Friday, August 19, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

സരസപദ്യങ്ങളില്‍ വൈദ്യശാസ്ത്രം-വിസ്മൃതിയിലാണ്ട രണ്ട് കൃതികള്‍

യു.പി. സന്തോഷ്

Print Edition: 7 January 2022

നാട്ടില്‍ സാര്‍വ്വത്രികമായിരുന്ന ചെറിയ അസുഖങ്ങള്‍ മാറ്റാനുള്ള വിദ്യ സ്വായത്തമായിരുന്നവരായിരുന്നു പണ്ടുകാലത്തെ കേരളീയര്‍. സാധാരണനിലയില്‍ ആയുര്‍വേദശാസ്ത്രത്തിന്റെ സഹായമൊന്നുമില്ലാതെയാണ് അവര്‍ ഇത്തരം ഗൃഹചികിത്സ നടത്തിയിരുന്നത്. തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ അറിവും സ്വന്തം വീട്ടുമുറ്റത്തും തൊടിയിലും ലഭ്യമായിരുന്ന ഔഷധസസ്യങ്ങളുമാണ് ഗൃഹവൈദ്യത്തിന്റെ ആധാരം. അതേസമയം, ആയുര്‍വേദം ഗുരുമുഖത്തു നിന്ന് പഠിച്ച് ഔഷധനിര്‍മ്മാണപരിചയവും ചികിത്സാനുഭവ സമ്പത്തും നേടിയ വൈദ്യന്മാരുടെ വലിയൊരു പരമ്പര കേരളത്തിന് അവകാശപ്പെട്ടതാണ്. ആ വിഭാഗത്തില്‍ പെട്ട വൈദ്യശ്രേഷ്ഠന്മാരില്‍ ചിലര്‍ തങ്ങള്‍ നേടിയെടുത്ത ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തില്‍ മലയാളത്തില്‍ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയ ക്ലാസിക്കല്‍ ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പരിശോധിച്ചും സ്വന്തം ചികിത്സാനുഭവങ്ങളെ മുന്‍നിര്‍ത്തിയും ഗവേഷണബുദ്ധിയോടെ രചിച്ച ഗ്രന്ഥങ്ങള്‍ സാധാരണക്കാര്‍ ചികിത്സാര്‍ത്ഥം ഉപയോഗിച്ചിരുന്നോ എന്ന കാര്യം സംശയമാണ്.

എന്നാല്‍ ക്ലാസിക്കല്‍ ആയുര്‍വേദ ഗ്രന്ഥങ്ങളെ ആധാരമാക്കിത്തന്നെ രചിച്ചതും അക്ഷരാഭ്യാസമുള്ള ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതുമായ രണ്ട് മലയാള പുസ്തകങ്ങള്‍ എണ്‍പതിലേറെ വര്‍ഷം മുമ്പ് എഴുതപ്പെട്ടിരുന്നു. ഇവിടെ പരിചയപ്പെടുത്തുന്ന ഈ രണ്ട് ഗ്രന്ഥങ്ങളും അരനൂറ്റാണ്ട് മുമ്പ് വടക്കേമലബാറിലെ സാധാരണക്കാര്‍ക്കിടയില്‍ ഗൃഹവൈദ്യത്തിന് പ്രയോജനപ്പെട്ടിരുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെയുള്ള സന്താനങ്ങളെ ഉത്പാദിപ്പിക്കാന്‍ ഓരോ പെണ്ണിന്റെയും ആണിന്റെയും ജീവിതചര്യ എങ്ങനെയായിരിക്കണമെന്നും തയ്യാറെടുപ്പുകളെന്തായിരിക്കണമെന്നും പ്രസവചര്യകള്‍ എന്തൊക്കെയെന്നും മറ്റും ആയുര്‍വേദത്തെ മുന്‍നിര്‍ത്തി വിശദീകരിക്കുന്ന ‘സന്താനചിന്താമണി’ എന്ന കൃതിയാണ് ഒന്ന്. കുട്ടികള്‍ക്കുണ്ടാകുന്ന മിക്കവാറും എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സാവിധികള്‍, ഔഷധനിര്‍മ്മാണമുള്‍പ്പെടെ, വിവരിക്കുന്ന ‘ബാലചികിത്സ’ എന്ന കൃതിയാണ് രണ്ടാമത്തേത്. കണ്ണൂരിലെ ആദ്യകാല ആയുര്‍വേദ വൈദ്യന്മാരില്‍ പ്രമുഖനായ എം.കെ. കുഞ്ഞിരാമന്‍ വൈദ്യരാണ് രണ്ട് കൃതികളുടെയും രചയിതാവ്. ഗ്രന്ഥകാരന്‍ ജീവിച്ചിരുന്ന കാലത്ത് പല പതിപ്പുകള്‍ ഇറങ്ങിയെങ്കിലും ഇന്ന് ഈ പുസ്തകങ്ങള്‍ കണ്ടുകിട്ടുക എളുപ്പമല്ല.

