കാലങ്ങളായി ശബരിമല ഭക്തജനങ്ങളോടുള്ള ഗവണ്‍മെന്റുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും അനീതിയും അസഹിഷ്ണുതയും വിശ്വാസസമൂഹം ക്ഷമിച്ചും സഹിച്ചും വരികയാണ്. ശബീരശ്വരസന്നിധിയിലെ തീവെയ്പ്പിന് ശേഷം ഭക്തര്‍ക്ക് മാനസിക വേദനയും വിഷമവും ഉണ്ടാക്കിയ മണ്ഡലകാലത്തിന് ശേഷമുള്ള ദര്‍ശനത്തിന് ഭക്തജനലക്ഷങ്ങള്‍ മനസ്സുകൊണ്ട് ഒരുങ്ങികഴിഞ്ഞു. തെരുവുനായ്ക്കളെപ്പോലെ ഭക്തരെ വളഞ്ഞിട്ട് തല്ലിയും വിരട്ടിയോടിച്ചും നടപ്പന്തലില്‍ മോട്ടര്‍ വെച്ച് വെള്ളം നനച്ച് വിരിവെയ്ക്കാന്‍ അനുവദിക്കാതെയും ശരണം വിളിക്കാന്‍ സമ്മതിക്കാതെയും തന്റെ ഭരണമികവ് മുഴുവന്‍ സന്നിധാനത്ത് പിണറായി വിജയന്‍ നമുക്ക് കാണിച്ചു തന്നിരുന്നു. എന്നാല്‍ ഭക്തജനകോടികള്‍ ഒഴുകിയെത്തുന്ന പമ്പയിലും, സന്നിധാനത്തും, നിലയ്ക്കലും ശൗചാലയവും ശുദ്ധമായ കുടിവെള്ളം, വെളിച്ചം, മാലിന്യസംസ്‌ക്കരണ സംവിധാനങ്ങളും വിരിവെയ്ക്കാനുള്ള സ്ഥലം, അന്നദാനം താമസസൗകര്യം, പാര്‍ക്കിംഗ് എന്നിവയും ക്രമീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇത്തവണയും അദ്ദേഹത്തിന്റെ സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും സാധിച്ചിട്ടില്ല. വര്‍ഷങ്ങളായി ആവര്‍ത്തിച്ച് വരുന്ന ഈ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുവാന്‍ നാളിതു വരെ ആയിട്ടില്ലാ എന്നത് പരിതാപകരമാണ്. ശുദ്ധമായ കുടിവെള്ളം ശരണപാതകളില്‍ ഒരുക്കാന്‍ കഴിഞ്ഞാല്‍ പാരിസ്ഥിതിക പ്രശ്‌നമാകുന്ന പ്ലാസ്റ്റിക് കുപ്പികളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ കുടിവെള്ളപരിഹാരത്തിനുള്ള ‘കയോസ്സുകള്‍’ ഇനിയും സ്ഥാപിക്കാനായിട്ടില്ല. നിലയ്ക്കല്‍, പമ്പ, ശരണപാത, സന്നിധാനം എന്നിവിട ങ്ങളിലെങ്കിലും ശുദ്ധജലം ഭക്തര്‍ക്ക് യഥേഷ്ടം ലഭ്യമാക്കണം. കേരളത്തില്‍ നിന്നു മാത്രമല്ല നമ്മുടെ ശബരീ ശ്വരസന്നിധിയില്‍ ഭക്തര്‍ എത്തുന്നത്. സ്ത്രീപ്രവേശന വിഷയങ്ങള്‍ക്ക് മുന്‍പ് നാല്പതോളം വിദേശരാജ്യങ്ങളില്‍ നിന്ന് ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കാണാം. ശൗചാലയങ്ങളുടെ അപര്യാപ്തത, ഏതാണ്ട് ശബരിമലയുടെ പ്രതിഷ്ഠയോളം പഴക്കമുണ്ട്. കഴിഞ്ഞ സീസണില്‍ കേന്ദ്രമന്ത്രി ഇതിനെതിരെ ആക്ഷേപം ഉന്നയിച്ചത് നാം കണ്ടതാണ്. സന്നിധാനത്തിലെയും ശൗചാലയങ്ങളുടെ സ്ഥിതി ഇപ്പോഴും പരിതാപകരമാണ്. ഉണ്ടായിരുന്നതില്‍ തന്നെ മുപ്പത് ശൗചാലയങ്ങള്‍ പൊളിച്ചുമാറ്റി. പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ബയോമെട്രിക് സംവിധാനത്തില്‍ ആയിര ത്തോളം ശൗചാലയങ്ങള്‍ ഇവിടെയൊരുക്കുമെന്നാണ് ദേവസ്വംബോര്‍ഡ് അറിയിച്ചിട്ടുള്ളത്. വര്‍ഷാവര്‍ഷം ഇത് താല്‍ക്കാലിക സംവിധാനങ്ങളായി മാറുമ്പോള്‍ കരാറുകാരന്‍ ഉള്‍പ്പെടെ ദേവസ്വം ഉദ്യോഗതലത്തില്‍ കോടികളുടെ സാമ്പത്തികയഴിമതിയാണ് എല്ലാ വര്‍ഷവും മലകയറുന്നത്. ശബരിമലയില്‍ അടിസ്ഥാനസൗകര്യം ഒരുക്കാന്‍ സ്വാതന്ത്ര്യാനന്തര കേരള ത്തില്‍ മാറിമാറി ഭരണം നടത്തിയ ഇരുമുന്നണികള്‍ക്കും ഇതുവരെയായിട്ടില്ല എന്നത് നാം തിരിച്ചറിയേണ്ടതാണ്. എന്നാല്‍ ഭക്തജനങ്ങളെ ചൂഷണം ചെയ്യുന്നതില്‍ ഇരുമുന്നണികളും മത്സരിക്കുകയാണ്.

