കല്ലുവിളക്കിന്‍ കരളില്‍ നിന്നൊരു
നൊമ്പരമെന്തോ കേട്ടോ!
കരളലിയിക്കും കഥപറയുന്നൊരു
കണ്ണു നിറഞ്ഞത് കണ്ടോ !
കറുത്തചുണ്ടില്‍ ഒരുപടുതിരിയുടെ
കരിഞ്ഞ സ്വപ്നം നീറി,
വകഞ്ഞു മാറ്റിയ കാറ്റിന്‍ കയ്യില്‍
കൊഴിഞ്ഞ പൂക്കള്‍ തേങ്ങി.
ഉടുത്തൊരുങ്ങി നിന്നൊരു കാടിന്‍
ഉടുതുണിയാരോ കീറി,
പേടിച്ചോടും കാട്ടരുവിക്കരള്‍
കണ്ണീരാലെ മുങ്ങി.
കാലത്തിന്റെ കുഴിമാടത്തില്‍
കണ്ണീര്‍തുള്ളി പിറന്നു.
ദൈവത്താരുടെ കല്‍രൂപത്തില്‍
കോഴിച്ചോര കറുത്തു;
പണ്ടന്നനവധി കന്യകളിവിടെ
ബലിയായ് രക്തം ചിന്തി.
അവരുടെ ചോരത്തുള്ളി മുരുക്കില്‍
ചുവന്ന പൂവായ്ത്തീര്‍ന്നു;
നിറഞ്ഞ കണ്ണിന്‍ തിരമാലകളെ
തിരിഞ്ഞു നോക്കാന്‍ പോലും
വിരുന്നു വന്നില്ലൊരു മനഃസാക്ഷി
കറുത്ത കൊടികളുമേന്തി
കുരുതിക്കല്ലിന്‍ കരളില്‍ നിന്നൊരു
കണ്ണീര്‍തുള്ളി പൊടിഞ്ഞോ?
അതിന്റെയുള്ളില്‍ നിന്നൊരു പൂവന്‍
കൂവി വിളിച്ചു പറന്നോ
യുഗങ്ങള്‍ പേറിയ കൊടിയൊരു വേദന
തേരുതെളിച്ചു നടപ്പൂ!
അവര്‍ക്കു കാഹളമൂതാനായിട്ടനവധി
ചുണ്ട് കൊതിപ്പൂ.
കടിച്ചുകീറാന്‍ പല്ലുകള്‍ വീണ്ടും
രാകിമിനുക്കാന്‍ നോക്കുന്നോ?
കറുത്ത മാനസമൂലയിലൊരുതിരി
കൊളുത്തി വെയ്ക്കാന്‍ വൈകുന്നോ?
പിഴുതുമാറ്റുക
കാലമൊരുക്കിയ കുരുതിക്കല്ലിന്‍ ധിക്കാരം;
പണിയാന്‍ വെമ്പുക
സ്‌നേഹത്തിന്റെ മൃദുലമനോഹര കൂടാരം;
അടര്‍ത്തി മാറ്റുക
തിങ്കള്‍ക്കലയുടെ മുമ്പിലുയര്‍ത്തിയ കരിമേഘം;
അഴിച്ചുമാറ്റുക
വേദന കോറിയ കാലത്തിന്റെ കുപ്പായം.