ആധുനിക ചികിത്സാസംവിധാനങ്ങള്‍ ധാരാളമുള്ള ഇക്കാലത്ത് ചെറിയ അസുഖങ്ങള്‍ക്കു പോലും ഡോക്ടറെ സമീപിക്കുകയാണ് ശീലമെങ്കിലും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചെറിയ രോഗങ്ങളും ശാരീരിക വൈഷമ്യങ്ങളും ഉണ്ടാകുമ്പോള്‍ വീട്ടില്‍ തന്നെ ചികിത്സിക്കുകയായിരുന്നു പതിവ്. ഗൗരവമേറിയ അസുഖങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് വൈദ്യന്മാരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നത്.

സരസമായ പദ്യരൂപത്തിലാണ് സന്താനചിന്താമണിയും ബാലചികിത്സയും രചിച്ചിരിക്കുന്നത്. സന്താനചിന്താമണിയില്‍ ആകെ 312ശ്ലോകങ്ങളാണുള്ളത്. പെണ്‍കുട്ടികളുടെ ഋതുചര്യ മുതല്‍ ഗര്‍ഭധാരണ ലക്ഷണവും ഗര്‍ഭം ധരിച്ചാലുള്ള ജീവിതചര്യയും പ്രസവചര്യയും വരെ വിശദമാക്കുന്നു. തുടര്‍ന്ന് ശിശുചര്യയും ചികിത്സാവിധികളും വിവരിക്കുന്നുണ്ട്. വിവിധ രോഗാവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള ഔഷധങ്ങളുടെ യോഗം വിവരിക്കുന്നതിനോടൊപ്പം അടിക്കുറിപ്പുകളിലൂടെ വിശദീകരണം നല്‍കുകയും ചെയ്തിരിക്കുന്നു. ഒടുവിലത്തെ കുറേ ശ്ലോകങ്ങളില്‍ പിറന്ന കുഞ്ഞിന്റെ ശരീരാവയവങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ലക്ഷണശാസ്ത്രമാണ് പറയുന്നത്.

ഋതുചര്യയെ കുറിച്ചുള്ള ഏതാനും ശ്ലോകങ്ങള്‍ നോക്കുക;
ശരിക്കു സാധാരണയായ്
നാരിമാര്‍-സുഖഗാത്രികള്‍
ഇരുപത്തെട്ടുനാളിങ്ക-
ലൊരിക്കല്‍ ഋതുവായിടും

ഋതുവായാല്‍ വിസര്‍ജിക്കും
രക്ത,മുള്ളൂരിനീരതും
നാലഞ്ചുനാള്‍വരക്കുണ്ടാ-
മാര്‍ത്തവം പിന്നെ നിന്നുപോം
(ഉള്ളൂരിനീര്- പശിമയുള്ള ആര്‍ത്തവരക്തം)

ഗര്‍ഭമുള്ളപ്പോഴും പ്രായ-
മമ്പത്തൊന്നിന്നു മേലെയും
ഋതുവാകില്ല, പാല്‍ കുട്ടി-
കുടിക്കും കാലവും ചിലര്‍.

ആര്‍ത്തവദോഷങ്ങള്‍ പരിഹരിക്കാനുള്ള ഔഷധപ്രയോഗങ്ങളും ഈ ഭാഗത്ത് പറയുന്നുണ്ട്;
ആര്‍ത്തവത്തില്‍ നിറത്തിന്നു
മാറ്റം കാണുകിലപ്പൊഴെ
വേപ്പിന്‍തോല്‍, ത്രിഫലാ,ദാര്‍വ്വീ
ബലാ,യഷ്ടി, പടോലവും
ദാരുവും കൂട്ടി വെന്തുള്ള
കഷായം ശുദ്ധമാക്കിടും
നന്നാറി, നല്ല പാല്‍വള്ളി,
കുറുന്തോട്ടി, ഫലത്രയം
നാല്‍പാമരമതിന്‍ തോലും
കഷായം വെച്ചു നെയ്യുമായ്
സേവിക്കിലാര്‍ത്തവത്തിന്റെ
ദുര്‍ഗന്ധത്തെ കെടുത്തിടും.

