എ.ജി. നൂറാനി എന്നറിയപ്പെടുന്ന പ്രസിദ്ധ നിയമജ്ഞനായ അബ്ദുള്‍ ഗഫൂര്‍ അബ്ദുള്‍ മജീദ് നൂറാനിയുടെ ‘ദി ആര്‍.എസ്.എസ്: എ മെനാസ് ടു ഇന്ത്യ’ എന്ന പുതിയ പുസ്തകം 2019 ഏപ്രില്‍ 2ന് ന്യൂദല്‍ഹിയില്‍ വെച്ച് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് പ്രകാശനം ചെയ്തത്.
പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയുടെ വനിതാവിഭാഗമായ നാഷനല്‍ വിമന്‍സ് ഫ്രന്റ് 2017 സപ്തംബറില്‍ കോഴിക്കോട്ടുവെച്ചു നടത്തിയ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വലിയ വിവാദത്തിന് തുടക്കം കുറിച്ചയാളാണ് അന്‍സാരി (ദി ഹിന്ദു, സപ്തം. 23, 2017). സമ്മേളനം ഉദ്ഘാടനം ചെയ്തശേഷം പോപ്പുലര്‍ ഫ്രന്റിന്റെ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ അന്‍സാരിക്ക് ഒരു മൊമെന്റോ സമ്മാനിക്കുകയുണ്ടായി. പോപ്പുലര്‍ ഫ്രന്റിന്റെ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന അന്‍സാരിയുടെ വാദം അസത്യമാണ്. എന്തുകൊണ്ടാണ് നൂറാനി തന്റെ പുസ്തകത്തില്‍ പോപ്പുലര്‍ ഫ്രന്റിനെ പൂര്‍ണ്ണമായി ഒഴിവാക്കിയതെന്നും എന്തുകൊണ്ടാണ് അന്‍സാരി തന്നെ ഇതിന്റെ പ്രകാശനത്തിന് ന്യൂദല്‍ഹിയില്‍ പങ്കെടുത്തതെന്നും ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. പോപ്പുലര്‍ ഫ്രന്റിനെ കുറിച്ച് നിശ്ശബ്ദത പാലിക്കുന്ന കാര്യത്തില്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്.
പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ അതിന്റെ തുടക്കം മുതല്‍ തന്നെ നിരവധി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപണമുയര്‍ന്നതാണ്. വിവിധ ഇസ്‌ലാമിക ഭീകര സംഘടനകളുമായുള്ള ബന്ധം, ആയുധശേഖരണം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ഭീഷണിപ്പെടുത്തല്‍, വിദ്വേഷ പ്രചരണം, കലാപം, ലൗവ് ജിഹാദ്, മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടും. 2012 ജൂലായില്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്, ‘സ്റ്റുഡന്റസ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ മറ്റൊരു രൂപം മാത്രമാണ് പോപ്പുലര്‍ ഫ്രന്റ് എന്നാണ്. 2012ല്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം സമര്‍പ്പിച്ച പ്രസ്താവനയില്‍ പോപ്പുലര്‍ഫ്രന്റിന്റെ ലക്ഷ്യങ്ങളായി ന്യൂനപക്ഷാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സംരക്ഷണമാണ് പറഞ്ഞിരുന്നതെങ്കിലും ‘ഇസ്ലാമിനെ പ്രതിരോധിക്കാന്‍’ ക്രിമിനല്‍ കുറ്റങ്ങളില്‍ രഹസ്യമായി ഏര്‍പ്പെടുകയാണ് സംഘടന ചെയ്തത്.
