കേരളത്തിലെ സര്‍വ്വകലാശാലകള്‍ നേരിടുന്ന അധഃപതനത്തെക്കുറിച്ച് കാലടി ശ്രീ ശങ്കരാചാര്യസംസ്‌കൃത സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ ലേഖകന്റെ നിരീക്ഷണങ്ങള്‍.
നിയമവാഴ്ചയിലല്ല; പാര്‍ട്ടി സമഗ്രാധിപത്യത്തിലാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നും താല്പര്യം. കാലടി ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറായി ഞാന്‍ തുടരുന്ന സന്ദര്‍ഭത്തിലാണ് വി.എസ്. അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത്. സര്‍വ്വകലാശാലയിലെ ഒരു ജീവനക്കാരനെ അടിയന്തിരമായി തിരുവനന്തപുരത്തേക്ക് മാറ്റി നിയമിക്കണമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് ഇറക്കി. ആ ഉത്തരവ് നടപ്പിലാക്കിയിട്ട് അദ്ദേഹത്തെ അറിയിക്കാനായി വൈസ് ചാന്‍സലറോട് ബഹു. മുഖ്യമന്ത്രി ആജ്ഞാപിക്കുകയും ചെയ്തു.
സര്‍വ്വകലാശാല സ്വയംഭരണസ്ഥാപനമാണെന്നും അതിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ഉത്തരവ് നടപ്പിലാക്കാനാകില്ല എന്നും അദ്ദേഹത്തെ എഴുതി അറിയിച്ചു. അന്നുമുതല്‍ വൈസ് ചാന്‍സലറായ ഞാന്‍ അദ്ദേഹത്തിന്റെ ശത്രുവായി. അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കിടയിലുണ്ടായിരുന്ന ശിങ്കിടികളെക്കൊണ്ട് എന്നെ ആവതും ഉപദ്രവിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. എന്നിട്ടും പക അടങ്ങാതിരുന്ന അച്യുതാനന്ദന്‍ എന്നെ ഉപദ്രവിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
പകയും വഞ്ചനയും ഒളിപ്പോരും കമ്മ്യൂണിസ്റ്റ് സ്വഭാവമാണ്. പാര്‍ട്ടിക്ക് ഭരണം ലഭിക്കുക എന്നു പറഞ്ഞാല്‍ പാര്‍ട്ടിയുടെ സമഗ്രാധിപത്യം എല്ലാരംഗത്തും സ്ഥാപിക്കുക എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ അര്‍ത്ഥമാക്കുന്നത്. അക്കാര്യത്തില്‍ അച്യുതാനന്ദനും പിണറായിയും തമ്മില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പാര്‍ട്ടിയുടെ സമയോചിതമായ ഇടപെടല്‍ മൂലം കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനുണ്ടായ അവമതി ഓര്‍ക്കാവുന്നതാണ്. അതിനുശേഷവും അതിനുമുന്‍പും പാര്‍ട്ടി നീരാളിയെപോലെ അക്കാദമിക രംഗത്തും സാംസ്‌കാരികരംഗത്തും പിടിമുറുക്കി. അതിന്റെ ഏറ്റവും പുതിയ ഇടപെടലാണ് ഇപ്പോഴത്തെ പിണറായി – ഗവര്‍ണര്‍ പോര്‍വിളി.
ഇന്ത്യന്‍ ഭരണഘടന 153-ാം അനുച്ഛേദ പ്രകാരം നിയമ നിര്‍വ്വഹണാധികാരം സമ്പൂര്‍ണ്ണമായി ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. അദ്ദേഹം സംസ്ഥാന ഭരണത്തലവനുമാണ്. അനുച്ഛേദം 158 (1) പ്രകാരം ജനപ്രതിനിധി സഭകളില്‍ ഒന്നിലും അംഗമാകാന്‍ പാടില്ല എന്ന് അനുശാസിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഭരണനിര്‍വ്വഹണകാര്യത്തില്‍ ഗവര്‍ണര്‍ നിയമിക്കുന്ന മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും നല്‍കുന്ന ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ സംസ്ഥാനഭരണം നിര്‍വ്വഹിക്കുന്നത്. നിയമനിര്‍മ്മാണ സംവിധാനം, നിയമ വ്യാഖ്യാനകേന്ദ്രം, നിയമനിര്‍വ്വഹണസംവിധാനത്തിന്റെ എല്ലാം തലവനാണ് ഗവര്‍ണര്‍. ഈ പദവി ഗവര്‍ണര്‍ക്കുള്ളതു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിക്കുന്ന സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവി അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്നത്.
സര്‍വ്വകലാശാലകള്‍ ഭരണപരമായും അക്കാദമികമായും സ്വയംഭരണാധികാരമുള്ള കേന്ദ്രങ്ങള്‍ ആയിട്ടാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരടക്കം ഒരു ഏജന്‍സിയും സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടാന്‍ പാടില്ല എന്നത് അലംഘനീയമായ നിയമമാണ്. സര്‍വ്വകലാശാലകളുടെ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്നവിധം അവയുടെ സ്വയംഭരണാവകാശത്തെ നിലനിര്‍ത്തുക എന്നതാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ചുമതല. അതുകൊണ്ട്, സര്‍വ്വകലാശാല കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ബാദ്ധ്യതയുമില്ല. മാത്രമല്ല, സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്നല്ല ഗവര്‍ണര്‍ നിയമിച്ചിരിക്കുന്ന അഭിഭാഷകനില്‍ നിന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടുന്നത്. ചാന്‍സലര്‍ക്ക് വേണ്ടി കോടതികളില്‍ ഹാജരാകുന്നത് സര്‍ക്കാര്‍ അഭിഭാഷകരുമല്ല.
