പത്തനംതിട്ട: നൂറ്റിപത്താമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി ആറു മുതല്‍ 13 വരെ പമ്പാ മണല്‍പ്പുറത്ത് തയ്യാറാക്കിയ ശ്രീവിദ്യാധിരാജ നഗറില്‍ നടക്കുമെന്ന് ഹിന്ദുമതമഹാമണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി ആറിനു വൈകിട്ട് നാലിന് ഗോവാ ഗവര്‍ണ്ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയും ഹിന്ദുമതമഹാമണ്ഡലം രക്ഷാധികാരിയുമായ സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍ അധ്യക്ഷനാകും.
ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലടീച്ചര്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍, ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി, കുമ്മനം രാജശേഖരന്, സ്വാമി അയ്യപ്പദാസ്, സ്വാമിനി ജ്ഞാനാഭനിഷ്ഠ, കേസരി ചീഫ് എഡിറ്റര്‍ ഡോ.എന്‍.ആര്.മധു, സ്വാമി ജ്ഞാനാമൃതാനന്ദപുരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി സംസാരിക്കും.
പതിമൂന്നിന് വൈകിട്ട് 4 ന് സമാപനസഭ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദപുരി സമാപന സന്ദേശം നല്‍കും. വര്‍ക്കല ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദസ്വാമികള്‍ അധ്യക്ഷനാകും. പത്രസമ്മേളനത്തില്‍ ഹിന്ദുമതമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായര്‍, സെക്രട്ടറി എ.ആര്.വിക്രമന് പിള്ള, പബ്ലിസിറ്റി കണ്‍വീനര്‍ അനിരാജ് ഐക്കര, ജോയിന്റ് കണ്‍വീനര്‍ കെ.എസ്.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.