2014 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിവരമനുസരിച്ച് പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തകര്‍, സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 27 വര്‍ഗ്ഗീയപ്രേരിത കൊലപാതകങ്ങളിലും 86 വധശ്രമക്കേസുകളിലും 106 സാമുദായിക കേസുകളിലും പങ്കാളികളാണ്. സംസ്ഥാന ആഭ്യന്തരവകുപ്പിലെ അണ്ടര്‍ സെക്രട്ടരി മേരി ജോസഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖ പ്രകാരം പോപ്പുലര്‍ ഫ്രന്റിന് മതംമാറ്റത്തെ പ്രോത്സാഹിപ്പിച്ചും ഇസ്‌ലാമിന് ഗുണകരമാകുന്ന വിധത്തില്‍ പ്രശ്‌നങ്ങളെ വര്‍ഗ്ഗീയവല്‍ക്കരിച്ചും ”ഇസ്‌ലാമിന്റെ ശത്രുക്കളായ” വ്യക്തികളെ തിരഞ്ഞെടുത്ത് ഇല്ലാതാക്കുന്നതുപോലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ മുസ്ലീം യുവാക്കളെ റിക്രൂട്ട് ചെയ്തും ജനങ്ങളെ ഇസ്ലാമികവല്‍ക്കരിക്കുന്നതിനുള്ള ഒരു രഹസ്യ അജണ്ട ഉണ്ട്. 2014ല്‍ കണ്ണൂരിലെ നാറാത്തു നിന്ന് തീവ്രവാദികളായ 21 പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ അവരുടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സ്ഥിരീകരിക്കപ്പെട്ടു. സ്‌ഫോടകവസ്തുക്കള്‍, വെടിമരുന്ന്, ആയുധങ്ങള്‍, നാടന്‍ ബോംബുകള്‍, ഇറാനിലെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയാണ് പോലീസ് അവരില്‍ നിന്ന് പിടിച്ചെടുത്തത്.
2000ല്‍ ഐഎസ്‌ഐ ബന്ധമുള്ള മുബീന്‍ അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയുടെ അറസ്റ്റിനെ തുടര്‍ന്ന് അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജന്‍ ശര്‍മ്മ ക്രൂരമായി ആക്രമിക്കപ്പെടുമ്പോള്‍ ഹമീദ് അന്‍സാരിയായിരുന്നു അവിടത്തെ വൈസ് ചാന്‍സലര്‍. ”ആര്‍.എസ്.എസ്സും ഗാന്ധിവധവും” എന്ന അധ്യായത്തില്‍ നൂറാനി പതിവായി പറയുന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതേ സമയം ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ പ്രസ്താവനയ്ക്കു മറുപടി പറയാന്‍ നൂറാനി തയ്യാറാകുന്നുമില്ല. തെളിവുകളില്‍ അദ്ദേഹത്തിന് അത്ര ഉറപ്പുണ്ടെങ്കില്‍ ജസ്റ്റിസ് കെ.ടി. തോമസിനെ ഒരു തുറന്ന സംവാദത്തിന് ക്ഷണിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ആര്‍.എസ്.എസ്സിനെതിരെയുള്ള ഇത്തരം ”തരംതാണ ആരോപണങ്ങള്‍” അവസാനിപ്പിക്കണമെന്നും കോടതി സംഘത്തെ ”പൂര്‍ണ്ണമായും കുറ്റവിമുക്തമാക്കിയതാണെന്നും” ജസ്റ്റിസ് തോമസ് 2011ല്‍ പറഞ്ഞിരുന്നു (ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ആഗ. 2, 2011). ഭാരതത്തിന്റെ ഭരണഘടനയും ജനാധിപത്യവും സൈന്യവും കഴിഞ്ഞാല്‍ പിന്നെ ”ഭാഗ്യവശാല്‍” ആര്‍.എസ്.എസ്സിന്റെ സാന്നിദ്ധ്യമാണ് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു (ദി ടൈംസ് ഓഫ് ഇന്ത്യ, ജനു. 14, 2018).
