മുന്‍ വഖഫ് മന്ത്രി കെ.ടി.ജലീല്‍ കുറച്ചു നാളായി വളരെ അസ്വസ്ഥനാണ്. ലോകായുക്തയുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഗുസ്തിയൊന്നുമല്ല കാര്യം. ഇടപ്പാളിലെയും ആലത്തിയൂരിലെയും രണ്ടു സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുന്ന ഇരുപത്തിയഞ്ച് പെട്ടി ഖുറാനാണ് പ്രശ്‌നം. അതവിടെ കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമാകുന്നു. അതിന്റെ ആവശ്യം കഴിഞ്ഞു. ഇനി അതിനെ ഒഴിവാക്കണം. വീട്ടില്‍ സാധനങ്ങള്‍ പൊതിഞ്ഞു കൊണ്ടു വരുന്ന പ്ലാസ്റ്റിക്ക് കവറുകള്‍ കളയുന്നില്ലേ അതുപോലെ. അത്തരം ഒരു ഉദ്ദേശ്യം മാത്രമേ ഈ ഖുറാനെ കൊണ്ട് അദ്ദേഹത്തിനുള്ളൂ എന്നുവേണം കരുതാന്‍. ഈ ഖുറാന്‍ വിതരണത്തിന് ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. അത് സാധിച്ചു കഴിഞ്ഞു. ഇനി അവ പ്രഭവസ്ഥാനത്തേക്ക് തിരിച്ചേല്പിച്ചാല്‍ തന്റെ ദൗത്യം പൂര്‍ണ്ണമായി എന്നു ചുരുക്കം.
കുറെ കിറ്റുകളും ഈന്തപ്പഴവും ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സുരക്ഷിതമായ കവര്‍ ആയിരുന്നു ഖുറാന്‍ പൊതികള്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. അത്തരത്തില്‍ കേസും ഉണ്ടായിട്ടുണ്ട്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തി എന്നാണ് ആരോപണം. സ്വര്‍ണ്ണവും ഈന്തപ്പഴവും എത്തേണ്ട സ്ഥലത്ത് എത്തി. അതിന് മറയാക്കിയ ഖുറാന്‍ ബാക്കിയായി. അത് കടലാസ് വിലക്ക് തൂക്കിവില്‍ക്കാന്‍ പറ്റില്ലല്ലോ; മതഗ്രന്ഥമല്ലേ! നേരത്തെ ഇങ്ങനെ ഒരവസരത്തില്‍ കൊണ്ടുവന്ന ഖുറാന്‍ തൂക്കിവില്ക്കാന്‍ ശ്രമിച്ചത് വാര്‍ത്തയായതാണ്. യത്തീംഖാന കുട്ടികളുടെ കയ്യില്‍ അറബിയിലുള്ള ഖുറാന്‍ സ്വന്തമായുള്ളപ്പോള്‍ ഈ കള്ളക്കടത്ത് ഖുറാന്‍ വേണ്ടല്ലോ. അവര്‍ക്കു കൊടുക്കാന്‍ കൊണ്ടുവന്നതാണെങ്കില്‍ രണ്ടു വര്‍ഷമായി കെട്ട് പൊട്ടിക്കാതെ സ്ഥാപനങ്ങളില്‍ വെക്കേണ്ടതുമില്ലല്ലോ. ഈന്തപ്പഴം കൊടുത്ത സമയത്തു തന്നെ അതും വിതരണം ചെയ്യാമായിരുന്നു. അപ്പോള്‍ യത്തീം കുട്ടികള്‍ക്ക് കൊടുക്കാനല്ല ഈ 25 പെട്ടി ഖുറാന്‍. അതുകൊണ്ടുള്ള ഉദ്ദേശ്യം സാധിച്ചു കഴിഞ്ഞ സ്ഥിതിക്ക് അതിനു വീട്ടില്‍ സാധനം പൊതിഞ്ഞു കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറിന്റെ സ്ഥാനമേയുള്ളൂ. പ്ലാസ്റ്റിക് കവറുകള്‍ നാം റീസൈക്ലിങ്ങിനു നല്‍ക്കുകയല്ലേ പതിവ്. സ്വര്‍ണ്ണവും ഈന്തപ്പഴവും വീണ്ടും കൊണ്ടുവരാന്‍ മറയാക്കിയ ഖുറാനുകളും ഇതേ പ്രക്രിയക്ക് വിധേയമാക്കണം. എടപ്പാളിലും ആലത്തിയൂരിലും അതു കെട്ടിക്കിടന്നാല്‍ കോണ്‍സിലേറ്റിലെ ‘പുനരുപയോഗം’ നടക്കുമോ? അതാണ് ജലീലിന്റെ ആശങ്ക. കസ്റ്റംസ് അധികൃതര്‍ക്ക് രണ്ടു തവണ ഇ-മെയില്‍ അയച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ അദ്ദേഹം സ്വയം തീരുമാനമെടുത്തു ഖുറാന്‍ കോണ്‍സിലേറ്റിന് മടക്കിക്കൊടുക്കാന്‍. അന്വേഷണം തടയാനും ചിലരെ രക്ഷിക്കാനും ജലീല്‍ നടത്തുന്ന തന്ത്രമാണിതെന്ന് ചില അസൂയക്കാര്‍ പറയുന്നുണ്ട്. ഒരു കാറ്ററിംഗ് ദാതാവിന്റെ ജാഗ്രതയേ അദ്ദേഹത്തിനുളളൂ. ആവശ്യം കഴിഞ്ഞ കവര്‍ പരിസരം മലിനമാക്കാതെ പ്രഭവസ്ഥാനത്തെത്തിക്കണമെന്ന ജാഗ്രത. അതിന് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുമോ?! കള്ളക്കടുത്തുകാര്‍ക്ക് എന്ത് വിശുദ്ധഖുറാന്‍!