രാജ്ഭവനുകളും ഗവര്‍ണ്ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളും ആര്‍.എസ്.എസ് സ്വയംസേവകര്‍ക്കും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും കൊടുക്കാന്‍ പാടില്ലാത്തതാണോ? ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ രാജ്യത്തെ രണ്ടാംകിട പൗരന്മാരാണോ? എന്താണ് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ അയോഗ്യത? ഭാരതത്തിനുവേണ്ടി ജീവിക്കുന്നതും മാതൃഭൂമിയുടെ രക്ഷയ്ക്കുവേണ്ടി സ്വന്തം ജീവന്‍ ത്യജിക്കാമെന്ന് ദിവസവും പ്രാര്‍ത്ഥന ചൊല്ലി ഭാരതമാതാവിന്റെ വൈഭവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുമാണോ അയോഗ്യത?
മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പില്‍പ്പെട്ട പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിന്റെ കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവാണ് ഈ സംശയത്തിന് കാരണം. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അഡീഷണല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി പ്രമുഖ മാധ്യമപ്രവര്‍ത്തകനും ബി.ജെ.പി മാധ്യമ ഉപദേഷ്ടാവുമായിരുന്ന ഹരി എസ്.കര്‍ത്തായെ നിയമിച്ച ഉത്തരവിലാണ് വിവാദ പരാമര്‍ശം. ഗവര്‍ണ്ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് സജീവരാഷ്ട്രീയത്തിലുള്ളവരെ നിയമിക്കുന്ന പതിവില്ല. ഹരി എസ്.കര്‍ത്തായുടെ നിയമനം ഗവര്‍ണ്ണറുടെ താല്പര്യപ്രകാരം മാത്രമാണെന്നും നിലവിലുള്ള രീതി തുടരുന്നതാണ് അഭികാമ്യം എന്നും സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചു. പക്ഷേ, ഗവര്‍ണ്ണറുടെ ആവശ്യം അനുസരിച്ച് ഹരി എസ്.കര്‍ത്തായെ നിയമിക്കുകയാണെന്നാണ് ജ്യോതിലാല്‍ ഉത്തരവില്‍ പറഞ്ഞത്.
ഇതുസംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും ഇരട്ടത്താപ്പ് വ്യക്തമാണ്. ഹരി എസ്.കര്‍ത്തായുടെ നിയമനം സംബന്ധിച്ച ഫയല്‍ സെക്രട്ടറിയേറ്റില്‍ എത്തിയ ഉടന്‍തന്നെ രാജ്ഭവനില്‍ ആര്‍.എസ്.എസ്സുകാരെ നിയമിക്കുന്നു എന്ന രീതിയില്‍ മിക്ക മാധ്യമങ്ങളിലും വാര്‍ത്ത വന്നത് ആകസ്മികമോ യാദൃച്ഛികമോ ആണെന്ന് കരുതാനാകില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാജ്ഭവനില്‍ നിന്നെത്തിയ നിയമനം സംബന്ധിച്ച ഫയല്‍ ബോധപൂര്‍വ്വം ഇടതുസഹയാത്രികരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. ഇത്തരം തസ്തികകളില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ നിയമിക്കുന്നതില്‍ ഭരണഘടനാപരമായ വിലക്കുണ്ടോ? രാജ്ഭവനില്‍ ഗവര്‍ണ്ണറായി എത്തുന്നതും രാഷ്ട്രീയ പ്രവര്‍ത്തകരോ, അനുഭാവികളോ, മുന്‍മന്ത്രിമാരോ ഒക്കെത്തന്നെയല്ലേ? പിന്നെ ഹരി എസ്.കര്‍ത്തായെ നിയമിക്കുമ്പോള്‍ മാത്രം പിണറായിക്കും പൊതുഭരണ വകുപ്പിനും അലോസരമാകാന്‍ എന്താണ് കാരണം?