‘പവര്‍ ഇന്‍ ദ നയിം ഓഫ് രാം’ എന്ന അധ്യായത്തില്‍ നൂറാനി പറഞ്ഞത് ആര്‍.എസ്.എസ്സിന് ആശയപരമായ വെല്ലുവിളി നേരിടേണ്ടിവരുന്നത് ഇടതുപക്ഷ കക്ഷികളില്‍ നിന്ന് പ്രത്യേകിച്ച് സി.പി.എം, സി.പി.ഐ എന്നിവയില്‍ നിന്നും അവരുമായി ബന്ധപ്പെട്ട അക്കാദമിക്കുകളില്‍ നിന്നും എഴുത്തുകാരില്‍ നിന്നുമാണെന്നാണ്. എന്നാല്‍ ഒരു കാര്യം നൂറാനി മനസ്സിലാക്കണം. ചില ഇടതു നേതാക്കള്‍ മുമ്പ് അവര്‍ ഹിന്ദുസംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരായി നടത്തിയ വിദ്വേഷപ്രചരണത്തില്‍ ഇന്നു ഖേദിക്കുകയാണ്.
1997ല്‍ അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരും പിണറായി വിജയനും റോമിലേക്കു നടത്തിയ ഒരു സന്ദര്‍ശനത്തില്‍ കേരളത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമെന്ന നിലയില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചത് ഭഗവദ്ഗീതയുടെ ശങ്കരഭാഷ്യമാണ് (ദി ഹിന്ദു, ആഗ. 29, 2015). 2017 ഫെബ്രു. 1ന് മനോരമ ന്യൂസ് ചാനലിനു നല്‍കിയ ഒരു അഭിമുഖത്തില്‍ സി.പി.ഐ. നേതാവും മുന്‍മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍നായര്‍ ഉപനിഷത്തുകളെ പുകഴ്ത്തുകയും തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ മറികടക്കാന്‍ അവയാണ് സഹായിച്ചതെന്നും സെമിറ്റിക് മതങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരു ഹിന്ദുവിന് കമ്മ്യൂണിസ്റ്റും ഒരു കമ്മ്യൂണിസ്റ്റിന് ഹിന്ദുവും ആകാന്‍ കഴിയുമെന്നും പറയുകയുണ്ടായി. അവസാനമായി, മാര്‍ക്‌സിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞുവരുന്നതിനെ സൂചിപ്പിച്ചുകൊണ്ട് 2010 ജൂലായില്‍ പറഞ്ഞത് മുസ്ലിം മതമൗലികവാദികള്‍ അവരുടെ വര്‍ഗ്ഗീയ വിഘടനവാദ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് (ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ജൂലായ് 25, 2010). ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നെത്താന്‍ ആര്‍.എസ്.എസ്. നടത്തിയ ശ്രമത്തില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറാകണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ട്രേഡ് യൂണിയനുകളെ ആഹ്വാനം ചെയ്ത കാര്യവും നൂറാനി മറക്കരുത്.
ഇതേ അധ്യായത്തില്‍ നൂറാനി ഭാരതത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ച ഗാന്ധിജിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും കാഴ്ചപ്പാടുകള്‍ ഹൈന്ദവമല്ല എന്നും വാദിച്ചിട്ടുണ്ട്. ഹിന്ദ്‌സ്വരാജില്‍ മഹാത്മാഗാന്ധി എങ്ങനെയാണ് ഭാരതത്തെ വര്‍ണ്ണിച്ചിരിക്കുന്നതെന്ന കാര്യം നൂറാനി വായിച്ചുനോക്കണം. ദീര്‍ഘവീക്ഷണമുള്ള നമ്മുടെ പൂര്‍വ്വികര്‍ തെക്ക് രാമേശ്വരത്ത് സേതുബന്ധനവും കിഴക്ക് ജഗന്നാഥും വടക്ക് ഹരിദ്വാരവും തീര്‍ത്ഥാടക കേന്ദ്രങ്ങളാക്കിമാറ്റിയത് ഭാരതം അഖണ്ഡവും ഏക രാഷ്ട്രവും ആയതുകൊണ്ടാണെന്നാണ് ഗാന്ധിജി എഴുതിയത്. ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന ഗ്രന്ഥത്തില്‍ നെഹ്‌റു ‘ഭാരതവര്‍ഷം’ എന്ന സങ്കല്പം മഹത്തായ ഇതിഹാസമായ മഹാഭാരതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണെന്നുപറഞ്ഞുകൊണ്ട് ഭാരതത്തിന്റെ അടിസ്ഥാനപരമായ ഏകതയെ ഊന്നിപ്പറയാന്‍ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്.