പ്രസവസമയമടുത്തിട്ടും പേറ്റുനോവ് വന്നില്ലെങ്കില്‍ ചെയ്യേണ്ടത് എന്തൊക്കെയെന്ന് സന്താന ചിന്താമണിയില്‍ വിവരിക്കുന്നത് നോക്കുക:
നോവില്ലെന്നാലരക്കെട്ടും,
പുറവും പാര്‍ശ്വഭാഗവും
എണ്ണതേച്ചറിവുള്ളോരു
സാവധാനം തലോടണം
കൊട്ട,മേലം,വയമ്പ,ഗ്‌നി
മേത്തോന്നിക്കന്ദ,മാവിലും
തുല്യമാക്കിപ്പൊടിച്ചിട്ടു
മണപ്പിക്കാന്‍ കൊടുക്കണം
പെരുംമരത്തിന്നിലയോ
ഇരുമുള്ളിന്റെ കാതലോ
കത്തിച്ച പുകയും കൂട-
ക്കൂടെയായി വലിക്കണം.

മഹാകവി കുട്ടമത്തിന്റെ അവതാരികയോടെയാണ് 1934ല്‍ സന്താനചിന്താമണി പ്രസിദ്ധപ്പെടുത്തിയത്. 1954 ല്‍ ഇറങ്ങിയ രണ്ടാം പതിപ്പാണ് ഇതെഴുതുന്നയാളുടെ കൈവശമുള്ളത്.

ബാലചികിത്സ
ബാലചികിത്സ 226 ശ്ലോകങ്ങളുള്ള പദ്യകൃതിയാണ്. കുഞ്ഞുങ്ങള്‍ക്ക് പിടിപെടാവുന്ന എണ്‍പതോളം രോഗങ്ങള്‍ക്കുള്ള ചികിത്സാവിധികളാണ് ഇതിലുള്ളത്. നിരവധി ഔഷധയോഗങ്ങളും വിവരിക്കുന്നു. ആരോഗ്യകല്‍പദ്രുമം, അഷ്ടാംഗഹൃദയം, യോഗാമൃതം, യോഗരത്‌നാകരം തുടങ്ങിയ ഗ്രന്ഥങ്ങളെ അവലംബിച്ചു കൊണ്ടാണ് ഈ ഗ്രന്ഥം രചിച്ചതെന്ന് വൈദ്യര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനിച്ചുവീണ ശിശുവിന് മുലപ്പാല്‍ നല്‍കുന്നതു മുതലുള്ള ചര്യകളെ കുറിച്ച് സ്വന്തം പത്‌നിയോട് ഉപദേശരൂപേണ പറയുന്ന രീതിയിലാണ് ഈ ശ്ലോകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബാലകര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കുള്ള ഔഷധപ്രയോഗങ്ങള്‍ വിവരിക്കുന്നതിന് മുമ്പ് മുലയൂട്ടലിനെ കുറിച്ചും ശിശുപരിപാലനത്തെ കുറിച്ചുമൊക്കെയുള്ള കുറേ ഉപദേശങ്ങള്‍ ബാലചികിത്സയിലുണ്ട്.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്‍കുന്ന ഒരു ഉപദേശം നോക്കുക:
ബാലന്‍ കരഞ്ഞുവിളികൂട്ടരുത,മ്മയാള്‍ക്ക്
ചാലേയുറങ്ങണ,മതിന്നൊരു യുക്തിയായി
ബാലന്റെ വായില്‍ മുലയുന്തിനിറച്ചുറങ്ങൊ-
ല്ലാലോചനക്കുറവുകൊണ്ടുവരും വിപത്ത്.