ഭാരതത്തിന്റെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭൂരിഭാഗം എം.പിമാരും ഇന്ത്യയിലെ എല്ലാ നിയമസഭകളിലെയും കൂടി ഭൂരിഭാഗം എം.എല്‍.എമാരും ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ്. അവരൊക്കെ ഈ പദവികളില്‍ എത്തിയശേഷം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം കളിച്ചിട്ടില്ല. ഭരണഘടനയുടെ അന്തസ്സത്ത നിലനിര്‍ത്തിക്കൊണ്ട് ജനാധിപത്യമൂല്യങ്ങള്‍ക്ക് അനുസൃതമായി എല്ലാവരെയും ഒന്നായിക്കണ്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ. പി അധികാരത്തിലെത്തിയതിനുശേഷം ആദ്യമായി നിയമിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍കലാം ആയിരുന്നു. ഭീകരവാദികളായ ഒരുപറ്റം മുസ്ലീങ്ങള്‍ക്കും മദാമ്മ സോണിയക്കും അടക്കം ചിലര്‍ക്കു മാത്രമേ അദ്ദേഹം അനഭിമതനായിരുന്നുള്ളൂ. അബ്ദുള്‍കലാം മുസ്ലീമല്ല, കാരണം അദ്ദേഹം ബീഫ് കഴിക്കില്ല, വീണ വായിക്കും തുടങ്ങിയ കാര്യങ്ങളാണ് അന്ന് മുസ്ലീം ഭീകരര്‍ ഉയര്‍ത്തിയിരുന്നത്. രാഷ്ട്രപതിഭവനിലെ ധൂര്‍ത്ത് അവസാനിപ്പിച്ച് മിതത്വത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പാഠം പഠിപ്പിച്ച അബ്ദുള്‍കലാം എക്കാലവും ഇന്ത്യ കണ്ട ഏറ്റവും നല്ല രാഷ്ട്രപതിമാരില്‍ ഒരാളായിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ ആളില്ലാത്തതുകൊണ്ടാണോ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയത്? ഭാരതത്തിന്റെ അഭിമാനസ്തംഭങ്ങളായ അഗ്നി അടക്കമുള്ള മിസൈലുകള്‍ രൂപകല്‍പ്പന ചെയ്ത, ഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ക്ക് സ്വപ്‌നത്തിന്റെ ചിറക് നല്‍കിയ അബ്ദുള്‍കലാമിനെ പോലുള്ള ഒരാളിന് പകരം വെയ്ക്കാന്‍ മറ്റാരാണ് ഉള്ളത്? മതമല്ല, മനോഭാവമാണ് പ്രശ്‌നം. ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്ന എത്രയോ പേര്‍ ഭാരതാംബയ്ക്കു വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായിരിക്കുന്നു. രാഷ്ട്രത്തിന്റെ സുപുത്രന്മാരായ അവര്‍ക്കൊപ്പമാണ് എന്നും ആര്‍.എസ്.എസ്സും പരിവാര്‍ പ്രസ്ഥാനങ്ങളും.
കേരളത്തിന്റെ സന്നിഗ്ദ്ധമായ രാഷ്ട്രീയ കാലാവസ്ഥയില്‍ നരേന്ദ്രമോദിയെ പോലെ വിശാല വീക്ഷണമുള്ള ഒരു പ്രധാനമന്ത്രിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഗവര്‍ണ്ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. ന്യൂനപക്ഷ പ്രീണനത്തിന്റെ അലയൊലികള്‍ വാനോളമുയര്‍ത്തി, ഭീകരതയെയും തെമ്മാടിത്തത്തെയും ജിഹാദികളെയും പാലൂട്ടി വളര്‍ത്തി എങ്ങനെയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ നില്‍ക്കുന്ന പിണറായി വിജയനെ പോലുള്ള രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്ക് ആരിഫ് മുഹമ്മദ് ഖാനെ മനസ്സിലാവില്ല. 37-ാം വയസ്സില്‍ രാജീവ്ഗാന്ധി മന്ത്രിസഭയിലെ മന്ത്രിസ്ഥാനം പുല്ലുപോലെ വലിച്ചെറിഞ്ഞ്, അധികാരത്തെക്കാള്‍ വലുത് ആദര്‍ശവും മൂല്യങ്ങളുമാണെന്ന് സ്വന്തം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തിയ ആരിഫ് മുഹമ്മദ് ഖാന് ടിപ്പണി എഴുതാന്‍ പിണറായി വിജയന്റെ രാഷ്ട്രീയ പാരമ്പര്യം പോരാ. ഷഹബാനു കേസിലെ സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍ നിയമഭേദഗതി കൊണ്ടുവന്ന രാജീവ്ഗാന്ധിയുടെ അധികാരത്തിന്റെ ഉത്തുംഗശൃംഗങ്ങളിലെ അഹങ്കാരത്തിന്റെ മകുടങ്ങളെ തകര്‍ത്തെറിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നില്‍ അഴിമതിവീരന്മാരായ സി.പി.എം നേതാക്കളെവിടെ! ഉറുദുവും സംസ്‌കൃതവും ഹിന്ദിയും ഇംഗ്ലീഷും ഒക്കെ അനായാസം ഗംഗാപ്രവാഹം പോലെയുള്ള വാഗ്‌ധോരണിയിലൂടെ അനുവാചകരെ വിരല്‍ത്തുമ്പില്‍ നൃത്തമാടിക്കുന്ന ആ പ്രതിഭയ്ക്കു തുല്യം നില്‍ക്കാന്‍ ഒരു നേതാവെങ്കിലും കേരളത്തിലെ സി.പി.എമ്മിനുണ്ടോ? ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റത്തിലും ഒരുകാര്യം വ്യക്തമാണ്. തനിക്ക് പോന്നവരോട് മാത്രമേ അദ്ദേഹം മുട്ടാനുള്ളൂ.