‘ആര്‍.എസ്.എസ് സെലക്ട്‌സ് ഇന്ത്യാസ് പ്രൈംമിനിസ്റ്റര്‍’ എന്ന അദ്ധ്യായത്തില്‍ നൂറാനി ഒരു സംഭവം ഓര്‍മ്മിക്കുന്നു. സാഹിത്യവിമര്‍ശകനും ആക്റ്റിവിസ്റ്റും തേജ്ഗാദിലെ ട്രൈബല്‍ അക്കാദമി ഡയരക്ടറുമായ പ്രൊഫ. ഗണേഷ് ദേവി അദ്ദേഹത്തെ ഗുജറാത്തിലെ തണ്ടാല്‍ജ-വാസ്‌ന റോഡിലൂടെ ഒരു സവാരിക്ക് കൊണ്ടുപോയി. മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആ പ്രദേശത്തിന്റെ ദയനീയാവസ്ഥ കണ്ട് നൂറാനിക്ക് നിരാശയുണ്ടായി. മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്ന, വീടുകളില്‍ വളരെയധികം അംഗങ്ങളുള്ള പ്രദേശമാണിത്. പക്ഷെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും, ഇതേ ഗണേഷ് ദേവിയാണ് 2015ല്‍ മോദി സര്‍ക്കാരിന്റെ മേല്‍ അസഹിഷ്ണുത ആരോപിച്ച്, പ്രതിഷേധിക്കുന്നതിനുവേണ്ടി സാഹിത്യ അക്കാദമി അവാര്‍ഡ് മടക്കിക്കൊടുത്തത്. അദ്ദേഹത്തിന് ഫോര്‍ഡ് ഫൗണ്ടേഷന്റെയും ക്രിസ്ത്യന്‍ സംഘടനകളായ കാത്തലിക് റിലീഫ് സര്‍വ്വീസ് (അമേരിക്ക), ഹോളിക്രോസ് പ്രൊവിന്‍ഷ്യലേറ്റ് (സ്വിറ്റ്‌സര്‍ലാന്റ്) എന്നിവയുടെയും ഗ്രാന്റുകള്‍ ലഭിക്കുന്നുണ്ട്.
‘എന്‍ഡ്‌ഗെയിം ഇന്‍ 2018’ എന്ന അധ്യായത്തില്‍ നൂറാനി, രാജ്യം മുഴുവന്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഒസ്‌വാള്‍ഡ് ഗ്രേഷ്യസിന്റെ ആരോപണം ഉദ്ധരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടന അപകടത്തിലായതുകൊണ്ട് ക്രിസ്ത്യാനികള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണമെന്ന ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോറോയുടെ ഉപദേശത്തിനും നൂറാനി വലിയ പ്രാധാന്യം നല്‍കുന്നു. അസ്വസ്ഥമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിനാണ് ഭാരതം സാക്ഷ്യം വഹിക്കുന്നതെന്നും അതിനാല്‍ സമുദായം തിരഞ്ഞെടുപ്പിനു മുമ്പ് പ്രാര്‍ത്ഥനായജ്ഞങ്ങള്‍ ആരംഭിക്കണമെന്നുമുള്ള ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോയുടെ കത്തിലേക്കും നൂറാനി വെളിച്ചം വീശുന്നു. ഇന്ത്യന്‍ മുസ്ലീങ്ങളും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ഭൂരിപക്ഷ സമുദായത്തിന്റെ രാഷ്ട്രവിരുദ്ധ സാംസ്‌കാരിക ഒറ്റപ്പെടുത്തലില്‍ വര്‍ദ്ധിച്ചതോതില്‍ ഉല്‍ക്കണ്ഠാകുലരായി മാറുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ജമ്മുകാശ്മീരിലെ ബുദ്ധമതാനുയായികള്‍ക്കും കേന്ദ്രങ്ങള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് വളരെ നീണ്ട ചരിത്രമാണുള്ളതെന്ന കാര്യം പലര്‍ക്കുമറിയില്ല. 1960 മുതല്‍ ലേയിലെ ബുദ്ധമതാനുയായികളോടുള്ള അസഹിഷ്ണുതയുടെ ഫലമായി അവരുടെ കേന്ദ്രങ്ങള്‍ തകര്‍ത്തുവരുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്റ് കോണ്‍ഫ്‌ളിക്റ്റ് സ്റ്റഡീസ് 2013 ആഗസ്റ്റില്‍ പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. 1989 ജൂലായില്‍ ലേയില്‍ നടന്ന ഒരു വലിയ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ബുദ്ധമതാനുയായികളെ ആക്രമിക്കുകയും പ്രസിദ്ധമായ ഹെമിസ് മൊണാസ്ട്രിയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ മുസ്ലിങ്ങളെ സാമൂഹ്യമായും സാമ്പത്തികമായും ബഹിഷ്‌ക്കരിക്കാനാവശ്യപ്പെട്ടു. അത് 1992ലാണ് പിന്‍വലിച്ചത്.