കുഞ്ഞുങ്ങളുടെ മേല്‍ രക്ഷിതാക്കള്‍ക്ക് എല്ലായ്‌പോഴും ശ്രദ്ധയുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടുന്നതിങ്ങനെ;

മങ്കട്ട,യെച്ചില്‍,കടലാ,സ്സരിയെന്നു വേണ്ടാ
കയ്ക്കല്‍ പെടുന്നതു ശിശുക്കളശിക്കുമെന്തും
മൈക്കണ്ണി! ബാലകരെയായതില്‍ നിന്നുപോറ്റാന്‍
കേള്‍ക്കക്ഷി നാലുപുറവും ജനനിക്കുവേണം.

മണ്ണും കടലാസ്സും തുടങ്ങി കൈയില്‍ കിട്ടുന്നതെല്ലാം വായിലാക്കുന്നതാണല്ലോ കുഞ്ഞുങ്ങളുടെ ശീലം. അതിനാല്‍ അമ്മമാര്‍ക്ക് നാലുദിക്കിലും കണ്ണുണ്ടായിരിക്കണമെന്നാണ് ഈ ശ്ലോകത്തില്‍ പറയുന്നത്.

ബാലകര്‍ക്കു നല്‍കുന്ന ഔഷധങ്ങളുടെ പ്രത്യേക മാത്രാക്രമം നാല് ശ്ലോകങ്ങളിലായി പറഞ്ഞതിന് ശേഷമാണ് ഔഷധവിധിയിലേക്ക് കടക്കുന്നത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമെല്ലാം രോഗശമനത്തിനുള്ള ഔഷധങ്ങള്‍ ഒന്നുതന്നെയാണെങ്കിലും അവ പ്രയോഗിക്കുമ്പോഴുള്ള മാത്രാക്രമം അറിഞ്ഞിരിക്കേണ്ടതാണെന്ന് ഇവിടെ പ്രത്യേകം എടുത്തുപറയുന്നു.

പനി മുതല്‍ അപസ്മാരം വരെ കുട്ടികള്‍ക്ക് പിടിപെടാവുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സാവിധികളാണ് തുടര്‍ന്ന്.

അതഃപരം കോമളവാണീ! ബാല-
വ്യാധിക്കുവേണ്ടുന്ന ചികിത്സയെ ഞാന്‍
വിധിപ്രകാരം പറയാം ചുരുക്കി-
ഗ്ഗതപ്രമാദം ശ്രുണു ചാരുശീലേ

എന്നു പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. പനിവന്നാല്‍ അമ്മയുടെ മുലപ്പാലിനേക്കാള്‍ വലിയ ഔഷധം മറ്റൊന്നില്ലെന്ന് പറയുന്നതിനൊപ്പം തന്നെ വിവിധതരം പനികള്‍ക്കുള്ള ഔഷധയോഗങ്ങള്‍ പ്രത്യേകം പറയുന്നുണ്ട്.

കുട്ടികള്‍ക്ക് മുലപ്പാലേക്കാട്ടിലെന്തൗഷധം ജ്വരെ
ഒട്ടതില്‍ കടുകാചൂര്‍ണം കൂട്ടിയേകമമൃതെന്തിനായ്?

വിവിധ തരത്തിലുള്ള പനിക്ക് അക്കാലത്ത് വീട്ടുമുറ്റത്തും പറമ്പിലുമൊക്കെ സുലഭമായി കിട്ടുന്ന ചെടികളുടെ വേരും കായ്കളും ഇലകളുമൊക്കെ ഉപയോഗിച്ച് വീട്ടില്‍ തന്നെ വിവിധതരം കഷായങ്ങള്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് ലളിതമായി വിവരിക്കുന്നു. വാതജ്വരം, പിത്തജ്വരം, കഫജ്വരം, ദാഹാതിസാരജ്വരം, സന്നി എന്നിങ്ങനെ ആയുര്‍വേദം വേര്‍തിരിച്ചിട്ടുള്ള വിവിധതരം പനികള്‍ക്കും ഒന്നരാടന്‍ പനി, മൂമ്മൂന്ന് ദിവസം കൂടിയുള്ള പനി, നന്നാലുദിവസം കൂടിയുള്ള പനി, പഴകിയ പനി, രാപ്പനി, ശീതപ്പനി എന്നീ പനിഭേദങ്ങളുടെ ചികിത്സാവിധിയും പറഞ്ഞുതരുന്നു. ശിശുക്കള്‍ക്കുള്ളതായതിനാലായിരിക്കാം ഇവയില്‍ മിക്കതിലും മുലപ്പാല്‍ ഒരു ഘടകമാണ്.