എന്നാല്‍ സര്‍വ്വകലാശാലകളുടെ ദൈനംദിനഭരണം വൈസ് ചാന്‍സലറില്‍ നിക്ഷിപ്തമാണ്. അതില്‍ ചാന്‍സലര്‍ ഇടപെടുകയുമില്ല. സര്‍വ്വകലാശാലാ നിയമങ്ങളും ചട്ടങ്ങളും വൈസ് ചാന്‍സലര്‍ ലംഘിച്ചാല്‍ മാത്രമെ സാധാരണഗതിയില്‍ ചാന്‍സലര്‍ ഇടപെടുകയുള്ളൂ. വൈസ് ചാന്‍സലറുടെ നിയമനാധികാരി ചാന്‍സലര്‍ ആണെങ്കിലും വൈസ് ചാന്‍സലറെ കുറ്റവിചാരണ ചെയ്തു ശിക്ഷിക്കാന്‍ നിയമസഭയ്ക്കാണ് അധികാരം; അതും ഗുരുതരമായ കുറ്റങ്ങള്‍ പ്രഥമദൃഷ്ടിയില്‍ ഉണ്ട് എന്ന് ചാന്‍സലര്‍ക്ക് ബോദ്ധ്യമാകുകയും അതിന്റെ അടിസ്ഥാനത്തില്‍ വിരമിക്കാത്ത സുപ്രീംകോടതി ജഡ്ജി അന്വേഷിക്കുകയും ആരോപണങ്ങള്‍ ശരിയാണെന്നു ബോദ്ധ്യപ്പെടുകയും ചെയ്താല്‍ മാത്രമെ വൈസ് ചാന്‍സലറെ കുറ്റവിചാരണ ചെയ്യാന്‍ കഴിയുകയുള്ളൂ.
ഇത്രയും സംരക്ഷണം വൈസ്ചാന്‍സലര്‍ക്ക് നല്‍കിയിരിക്കുന്നത് തന്നെ സര്‍വ്വകലാശാലയുടെ സ്വയംഭരണാധികാരത്തില്‍ മറ്റാരും കൈകടത്താതിരിക്കുന്നതിനുവേണ്ടിയാണ്. വൈസ്ചാന്‍സലറെ കണ്ടെത്താനുള്ള സമിതിയെ നിയമിക്കാനുള്ള അധികാരം ചാന്‍സലറില്‍ നിക്ഷിപ്തമാണ്. ഇതിനായി സര്‍വ്വകലാശാല, ചാന്‍സലര്‍, യുജിസി എന്നിവരുടെ ഓരോ പ്രതിനിധികള്‍ അടങ്ങുന്ന ഒരു സമിതിയെ ചാന്‍സലര്‍ തിരഞ്ഞെടുക്കണം. സര്‍വ്വകലാശാലയുടെ പ്രതിനിധിയെ നിശ്ചയിക്കാനായി മൂന്നുപേര്‍ അടങ്ങുന്ന ഒരു പാനല്‍ സര്‍വ്വകലാശാല ഭരണാധികാര സമിതി നിശ്ചയിക്കുകയും വൈസ് ചാന്‍സലര്‍ അത് ചാന്‍സലര്‍ക്ക് നല്‍കുകയും വേണം. അതില്‍ നിന്നും ഒരാളെ ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്യും.
ചാന്‍സലറുടെ പ്രതിനിധിയെ കണ്ടെത്താനായി ചാന്‍സലര്‍ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സേവനം തേടാവുന്നതാണ്. ഉന്നതവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്ക് മൂന്നുപേര്‍ അടങ്ങുന്ന പാനല്‍ ചാന്‍സലര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്. അതില്‍ നിന്നും ഒരാളെ ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്യും. യുജിസിയാകട്ടെ അവരുടെ നോമിനിയേയും ചാന്‍സലര്‍ക്ക് സമര്‍പ്പിക്കും.
ഈ മൂന്നുപേരടങ്ങുന്ന സമിതിയെ ചാന്‍സലര്‍ വിജ്ഞാപനത്തിലൂടെ നിയമിക്കും. അവര്‍ നല്‍കുന്ന പാനലില്‍ നിന്നും യോഗ്യനായ ഒരാളെ ചാന്‍സലര്‍ക്ക് വൈസ് ചാന്‍സലറായി നിയമിക്കുകയും ചെയ്യാം. ഈ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് കണ്ണൂര്‍, കാലടി സര്‍വ്വകലാശാലകളുടെ വൈസ്ചാന്‍സലറെ കണ്ടെത്താനുള്ള സമിതിയെ ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറി നേരിട്ടു നിയമിച്ചത്. ചാന്‍സലറില്‍ നിക്ഷിപ്തമായിട്ടുള്ള ഈ അധികാരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറിയിലൂടെ കവര്‍ന്നെടുത്തിരിക്കുന്നു. ഇത് ഗുരുതരമായ നിയമലംഘനമാണ്.
ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയാതെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അത്തരത്തില്‍ ഒരു അതിക്രിയ ചെയ്യില്ല എന്നുവേണം കരുതാന്‍. സര്‍വ്വകലാശാല നിയമങ്ങളും ചട്ടങ്ങളും ഒരുപക്ഷേ മന്ത്രിക്ക് കൃത്യമായി അറിവുണ്ടാകണമെന്നില്ല. എന്നാല്‍ വകുപ്പ് സെക്രട്ടറി അവയെല്ലാം കൃത്യമായി അറിയുകയും മന്ത്രിയെ ഫയലില്‍ എഴുതി അറിയിക്കുകയും വേണം. പ്രസ്തുത സെക്രട്ടറി അതൊന്നും ചെയ്തില്ല എന്നാണ് മനസ്സിലാകുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം വകുപ്പു മന്ത്രിപറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടികൂറിനുകൂടി പേര് കേട്ട സെക്രട്ടറി ഇടംവലം നോക്കാതെ ചെയ്തു എന്നാണ് കരുതപ്പെടുന്നത്.