ലേയിലെ നാല് ബുദ്ധിസ്റ്റ് ലാമകളെ 2000 ജൂലായ് 12ന് കൊലപ്പെടുത്തി. 2006 ഫെബ്രുവരിയില്‍ ഖുറാനെ അപമാനിച്ചതായുള്ള വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന് കാശ്മീരില്‍ സംഘര്‍ഷമുണ്ടായി. ബോധ് ഖര്‍ബുവിലെ ബുദ്ധമത ഗൃഹങ്ങള്‍ ആക്രമിക്കപ്പെടുകയും ലഡാക്കില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ലേയിലെയും കാര്‍ഗിലിലെയും ബുദ്ധമതവിദ്യാലയങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ഉറുദു ഭാഷ അടിച്ചേല്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമവും സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ദ്ധിപ്പിച്ചു. 2012ല്‍ സന്‍സ്‌കാര്‍ വാലിയില്‍ ബുദ്ധമതത്തില്‍ പെട്ട ഗാര്‍ബ, ബേസ സമുദായങ്ങളിലെ ചിലരെ ഇസ്ലാമിലേക്ക് മതംമാറ്റിയത് സംഘര്‍ഷത്തിലേക്കും വര്‍ഗ്ഗീയ കലാപത്തിലേക്കും നയിച്ചു. ഐപിസിഎസ് റിപ്പോര്‍ട്ട് അനുസരിച്ച് ബുദ്ധമതാനുയായികളുടെ വീടുകള്‍ തകര്‍ക്കുകയും കടകളില്‍ നിന്ന് പണം കൊള്ളയടിക്കുകയും ആയിരക്കണക്കിനു രൂപയുടെ വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു. നൂറാനി ഇപ്പോള്‍ പറയുന്ന തരത്തിലുള്ള ഭൂരിപക്ഷവാദം അന്ന് കാശ്മീരിലൊരിടത്തും ഇസ്‌ലാമിന്റെ പേരില്‍ അദ്ദേഹം ഉയര്‍ത്തുകയുണ്ടായില്ല.