കുഞ്ഞുങ്ങള്‍ക്ക് തീപ്പൊള്ളലേറ്റാല്‍, മുറിവ് പറ്റിയാല്‍, കണ്ണില്‍ മുറിവേറ്റാല്‍, കണ്ണില്‍ നൂറ് തട്ടിയില്‍ (പണ്ട് കാലത്ത് വീടുകളില്‍ വെറ്റിലമുറുക്ക് വ്യാപകമായതിനാല്‍ കുഞ്ഞുങ്ങളുടെ കണ്ണില്‍ നൂറേല്‍ക്കാനുളള സാധ്യത കൂടുതലാണല്ലോ) ഒക്കെയുള്ള ചെറിയ ഔഷധപ്രയോഗങ്ങള്‍ വൈദ്യര്‍ അവതരിപ്പിക്കുന്നുണ്ട്.
തീപ്പൊള്ളുകില്‍ പച്ചജലം തൊടീക്കൊ-
ല്ലോര്‍ക്കാതെ തൊട്ടെങ്കിലുമുണ്ടുപായം
കേള്‍ക്കായതച്ചൂടു ശമിക്കുവോളം
കല്‍പിതേധാര, സരോരുഹാക്ഷീ

(തീപ്പൊള്ളലേറ്റാല്‍ പച്ചവെള്ളം തട്ടിക്കരുത്. അഥവാ അങ്ങനെ ചെയ്തുപോയാല്‍ ചൂട് ശമിക്കും വരെ തുടര്‍ച്ചയായി പച്ചവെള്ളം കൊണ്ടു തന്നെ ധാരചെയ്യുക).

മോരോ, മുരിക്കിന്നിലതാന്‍ പിഴിഞ്ഞ-
ന്നീരോ, നരേന്‍ കുമ്പളപത്രനീരോ
പാരാതെ തീപ്പൊള്ളുകില്‍ ധാര ചെയ്താന്‍
പാരിച്ചിടാ, പച്ചരി പൂശിയാലും

(മോര്, മുരിക്കിന്റെ ഇല പിഴിഞ്ഞ നീര്, കുമ്പളങ്ങയില പിഴിഞ്ഞ നീര് ഇവയിലേതെങ്കിലും കൊണ്ട് ധാരചെയ്ത ശേഷം പച്ചരി അരച്ച് പുരട്ടുക).

കുട്ടികളുടെ വാഗ്ശുദ്ധിക്കും ബുദ്ധിക്കും ഓര്‍മ്മശക്തിക്കുമുള്ള ഔഷധത്തിന്റെ യോഗം പോലുമുണ്ട് ഈ ഗ്രന്ഥത്തില്‍;
ബ്രഹ്‌മീരസേ, സര്‍ഷപ, സൈന്ധവോ,ഗ്രാ-
ബ്രഹ്‌മീ, സുഗന്ധാ, മയ പിപ്പലീഭിഃ
സിദ്ധംഘൃതം ചാരുമുഖീ!
ബുദ്ധിസ്മൃതി ശ്രീപ്രതിഭാകരംസ്യാല്‍

(ബ്രഹ്‌മീരസേ- ബ്രഹ്‌മി ഇടിച്ചുപിഴിഞ്ഞ നീരില്‍. സര്‍ഷപം- കടുക്. സൈന്ധവം- ഇന്തുപ്പ്. ഉഗ്രാ- വയമ്പ്. സുഗന്ധി- നന്നാറിക്കിഴങ്ങ്. ആമയം- കൊട്ടം. പിപ്പിലി- തിപ്പലി. സിദ്ധം- സാധിക്കപ്പെട്ടത്. ബുദ്ധിസ്മൃതിശ്രീ പ്രതിഭാകരം- ബുദ്ധിയെയും സ്മരണശക്തിയെയും സൗഭാഗ്യത്തെയും ബുദ്ധിവിശേഷത്തെയും ചെയ്യുന്നത്. സ്യാല്‍- ഭവിക്കും).

