ഉണ്ണീ ഉണര്‍ന്നെഴുന്നേല്‍ക്കണം നാളെ നീ
ഏറെപ്പുലര്‍ച്ചയെന്നമ്മ ചൊല്ലുന്നിതാ….
നാളെയാണഷ്ടമിരോഹിണി കൃഷ്ണന്റെ
കോവിലില്‍ നിര്‍മ്മാല്യദര്‍ശനമുണ്ടുപോല്‍
അമ്മ കല്പിച്ചാലിളക്കമില്ലച്ഛനും
ബ്രഹ്മാവുപോലും മറുത്തുപറഞ്ഞിടാ…
വെണ്ണമേടിക്കാനയല്‍വീടുപോകണം
ഉണ്ണിയപ്പംചുടാനൊപ്പമുണ്ടാകണം…
അമ്മയങ്ങേറെ തിരക്കിലടുക്കള
ശുദ്ധിചെയ്‌തെല്ലാമൊരുക്കയാണിപ്പൊഴെ…
പാലടപഞ്ചാമൃതങ്ങളൊരുക്കുവാന്‍
ഓട്ടുരുളിക്കോ തിളക്കമങ്ങേറ്റണം
എന്തൊരുത്സാഹമാണമ്മയ്ക്കുതന്‍ മകന്‍
ജന്മനക്ഷത്രനാളെത്തിയമാതിരി…
ജന്മ ജരാമരണങ്ങള്‍ തീണ്ടാത്തവന്‍
ജന്മദുഃഖങ്ങള്‍ ഹരിക്കുവോന്‍ പൈതലായ്
നാളെപ്പിറവികൊള്ളുന്നുപോല്‍ അഷ്ടമി-
രോഹിണിയെന്‍ പിറന്നാളിലുംകേമമായ്…
ദ്വാരകമുങ്ങിമറഞ്ഞുപോയെങ്കിലും
ദ്വാപരമിന്നും ജനിച്ചു പുല്ലാങ്കുഴല്‍
പീലിത്തിരുമുടിചേലുമായ് മാനസ
കോവിലില്‍ പിച്ചവച്ചീടുകയാണു ഹാ…!
നീലമുകില്‍ പീലിചൂടിവരുന്നുവോ
മഞ്ഞപിഴിഞ്ഞ നിലാവുടുത്തങ്ങനെ
പാഴ്മുളം തുണ്ടവന്‍ ചുണ്ടോടുചേര്‍ക്കവേ
പാല്‍മഴനിര്‍ത്താതെ പെയ്കയാണെപ്പൊഴും…
കാട്ടുകടമ്പിന്റെ രോമഹര്‍ഷങ്ങളോ….
പൂവിരിച്ചീടുകയാണ് വഴികളില്‍
കാട്ടുനീര്‍ചോലചിലങ്കചാര്‍ത്തുന്നവന്‍
പാദങ്ങളില്‍ നൃത്തമാടുന്ന വേളയില്‍
ആരോകുഴല്‍ വിളിയ്ക്കുന്നു നേരം പുലര്‍-
ന്നായര്‍കുലം കാലിമേയ്ക്കുവാന്‍ പോകയോ…
കണ്ണുതുറന്നെഴുന്നേല്‍ക്കയായ് ഞാനെന്റെ
കാറൊളിക്കുഞ്ഞിനെ കാണുവാന്‍ പോകണം…
ശ്രീലകവെട്ടത്തിലുണ്ണിനില്‍പ്പാവണം…
വെണ്ണക്കുടം താങ്ങിവേച്ചുപോംമാതിരി…
വിശ്വം മയക്കുന്ന പുഞ്ചിരിപ്പൂവുമായ്
വിശൈ്വകനായകന്‍ പിച്ചവച്ചങ്ങനെ…
കള്ളനോട്ടം കടക്കണ്ണിലൊളിപ്പിച്ച്
എന്നെയും കാത്തുകാത്തങ്ങുനില്പാവണം.
ഏറെവൈകാതെയങ്ങെത്തണം പൈതലിന്‍
ചാരെയെന്നോര്‍ത്തു കുളിച്ചോടിയെത്തവെ
കണ്ടിളം തിണ്ണയില്‍ രണ്ടുകാല്‍പാടുകള്‍*
ചന്ദനച്ചേലെഴും പിഞ്ചുപൂമൊട്ടുകള്‍
രണ്ടിളം പാദങ്ങള്‍ കൈപ്പടമുദ്രയും
തിണ്ണയില്‍ നിന്നറയോളമങ്ങെത്തവേ
ഒന്നുനിനച്ചുഞാന്‍… എത്തിക്കഴിഞ്ഞവന്‍
എന്റെയീ കൊച്ചുകൂരയ്ക്കുള്ളിലെപ്പൊഴെ…
മുട്ടിലിഴഞ്ഞു പിറന്നപാടേയവന്‍
വന്നുപോയ് അമ്മതന്‍ നേദ്യങ്ങളുണ്ണുവാന്‍.
ഇല്ലെങ്കിലെങ്ങിനെ പിഞ്ചുകാല്‍പ്പാടുകള്‍
തിണ്ണയില്‍ നിന്നറയോളമങ്ങെത്തണം…
കാലങ്ങളെത്ര കഴിഞ്ഞുകൃഷ്ണാഷ്ടമി
നാളുകളെത്രയോ വന്നു പോയ് പിന്നെയും.
ചന്ദനച്ചാറില്‍ പതിഞ്ഞപാദങ്ങളെന്‍
നെഞ്ചിലിന്നും കൃഷ്ണഗന്ധം പൊഴിക്കയായ്
മുട്ടിലിഴഞ്ഞുണ്ണി വന്നവഴികളില്‍
അമ്മ നടന്നു മറഞ്ഞു പോയെങ്കിലും
അഷ്ടമിരോഹിണിയെത്തും പുലരിയില്‍
ഇന്നും തിരഞ്ഞിടാറുണ്ടുഞാന്‍ പണ്ടെന്റെ
തിണ്ണയില്‍ കണ്ടൊരാ പിഞ്ചുപാദങ്ങളെ….
* ശ്രീകൃഷ്ണജയന്തിക്ക് പുലര്‍ച്ചെ ചന്ദനത്തിലോ, അരിപ്പൊടികൊണ്ടോ തിണ്ണയില്‍ നിന്നും
പൂജാമുറിയോളമോ അറവാതിലോളമോ ഉണ്ണിക്കണ്ണന്റെ പാദങ്ങള്‍ വരയ്ക്കുന്ന സമ്പ്രദായം ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നു.