ഈ സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഈ ഗുരുതരമായ വീഴ്ചകൂടാതെ മറ്റൊന്നുകൂടി സംഭവിച്ചു. കണ്ണൂര്‍ വി.സിയ്ക്ക് കാലാവധി നീട്ടി തുടര്‍ച്ച നല്‍കണമെന്ന് മന്ത്രി ഡോ.ബിന്ദു കല്പന നല്‍കി. യുജിസി നിയമം അനുസരിച്ച് വി.സിക്ക് കാലാവധി നീട്ടി സേവന ദൈര്‍ഘ്യം നല്‍കാന്‍ വ്യവസ്ഥയില്ല. നിലവിലുള്ള വി.സി മഹാനാണെന്നും തത്തുല്യമായ മറ്റൊരു മഹാനെ കണ്ടെത്താനാകുന്നില്ലെന്നും ഈ മഹാന്റെ നേതൃത്വത്തില്‍ സര്‍വ്വകലാശാല വെച്ചടിവെച്ചടി പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇദ്ദേഹത്തെ മാറ്റിയാല്‍ സര്‍വ്വകലാശാല തകരുമെന്നും മന്ത്രി എഴുതി നല്‍കി. ഇവ്വിധമൊരു നിഗമനത്തിലെത്താന്‍ മന്ത്രിയെ പ്രേരിപ്പിച്ച കാരണം ആ വി.സി എ.കെ.ജി സെന്ററില്‍ നിന്നും നല്‍കുന്ന നിര്‍ദ്ദേശമനുസരിച്ച് നിയമനം നടത്തുന്ന പാര്‍ട്ടി അനുയായിയാണെന്നതുമാത്രമാണ്. കാരണം. ഈ മഹാനേക്കാള്‍ മികവുറ്റ മഹാന്മാര്‍ വേറെയും ഉണ്ടാകാമല്ലോ…
എന്നാല്‍ ഇവ്വിധമൊരു ലിഖിതം നല്‍കിയാലും നിലവിലുള്ള നിയമപ്രകാരം ഇത് സാധിക്കില്ല എന്നും നിലവിലുള്ള നടപടിക്രമം അനുസരിച്ച് ചാന്‍സലര്‍ രൂപീകരിക്കുന്ന സമിതിക്ക് ഈ മഹാനായ വൈസ് ചാന്‍സലറെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമെ പുതിയ വൈസ് ചാന്‍സലറായി ഈ മഹാനെ നിയമിക്കാന്‍ കഴിയൂ എന്നും മന്ത്രിയെ അറിയിക്കാനുള്ള ബാദ്ധ്യത സെക്രട്ടറിക്കുണ്ടായിരുന്നു. ഭരണഘടനാപരമായ ഈ ബാദ്ധ്യത സെക്രട്ടറി നിറവേറ്റിയില്ല എന്നു മാത്രമല്ല മന്ത്രിയുടെ തീരുമാനത്തിന് അനുഗുണമായി അഡ്വക്കറ്റ് ജനറലില്‍ നിന്നും ചാന്‍സലര്‍ക്ക് വേണ്ടി എന്നു പറഞ്ഞ് നിയമോപദേശം എഴുതിവാങ്ങുകയും ചെയ്തു. സെക്രട്ടറിയുടെ ഈ ചെയ്തി ഭരണഘടനാനുച്ഛേദം 165(2) ന്റെ ലംഘനമാണെന്ന് സെക്രട്ടറിയും എ.ജിയും അറിയാതെയും പോയി. കാരണം ഗവര്‍ണര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമെ എ.ജി ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കാന്‍ പാടുള്ളു എന്നാണ് ഈ അനുച്ഛേദം വിശദമാക്കുന്നത്.
താന്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം നല്‍കിയിട്ടില്ല എന്ന് എ.ജി പറഞ്ഞു. എന്നാല്‍ എ.ജിയുടേത് എന്ന പേരില്‍ ഒരു നിയമോപദേശം വകുപ്പ് സെക്രട്ടറി ഗവര്‍ണറെ കാണിച്ചിട്ടുണ്ട്. ആ നിയമോപദേശം കണ്ടതു കൊണ്ടാണ് ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റാനും മുഖ്യമന്ത്രിയെ ചാന്‍സലറാക്കാനുമുള്ളതടക്കം സര്‍ക്കാര്‍ ആഗ്രഹിക്കുന്ന എന്തുനിയമോപദേശവും അഡ്വക്കറ്റ് ജനറല്‍ നല്‍കുമെന്ന് പരിഹാസത്തോടെ ഗവര്‍ണര്‍ രേഖാമൂലം അറിയിച്ചതും. എ.ജി പറയുന്നതുപോലെ നിയമോപദേശം നല്‍കിയിട്ടില്ലെങ്കില്‍ വ്യാജരേഖ ചമക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളാണ് സെക്രട്ടറിയും മന്ത്രിയും ചെയ്തത് എന്നും വരുന്നു. അതുകൊണ്ട് ഇവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുക തന്നെ വേണം. ഗവര്‍ണറെ പോലും കബളിപ്പിക്കുന്നവര്‍, എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടാതിരിക്കരുത്.
കാലടി സര്‍വ്വകലാശാലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി നുണപറഞ്ഞു എന്നുവേണം കരുതാന്‍. കാരണം ഉന്നതവിദ്യാഭ്യാസരംഗത്തു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയും വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള സമതിയില്‍ അംഗമായിരിക്കുകയും ചെയ്യുന്ന ഒരാളോട് അവര്‍ക്ക് ബോദ്ധ്യമുള്ള കുറെപ്പേര് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു എന്നു താന്‍ ആ വ്യക്തിയില്‍ നിന്നും മനസ്സിലാക്കിയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ ആരോടും അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ല എന്നും നിയമവും ചട്ടവും ലംഘിച്ചു നല്‍കിയ ഒറ്റപ്പേര്‍ ശുപാര്‍ശ താന്‍ നിരസിച്ചതായും ഗവര്‍ണര്‍ വിശദമാക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്ന് ഗവര്‍ണര്‍ പറയുന്നു. ഒറ്റ പേര് ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയ സാഹചര്യത്തില്‍, ഗവര്‍ണറുടെ വാക്കുകള്‍ക്ക് ബലംകൂടും. മുഖ്യമന്ത്രിയെ ഈ തെറ്റായ വിവരം ധരിപ്പിച്ച വ്യക്തി ആരാണെന്ന് അദ്ദേഹം തുറന്നു പറയുകയും ആവ്യക്തിയെ ഉത്തരവാദപ്പെട്ട പദവികളില്‍ നിന്നും നീക്കുകയും വേണം.
ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ നടപടികളില്‍ യാതൊരുവിധമുള്ള രാഷ്ട്രീയ സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ അവകാശവാദം പൂര്‍ണ്ണമായും തെറ്റാണെന്നു തെളിഞ്ഞുകഴിഞ്ഞു. കാരണം ഉന്നതവിദ്യാഭ്യാസ മന്ത്രി ചട്ടവിരുദ്ധമായ തീരുമാനങ്ങള്‍ എടുക്കാന്‍ ചാന്‍സലറില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കത്തുകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. പ്രോചാന്‍സലര്‍ എന്ന നിലയിലാണ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ആരെ നിയമിക്കണമെന്ന് താന്‍ നിര്‍ദ്ദേശിക്കുന്നത് എന്ന് മന്ത്രി കത്തില്‍ വിശദീകരിക്കുന്നുണ്ട്. വൈസ് ചാന്‍സലറെ കണ്ടെത്താനായി സമിതിയെ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ വൈസ് ചാന്‍സലറാകാന്‍ യോഗ്യനായ വ്യക്തിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ ആ സമിതിക്കാണ് അധികാരം. മാത്രമല്ല, നിലവിലുള്ള നിയമപ്രകാരം പ്രോ ചാന്‍സലര്‍ പദവി അധികാരമില്ലാത്ത അലങ്കാരം മാത്രമാണ്. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കത്തിലൂടെ മന്ത്രി ഇടപെട്ടത് ചാന്‍സലറില്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദതന്ത്രത്തെയാണ് ഉദാഹരിക്കുന്നത്. ഈ ഒറ്റക്കാര്യം കൊണ്ട് തന്നെ മന്ത്രി ആ പദവിയില്‍ തുടരാന്‍ അനര്‍ഹയാണെന്നു തെളിയിച്ചിരിക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് അനാരോഗ്യകരമായ വിവാദങ്ങള്‍ ഉണ്ടാക്കിയ വ്യക്തിയാണ് മന്ത്രി. കേരളവര്‍മ്മ കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു അവര്‍. എയ്ഡഡ് കോളേജിലെ അദ്ധ്യാപക നിയമനം സുതാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പി.എസ്.സി പരീക്ഷ ജയിക്കാന്‍ കെല്പില്ലാത്തവരുടെ ആശ്രയസ്ഥാപനമാണ് എയ്ഡഡ് കോളേജുകള്‍. മതം, ജാതി, ധനശേഷി, രാഷ്ട്രീയാധികാരം എന്നിവയെല്ലാം ചേരുംപടി ചേര്‍ന്നാല്‍ മാത്രമെ കേരളവര്‍മ്മ കോളേജിലും നിയമനം ലഭിക്കുകയുള്ളൂ. ഈ മന്ത്രിയും അങ്ങനെ തന്നെയാണ് നിയമനം നേടിയതും. അതിനുശേഷം വീണ്ടും രാഷ്ട്രീയാധികാരത്തിന്റെ പിന്‍ബലത്തില്‍ പ്രിന്‍സിപ്പല്‍ പദവി തട്ടിയെടുക്കാന്‍ മന്ത്രി നടത്തിയ കുതന്ത്രങ്ങള്‍ കുപ്രസിദ്ധങ്ങളാണ്. പിന്‍വാതിലിലൂടെ കാര്യം നേടുക എന്ന ശീലം മന്ത്രിപദവിയില്‍ എത്തിയിട്ടും ഇവര്‍ ഉപേക്ഷിച്ചില്ല. ചൊട്ടയിലെ ശീലം ചുടലവരെ എന്നത് എത്രയോ ശരി.
ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്തില്‍ ഗവര്‍ണര്‍ പ്രധാനമായും അഞ്ച് കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അതില്‍ ഒന്നാമത്തെ കാര്യം ഉന്നതവിദ്യാഭ്യാസം നേരിടുന്ന ഗുണമേന്മാശോഷണമാണ്. ഹയര്‍സെക്കന്ററിവരെയുള്ള വിദ്യാഭ്യാസരംഗത്ത് കേരളം പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം ദിനേദിനേ പുറകോട്ടുപോയിക്കൊണ്ടിരിക്കുന്നു എന്നതാണ് വസ്തുത. സ്വാതന്ത്ര്യം നേടുന്നതിനുമുമ്പ് ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളം മദ്രാസിനും കല്‍ക്കട്ടക്കും മുംബൈക്കും ഒപ്പം സ്ഥാനം നേടിയിരുന്നു. എന്നാല്‍ ഇന്ന് ദേശീയ നിലവാരത്തിനൊപ്പം നില്‍ക്കാവുന്ന ഒരു സ്ഥാപനം പോലുമില്ലാത്ത അവസ്ഥയായി. ഇതിനു പ്രധാനകാരണം ഉന്നതവിദ്യാഭ്യാസരംഗത്തെ അതിരാഷ്ട്രീയവല്‍ക്കരണമാണ്. അത് അവസാനിപ്പിക്കാനാണ് താന്‍ പരിശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അക്കാദമിക മികവിന്റെ കേന്ദ്രങ്ങളാകേണ്ട കേരളത്തിലെ കലാലയങ്ങള്‍ ഇന്ന് കക്ഷി രാഷ്ട്രീയത്തിന്റെ ഉപശാലകളായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏത് കലാലയത്തില്‍ ചെന്നാലും, അതിന്റെ പ്രവേശന കവാടത്തില്‍ ചുവപ്പു കോട്ടയിലേക്ക് സ്വാഗതം എന്ന എഴുത്താണ് കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ കലാലയം പഠിക്കാനുള്ള സങ്കേതം എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള സ്ഥാപനം എന്ന സന്ദേശമാണ് ഈ എഴുത്തും കൊടിതോരണങ്ങളും നല്‍കുന്നത്. വ്യത്യസ്ത ആശയഗതിക്കാരുടെ സംവാദകേന്ദ്രം എന്നതിനേക്കാള്‍ ഒരു ഒറ്റ ആശയത്തിന്റെ പ്രചരണകേന്ദ്രം എന്ന അവസ്ഥയില്‍ കലാശാലകള്‍ അധഃപതിച്ചു. ഒറ്റ ആശയം മതി എന്ന തീരുമാനവും ആ ആശയത്തിന്റെ സര്‍വ്വാധിപത്യവും കലാലയവിദ്യാഭ്യാസ ഗുണമേന്മ തകരാന്‍ കാരണമായിട്ടുണ്ട്.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യ കേന്ദ്രങ്ങളാക്കി സര്‍വ്വകലാശാലകളെയും കോളേജുകളെയും മാറ്റിക്കഴിഞ്ഞു. അദ്ധ്യാപക സഖാവും വിദ്യാര്‍ത്ഥി സഖാവും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടാണ് ഇതിന്റെ കാരണങ്ങളില്‍ ഒന്ന്. വിദ്യാര്‍ത്ഥി സഖാക്കള്‍ക്ക് പരീക്ഷാക്രമക്കേടു നടത്താന്‍ കൂട്ടുനില്‍ക്കലാണ് മുഖ്യമായ അക്കാദമിക് ദൗത്യം എന്നു വിശ്വസിക്കുന്ന അദ്ധ്യാപകര്‍ കുറവല്ല. പി.എസ്.സി. പരീക്ഷയില്‍ ക്രമക്കേടു നടത്താന്‍ യൂണിവേഴ്‌സിറ്റി കോളേജ് തന്നെ കൂട്ടുനിന്നു. ഇക്കാര്യം നമ്മുടെ അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും യാതൊരുവിധ നാണക്കേടുമുണ്ടാക്കുന്നില്ല എന്നത് അതിശയം തന്നെ. മാനംകെട്ട പണി ചെയ്യാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു എന്നു മാത്രമല്ല സര്‍വ്വകലാശാലകളും കോളേജുകളും പാര്‍ട്ടിയിലെ യുവജന നേതാക്കളുടെ ഭാര്യമാര്‍ക്കുള്ള സുരക്ഷിത ജോലിസ്ഥാനങ്ങളായും മാറുന്നു. കാലടിസര്‍വ്വകലാശാലയില്‍ നിയമസഭാസ്പീക്കര്‍ കൂടിയായ എം.ബി. രാജേഷിന്റെ ഭാര്യക്കായിരുന്നു നിയമനം ലഭിച്ചത്. രാജേഷും കുടുംബവും ജാതിമതവിശ്വാസികളല്ല എന്നും അവരെല്ലാം സെക്യുലര്‍ കമ്മ്യൂണിസ്റ്റുകളാണെന്നുമാണ് അവകാശപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മുസ്ലിം മതസമുദായത്തിനുവേണ്ടി സംവരണം ചെയ്യപ്പെട്ടിട്ടുള്ള വിഭാഗത്തിലാണ് നിയമനം ലഭിച്ചത്. ഈ നിയമനം ലഭിക്കാനായി താന്‍ ഇസ്ലാം മതവിശ്വാസിയാണെന്ന സാക്ഷ്യപത്രം അവര്‍ സമര്‍പ്പിച്ചിട്ടു ണ്ടായിരിക്കണം. കാരണം ആ സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമെ അവരെ ആ ഗണത്തില്‍ പരിഗണിക്കുകയുള്ളു. തങ്ങളാരും മതവിശ്വാസികളല്ല എന്നു പറയുകയും അതിനുവിപരീതമായി ഇസ്ലാം മതവിശ്വാസിയാണെന്നു സാക്ഷ്യപത്രം ജോലിനേടുന്നതിനായി സമര്‍പ്പിക്കുകയും ചെയ്യുന്നത് വിരുദ്ധമായ കാര്യങ്ങളാണ്. അതായത്, കാര്യലാഭത്തിനായി ആത്മവഞ്ചന നടത്തുന്നു എന്നു സാരം.
രാജേഷിന്റെ ഭാര്യയ്ക്ക് മാത്രമല്ല, ബിജുവിന്റേയും രാജീവിന്റേയും രാഗേഷിന്റേയുമെല്ലാം ഭാര്യമാര്‍ക്കും പാര്‍ട്ടിയിലെ ഉന്നത നേതാക്കളുടെ ബന്ധുക്കള്‍ക്കും സര്‍വ്വകലാശാല അദ്ധ്യാപകരായി ജോലി നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിക്കാര്‍ക്കും അവരുടെ സില്‍ബന്തികള്‍ക്കും അദ്ധ്യാപക ജോലി ശരിപ്പെടുത്തി കൊടുക്കുക എന്നതാണ് വൈസ് ചാന്‍സലറുടെ പ്രധാനദൗത്യം എന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കരുതുന്നു. കണ്ണൂര്‍ വി.സിയെ പുനര്‍ നിയമിക്കണം എന്നു വാശിപിടിക്കുന്നതിന്റെ കാരണവും അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ‘നിയമനസഹായ’മാണെന്നും പരക്കെ ആക്ഷേപമുണ്ട്. അക്കാദമിക മികവിനേക്കാള്‍ പാര്‍ട്ടി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് അദ്ധ്യാപകരെ നിയമിച്ചാല്‍ സ്വാഭാവികമായും നിലവാരത്തകര്‍ച്ചയുണ്ടാകും. അത് ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ പലവട്ടം ആവശ്യപ്പെട്ടു.