വിഖ്യാത ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള പതിനഞ്ചോളം ഔഷധങ്ങള്‍ക്ക് പുറമെ സ്വന്തം പഠനത്തിലൂടെയും ചികിത്സാപരിചയത്തിലൂടെയും കണ്ടെത്തിയിട്ടുള്ള എഴുപതിലേറെ ഔഷധയോഗങ്ങളും ഈ ഗ്രന്ഥത്തില്‍ സുഗ്രഹമായി വിവിരിച്ചിരിക്കുന്നു. ശ്ലോകത്തില്‍ പലയിടത്തും ഔഷധസസ്യങ്ങളുടെയും മറ്റും പേരുകള്‍ സംസ്‌കൃത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതിന് അതിന്റെ മലയാളം അടിക്കുറിപ്പായി കൊടുത്തിട്ടുണ്ട്.

എം.കെ. കുഞ്ഞിരാമന്‍ വൈദ്യര്‍

എം.കെ. കുഞ്ഞിരാമന്‍ വൈദ്യര്‍ എന്ന ബഹുമുഖ പ്രതിഭ
എം.കെ. കുഞ്ഞിരാമന്‍ വൈദ്യര്‍ പ്രഗത്ഭനായ ആയുര്‍വേദ വൈദ്യന്‍ എന്നതിന് പുറമെ കലാസാഹിത്യരംഗത്തും വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിലും സക്രിയമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ്. കണ്ണൂരില്‍ ആദ്യമായി ഒരു ആയുര്‍വേദ കോളേജ് സ്ഥാപിച്ചത് അദ്ദേഹമാണ്. 1943ലാണ് ആയുര്‍വേദം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചത്. മദ്രാസ് ആയുര്‍വേദ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കെ മരിച്ചുപോയ തന്റെ മകന്‍ മാധവന്റെ സ്മരണയ്ക്കായി മാധവ സ്മാരക ആയുര്‍വേദ കോളേജ് എന്നായിരുന്നു സ്ഥാപനത്തിന് പേര് നല്‍കിയത്. ആദ്യം കണ്ണൂര്‍ നഗരത്തില്‍ തന്റെ വീടിനടുത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ് പിന്നീട് അടുത്തുതന്നെയുള്ള താണ എന്ന സ്ഥലത്ത് വിപുലമായ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മ്മിച്ച് അങ്ങോട്ട് മാറ്റി. മദ്രാസ് സര്‍ക്കാരിന്റെ അംഗീകാരത്തോടെ വൈദ്യവിഭൂഷണം എന്ന ബിരുദ കോഴ്‌സില്‍ അവിടെ നിരവധി പ്രമുഖര്‍ പഠിച്ചിട്ടുണ്ട്. കോളേജ് പ്രവര്‍ത്തിച്ച രണ്ട് ദശകക്കാലം കൊണ്ട് മുന്നൂറിലേറെ പേര്‍ പഠിച്ചിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ സഹായമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് 1964ല്‍ കോളേജിന്റെ പ്രവര്‍ത്തനം അവസാനിച്ചു. പിന്നീട് ആ കെട്ടിടം ഏറ്റെടുത്താണ് സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ആരംഭിച്ചത്.

