കേരളത്തിലെ കലാലയങ്ങള്‍ സമാധാനപരമായ പഠനാന്തരീക്ഷത്തില്‍ നിന്നു വ്യതിചലിച്ചിട്ടു ദശാബ്ദങ്ങളായി. പ്രത്യയശാസ്ത്രപരമായ വളര്‍ച്ച മുരടിച്ച രാഷ്ട്രീയ കക്ഷികള്‍ എളുപ്പത്തില്‍ അണികളെ സൃഷ്ടിക്കാനുള്ള ഉപാധിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ കാണാന്‍ തുടങ്ങിയതോടെയാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്രയേറെ അധ:പതിച്ചത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വളരെയധികം മുന്നേറി എന്നവകാശപ്പെടുമ്പോഴും കേരളത്തിലെ കലാലയങ്ങള്‍ അക്രമ രാഷ്ട്രീയത്തിന്റെ വിളനിലങ്ങളായിരുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് അവരില്‍ പകയും വിദ്വേഷവും കുത്തിവെച്ച് സ്വന്തം സഹപാഠിയെ കുത്തിമലര്‍ത്താന്‍ അവര്‍ക്ക് പരിശീലനം നല്‍കിയത് കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികളാണ്. പാവപ്പെട്ട കുടുംബങ്ങളുടെ പ്രതീക്ഷയായി കലാലയങ്ങളില്‍ എത്തിച്ചേര്‍ന്ന അനേകം വിദ്യാര്‍ത്ഥികളാണ് കുടുംബങ്ങളെ തീരാദു:ഖത്തിലാഴ്ത്തിക്കൊണ്ട് ഇങ്ങനെ അക്രമ രാഷ്ട്രീയത്തിന്റെ ബലിയാടുകളായിത്തീര്‍ന്നത്.
ഈയിടെ ഇടുക്കി പൈനാവ് ഗവ.എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ.് ഐ നേതാവായ ധീരജ് രാജേന്ദ്രനെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കുത്തിക്കൊന്നതും മേല്പറഞ്ഞ അക്രമ രാഷ്ട്രീയത്തിന്റെ ഭാഗമായാണ്. കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു പാവപ്പെട്ട കുടുംബത്തില്‍ നിന്ന് ഇടുക്കിയില്‍ പഠിക്കാനെത്തിയ, മുമ്പ് രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു ധീരജ്. അയാളെ കൊലയ്ക്കു കൊടുത്തതില്‍ എസ്.എഫ്.ഐക്കുള്ള പങ്കും ചിന്തനീയമാണ്. സംഘടനയ്ക്ക് ഒരു രക്തസാക്ഷിയെ കിട്ടിയെങ്കിലും അതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളാണ് ചിതയില്‍ എരിഞ്ഞമര്‍ന്നത്. കേരളത്തിലെ കലാലയങ്ങളെ അക്രമ രാഷ്ടീയത്തിന്റെ പാഠശാലകളാക്കി മാറ്റിയതില്‍ എസ്.എഫ്. ഐ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1957ല്‍ കെ.എസ്.യു. രൂപം കൊണ്ടതോടെയാണ് കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം സജീവമാവുന്നത്. രണ്ടു ദശാബ്ദത്തോളം കേരളത്തിലെ കോളേജുകള്‍ കെ.എസ്.യുവിന്റെ നിയന്ത്രണത്തിലായിരുന്നു. 1970 കളില്‍ എസ്.എഫ്.ഐ. കടന്നുവന്നതോടെ ക്യാമ്പസ്സുകള്‍ അക്രമരാഷ്ട്രീയത്തിന്റെ കേന്ദ്രങ്ങളായി. 1974 നും 2022 നും ഇടയില്‍ എട്ട് വീതം കെ.എസ്.യു, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. എസ്. എഫ്.ഐയുടെയും മുസ്ലീം തീവ്രവാദ സംഘടനകളുടെയും ആക്രമണത്തില്‍ ആറ് എ.ബി.വി.പി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. കൊല്ലം നിലമേല്‍ എന്‍.എസ്.എസ്. കോളേജില്‍ ആക്രമിക്കപ്പെട്ട എ.ബി.വി.പി. പ്രവര്‍ത്തകരെ കാണാനെത്തിയ ആര്‍.എസ്.എസ്. പ്രചാരകനായ ദുര്‍ഗ്ഗാദാസിനെ കമ്മ്യൂണിസ്റ്റുകള്‍ കൊലപ്പെടുത്തിയ സംഭവം കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിലൊന്നാണ്. 1996 സപ്തംബര്‍ 17ന് പരുമല ദേവസ്വം ബോര്‍ഡ് കോളേജിലെ മൂന്ന് എ.ബി.വി.പി. വിദ്യാര്‍ത്ഥികളെ പുഴയില്‍ മുക്കിക്കൊന്നതും എസ്.എഫ്.ഐയാണ്. സംഭവം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തോട് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ചോദിച്ചത് ‘കൊല്ലപ്പെട്ടത് എ.ബി.വി.പി ക്കാരല്ലേ, അതിന് നിങ്ങള്‍ക്കെന്താ’ എന്നാണ്. മനുഷ്യ ജീവന് തെല്ലും വില കല്പിക്കാത്ത കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ജനവിരുദ്ധതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ പ്രകടമായത്.