നിയമവും ചട്ടവും ലംഘിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ നിരന്തരമായി മുഖ്യമന്ത്രിയും മന്ത്രിസഭയും അദ്ദേഹത്തില്‍ രാഷ്ട്രീയസമ്മര്‍ദ്ദം ചെലുത്തി എന്നാണ് രണ്ടാമതായി പറയുന്നകാര്യം. ഇത് വളരെ ഗുരുതരമായ ആരോപണമാണ്. കാരണം, നിയമവും ചട്ടവും മറികടന്നുതുടരുന്നത് അദ്ദേഹത്തിനും സര്‍വ്വകലാശാലക്കും നന്നല്ല. അതുകൊണ്ട് കോടതി ഉത്തരവിന് കാത്തുനില്‍ക്കാതെ ഒഴിഞ്ഞു പോകുന്നതാണ് ഗോപിനാഥന്‍ രവീന്ദ്രന് നല്ലത്. നിയമവിരുദ്ധമായും ആ സ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് ആര് ആഗ്രഹിച്ചാലും അത് വിദ്യാഭ്യാസമന്ത്രിയോ മുഖ്യമന്ത്രിയോ ആരായിരുന്നാലും അത് സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയായിരിക്കും എന്നതില്‍ സംശയമേ ഇല്ല. ഈ സ്വാര്‍ത്ഥതയ്ക്ക് കൂട്ടു നില്‍ക്കാന്‍ തന്റെ മനഃസാക്ഷി സമ്മതിക്കുന്നില്ല എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.
യുജിസി മാനദണ്ഡം അപ്പാടെ ലംഘിക്കാന്‍ സര്‍ക്കാര്‍ നിരന്തരം തന്നില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. യുജിസി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിനും കേരളം കേളികേട്ട സംസ്ഥാനമാണ്. യുജിസി പദ്ധതി നടപ്പിലാക്കിയപ്പോള്‍ യുജിസി ശമ്പളം നല്‍കുകയും മറ്റ് യോഗ്യതാമാനദണ്ഡങ്ങള്‍ നടപ്പിലാക്കാതിരിക്കുകയും വേണമെന്ന കാര്യത്തില്‍ കേരളത്തിലെ സര്‍വ്വകലാശാലാ കോളേജ് അദ്ധ്യാപകസംഘടനകള്‍ ഒറ്റക്കെട്ടായിരുന്നു. ഭരണപക്ഷ സംഘടനകളും പ്രതിപക്ഷ സംഘടനകളും ഒരുമിച്ചു നിന്ന് എതിര്‍ത്തുകൊണ്ടാണ് യുജിസി നിഷ്‌കര്‍ഷിച്ച അക്കാദമിക യോഗ്യതകളെ സര്‍വ്വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും നാടുകടത്തിയത്. യുജിസി പദ്ധതി നടപ്പിലാക്കിയതിനുശേഷം പതിറ്റാണ്ടുകള്‍ മൂന്നു കഴിഞ്ഞിട്ടും യുജിസി നിഷ്‌കര്‍ഷിച്ച യോഗ്യതകള്‍ നടപ്പില്‍ വരുത്തിയിട്ടില്ല. അതുകൊണ്ട്, മഹാഭൂരിപക്ഷം വരുന്ന കോളേജുകളിലും യോഗ്യരായ പ്രിന്‍സിപ്പല്‍മാരെ നിയമിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
വൈസ് ചാന്‍സലര്‍ നിയമനങ്ങളിലും യുജിസി മാനദണ്ഡങ്ങള്‍ മറികടക്കണമെന്നാണ് സര്‍ക്കാര്‍ ചാന്‍സലറോട് ആവശ്യപ്പെട്ടത്. സര്‍വ്വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയവല്‍ക്കരണമാണ് നാലാമതായി അദ്ദേഹം പറഞ്ഞ കാരണം. കോളേജ് പ്രിന്‍സിപ്പലിനെ ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുക, പ്രിന്‍സിപ്പലിനെ കത്തിക്കാന്‍ കഴിയാത്തതിനാല്‍ അദ്ദേഹത്തിന്റെ കസേര കത്തിക്കുക എന്നു തുടങ്ങിയ കലാപരിപാടികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടന സ്ഥിരമായി നടത്തുന്നു. കോളേജ് പ്രിന്‍സിപ്പല്‍മാരെ ഭീഷണിപ്പെടുത്തി അനര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം തരപ്പെടുത്തുക, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വകലാശാല നല്‍കുന്ന പണം ദുര്‍വിനിയോഗം ചെയ്യുക എന്നു തുടങ്ങിയ പരിപാടികള്‍ വേറെയും നടത്തുന്നു. നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ പദവിയിലാണ് കാമ്പസ്സിനുള്ളിലെ വിദ്യാര്‍ത്ഥി നേതാവ് വിഹരിക്കുന്നത്. ഇവരില്‍ പലരും ചുമ്മാവിശ്വസിക്കുന്നത് അവര്‍ വിപ്ലവത്തിന്റെ തീപ്പന്തങ്ങളാണ് എന്നാണ്. ചിലരാകട്ടെ പകല്‍ വെളിച്ചത്തില്‍ കാമ്പസ്സിലൂടെ നടക്കുന്നത് ബൊളീവിയന്‍ കാടുകളിലൂടെ ചെഗുവേര നടക്കുന്നതുപോലെയുമാണ്. കാമ്പസ്സ് കാല ജീവിതത്തിനുശേഷം ഇക്കൂട്ടര്‍ അഭയം തേടുന്നത് വിവിധ മാധ്യമങ്ങളിലെ ജീവനക്കാരായിട്ടുമാണ്. ഇക്കൂട്ടരാണ് പാര്‍ട്ടിയുടെ മാധ്യമവിപ്ലവസിംഹങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ട് വിപ്ലവം നടത്തുന്നത്.