ആയുര്‍വേദരംഗത്തെ തിരക്കുകള്‍ക്കിടയിലും സാംസ്‌കാരിക രംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്നു കുഞ്ഞിരാമന്‍ വൈദ്യര്‍. കണ്ണൂരില്‍ ആദ്യമായി സിനിമാപ്രദര്‍ശനം നടത്തിയത് അദ്ദേഹമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നുമൊക്കെ നാടകസംഘങ്ങളെ വരുത്തി നാടകപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ആദ്യം. അതിനായി ഉണ്ടാക്കിയ ആനന്ദമന്ദിരം എന്ന കെട്ടിടത്തിലാണ് പിന്നീട് സിനിമാപ്രദര്‍ശനം ആരംഭിച്ചത് (കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനടുത്തുള്ള ആ കെട്ടിടം ഇന്നുമുണ്ട്. കുഞ്ഞിരാമന്‍ വൈദ്യരുടെ മകന്‍ ഡോ. യു.കെ. പവിത്രന്‍ അശോക ഫാര്‍മസി എന്ന പേരില്‍ ആയുര്‍വേദ ഔഷധശാല നടത്തുകയാണവിടെ). ശബ്ദസിനിമയുടെ കാലമായതോടെ ആനന്ദമന്ദിരം എന്ന പേര് ജയറാം ടാക്കീസ് എന്നാക്കി. ഇതേകാലത്തു തന്നെ രണ്ട് ടൂറിംഗ് ടാക്കീസുകളും കുഞ്ഞിരാമന്‍ വൈദ്യരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
സാഹിത്യരചനയും മാസികാപ്രസിദ്ധീകരണവുമൊക്കെ അതിന് മുമ്പുതന്നെ വൈദ്യര്‍ നടത്തിപ്പോന്നു. കേരളചന്ദ്രിക എന്ന പേരിലാരംഭിച്ച മാസിക അക്കാലത്തെ പ്രമുഖരായ എഴുത്തുകാരുടെ രചനകള്‍ അച്ചടിച്ച പ്രസിദ്ധീകരണമായിരുന്നു. മഹാകവി കുട്ടമത്തായിരുന്നു പത്രാധിപര്‍. കുഞ്ഞിരാമന്‍ വൈദ്യര്‍ പ്രസാധകനും. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, കെ.ടി. ചന്തുനമ്പ്യാര്‍, സാധു ശിവപ്രസാദ്, മണന്തല നീലകണ്ഠന്‍ മൂസ്സത്, ചിറക്കല്‍ രാമവര്‍മ്മ വലിയരാജ തുടങ്ങിയവര്‍ സ്ഥിരമായി ഈ മാസികയില്‍ എഴുതി. 1925 ല്‍ ആരംഭിച്ച മാസിക ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരണം നിര്‍ത്തിയെങ്കിലും അതിനായി ആരംഭിച്ച പ്രസ്സ് കുറേ വര്‍ഷങ്ങള്‍ നിലനിന്നു.

സന്താനചിന്താമണി, ബാലചികിത്സ എന്നിവയ്ക്ക് പുറമെ വിഷവൈദ്യമന്ത്രാമൃതം, സമൂലഭാഷാചരകം (വിവര്‍ത്തനം) എന്നിവയും അദ്ദേഹത്തിന്റെ വകയായുള്ള വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളാണ്. നിരവധി സാഹിത്യകൃതികളും അദ്ദേഹം രചിച്ചു. സീതാരാഘവം (ഖണ്ഡകാവ്യം), വിദ്യാര്‍ത്ഥി പദ്യമാലിക, കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക്, രസികകവിതകള്‍ (കവിതാസമാഹാരങ്ങള്‍) തുടങ്ങിയവയാണ് പ്രധാന സാഹിത്യകൃതികള്‍.

ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായ ഏതാനും ഗ്രന്ഥങ്ങളുടെ രചയിതാവെന്ന നിലയില്‍ എം.കെ.കുഞ്ഞിരാമന്‍ വൈദ്യരുടെ സംഭാവന ചെറുതല്ല. ആയുര്‍വേദ ചികിത്സയെ സാമാന്യജനങ്ങളിലേക്ക് എത്തിക്കാനുതകുന്ന ലളിതമലയാളകൃതികളുടെ രചിയിതാവെന്ന നിലയിലും അദ്ദേഹം സമാദരണീയനത്രെ. ഇതിന് പുറമെയാണ് ആയുര്‍വേദ ഔഷധവ്യവസായത്തിലും വൈദ്യവിദ്യാഭ്യാസ രംഗത്തും സാഹിത്യ, നാടക, സിനിമാരംഗത്തുമുള്ള അദ്ദേഹത്തിന്റെ സമര്‍പ്പിതസേവനങ്ങള്‍. 1971 ആഗസ്റ്റ് 6ന് തന്റെ 86-ാം വയസ്സിലാണ് കുഞ്ഞിരാമന്‍ വൈദ്യര്‍ ഈ ലോകത്തോട് വിടപറഞ്ഞത്.

Share22TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

ഭാരതത്തിന്റെ തേജസ്

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

കര്‍ക്കിടക ഓര്‍മ്മകള്‍

Kesari Shop

  • കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
Follow @KesariWeekly

Latest

വിഘടനവാദികളുടെ വിഭജനവാദങ്ങള്‍

രാജ്യപുരോഗതിയുടെ ചുമതല സമാജം ഏറ്റെടുക്കണം: ഡോ.മോഹന്‍ ഭാഗവത്

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഭാരതത്തിന്റെ തേജസ്

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies