ജീവിതം ഒരു തപസ്സായിരുന്നു നെടുമുടിക്കാരന്‍ വേണുവിന്. ആത്മാവിനോളം ആഴമുള്ള കലയുടെ തപസ്സ് ”ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം” എന്നു പാടിക്കൊണ്ട് നാടന്‍ പാട്ടിന്റെ ലയമായി മലയാളികളുടെ മനസ്സിലേക്ക് കിനിഞ്ഞിറങ്ങിയ ശബ്ദത്തിനുടമ പല പലവേഷങ്ങളില്‍, പല പല ഭാവങ്ങളില്‍ വെള്ളിത്തിരയില്‍ നിറഞ്ഞപ്പോള്‍ മലയാളിയുടെ മനസ്സില്‍ കലാസ്വാദനത്തിന്റെ തൂലികകൊണ്ടു കോറിയിട്ടു ഒരു നാമം. ”നെടുമുടി വേണു”. ഇടവപ്പാതി പെരുമഴയില്‍ ഉടലാകെ മുങ്ങിപ്പോകുന്ന നെടുമുടിഗ്രാമത്തെ കലയുടെ പര്യായമെന്ന നിലയില്‍ വിഖ്യാതമാക്കിയ ആ കലാകാരന്റെ സമൃദ്ധമായ ഓര്‍മ്മകളില്‍ വിങ്ങുകയാണ് നെടുമുടി ഗ്രാമം. അല്ല കേരളക്കരയാകെത്തന്നെ. ഗ്രാമത്തിന്റെ തനിമകളെ ജീവതാളമായി എന്നും മനസ്സില്‍ പോറ്റിയിരുന്ന കെ വേണുഗോപാലന്‍ എന്ന വേണു എന്നും നെടുമുടിയുടെ പശ്ചാത്തലത്തില്‍ മാത്രം അറിയപ്പെടുന്നതിനു താത്പര്യപ്പെട്ടതിനു പിന്നില്‍ ജന്മനാടിനോടുള്ള സ്‌നേഹം തന്നെയായിരുന്നു. അത് അതേ അളവില്‍ തിരിച്ചും നല്കിയിരുന്ന ആ ഗ്രാമം. സമയം കിട്ടുമ്പോഴൊക്കെ നെടുമുടിയിലെ നാട്ടുവഴികളില്‍ പഴയകാല സൗഹൃദത്തിന്റെ തനിമയാസ്വദിക്കാന്‍ താത്പര്യപ്പെട്ടിരുന്ന നെടുമുടിവേണു അവരുടെ അഭിമാനഭാജനമായിരുന്നു. സംഗീതത്തിന്റെ ലയങ്ങളില്‍ അലിഞ്ഞുചേര്‍ന്ന നാടന്‍ തനിമയുടെ സൗഭഗമായിരുന്നു ആ സൗഹൃദത്തിന്.
നെടുമുടിവേണു അധ്യാപകദമ്പതികളായ പി കെ കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ചു മക്കളില്‍ ഇളയവനായി ആലപ്പുഴയിലെ നെടുമുടിയില്‍ 1948 മെയ് രണ്ടിനാണ് ജനിച്ചത്. വിദ്യാഭ്യാസകാലം മുതല്‍ക്കു തന്നെ കലാസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വേണുവിന്റെ അഭിനയസപര്യയ്ക്കു തുടക്കമിടുന്നത് ആലപ്പുഴ എസ് ഡി കോളേജിലെ പഠനകാലത്ത് സഹപാഠിയായ ഫാസില്‍ എഴുതിയ നാടകങ്ങളിലൂടെയാണ്. ബിരുദാനന്തരം കലാകൗമുദിയിലെ പത്രപ്രവര്‍ത്തകനായും പാരലല്‍കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ച നെടുമുടിവേണു കലയുടെ ഏതെങ്കിലും ഒരു ശാഖയിലേക്കു മാത്രം ഒതുക്കി നിര്‍ത്താനാകാത്ത പ്രതിഭയായിരുന്നു. നാടന്‍ പാട്ടില്‍, നാടകത്തില്‍, മൃദംഗവാദനത്തില്‍, സിനിമാഭിനയത്തില്‍ ഒക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ വല്ലാതെ അംഗീകരിക്കപ്പെട്ടത് വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനം കൊണ്ടു കൂടിയായിരുന്നു.