തീര്‍ത്ഥാടനത്തിന്റെ പ്രാഥമികഘട്ടം തരണം ചെയ്യുന്നത് റോഡ് ഗതാഗതമാണ്. ഇന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളെക്കാള്‍ മോശമാണ് നമ്മുടെ റോഡുകള്‍ എന്നത് ഇപ്പോള്‍ പുതുമയുള്ള വാര്‍ത്തയല്ല. ഐക്യകേരള രൂപീകരണ സമയത്ത് ഭാരതത്തിലെ മികച്ച റോഡുകളില്‍ പലതും നമ്മുടെതായിരുന്നു. കന്യാകുമാരി – തിരുവനന്തപുരം രാജപാത ഇന്ത്യയിലെ ഏറ്റവും നീളമേറിയ കോണ്‍ക്രീറ്റ് റോഡായിരുന്നു. സുഗമമായ റോഡ് ഗതാഗതം കേരളീയരെ സംബന്ധിച്ചോളം വരും കാലങ്ങളില്‍ ഒരു സ്വപ്നം മാത്രമായിരിക്കും. തമിഴ് നാട്ടില്‍ 82 ശതമാനവും, ഗുജറാത്തില്‍ 98 ശതമാനവും ടാര്‍ റോഡുകള്‍ സഞ്ചാരയോഗ്യമെങ്കില്‍ കേരളത്തില്‍ അത് 57% പോലും എത്താന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തിന്റെ ദുരിതചരിത്രം തിരുത്തി എഴുതുവാനും സമഗ്ര വികസനത്തിനും ആര്‍ജ്ജവമുള്ള ഒരു പുതിയ ഗവണ്‍മെന്റ് ഇനിയും രൂപീകൃത മാകേണ്ടിയിരിക്കുന്നു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും പത്തനംതിട്ട ജില്ലയില്‍ തുലാമഴ ആരംഭിക്കുമ്പോള്‍ നാമമാത്രമായി നടപ്പിലാക്കുന്ന റോഡ് അറ്റകുറ്റപണിയിലൂടെ കോടികളുടെ അഴിമതിയാണ് നടന്നുവരുന്നത്. സീസണില്‍ ബന്ധപ്പെട്ട റോഡ് ഡിവിഷണുകളിലേക്ക് മാറ്റം ലഭിക്കുവാന്‍ ലക്ഷങ്ങളുടെ കൈക്കൂലിയും ഉന്നത ബന്ധവും അനിവാര്യമെന്നത് പിന്നാമ്പുറ രഹസ്യം. കാരണം അടിയന്തിര സര്‍വ്വീസായി നടക്കുന്ന തീര്‍ത്ഥാടന പാത നവീകരണത്തിന് ഓഡിറ്റോ മറ്റ് ചുവപ്പ് നാടകളോ ബാധകമല്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയാണ് അവസാന ഒപ്പ്.
ഹൈക്കോടതി അംഗീകരിച്ച ശബരിമല റോഡുകളില്‍ 17 ല്‍ 13 ഉം പത്തനംതിട്ട ജില്ലയിലാണ്. ഇതില്‍ തന്നെ 2 റോഡുകള്‍ക്ക് മാത്രമാണ് കഴിഞ്ഞ തവണ പൂര്‍ണ്ണ തോതിലുള്ള നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. ബാക്കിയുള്ളത് കുഴിയടയ്ക്കല്‍ മാത്രം. വടശ്ശേരിക്കര – ചിറ്റാര്‍ – ആങ്ങമൂഴി, കോഴഞ്ചേരി – മാവേലിക്കര ഈ റോഡുകള്‍ പൂര്‍ണ്ണ നവീകരണ പട്ടികയിലുള്‍പ്പെടുത്തി 1 കോടി 20 ലക്ഷം രൂപ അനുവദിച്ചു എന്നാണ് കണക്ക്. ഇതില്‍ എത്ര ചെലവായി എന്നത് റോഡിന്റെ ഗുണനിലവാരം നോക്കിയാല്‍ മനസ്സിലാകുന്നതാണ്. ഇത്തവണ ഒരുപടി കൂടി കടന്ന് 55 റോഡുകള്‍ക്കായി 210 കോടിയാണ് അനുവദിച്ചത്. നിര്‍ഭാഗ്യവശാല്‍ തിരുവാഭരണ-തങ്കയങ്കി ഘോഷയാത്രകള്‍ കടന്നുപോകുന്നതും, കാല്‍നട തീര്‍ത്ഥാടകരുടെ പാതകളും ഈ പദ്ധതിക്ക് പുറത്താണ്. ശബരിമലയുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടന വാഹനകള്‍ കടന്നുപോകുന്ന പ്രധാന പാതകള്‍ക്കൊന്നും നവീകരണ ഫണ്ട് അനുവദിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതുപോലെ മുന്നൊരുക്കള്‍ക്ക് വേണ്ടത്ര സമയം ഉണ്ടായിട്ടും പരമ്പരാഗതമായ കാനനപാതയുടെ നവീകരണം പൂര്‍ത്തിയാക്കി ഭക്തജന ങ്ങള്‍ക്കായി തുറന്ന് കൊടുക്കാതിരുന്നതും ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥതയെ തുറന്ന് കാട്ടുന്നു. സ്വാമി അയ്യപ്പന്‍ റോഡ് മാത്രമാണ് ഇത്തവണ ഭക്തജനങ്ങള്‍ക്ക് തുറന്ന് കൊടുക്കൂ എന്നാണ് അറിയാന്‍ കഴിയുന്നത്. ഇത് വളരെയധികം അപകടസാദ്ധ്യത വിളിച്ചു വരുത്തുന്നതാണ്. ചിത്തിര ആട്ടവിളക്കിന് നടതുറന്നപ്പോള്‍ സ്വാമി അയ്യപ്പന്‍ റോഡില്‍ കൂടി മാത്രമായിരുന്നു ഭക്തന്മാര്‍ മലചവിട്ടിയത്. ഈ വഴിയില്‍ ഭക്തര്‍ക്ക് വിശ്രമിക്കാനോ, വിരി വെയ്ക്കാനോ സൗകര്യങ്ങളില്ല. കുട്ടികളക്കം മഴ നനഞ്ഞാണ് മലചവിട്ടിയതും ഇറങ്ങിയതും പരമ്പരാഗത പാതയില്‍ പിടിച്ചു കയറാന്‍ കൈവരികളും വിശ്രമകേന്ദ്രങ്ങളും ബയോമെട്രിക് ടോയ്‌ലറ്റുകളും നിലവിലുണ്ട്. ഇത് ഭക്തജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. പരമ്പരാഗത കാനനപാത ഉപേക്ഷിച്ചാല്‍ കരിമലയുടെയും നീലിമലയുടെയും അപ്പാച്ചിമേടിന്റെയും ശരംകുത്തിയുടെയും പ്രാധാന്യം കൂടിയാണ് നമുക്ക് നഷ്ടപ്പെടുന്നത്.