ഭാരതത്തിലെ പ്രത്യേകിച്ച് ജമ്മുകാശ്മീരിലെ മുസ്ലീം-ക്രിസ്ത്യന്‍ സംഘര്‍ഷങ്ങളെ നൂറാനി മറച്ചുവെക്കുന്നു. 1967ല്‍ ഇസ്‌ലാമിക തീവ്രവാദികള്‍ ഹോളി ഫാമിലി ചര്‍ച്ച് ആക്രമിച്ചു. 1972ല്‍ ഓള്‍ സെയ്ന്റ്‌സ് ചര്‍ച്ചിനു തീവെച്ചു. 2006ല്‍ ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സിന്റെ കോര്‍ഡിനേറ്റര്‍ ബഷീര്‍ തന്ത്രെയെ കൊലപ്പെടുത്തി. 2010ല്‍ ഇസ്‌ലാമിക ഭീകരര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ആക്രമിച്ചു. 2010ല്‍ അവര്‍ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ആക്രമിച്ചു. 2010 സപ്തംബറില്‍ ചര്‍ച്ചിന്റെ കീഴിലുള്ള തിണ്ടയ്ല്‍ ബിസ്‌കൂ ആന്റ് മായിന്‍സണ്‍ സ്‌കൂളുകള്‍ ആക്രമിക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു. 2011 ഫെബ്രുവരിയില്‍ സെന്റ് ലൂക്ക് കോണ്‍വെന്റിന്റെ സ്‌കൂളിനു തീയിട്ടു. ശ്രീനഗറിലെ ഹോളി ഫാമിലി കാത്തലിക് ചര്‍ച്ചിന്റെ മുഖ്യകവാടം പൂര്‍ണ്ണമായും 2012ല്‍ അവര്‍ തീവെച്ചു നശിപ്പിച്ചു.
മുസ്‌ലിം ഭൂരിപക്ഷ കാശ്മീരിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ആക്രമിക്കുകയും അവരുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സമയത്ത് ദില്ലിയിലെ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റും ഗോവയിലെ ആര്‍ച്ച് ബിഷപ്പും എവിടെയായിരുന്നു? ഭാരതത്തില്‍ കിസ്ത്യന്‍ സംഘടനകളെ ആക്രമിക്കുന്നത് ആര്‍.എസ്.എസ്. ആണെന്ന തെറ്റായ സിദ്ധാന്തമുണ്ടാക്കുന്നതിന് നൂറാനി കാശ്മീരിലെ ക്രിസ്ത്യാനികളോട് ഇസ്ലാമിക ഭീകരര്‍ ചെയ്ത കടുംകൈകള്‍ കൗശലപൂര്‍വ്വം ഒളിച്ചുവെക്കുന്നു. ‘ഹിന്ദു’ എന്ന ഒന്നില്ലെന്നും ഈ വാദത്തെ എതിര്‍ക്കുന്നവരുടെ മുഖം കീറി രക്തം വീഴ്ത്തിയാല്‍ ദൈവം മാപ്പു തരുമെന്നും പറയുന്ന തമിഴ്‌നാട്ടിലെ ബിഷപ്പ് എസ്രാ സര്‍ഗുണത്തിന്റെ കൂട്ടത്തിലാണ് ഈ ബിഷപ്പുമാരും പെടുന്നത്.
ഇന്ത്യയിലെ ഇസ്‌ലാമിക മതമൗലികവാദികളെ ക്രിസ്ത്യന്‍ സഭകള്‍ വിമര്‍ശിച്ചതുള്‍പ്പെടെ പല സത്യങ്ങളും നൂറാനി മറച്ചുവെക്കുന്നു. 2006നു ശേഷം 2667 യുവതികള്‍ ഇസ്‌ലാമിലേക്ക് മതംമാറ്റപ്പെട്ടിട്ടുണ്ടെന്നാണ് 2012 ജൂണ്‍ 25ന് അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന നിയമസഭയെ അറിയിച്ചത്. ”ആഗോള ഇസ്‌ലാമിക പദ്ധതിയുടെ ഭാഗമാണ് ലൗ ജിഹാദ്” എന്നാണ് ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് പറയുന്നത്.