കോളേജ് പഠനകാലം മുതല്‍തന്നെ നാടകത്തെ നെഞ്ചേറ്റിയിരുന്നുവെങ്കിലും, ഗുരുതുല്യനായി നെടുമുടി വേണു കരുതുന്ന കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെയാണ് അദ്ദേഹം നാടകരംഗത്ത് ചിരപ്രതിഷ്ഠിതനായത്. നാടകരംഗത്ത് തനതായ ശൈലികള്‍ വാര്‍ത്തെടുക്കുന്നതില്‍ വിദഗ്ദ്ധനായിരുന്ന കാവാലം നാരായണപണിക്കരുടെ നൃത്ത നാടകങ്ങളില്‍ പാട്ടും വായ്ത്താരികളും താളവും ചുവടുവയ്പ്പുകളും ഭാവാഭിനയവും സമന്വയിപ്പിച്ച് കൊണ്ടുള്ള നെടുമുടിവേണുവിന്റെ താളബോധത്തോടും ചടുലതയോടുമുള്ള പ്രകടനം ജനങ്ങള്‍ക്കിടയില്‍ അത്തരം നാടകങ്ങളുടെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചുവെന്നു പറയാതെ വയ്യ. ആ ബന്ധം അതിശക്തമായി നിലനിന്നു. കലാബോധത്തിനപ്പുറം അതിശക്തമായ ഒരു ഹൃദയബന്ധമായിത്തന്നെ. അതിനാലാണ് പില്‍ക്കാലത്ത് കാവാലം നാരായണപ്പണിക്കരുടെ മരണദിനത്തില്‍ നെടുമുടിവേണു അദ്ദേഹത്തിനു തന്റെ ഇഷ്ടഗാനങ്ങളാല്‍ ഗാനാര്‍ച്ചന നടത്തിയത്.
കോളേജ് പഠനകാലത്ത് ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയില്‍ മുഖം കാണിച്ചിരുന്നു എങ്കിലും തെന്നിന്ത്യന്‍ സിനിമയിലേക്ക് നെടുമുടിയുടെ സജീവമായ കടന്നുവരവ് യാദൃശ്ചികമായിരുന്നു. നാടകത്തിലൂടെ അഭിനയവേദിയില്‍ നിറഞ്ഞു നിന്ന നെടുമുടിവേണു സംവിധായകനായ ഭരതനെ പരിചയപ്പെടുന്നത് ഒരു ഇന്റര്‍വ്യു വേളയിലാണ്.
അതോടെ നെടുമുടിയുടെ ഭാഗ്യനക്ഷത്രം ഉദിച്ചു എന്നു തന്നെ പറയാം. കഴിവിനെ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിവുള്ള ഭരതന്റെ സൂക്ഷ്മ ദൃഷ്ടികള്‍ വേണുവിന്റെ ചലനങ്ങളിലും അനായാസം ഉതിരുന്ന സരസഭാഷണങ്ങളിലും ഒരു ഇരുത്തം വന്ന കലാകാരന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. എന്തിനേറെ, തന്റെ അടുത്ത ചിത്രത്തില്‍ വേണുവിന് ഒരു റോള്‍ വാഗ്ദാനം ചെയ്താണ് അന്ന് ഭരതന്‍ ആ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്. എങ്കിലും സിനിമാരംഗത്തേക്കുള്ള വേണുവിന്റെ അരങ്ങേറ്റം കുറിച്ചത് പ്രശസ്ത സംവിധായകന്‍ അരവിന്ദന്റെ 1978ല്‍ പുറത്തിറങ്ങിയ ”തമ്പ്.” എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന്റെ സ്മരണ നിലനിര്‍ത്താനാവണം കടന്നു പോന്ന വഴികളെ ഒരിക്കലും മറക്കാത്ത സ്വഭാവക്കാരനായ നെടുമുടിവേണു തന്റെ വീടിന് ”തമ്പ്.” എന്നു പേരിട്ടത്. തുടര്‍ന്ന് ഭരതന്റെ ‘ആരവം’ എന്ന സിനിമയിലെ ശ്രദ്ധേയ വേഷം അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനു തുടര്‍ക്കഥയെഴുതി.