ശബരിമലയിലെ രണ്ട് പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ കാണിക്കയും അരവണയുമാണ് കോടികളെത്തുന്ന ഈ രണ്ട് വരുമാനമാര്‍ഗ്ഗങ്ങളും നിയന്ത്രിക്കുന്നത് ദേവസ്വം ബോര്‍ഡോ, സര്‍ക്കാരോ അല്ല അത് ഒരു സ്വകാര്യ ബാങ്കിന്റെ പരിപൂര്‍ണ്ണ ചുമതലയിലാണെന്നാണ് അറിയു ന്നത്. കാണിക്കയെണ്ണുന്നതിലോ, സൂക്ഷിക്കുന്നതിലോ യാതൊരു സുരക്ഷാ ക്രമീകരണവും ഇല്ല. ക്ഷേത്രസന്നിധിയില്‍ കാണിക്കയായി എത്തുന്ന സ്വര്‍ണ്ണത്തിനും കണക്കില്ലെയെന്നാണ് കരുതുന്നത്. കിട്ടുന്ന സ്വര്‍ണ്ണം മുഴുവന്‍ തൂക്കം എഴുതി കിഴികെട്ടി സ്‌ട്രോങ്ങ്‌റൂമിലേക്ക് തള്ളുകയാണ്. അവിടെ എത്ര സ്വര്‍ണ്ണമുണ്ടെന്ന് സാക്ഷാല്‍ അയ്യപ്പസ്വാമിക്ക് മാത്രമേ അറിയൂ. കേരളത്തിന്റെ റവന്യൂ വരുമാനത്തില്‍ മണ്ഡലക്കാലത്ത് റിക്കാര്‍ഡ് വരുമാനം ഓരോ വര്‍ഷം രേഖപ്പെടുത്തുമ്പോഴും ഭക്തജനങ്ങളുടെ ശരണപാതകള്‍ കഠിനമായി തുടരുന്നു. ദേവസ്വം ബോര്‍ഡിന്റെ മൊത്തം വരുമാനം എത്രയെന്നോ, ചിലവ് എത്രയെന്നോ വരുന്ന തുകകള്‍ എവിടെ സൂക്ഷിക്കുന്നെന്നോ ദേവസ്വം മന്ത്രിക്ക് പോലും അറിവില്ലാത്ത അവസ്ഥയാണ്.
എല്ലാവര്‍ഷവും പരാതികള്‍ പറഞ്ഞ് പറഞ്ഞ് സ്വയം സമാശ്വസിക്കുകയാണ് ഭക്തര്‍. പെരുമഴയായി കാലാകാലങ്ങളില്‍ അധികാരികളുടെ പ്രഖ്യാപനം മുറയ്ക്ക് നടക്കുന്നുണ്ട്. മലകയറുന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതിക്കൊപ്പം 4 പ്രധാന പദ്ധതികള്‍ തുടക്കമിട്ടിട്ടാണ് 2016 നവംബര്‍ 17 ന് ശബരിമല സന്നിധാനത്തെത്തിയ പിണറായി വിജയന്‍ മലയിറങ്ങിയത്. സ്ത്രീകള്‍ക്കുള്ള കുളിമുറികള്‍, സന്നിധാനത്ത് ശുദ്ധജലക്ഷാമം പരിഹരി ക്കാന്‍ ശുദ്ധജല സംഭരണി, നിലയ്ക്കല്‍ പുതിയ ശുചിമുറി, 24 മുറികളുള്ള പുണ്യദര്‍ശനം കോംപ്ലക്‌സ് ഇവയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. പ്രഖ്യാപനങ്ങള്‍ മുറയ്ക്ക് വരുമ്പോഴും നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാപ്പകലില്ലാതെ സന്നിധാനത്തും പമ്പ യിലും നടക്കുമ്പോഴും ഭക്തജനങ്ങള്‍ തീരാത്ത ദുരിതത്തിലാണ്.
ഇടത്താവളങ്ങളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. സന്നിധാനത്ത് മുന്നൊരുക്കങ്ങള്‍ക്ക് കാലതാമസം ഉണ്ടെന്ന് വന്നാലും സമീപക്ഷേത്രങ്ങളിലെ ഇടത്താവളമെങ്കിലും നേരത്തെ വൃത്തിയാക്കുവാന്‍ ദേവസ്വം ബോര്‍ഡിന് ശ്രമിച്ചു കൂടെ. അയ്യപ്പന്റെ ജന്മദേശമായ പന്തളവും പരിസരവും വൃത്തിയായി പരിപാലിക്കുവാന്‍ വൃശ്ചികം പുലരുന്നത് നോക്കണോ? പ്രധാനറോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സാധിക്കുന്നില്ലെങ്കിലും ശബരിമല പാതയുടെ ഇരുവശത്തെയെങ്കിലും കാടുകള്‍ കളഞ്ഞ് വൃത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചെങ്കില്‍ നന്നായിരുന്നു.
KSEB യും, KSRTCയും, ദേവസ്വംബോര്‍ഡും, വാട്ടര്‍അതോറിറ്റിയും തുടങ്ങി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളെല്ലാം സാമ്പത്തികനേട്ടം മാത്രം കണക്കാക്കി തീവെട്ടികൊള്ളയ്ക്കായി ഓടി അടുക്കുമ്പോള്‍ തീരാത്ത പരാതിയുടെ ഇരുമുടി കെട്ടുമായി ദുരിതവഴികളിലൂടെ ഭക്ത ജനങ്ങള്‍ ശരണം വിളിയോടെ ഇത്തവണയും മലകയറികൊണ്ടിരിക്കും. അവര്‍ക്ക് യാത്രയും ദര്‍ശനവും എന്നും കഠിനമെന്റെ അയ്യപ്പാ…