ജാനുവമ്മായിയെ കാണാന്‍ പോയപ്പോള്‍ കണ്ണനെയും അമ്മ ഒപ്പം കൂട്ടി. അച്ഛന്റെ നിര്‍ബ്ബന്ധംകൊണ്ടാണ് അമ്മ പോകാന്‍ തയ്യാറായത്.
ജാനുവമ്മായി എഴുന്നേല്‍ക്കാന്‍ വയ്യാതെ മരക്കട്ടിലില്‍ കിടക്കുന്നത് കണ്ടപ്പോള്‍ കണ്ണന് സങ്കടംതോന്നി. അമ്മയെ കണ്ടപ്പോള്‍ അവരുടെ മുഖത്തുണ്ടായ സന്തോഷം കണ്ണന്‍ ശ്രദ്ധിച്ചു. അവര്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് കണ്ണനെ അടുത്തേക്കുവിളിച്ചു. അടുത്തേക്കു ചെന്നപ്പോള്‍
കണ്ണന്റെ ദേഹത്ത് സ്‌നേഹത്തോടെ തലോടി.
”ജയശ്രീ…”
അമ്മായി അകത്തേക്കുനോക്കി നീട്ടി വിളിച്ചു.
അമ്മായിയുടെ മകള്‍ അവിടേയ്ക്കു വന്നു.
”ജയശ്രീ ഇവിടുണ്ടായിരുന്നോ..?” അമ്മ ചോദിച്ചു.
”അമ്മയ്ക്ക് വയ്യാണ്ടായപ്പോ….” ജയശ്രീചേച്ചി പറഞ്ഞു.
”ഈ കുഞ്ഞിനു കൊടുക്കാന്‍ എന്താ ഇവിടുള്ളത്?” ജാനുവമ്മായി ജയശ്രീചേച്ചിയെ നോക്കി ചോദിച്ചു.
ജയശ്രീചേച്ചി ഒന്നും പറയാതെ അടുക്കളയിലേക്കു പോയപ്പോള്‍ അവരുടെ മുട്ടോളം നീണ്ടുകിടന്ന അഴിച്ചിട്ട മുടി കണ്ണന്‍ ശ്രദ്ധിച്ചു. ചേച്ചിയുടെ തലയില്‍ എണ്ണ തടവിക്കൊണ്ട് അമ്മ ജയശ്രീ ചേച്ചിയുടെ മുടിയെക്കുറിച്ച് പറയുന്നത് കേട്ടിട്ടുള്ളതു
കൊണ്ടാണ് അവന്‍ മുടി ശ്രദ്ധിച്ചത്. ജയശ്രീ ചേച്ചി കൊണ്ടുവരുന്ന തെന്താവും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അവര്‍ ഒരു പാത്രവുമായി വന്നു.
”ചക്കയപ്പം കണ്ണന് ഇഷ്ടമാണോ..” ചിരിച്ചുകൊണ്ട് ജയശ്രീചേച്ചി പാത്രം കണ്ണന്റെ നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.
ചിരിച്ചുകൊണ്ട് പാത്രം വാങ്ങി, കണ്ണന്‍ തലയാട്ടി.
”ചേച്ചിയും എടുക്ക്” അമ്മയെ നോക്കി ജയശ്രീചേച്ചി പറഞ്ഞു.
”ഭാനൂ, നിങ്ങള് പിണങ്ങരുത്. ഗോവിന്ദനും ഭാനൂം ഈ വീട്ടിലെ അംഗങ്ങള് തന്നാ.. നിങ്ങളുടെ പശുവിനെ അവിടുന്ന് കൊണ്ടു വരുന്ന കാര്യം ഞാനറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കി, സമ്മതിക്കില്ലാ യിരുന്നു. ഇവിടുത്തെ ആള്‍ക്ക് ചില സമയം ഒരു ചൂടാ. കറക്കാന്‍ അതു സമ്മതിക്കാഞ്ഞപ്പോ പശുവിനെ ഗോവിന്ദനുതന്നെ മടക്കിക്കൊടു ക്കാന്‍ ഞാന്‍ കുറെ പറഞ്ഞതാ. ദുരഭിമാനം അതിന് അനുവദി ക്കില്ലല്ലോ. കഴിഞ്ഞതൊക്കെ കഴിഞ്ഞു. എന്തായാലും നീ വന്നൂല്ലോ. ഇപ്പോ സന്തോഷായി.” ജാനുവമ്മായി പറഞ്ഞു. ”അതൊക്കെ ഞങ്ങള് മറന്നു.” അമ്മ പറഞ്ഞു.
കിടക്കയില്‍ നിന്നെഴുന്നേല്‍ ക്കാന്‍ ജാനുവേടത്തി ശ്രമിച്ചപ്പോള്‍ അമ്മ എഴുന്നേല്‍ക്കാന്‍ അവരെ സഹായിച്ചു.
