭവിക്കുന്നുണ്ട്. പൗരത്വം ലഭിക്കുന്നതിന് ഇവരില്‍ നിന്ന് കോഴ ആവശ്യപ്പെടുന്ന സര്‍ക്കാര്‍ സംവിധാനത്തെ പറ്റിയും ഇവര്‍ സൂചിപ്പിക്കുന്നുണ്ട്.
ഇരുപത്തഞ്ചുകാരന്‍ ആയ മുകേഷിന് മൂന്ന് കുഞ്ഞുങ്ങളാണ് ഉള്ളത്, ഭാര്യയ്ക്ക് വയസ്സ് 20. പ്രായപൂര്‍ത്തിയാവുന്നതിന് മുന്നേ തന്നെ കല്യാണം കഴിപ്പിക്കുന്ന പതിവ് ഈ ശരണാര്‍ത്ഥികളുടെ ഇടയില്‍ സാധാരണമാണ്. ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞു. അനിയന്ത്രിതമായി തുടരുന്ന സന്താനോല്‍പ്പാദനവും ഈ സമൂഹം നേരിടുന്ന ഒരു പ്രതിസന്ധിയാണ്. ഭാരതത്തിലേക്ക് വന്നിട്ട് കുറച്ചു കൊല്ലങ്ങള്‍ കഴിഞ്ഞു എങ്കിലും പാകിസ്ഥാനിലെ സാമൂഹ്യഅന്തരീക്ഷത്തില്‍ നിന്ന് ഇവര്‍ക്ക് ഇപ്പോഴും മോചനം നേടാന്‍ സാധിച്ചിട്ടില്ല. സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.
ശരണാര്‍ഥികള്‍ക്കിടയിലെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍
ദല്‍ഹിയിലെ ഹിന്ദു അഭയാര്‍ത്ഥി ക്യാമ്പുകളില്‍ (ബസ്തികളില്‍) എല്ലായിടത്തും സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ എത്തുന്നുണ്ട്. തൊഴില്‍ പരിശീലനത്തിനും മറ്റുമായി പ്രത്യേക പ്രൊജക്ടുകളും നിലവിലുണ്ട്. സേവാഭാരതി രോഹിണി സെക്ടര്‍ 11-ലെ പെണ്‍കുട്ടികളെ അലങ്കാര ബള്‍ബുകള്‍ നിര്‍മിക്കാന്‍ പഠിപ്പിക്കുന്നത് സന്ദര്‍ശനവേളയില്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇവരെ ഉള്‍പ്പെടുത്തി സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി സേവാഭാരതി മുന്നോട്ട് പോവുകയാണ്. ഇവരെ സ്വയംപര്യാപ്തരാക്കാനുള്ള ശ്രമങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നതാണ്.
ഹിന്ദു ശരണാര്‍ഥികളുടെ ബസ്തികളിലെ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കുന്ദന്‍ കനസ്‌കര്‍ പറയുന്നതനുസരിച്ച് ഏകദേശം നാല്പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ പല ക്യാമ്പുകളിലായി ദല്‍ഹിയില്‍ അധിവസിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് സര്‍വ്വ വരുമാനവും നിലച്ച ഈ കുടുംബങ്ങള്‍ക്ക് സേവാഭാരതി മുഖാന്തിരം വലിയ രീതിയില്‍ ഉള്ള സഹായങ്ങള്‍ ലഭിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികളിലേക്ക് പോലും പോകാന്‍ പ്രയാസപ്പെട്ടിരുന്ന ഇവര്‍ക്ക് വേണ്ടി സേവാഭാരതി ആംബുലന്‍സ് സൗകര്യവും ഒരുക്കിയിരുന്നു.
