പേരുമാത്രം തെളിഞ്ഞില്ലിന്നോര്മ്മയില്
വേരുതേടിയെന് ഭൂതകാലക്കുളിര്.
കോളിരമ്പും കടല്‍ത്തിര മേലെയാള്
തോണിയേറി മറഞ്ഞൊരു ബിന്ദുവായ്!
കൈപിടിച്ചു കുലുക്കി കുശലങ്ങള്‍
പേര്ത്തുവച്ചതിന്നോര്മ്മതന് ചീളുകള്‍.
വര്‍ഷമെത്ര കഴിഞ്ഞു മറവിയില്‍
ഹര്‍ഷബാഷ്പം നിറഞ്ഞു മിഴികളില്‍.
തെല്ലുനേരമുടക്കി കണ്കെട്ടുപോല്
അല്ല ആരിതെന്‍ കുഞ്ഞിക്കറുമ്പനോ!
വയ്യഭാരം ചുമന്നു കുനിഞ്ഞതാം
മെയ്നിറച്ചും വിളര്ച്ചതന് പാടുകള്‍.
വല്ലപാടും മരംകേറി മാമ്പഴം
കല്ലിടിച്ചു കുടിച്ച നാളിന്നലെ
പുല്ലുവല്ലം നിറച്ചു വരമ്പിലെ-
കല്ലുതട്ടാതൊഴിഞ്ഞു പയ്പ്പിന്നിലായ്.
പൂഴിമണ്ണില്ക്കിളിമാസുമേനിയില്
വേര്പ്പുനാറും മുഷിഞ്ഞ വസ്ത്രങ്ങളും
ചേര്ത്തുനിര്ത്തിപ്പുണര്ന്നിടും കാഴ്ചകള്‍
ഓര്ത്തെടുക്കുമപൂര്വ്വ സൗഹാര്ദ്ദമായ്.
കാലമെത്രയായ് കാണാപ്പുറങ്ങളില്‍
കാലുറക്കാതലഞ്ഞ നാളോര്ക്കവേ
വല്ലപാടും പിണങ്ങിക്കുണുങ്ങിയാള്-
ക്കില്ലതെല്ലും പരിഭവമുള്ളിലായ്.
പെയ്തൊഴിയാത്ത കാര്‍മുകില്‍ താണ്ഡവം
നെയ്തെടുക്കാനുറച്ച ജന്മാന്തരം.
മെല്ലെ കണ്‍പൊത്തി പൊട്ടിച്ചിരികളില്‍
അല്ലലെല്ലാമൊഴിഞ്ഞ വിളംബരം.
ഇല്ലകയ്യിലവില്പ്പൊതിയെങ്കിലും
തെല്ലുനേരം മനസ്സു തുറന്നിടാം!