”നിന്നെ കാണണമെന്നു ഞാന്‍ പറഞ്ഞത് നിന്നോട് ഒരു കാര്യം പറയാനാ. നിന്റെ അച്ഛനും അമ്മയും എന്നെ കാണാന്‍ ഇവിടെ വന്നിരുന്നു. നിന്റെ വീട്ടിലേയ്ക്കു വരണമെന്ന് അവര്‍ക്ക് വല്ലാത്ത ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോ എനിക്ക് സന്തോഷമായി. പിണക്കമെല്ലാം മറന്ന് അവര് താമസിയാതെ നിന്റെ വീട്ടില്‍ വരും.” ജാനുവേടത്തി പറഞ്ഞു.
അതുകേട്ടതും അമ്മ പെട്ടെന്ന് കരയുന്നതാണ് കണ്ണന്‍ കണ്ടത്. മുത്തശ്ശനും മുത്തശ്ശിയും വീട്ടിലേക്ക് വരുന്ന കാര്യം പറഞ്ഞപ്പോള്‍ അമ്മ കരയുന്നത് എന്തിനെന്ന് കണ്ണന് മനസ്സിലായില്ല. മുത്തശ്ശനേയും മുത്തശ്ശിയേയും കണ്ട ഓര്‍മ്മ പോലും കണ്ണനില്ലായിരുന്നു. അവര്‍ വീട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ പ്പോള്‍ കണ്ണന് വല്ലാത്ത സന്തോഷവും തോന്നി.
വല്യമ്മാവന്റെ വീട്ടില്‍നിന്ന് മടങ്ങുമ്പോള്‍ കണ്ണന്‍ അമ്മയോടു ചോദിച്ചതു മുഴുവന്‍ മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ചായിരുന്നു. പഞ്ചായത്തുമെമ്പറുടെ പിന്‍ബല ത്തില്‍ അച്ഛന്‍, അമ്മയെ വീട്ടില്‍ നിന്ന് രഹസ്യമായി വിളിച്ചിറക്കി കൊണ്ടുപോയി രജിസ്റ്ററാഫീസില്‍ വച്ച് വിവാഹം കഴിച്ച കാര്യം പറയുമ്പോള്‍ അമ്മ കരയുന്നത് കണ്ണന്‍ കണ്ടു.
അമ്മയുടെ വീട്ടിലെ കാര്യ സ്ഥന്റെ മകനാണ് അച്ഛനെന്നും, അച്ഛനെ ഇഷ്ടപ്പെട്ട് മുത്തശ്ശനെ ധിക്കരിച്ചുകൊണ്ട് വീട്ടില്‍നിന്നിറങ്ങി അച്ഛനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് അമ്മ സ്വന്തം വീട്ടിലേക്ക് പോകാന്‍ മടിച്ചതെന്നുമുള്ള കാര്യങ്ങളൊന്നും അവന് അറിയില്ലായിരുന്നു.
”നിന്റെ അച്ഛനെ എനിക്ക് കിട്ടിയത് എന്റെ പുണ്യമാണ്. ഇതുപൊലൊരു അച്ഛനെ കിട്ടിയത് നിന്റെയും ലക്ഷ്മിയുടേയും ഭാഗ്യമാണ്.” അമ്മ പറഞ്ഞു.
അച്ഛനെക്കുറിച്ച് അമ്മ പുകഴ്ത്തിപ്പറഞ്ഞപ്പോള്‍ അച്ഛനോട് കണ്ണന് കൂടുതല്‍ സ്‌നേഹംതോന്നി. വിവാഹത്തിന് സമ്മതിക്കാത്തതിനെ ക്കുറിച്ച് പറഞ്ഞപ്പോഴും മുത്തശ്ശനെ അമ്മ കുറ്റപ്പെടുത്തിയില്ല. അമ്മയുടെ തറവാടിനെക്കുറിച്ച് കേട്ടിട്ടുണ്ടെ ങ്കിലും കണ്ണന്‍ പോയിട്ടില്ല. തറവാട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും ഉണ്ടെന്നും ചെറിയമ്മയെ കല്യാണം കഴിച്ചത് മദ്രാസില്‍ ജോലിയുള്ള ആളായതിനാല്‍ അവര്‍ മദ്രാസി ലാണെന്നും അമ്മ പറഞ്ഞപ്പോള്‍ അവരെയെല്ലാം കാണമെന്ന് അവന് ആഗ്രഹംതോന്നി.
”അച്ഛന്‍ സമ്മതിക്കാത്തതു കൊണ്ടാണോ അമ്മ തറവാട്ടിലേക്ക് പോകാത്തത്.” അവന്‍ ചോദിച്ചു.
അമ്മ ഒന്നും പറഞ്ഞില്ല. അച്ഛന്‍ അമ്മയെ പോകാന്‍ അനുവദിക്കാത്ത താവുമെന്ന് കണ്ണന്‍ സംശയിച്ചു. വീട്ടിലെത്തിയാല്‍ അച്ഛനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കണ മെന്ന് അവന്‍ തീരുമാനിച്ചു.
(തുടരും)