ഇത്തരം കാമ്പസ് രാഷ്ട്രീയവല്‍ക്കരണത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നു എന്നതിന് എതിരെ കൂടിയാണ് ഗവര്‍ണറുടെ പ്രതിഷേധം. അക്കാദമിക മികവിനെ തകര്‍ക്കുന്നവിധമുള്ള അമിതരാഷ്ട്രീയവല്‍ക്കരണം തടയുന്നതിനുവേണ്ടി താന്‍ പരമാവധി പരിശ്രമിച്ചു എന്നും എന്നാല്‍ സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കുകയാണെന്നുമുള്ള ധ്വനി കൂടി ഗവര്‍ണറുടെ പ്രതിഷേധത്തില്‍ അന്തര്‍ലീനമാണ്. ഇതെല്ലാം മറച്ചുവെച്ചുകൊണ്ടാണ് പത്രസമ്മേളനം നടത്തി അക്കാദമിക മികവിന്റെ മഹത്വം നിരത്തിക്കൊണ്ട് മുഖ്യമന്ത്രി സ്വയം പ്രശംസിച്ചത്. എന്നാല്‍ എല്ലാം ശരിയാണെന്നു താന്‍ കരുതുന്നില്ല എന്ന് പറഞ്ഞ് മുഖ്യമന്ത്രി വിനയം നടിക്കുകയും ചെയ്തു. ക്യാമ്പസുകളുടെ അമിത രാഷ്ട്രീയവല്‍ക്കരണം തടയാന്‍ മുഖ്യമന്ത്രി എന്തു ചെയ്തുവെന്ന് വെളിവാക്കുക തന്നെ വേണം.
ചാന്‍സലറുടെ അധികാരങ്ങള്‍ വളഞ്ഞ വഴികളിലൂടെ സര്‍ക്കാര്‍ തട്ടിപ്പറിച്ചെടുക്കുന്നു എന്നതാണ് ഗവര്‍ണര്‍ ഉന്നയിച്ച അഞ്ചാമത്തെ കാരണം. ഈ ആരോപണം അതിഗുരുതര സ്വഭാവമുള്ള ഒന്നാണ്. അതാകട്ടെ രേഖകളുടെ പിന്‍ബലത്തില്‍ തെളിയിക്കാന്‍ കഴിയുന്നവയുമാണ്. സര്‍വ്വകലാശാലാ വൈസ് ചാന്‍സലറെ കണ്ടെത്താനുള്ള വിദഗ്ദ്ധ സമിതിയെ നിശ്ചയിച്ചു നിയമിക്കാനുള്ള അവകാശം ചാന്‍സലറില്‍ നിക്ഷിപ്തമാണ്. ഈ അവകാശമാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കവര്‍ന്ന് എടുത്തത്. ചാന്‍സലര്‍ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന വിവേചനാധികാരം ഉപയോഗിച്ച് പ്രീതിയോ വിദ്വേഷമോ കൂടാതെ യോഗ്യനായ ഒരാളെ നിശ്ചയിക്കാനുള്ള അവകാശമാണ് മന്ത്രി തട്ടിയെടുത്തത്. ഒരു പ്രത്യേക വ്യക്തിയെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിയമിക്കാന്‍ ചാന്‍സലറില്‍ മന്ത്രി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. മന്ത്രി ഇതിലൂടെ ചാന്‍സലറുടെ അധികാരത്തെ സമ്മര്‍ദ്ദത്തിലൂടെ തട്ടിയെടുക്കുകയാണുണ്ടായത്. ഇതാകട്ടെ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നു എന്നതിന് മതിയായ തെളിവുമാണ്.
ഇതെല്ലാം പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് സര്‍വ്വകലാശാലയെ രാഷ്ട്രീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും അത് തന്നെ മറയാക്കി നടത്തേണ്ടതില്ല എന്നും അങ്ങനെ ചെയ്യണമെങ്കില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കിക്കൊണ്ട് മുഖ്യമന്ത്രി ആ പദവി ഏറ്റെടുക്കുന്നതായിരിക്കും ഉചിതമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവി ആവശ്യമില്ലെന്നും അതുകൊണ്ട് മുഖ്യമന്ത്രി ഉടന്‍ ആ പദവി ഏറ്റെടുക്കണമെന്നും മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. സിപിഐ ആകട്ടെ വേണമെങ്കില്‍ ഗവര്‍ണര്‍ ആ പദവി നിലനിര്‍ത്തുക, അല്ലെങ്കില്‍ നിയമസഭ മറിച്ചു തീരുമാനിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. അപ്പോഴും സര്‍വ്വകലാശാലകളെ രാഷ്ട്രീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തില്‍ നിന്നും തങ്ങള്‍ പിന്മാറില്ല എന്നും വേണ്ടി വന്നാല്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും മുഖ്യമന്ത്രി ആ സ്ഥാനം കൂടി ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് രാഷ്ട്രീയവല്‍ക്കരണം തുടരുമെന്നും സിപിഎം, സിപിഐ എന്നിവരെല്ലാം ഒരുപോലെ ഭീഷണി മുഴക്കുന്നു.