2006നുശേഷം 2600 ക്രിസ്ത്യന്‍ യുവതികള്‍ ഇസ്‌ലാമിലേക്ക് മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന് 2009ല്‍ കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സിലും പ്രസ്താവിച്ചു. ഈ പ്രവണതക്കെതിരെ ജാഗ്രത പാലിക്കാന്‍ കെ.സി.ബി.സിയുടെ സാമൂഹ്യ ഐക്യത്തിനുവേണ്ടിയുള്ള വിജിലന്‍സ് കമ്മീഷന്‍ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടു. ഇത് ഗൗരവമേറിയ ഒരു പ്രശ്‌നമാണെന്നാണ് സീറോ മലബാര്‍ ചര്‍ച്ചിന്റെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞത് (ഇന്ത്യാ ടുഡെ, സപ്തം. 4, 2012). ലൗ ജിഹാദ് ഒരു ‘മതം മാറ്റ തട്ടിപ്പ്’ ആണെന്നും ‘മലബാര്‍ മേഖലയില്‍ വളരെയധികം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറ്റുന്നുണ്ടെന്നും’ സിറിയന്‍ ഇന്റിപെന്റന്റ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ബിഷപ്പ് മാത്യു മാര്‍ ഗ്രിഗോറിയോസ് 2017ല്‍ പറഞ്ഞു (ഹിന്ദുസ്ഥാന്‍ ടൈംസ്, ജൂലായ് 17, 2017).
ലൗ ജിഹാദ് മൂലം കാശ്മീരിലെ ബുദ്ധമതാനുയായികള്‍ക്കുണ്ടായ പ്രശ്‌നങ്ങളും നൂറാനി മൂടിവെക്കുന്നു. 2000 ജനുവരിയില്‍ ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റ് സെറിംഗ് സംഫാല്‍ സമര്‍പ്പിച്ച മൂന്ന് പേജുള്ള നിവേദനത്തില്‍, ലഡാക്കില്‍ സ്വന്തം കുടുംബങ്ങളില്‍ നിന്നു തട്ടിക്കൊണ്ടുപോയി ഇസ്‌ലാമിലേക്ക് ”നിര്‍ബ്ബന്ധപൂര്‍വ്വം” മതംമാറ്റപ്പെട്ട 24 ബൗദ്ധ യുവതികളുടെ പട്ടിക കൊടുത്തിട്ടുണ്ട്. മതംമാറ്റം തടയാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. മുസ്ലീങ്ങള്‍ ബൗദ്ധ യുവതികളെ വിവാഹം ചെയ്ത് ഇസ്‌ലാമിലേയ്ക്ക് മതം മാറ്റുന്നത് ഉടനെ തടയണമെന്ന എല്‍ബിഎയുടെ ആവശ്യം 2017 സപ്തംബറില്‍ വലിയ സംഘര്‍ഷ അന്തരീക്ഷമുണ്ടാക്കി. ഇസ്‌ലാമിക തീവ്രവാദികള്‍ക്കെതിരെ ചര്‍ച്ച് നടത്തിയ ഗൗരവ വിമര്‍ശനങ്ങളെ പരാമര്‍ശിക്കുന്നതിനു പകരം നൂറാനി, മുസ്ലീങ്ങള്‍ ഹിന്ദു പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിനു പിന്നില്‍ ‘ലൗ ജിഹാദ്’ ആണെന്നു പറഞ്ഞതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത് (ദി ഏഷ്യന്‍ ഏജ്, ഏപ്രില്‍ 29, 2017).
