കോഴിക്കോട്: കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെടുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കാ.ഭാ. സുരേന്ദ്രന് രചിച്ച ‘കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങ് കേസരി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെ അപനിര്‍മാണത്തിന് ഭരണ സംവിധാനങ്ങള്‍ പോലും ഉപയോഗിക്കപ്പെടുന്ന കാലമാണിത്. ഇതിന്റെ ഭാഗമായി കെട്ടുകഥകള്‍ പോലും ചരിത്രമായി അവതരിപ്പിക്കുകയാണ്. ആലപ്പുഴയിലെ നങ്ങേലി സ്ക്വയര്‍ ഇതിന്റെ ഉദാഹരണമാണ്. ആധുനിക കണ്ടുപിടുത്തങ്ങളെയെല്ലാം എതിര്‍ത്തവര്‍ ഇന്ന് നവോത്ഥാനത്തിന്റെ നായകരായി സ്വയം വിശേഷിപ്പിക്കുകയാണ്. യഥാര്‍ത്ഥ ചരിത്രം പ്രകാശിതമാകുന്നതിലൂടെ അപചരിത്രങ്ങള് അപ്രസക്തമാകുമെന്നും കാ.ഭാ. സുരേന്ദ്രന്റെ പുസ്തകം ഇതിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം സാഹിത്യകാരന് യു.കെ. കുമാരന് കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍. ആര്. മധുവിന് നല്കി നിര്‍വ്വഹിച്ചു. കുരുക്ഷേത്ര പ്രകാശന് എം.ഡി സി.കെ. രാധാകൃഷ്ണന് അധ്യക്ഷനായി. തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന്, കുരുക്ഷേത്ര പ്രകാശന് മുഖ്യപത്രാധിപരും ഗ്രന്ഥകാരനുമായ കാ.ഭാ. സുരേന്ദ്രന്, കെ.ടി. ശ്യാം ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.