ചീഫ് സെക്രട്ടറി മുതല്‍ ഡി.ജി.പി വരെയുള്ള നിയമനത്തിന് അടിവസ്ത്രം വരെ ചുവപ്പായിരിക്കണം എന്ന് ശാഠ്യം പിടിക്കുന്ന പിണറായി വിജയന് ഗവര്‍ണ്ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് ബി.ജെ.പിക്കാരനാകുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിക്കുന്നത് തികഞ്ഞ അല്‍പ്പത്തരമല്ലേ. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സി.പി.എമ്മുകാര്‍ അല്ലാതെ ഇടതുമുന്നണിയില്‍പ്പെട്ട മറ്റു കക്ഷികളിലെ ഒരാളെങ്കിലുമുണ്ടോ? മരുന്നിനെങ്കിലും മറ്റു മതസ്ഥരില്‍ ഒരാളെയെങ്കിലും പേഴ്‌സണല്‍ സ്റ്റാഫില്‍ വെയ്ക്കണമെന്ന് മുസ്ലീംലീഗ് മന്ത്രിമാരെ ഉപദേശിച്ച പഴയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സ്തുതി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും എണ്ണമറ്റ ഉപദേഷ്ടാക്കളും ഒക്കെ സി.പി.എമ്മുകാരോ സഹയാത്രികരോ അല്ലേ? കേന്ദ്രം ഭരിക്കുന്ന ഭരണകക്ഷിക്ക് അവരുടെ പാര്‍ട്ടിയില്‍പ്പെട്ട ഒരാളെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണറുടെ ഓഫീസില്‍ വെയ്ക്കണമെന്ന് പറയുമ്പോള്‍ അതിനെ അപമാനിക്കുന്ന രീതിയില്‍ ഉത്തരവ് ഇറക്കുന്നത് എന്ത് മര്യാദയാണ്. അല്പമെങ്കിലും ജനാധിപത്യബോധമോ രാഷ്ട്രീയ സദാചാരമോ ഉണ്ടായിരുന്നെങ്കില്‍ വ്യക്തിപരമായി കണ്ട സമയത്ത് ഗവര്‍ണ്ണറോട് മുഖ്യമന്ത്രിക്ക് പറയാമായിരുന്നു, രാഷ്ട്രീയക്കാരെ അല്ലെങ്കില്‍ ബി.ജെ.പിക്കാരെ നിയമിക്കുന്നത് ശരിയല്ലെന്ന്. അതിനുപകരം കെ.ആര്‍.ജ്യോതിലാലിനെ പോലെ ആര്‍ക്കു മുന്നിലും വളയുന്ന ഒരു ഐ.എ.എസ്സുകാരനെക്കൊണ്ട് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചത് മര്യാദയാണോ എന്ന് പലപ്പോഴും മര്യാദയെക്കുറിച്ച് പ്രഭാഷണം നടത്തുന്ന പിണറായി ആലോചിക്കണം. രാഷ്ട്രീയക്കാര്‍ക്ക് നിയമന നിരോധനമുള്ള വൈസ് ചാന്‍സലര്‍, ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍, പി.എസ്.സി അംഗം തുടങ്ങിയ എല്ലാ പദവികളിലേക്കും സ്വന്തം പാര്‍ട്ടിക്കാരെയോ മുന്നണിക്കാരെയോ മാത്രം നിയമിക്കുന്ന മുഖ്യമന്ത്രി ഗവര്‍ണ്ണറെ ഈ രീതിയില്‍ ഉപദേശിക്കാന്‍ കാട്ടിയ ഉളുപ്പില്ലായ്മയുടെ പേരാണോ കമ്മ്യൂണിസം?