മനുഷ്യാവകാശം, പൗരാവാകാശം, ആവിഷ്‌കാരസ്വാതന്ത്ര്യം, അക്കാദമിക സ്വാതന്ത്ര്യം എന്നിവയെ പറ്റി വാചാലരാകുന്ന വായാടികളായ സാഹിത്യസാംസ്‌കാരിക നായകര്‍ തങ്ങളുടെ നിശ്ശബ്ദതകൊണ്ട് പാര്‍ട്ടി നിലപാടിനെ അനുകൂലിക്കുകയും ചെയ്യുന്നു. എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവും കത്തോലിക്കാവിരുദ്ധ ക്രൈസ്തവ വിശ്വാസ പ്രചാരകനും മതേതരനുമായ പോള്‍ സക്കറിയ സുനാമി ഫണ്ട് വെട്ടിച്ചകേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നു എന്ന കാര്യം മലയാള മാധ്യമങ്ങള്‍ അറിഞ്ഞിട്ടില്ല. കാരണം, അവരും വ്യാജമതേതര സംരക്ഷകരായി വിരാജിക്കുകയാണല്ലോ? സുനാമിക്ക് ഇരയാക്കപ്പെട്ടവരുടെ പുനരധിവാസത്തിനുവേണ്ടി വിദേശത്തുനിന്നും സ്വീകരിച്ച പണമാണ് ശ്രീമാന്‍ സക്കറിയ അടിച്ചുമാറ്റിയത്. ചത്തവന്റെ വായിലെ പത തോണ്ടിതിന്നുന്നത് ഇതിലും ഭേദമായിരിക്കും എന്നു ഈ മാന്യസാഹിത്യകാരനെ ഓര്‍മ്മിപ്പിക്കാന്‍ സാഹിത്യകാരന്മാര്‍ മറന്നു പോകുന്നു. ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘം തന്നെയാണ് അക്കാദമികരാഷ്ട്രീയവല്‍ക്കരണത്തിനും കൂട്ടു നില്‍ക്കുന്നത്.
മുഖ്യമന്ത്രിയാകട്ടെ ചിരിച്ചുകൊണ്ടാണ് ഇക്കാര്യത്തില്‍ നുണ പറഞ്ഞത്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ അധികാരത്തില്‍ കൈകടത്തിയില്ല എന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് നുണയായിരുന്നു. കാരണം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയും സെക്രട്ടറിയും ചാന്‍സലറുടെ അധികാരം കവര്‍ന്നെടുത്തു. അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി എന്നു മുഖ്യമന്ത്രി പറഞ്ഞു. തന്നോട് ആരും നിയമോപദേശം തേടിയില്ല എന്ന് അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. മാത്രമല്ല താന്‍ ഗവര്‍ണര്‍ക്കല്ല ഗവണ്‍മെന്റിനാണ് നിയമോപദേശം നല്‍കുന്നത് എന്നു എ.ജി വിശദീകരിക്കുകയും ചെയ്തു. ഭരണഘടനാനുച്ഛേദം 165 അനുസരിച്ചാണ് അഡ്വക്കറ്റ് ജനറല്‍ നിയമിക്കപ്പെടുന്നത്. അനുച്ഛേദം 165 (2) അനുസരിച്ച് ഗവര്‍ണര്‍ ആവശ്യപ്പെടുമ്പോള്‍ നിയമോപദേശം നല്‍കണമെന്നതാണ് എ.ജിയുടെ കടമ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യമെങ്കിലും എ.ജി ഓര്‍ക്കേണ്ടതായിരുന്നു. ഏതായാലും എ.ജി നല്‍കിയത് എന്ന പേരില്‍ ഒരു രേഖ ഗവര്‍ണറെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എ.ജിയാണോ മുഖ്യമന്ത്രിയാണോ നുണ പറയുന്നത് എന്നേ അറിയാനുള്ളു.
മുഖ്യമന്ത്രിയും അനുചരവൃന്ദവും നിയമവാഴ്ച ഇല്ലാതാക്കിക്കൊണ്ട് പാര്‍ട്ടിയുടെ സമഗ്രാധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് ഗവര്‍ണര്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങളെ വിശാലമായ കാഴ്ചപ്പാടില്‍ വിലയിരുത്തുക തന്നെ വേണം. ഇക്കാര്യത്തില്‍ കേരളത്തിലെ അക്കാദമിക സമൂഹം പുലര്‍ത്തുന്ന മൗനം അമ്പരപ്പിക്കുന്നതാണ്. രാഷ്ട്രീയകക്ഷികള്‍ മാത്രം പ്രതികരിക്കട്ടെ എന്ന അയഞ്ഞ സമീപനം അവരെയാണ് കൂടുതല്‍ ബാധിക്കുന്നത് എന്ന കാര്യം അവര്‍ ഓര്‍ക്കണം. കക്ഷിരാഷ്ട്രീയവല്‍കൃതമാകുന്ന അക്കാദമിക സമൂഹം ആദ്യം അടിയറവെക്കുന്നത് അക്കാദമിക സ്വാതന്ത്ര്യമാണ്. അക്കാദമിക സ്വാതന്ത്ര്യം അന്യം നിന്നാല്‍ വിജ്ഞാന ഉല്‍പാദനവും വിതരണവും തകരും. ഈ തകര്‍ച്ചയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രധാന വെല്ലുവിളി.
അതുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കണം. അങ്ങയുടെ പാര്‍ട്ടിയും ശിങ്കിടികളും എന്തൊക്കെ പറഞ്ഞാലും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന കാര്യം മറക്കരുത്. അങ്ങ് മുഖ്യമന്ത്രിപദം അലങ്കരിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് കേരളത്തിലെ അക്കാദമിക രംഗം അമിതരാഷ്ട്രീയവല്‍ക്കരണത്തിന് അടിപ്പെട്ടതെന്നും അതിന് അങ്ങ് കൂട്ടുനിന്നു എന്നും വരുന്നത് അങ്ങയ്ക്കും നാടിനും ആപത്താണ്. പാര്‍ട്ടി താല്പര്യത്തിന്റെ പേരില്‍ നാടിന് നാശം വരുത്തുന്നവരെ അങ്ങ് സംരക്ഷിക്കരുത്.