പാലക്കാട്: അക്രമരാഷ്ട്രീയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് എബിവിപി മുന്‍ ദേശീയ അധ്യക്ഷനും പ്രത്യേക ക്ഷണിതവുമായ ഡോ. സുബ്ബയ്യ ഷണ്‍മുഖം. എബിവിപി 37-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയതയെ മുറുകെപ്പിടിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ആര്‍എസ്എസ് മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിനെ ഉള്‍പ്പെടെ ഭീകരവാദികള്‍ കൊലപ്പെടുത്തിയത്. രാഷ്ട്രവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതുകൊണ്ടാണ് മറ്റു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നത്. രാഷ്ട്രഭക്തി മുറുകെപിടിക്കുന്നത് കൊണ്ടാണ് എബിവിപിക്ക് രാജ്യമൊട്ടാകെ വളരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടമൈതാനത്ത് സ്വ:സഞ്ജിത് നഗറില്‍ സംസ്ഥാന പ്രസിഡന്റ് ഡോ.അരുണ്‍ കടപ്പാള്‍, സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തികൊണ്ടാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി എ.പ്രസാദ് അധ്യക്ഷത വഹിച്ചു. പദ്മശ്രീ ബാലന്‍ പൂതേരി മുഖ്യാതിഥിയായിരുന്നു. എബിവിപിക്ക് വേണ്ടി ഡോ. സുബ്ബയ്യ ഷണ്‍മുഖം അദ്ദേഹത്തെ ആദരിച്ചു. എബിവിപി സംസ്ഥാന പ്രസിഡന്റ് ഡോ.അരുണ്‍ കടപ്പാള്‍, സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അഞ്ജലി പി.എച്ച്. എന്നിവര്‍ സംസാരിച്ചു.