ആര്‍.എസ്.എസ്. മുസ്ലീങ്ങളെ ലക്ഷ്യംവെക്കുന്നതായി നൂറാനി ആരോപിക്കുന്നു. മുമ്പ് ഫ്രന്റ് ലൈനില്‍ എഴുതിയ ഒരു ലേഖനത്തില്‍ 1993ലെ മുംബൈ സ്‌ഫോടനങ്ങളില്‍ പ്രതിയായ യാക്കൂബ് മേമന്‍ രാഷ്ട്രപതിക്കു സമര്‍പ്പിച്ച ദയാ ഹര്‍ജിയിലെ ”അഫ്‌സല്‍ ഗുരുവിന്റെയും അജ്മല്‍ കസബിന്റെയും രഹസ്യമായ തൂക്കിക്കൊല്ലലും ഇപ്പോള്‍ എനിക്കെതിരെ നടക്കുന്ന ആസൂത്രിതമായ വിചാരണയും പോലുള്ള നടപടികള്‍ ഈ രാജ്യത്ത് മുസ്ലീങ്ങള്‍ക്കുവേണ്ടി മാത്രമായി മാറ്റിവെച്ചിരിക്കുകയാണ്” എന്ന ഭാഗം നൂറാനി ഉദ്ധരിക്കുന്നു. മുംബൈയില്‍ മേമന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്ത ആയിരക്കണക്കിനാളുകള്‍ ഈ വികാരമാണ് പങ്കുവെക്കുന്നതെന്നും മേമനുവേണ്ടി വാദിക്കുന്ന നൂറാനി മറയില്ലാതെ എഴുതുന്നു. വിചാരണവേളയിലൊന്നും അയാള്‍ക്ക് യാതൊരു പരിഗണനയും സഹതാപവും ലഭിച്ചില്ലത്രെ. ഈ സമയത്തെ സംഭവങ്ങളും പ്രസ്താവനകളും കോടതി നടപടികളും മുസ്ലീങ്ങളോടു പറയുന്നത് നീതി അവര്‍ക്ക് നിഷേധിക്കപ്പെടും എന്നാണെന്നും നൂറാനി എഴുതുന്നു (ഫ്രന്റ് ലൈന്‍, സപ്തം.18, 2015). തൊടുപുഴ നൂമാന്‍ കോളേജിലെ പ്രൊഫ. ടി.ജെ. ജോസഫിന്റെ വലതു കൈപ്പത്തി പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയുടെ ഭാഗമായ ഇസ്‌ലാമിക തീവ്രവാദിസംഘം വെട്ടിമാറ്റിയപ്പോള്‍ നൂറാനി യാതൊരു വിഷമവും പ്രകടിപ്പിച്ചില്ല എന്നതും ഓര്‍ക്കണം.
2015 ഡിസംബര്‍ 21ന് എഴുതിയ കത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി, മതപരമായ സഹിഷ്ണുതയുടെയും വിശ്വ സാഹോദര്യത്തിന്റെയും പേരില്‍ അഹമ്മദീയ സമൂഹത്തെ പ്രശംസിക്കുകയും ‘ഖിലാഫത്ത് – ഇ-അഹമ്മദിയാ ശതാബ്ദി’ ആഘോഷങ്ങള്‍ക്ക് വിജയാശംസകള്‍ നേരുകയും ചെയ്തപ്പോള്‍ അഹമ്മദീയകളെ ശത്രുക്കളായി കാണുന്ന ഇന്ത്യയിലെ മുസ്ലിം നേതാക്കള്‍ നരേന്ദ്ര മോദിയെ ശക്തമായി വിമര്‍ശിച്ചു. 1974ല്‍ പാകിസ്ഥാനില്‍ അവരെ അമുസ്ലീങ്ങളായി പ്രഖ്യാപിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു. ബംഗ്ലാദേശില്‍ അഹമ്മദീയര്‍ നിഷ്‌ക്കരുണം വേട്ടയാടപ്പെട്ടു. കേരളം, രാജസ്ഥാന്‍, ഒറീസ്സ, ഹരിയാന, ബിഹാര്‍, ദല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി ഇന്ത്യയില്‍ അഹമ്മദീയരുടെ വന്‍ ജനസമൂഹമുണ്ട്. 2017 ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ച സമയത്ത് അഹമ്മദീയ സമൂഹത്തിന്റെ ഇസ്രായേലി ഘടകത്തിന്റെ പ്രസിഡന്റ് മുഹമ്മദ് ഷരീഫ് ഒഡേ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിനൊപ്പം നില്‍ക്കുന്ന നരേന്ദ്രമോദിക്ക് ആശംസകള്‍ കൈമാറിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ”ഇന്ത്യയില്‍ ഞങ്ങളുടെ സമൂഹത്തെ സഹായിക്കുന്നതിന് ഞങ്ങള്‍ അങ്ങയോട് നന്ദി പറയുന്നു. താങ്കള്‍ക്ക് വളരെ നന്ദി.”
അഹമ്മദീയകളെ മുസ്ലീങ്ങളായി എ.ജി. നൂറാനി അംഗീകരിക്കുമോ?