അഭിനയരംഗത്ത് നെടുമുടിവേണുവിന്റെ മുന്നേറ്റം ശ്രദ്ധേയമായിരുന്നു. അപ്രധാന റോളുകള്‍ വളരെ വേഗം പ്രധാനറോളുകള്‍ക്ക് വഴിമാറി. തിരക്കേറിയ സഹനടന്‍ എന്നതില്‍ നിന്ന് നായകവേഷങ്ങളിലേക്ക് അദ്ദേഹം വളരെ വേഗം അംഗീകരിക്കപ്പെട്ടു. വൈശാലിയിലെ രാജഗുരുവായും, അപ്പുണ്ണി എന്ന സിനിമയിലെ അപ്പുണ്ണി എന്ന അവഗണിക്കപ്പെട്ട കഥാപാത്രമായും, ‘ഹിസ് ഹൈനസ് അബ്ദുള്ള’യിലെ രാജാവായും, ‘ഒരു കഥ ഒരു നുണക്കഥ’യിലെ സൂത്രക്കാരനായും, മണിച്ചിത്രത്താഴിലെ തമ്പിയായും ‘ചിത്ര’ത്തിലെ അഡ്വക്കേറ്റായുമെല്ലാം അഭിനയത്തികവിന്റെ കൊടുമുടി കയറിയ അദ്ദേഹത്തെ ആസ്വാദകലോകം നെഞ്ചേറ്റി. ഒന്നിനൊന്നു വ്യത്യസ്തങ്ങളായ ഓരോ കഥാപാത്രത്തെയും തികച്ചും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് സ്റ്റീരിയോടൈപ്പ് അല്ലാത്ത ഒരു അഭിനയശൈലി അദ്ദേഹത്തിനു സ്വായത്തമായതുകൊണ്ടാണ്.
മലയാളത്തില്‍ മാത്രമല്ല, അന്ന്യന്‍, സര്‍വ്വം താളമയം എന്നീ അന്യഭാഷാ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഞ്ഞൂറോളം സിനിമകളില്‍ അദ്ദേഹം അവതരിപ്പിച്ച അഞ്ഞൂറോളം കഥാപാത്രങ്ങള്‍ പരമ്പരാഗതനായകസങ്കല്പങ്ങളെ തിരുത്തിയെഴുതി. മുഖസൗന്ദര്യവും ഉയരവും മാത്രമല്ല സിനിമാഭിനയത്തിലേക്കുള്ള വഴിതുറക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു. ആ അഭിനയമികവിനുള്ള അംഗീകാരമായി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയത്. രണ്ടു ദേശീയ പുരസ്‌ക്കാരങ്ങള്‍, ആറു സംസ്ഥാന അവാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ അംഗീകാരങ്ങളുടെ പെരുമഴയില്‍ നിന്നിട്ടും തന്റേതായ വ്യക്തിവൈശിഷ്ട്യത്തിന്റെ തനിമ വിടാത്ത ഈ നാട്ടുംപുറത്തുകാരന്‍ ജനഹൃദയങ്ങളില്‍ ആരാധ്യതയുടെ കനകത്തിടമ്പായതില്‍ അദ്ഭുതപ്പെടാനില്ല.
നെടുമുടിയുടെ സിനിമാ ജീവിതം അഭിനയത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഏതാനും സിനിമകള്‍ക്കു കഥയെഴുതിക്കൊണ്ട് ആ രംഗത്തും മികവു തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാച്ചി എന്ന അപരനാമധേയത്തില്‍ അദ്ദേഹം കഥയും തിരക്കഥയും ഒരുക്കിയ കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പടഞാനേ, ഒരുകഥ ഒരു നുണക്കഥ എന്നീ ചിത്രങ്ങള്‍ ആസ്വാദകരെ ഏറെ ആകര്‍ഷിച്ചിരുന്നു. പൂരം എന്ന സിനിമയ്ക്കു വേണ്ടി അദ്ദാഹം സംവിധായകക്കുപ്പായവുമണിഞ്ഞു. പത്രപ്രവര്‍ത്തകനായും അധ്യാപകനായും മൃദംഗവിദ്വാനായും ഗായകനായും നാടോടി കലകളുടെ പ്രചാരകനായും നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം വിവിധനിലകളില്‍ മലയാളസാംസ്‌ക്കാരികരംഗത്ത് തന്റെ വ്യക്തിമുദ്രപതിപ്പിച്ച ആ ബഹുമുഖപ്രതിഭ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 11ന് അരങ്ങൊഴിഞ്ഞപ്പോള്‍ പകരക്കാരില്ലാത്ത ഒരു സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു. ആര്‍ക്കോ വേണ്ടി.