തയ്യല്‍ മെഷീന്‍ വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കുന്ദന്‍ പറഞ്ഞു. പക്ഷെ, ഈ ബസ്തികളിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള താല്പര്യക്കുറവില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സര്‍ക്കാരുമായി ചേര്‍ന്നുകൊണ്ട് ഉടനെ പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ചെറിയ ഭക്ഷണശാലകള്‍ തുറക്കാനുള്ള സഹായവും ശരണാര്‍ഥികള്‍ക്ക് നല്‍കി വരികയാണെന്ന് കുന്ദന്‍ പറഞ്ഞു. വലിയ പ്രൊജക്ടുകളാണ് ഈ ബസ്തികളില്‍ നടത്താന്‍ സേവാഭാരതി ഉദ്ദേശിക്കുന്നത്. അതിനായുള്ള ധനം സമാഹരിച്ച് വരികയാണ്.
ഇവിടുത്തെ ജനങ്ങളില്‍ സിംഹഭാഗത്തിനും കോണ്‍ഗ്രസ്സിനെയോ ബി.ജെ.പിയെയോ ആം ആദ്മി പാര്‍ട്ടിയെയോ പറ്റി അറിവില്ല, പക്ഷെ എല്ലാവര്‍ക്കും സേവാഭാരതിയെ കുറിച്ചറിയാം എന്നത് ഒരു വസ്തുതയാണ്. സേവനത്തില്‍ മുഴുകിയിരിക്കുന്ന ഒരു സംഘടനയ്ക്ക് ഇതില്‍പ്പരം എന്ത് അംഗീകാരമാണ് ലഭിക്കേണ്ടത് !
ശരണാര്‍ഥികളുടെ സാംസ്‌കാരിക ജീവിതം
തങ്ങളുടെ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പാകിസ്ഥാനി ഹിന്ദുക്കള്‍ പാകിസ്ഥാനിലെ എല്ലാ സ്വത്തുവകകളും ഇട്ടെറിഞ്ഞിട്ട് ഇന്ത്യയിലേക്ക് എത്തിയത്. മതപരിവര്‍ത്തനത്തിന് വിധേയരായിരുന്നെങ്കില്‍ അവര്‍ക്ക് പാകിസ്ഥാനില്‍ എല്ലാ സുഖങ്ങളും അനുഭവിച്ച് തുടരാമായിരുന്നു. പക്ഷെ, ഈ ബസ്തിയിലെ ദുരിത ജീവിതം അവര്‍ ധര്‍മ്മത്തിന് വേണ്ടി തിരഞ്ഞെടുത്തു. അതീവ സുന്ദരമായി സജ്ജീകരിച്ചിട്ടുള്ള ഒരു ഹനുമാന്‍ ക്ഷേത്രം ഈ ബസ്തിയില്‍ കാണാന്‍ സാധിക്കും. ഓരോ കുടിലുകളിലും ക്ഷേത്ര സമാനമായ ഒരു സംവിധാനം ഉണ്ട്. ഹിന്ദു ദേവീ-ദേവന്മാരുടെ ചിത്രങ്ങളും അവിടെ കാണാം. ഹൈന്ദവ സംസ്‌കാരത്തിന്റെ ഉത്ഭവം കുറിച്ച സിന്ധു നദീതടത്തില്‍ നിന്ന് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ഇവര്‍.
സര്‍ക്കാരുകളും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും ഹിന്ദു ശരണാര്‍ഥികളോട് നീതി കാണിക്കുന്നുണ്ടോ എന്നത് സംശയമായി തന്നെ നില്‍ക്കുന്നുണ്ട്. സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ കൊണ്ട് മാത്രം ഈ സമൂഹത്തിനെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കില്ല. പാകിസ്ഥാനില്‍ നിന്ന് ഇനിയും ഹിന്ദു അഭയാര്‍ത്ഥികള്‍ ദല്‍ഹിയിലേക്ക് ഒഴുകിയെത്തിയേക്കും. അവരെ ചേര്‍ത്ത് പിടിക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടാവേണ്ടത് ഈ സംസ്‌കാരത്തിന്റെ സംരക്ഷണത്തിന് അനിവാര്യമാണ്.