സമീപകാലത്ത് ക്യാമ്പസ്സുകളില്‍ മുസ്ലീം തീവ്രവാദ സംഘടനകളെ വളര്‍ത്തിയെടുത്തതിനു പിന്നിലും കമ്മ്യൂണിസ്റ്റുകളുടെ ആസൂത്രിത നീക്കം കാണാം. മിക്ക കോളേജുകളിലും അവര്‍ ഒരേ തൂവല്‍ പക്ഷികളാണ്. അതുകൊണ്ടാണ് എറണാകുളം മഹാരാജാസ് കോളേജിലെ സ്വന്തം സഖാവിനെ കുത്തിമലര്‍ത്തിയിട്ടും മുസ്ലീം തീവ്രവാദ സംഘടനക്കെതിരെ എസ്.എഫ്.ഐക്ക് പ്രതികരിക്കാന്‍ കഴിയാതിരുന്നത്. അന്ന് എഴുതാനാണ് തീരുമാനം എന്നു പറഞ്ഞവര്‍ ഇടുക്കിയില്‍ ധീരജ് കൊല്ലപ്പെട്ടപ്പോള്‍ സംസ്ഥാനത്തുടനീളം അക്രമമഴിച്ചു വിടുന്നതും നാം കണ്ടു. മലപ്പുറത്ത് മഞ്ചേരി പൂക്കൊളത്തൂര്‍ സി.എച്ച്.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.എഫ്.ഐക്കാര്‍ ആക്രമിക്കുകയും അദ്ധ്യാപകര്‍ പ്രതിരോധിക്കുകയും ചെയ്ത സംഭവത്തില്‍ ഒന്‍പതു പേരാണ് ആശുപത്രിയിലായത്. അക്രമങ്ങള്‍ തുടരാനാണ് തീരുമാനം എന്ന് എസ്.എഫ്.ഐ പ്രവൃത്തിയിലൂടെ കാണിച്ചു തരികയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയം സംസ്ഥാനത്ത് ഹൈക്കോടതി തന്നെ നിരോധിച്ചിട്ടുള്ളതാണ്. പൊന്നാനി എം.ഇ.എസ്. കോളേജില്‍ പുറത്താക്കപ്പെട്ട എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നില്‍ ടെന്റ് കെട്ടി സമരം ചെയ്തപ്പോള്‍ അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ്സിലാണ് കോടതി വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ചത്. പക്ഷെ അധികൃതരുടെ അനുഗ്രഹത്തോടെ സമരങ്ങള്‍ ഇപ്പോഴും തുടര്‍ന്നു വരികയാണ്. പല കോളേജുകളും എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലാണ്. യൂണിയന്‍ ആപ്പീസുകള്‍ ആയുധപ്പുരകളാണ്. മഹാരാജാസില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച എസ്.എഫ്.ഐക്കാര്‍ വിക്‌ടോറിയയില്‍ റിട്ടയര്‍ ചെയ്യുന്ന പ്രിന്‍സിപ്പലിന് കുഴിമാടം തീര്‍ത്താണ് യാത്രയയപ്പ് നല്‍കിയത്.
കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് കൊലക്കത്തിക്ക് അതേ നാണയത്തില്‍ മറുപടി കൊടുത്തു ശീലമുള്ള കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതോടെ കോണ്‍ഗ്രസ്സിലെ ഗുണ്ടകള്‍ക്ക് വീറുംവാശിയും കൈവന്നിട്ടുണ്ട്. പരസ്യമായി പശുവിനെ അറുത്ത് ബീഫ്‌ഫെസ്റ്റിവല്‍ നടത്തിയ കണ്ണൂരിലെ ജിഹാദി കോണ്‍ഗ്രസ് യൂത്തന്‍മാര്‍ അഹിംസയുടെപ്രവാചകനായ ഗാന്ധിയെ കൈവിട്ടിട്ട് കാലങ്ങളായി. അവരെ സംബന്ധിച്ച് സുധാകര ഗാന്ധിയാണ് ഇപ്പോള്‍ അവരുടെ നേതാവ്. അതുകൊണ്ട് കേരളത്തിലെ കലാലയങ്ങള്‍ നിരപരാധികളായ വിദ്യാര്‍ത്ഥികളുടെ ചോരവീണ് ഇനിയും കുതിരാനാണ് സാധ്യത.
പഠനമൊഴികെ എല്ലാം നടക്കുന്ന ഇടമായി കേരളത്തിലെ സര്‍വ്വകലാശാലകളും ക്യാമ്പസുകളും മാറ്റപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം കേരളത്തെ ഗ്രസിച്ച കമ്മ്യൂണിസ്റ്റ് അര്‍ബുദമാണ്. ഭാരതത്തില്‍ എന്നല്ല ലോകത്ത് ഒരു സര്‍വ്വകലാശാലയിലും നിലവിലില്ലാത്ത അതിക്രമങ്ങളും ജനാധിപത്യധ്വംസനങ്ങളും സമരാഭാസങ്ങളുമാണ് കേരളത്തിലെ കലാലയങ്ങളില്‍ നിലനില്‍ക്കുന്നത്. എസ്.എഫ്‌ഐ. ഒഴികെ ഇതര വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍പോലും ഭൂരിപക്ഷം കലാലയങ്ങളിലും സാധ്യമല്ല. ഈ സാഹചര്യമാണ് കേരളത്തിലെ കലാലയരാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പ്രധാന കാരണം. വീണു കിട്ടുന്ന രക്തസാക്ഷികളുടെ ചോരയില്‍ തിരുവാതിര കളിക്കുന്ന കമ്മ്യൂണിസ്റ്റ് ദുര്‍ഭൂതത്തെ ഉച്ചാടനം ചെയ്യാതെ കേരളത്തിലെ കലാലയങ്ങളില്‍ ശാന്തി പുലരുമെന്ന് കരുതാന്‍ വയ്യ.