മുഖ്യമന്ത്രി പിണറായി വിജയന്‍ നയപ്രഖ്യാപന പ്രസംഗവുമായി രാജ്ഭവനില്‍ എത്തിയപ്പോഴാണ് ആരിഫ് മുഹമ്മദ്ഖാന്റെ തനിസ്വരൂപം മനസ്സിലായത്. നയപ്രഖ്യാപന പ്രസംഗം ഒപ്പിടില്ലെന്ന് ഗവര്‍ണ്ണര്‍ നിലപാടെടുത്തു. നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ നയപ്രഖ്യാപനം ഒപ്പിട്ടില്ലെങ്കില്‍ ഉണ്ടാകുന്ന ഭരണഘടനാ പ്രതിസന്ധി പിണറായിക്ക് അറിയാമായിരുന്നു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് വിരമിച്ച ഉദ്യോഗസ്ഥന്മാരെ പോലെ പെന്‍ഷന്‍ കൊടുക്കുന്നത് ശരിയല്ലെന്നും ഇത് പുനഃപരിശോധിക്കണമെന്നുമാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്. രാജാവിനേക്കാള്‍ വലിയ രാജ്യഭക്തി കാണിച്ച കെ.ആര്‍.ജ്യോതിലാലിന്റെ ലാവണം തെറിച്ചത് മിച്ചം. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയെന്ന ഗ്ലാമര്‍ പോസ്റ്റില്‍ നിന്ന് ചവിട്ടിപ്പുറത്തിട്ട് ഗവര്‍ണ്ണറെ വിളിച്ച് സമസ്താപരാധം പറഞ്ഞ് നയപ്രഖ്യാപനത്തില്‍ ഒപ്പിടാന്‍ പിണറായി അഭ്യര്‍ത്ഥിച്ചു. ജ്യോതിലാലിനെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടില്ലെന്ന് ഗവര്‍ണ്ണര്‍ വിശദീകരിച്ചെങ്കിലും കണ്ണൂരിലെ ഒരു അങ്കച്ചേകവരും ഇതുവരെ പ്രയോഗിക്കാത്ത പൂഴിക്കടകനിലൂടെ പിണറായിയെ ഗവര്‍ണ്ണര്‍ മലര്‍ത്തിയടിച്ചു. ഇവിടെ വിജയന്‍ വീണ്ടും പരാജയനാവുകയാണ്. നിയമനത്തിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ അഭിപ്രായമോ വിയോജനക്കുറിപ്പോ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ജ്യോതിലാല്‍ എന്ന (കഴുത്തില്‍ ഐ.എ.എസ് തൂക്കിയ ആള്‍. ജി.സുധാകരനോട് കടപ്പാട്) പ്രിന്‍സിപ്പള്‍ സെക്രട്ടറി ഉത്തരവില്‍ എടുത്തുചേര്‍ക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആരും കരുതുന്നില്ല. രാഷ്ട്രീയക്കാരനുവേണ്ടി ചൂടുചോറ് വാരുന്ന, അഭിമാനബോധവും നട്ടെല്ലുമില്ലാത്ത എല്ലാ ഐ.എ.എസ്സുകാരനും ഇതൊരു പാഠമാണ്. അവനവന്‍ ഇരിക്കേണ്ടിടത്തു തന്നെ ഇരിക്കണം. കേന്ദ്രസര്‍ക്കാരും കേന്ദ്ര വിജിലന്‍സ് കമ്മീഷനും കോടതിയും പോലും പറഞ്ഞിട്ടുണ്ട്, വാക്കാലുള്ള ഉത്തരവുകള്‍ അനുസരിക്കരുതെന്ന്.
കഷ്ടം മുഖ്യമന്ത്രി! അങ്ങയെ ഓര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തുകയാണ്. അങ്ങയുടെ നിര്‍ദ്ദേശം പാലിച്ച് ഗവര്‍ണ്ണറെ പ്രകോപിപ്പിക്കാന്‍ പോയ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഈ തരത്തില്‍ അപമാനത്തിന്റെ പടുകുഴിയില്‍ തള്ളരുതായിരുന്നു. ത്രാണിയുള്ള നല്ല ആണുങ്ങള്‍ വന്നാല്‍ ഏത് ഉത്തരവും പിന്‍വലിച്ച് ആരെയും വലിച്ചെറിഞ്ഞ് പോകാനുള്ള ധൈര്യമേ ഊരിപ്പിടിച്ച വാളും പഴയ ബ്രണ്ണന്‍ കഥകളും ഒക്കെ പറഞ്ഞ പിണറായി പരാജിതനുള്ളൂ എന്ന കാര്യം മലയാളികള്‍ തിരിച്ചറിയുകയാണ്. അങ്ങ് വ്യത്യസ്തനാണ്, സത്യത്തില്‍ ആരും തിരിച്ചറിയാത്ത വ്യത്യസ്തന്‍!