‘നടുക്കടലില്‍ യാത്ര ചെയ്യുന്ന ഒരു കപ്പലിന്റെ കപ്പിത്താന്‍ ഏറ്റവുമധികം ഭയപ്പെടുന്നത് എന്തിനെയെന്നറിയാമോ?’
‘അത് കൊടുങ്കാറ്റിനെയോ ആര്‍ത്തിരമ്പുന്ന തിരമാലകളെയോ കപ്പല്‍ തകര്‍ക്കാന്‍ വരുന്ന കടല്‍ കൊള്ളക്കാരെയോ അല്ല. മറിച്ച് കപ്പലിനുള്ളില്‍ ഒരു കലാപമുണ്ടാവുന്നതിനെയാണ്.’
മലയാളത്തിലെ രാഷ്ട്രീയ പ്രമേയം ഇതിവൃത്തമായ സാഹിത്യ കൃതികളില്‍ പ്രഥമ ഗണനീയമായി കരുതുന്ന, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച, എം.പി. നാരായണപിള്ളയുടെ ‘പരിണാമം’ എന്ന നോവലിലെ ഒരു ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചിട്ടുള്ളത്. ഈ ഉദാഹരണം അന്വര്‍ത്ഥമാക്കും വിധമാണ് സമകാലിക ഭാരതത്തില്‍ സംഭവവികാസങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കൊടുങ്കാറ്റിലും തിരമാലകളിലും ആടിയുലഞ്ഞുകൊണ്ടിരിക്കുന്ന ഭാരതമെന്ന നൗക, അതിനെ എന്നെന്നേക്കുമായി നശിപ്പിക്കാന്‍ സാമ്രാജ്യത്വ വികസന മോഹവുമായി അതിര്‍ത്തിയില്‍ പതുങ്ങിയിരിക്കുന്ന മഞ്ഞ രാക്ഷസനായ കമ്മ്യൂണിസ്റ്റ് ചൈന ഒരു വശത്ത്, മതതീവ്രവാദത്തിന്റെ ഒളിയമ്പുകളുമായി പാകിസ്ഥാനും താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനും മറുവശത്ത്. കൂടാതെ ഭാരതത്തില്‍ വ്യാപാര താല്‍പ്പര്യങ്ങളുമായി കുടില നീക്കങ്ങള്‍ നടത്തുന്ന പാശ്ചാത്യ രാഷ്ട്രങ്ങളും. ഈ പ്രശ്‌നങ്ങള്‍ക്ക് എല്ലാം പുറമെയാണ് ഭാരതത്തിന്റെ ഭാവിയെ അപകടത്തിലാക്കുന്ന ആന്തരികമായ വിഘടനവാദ ഭീഷണികള്‍. അതിന്റെ അവസാനത്തെ ഉദാഹരണമാണ് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്ജിയുടെ മരണസമയത്ത് സോഷ്യല്‍ മീഡിയയില്‍ രഹസ്യമായും പരസ്യമായും നടന്ന ആഹ്ലാദ പ്രകടനങ്ങള്‍. ഭാരതമെന്ന നമ്മുടെ മാതൃഭൂമിയെ ചൊല്ലി ആത്മാഭിമാനത്തിന്റെ ഒരു തരി കണികയെങ്കിലും മനസ്സില്‍ അവശേഷിക്കുന്നവര്‍ക്ക് ആത്മരോഷത്തോടെയും ആത്മനിന്ദയോടെയുമല്ലാതെ ഇത്തരം ആഹ്ലാദപ്രകടനങ്ങളോട് പ്രതികരിക്കാന്‍ ആവില്ല. ഭാരതത്തിലെ സ്വാതന്ത്ര്യത്തിന്റെ ഭാവി എന്താവുമെന്നതിനെ കുറിച്ച് നമ്മുടെ ഭരണഘടനയുടെ ശില്പികള്‍ ബോധവാന്മാര്‍ ആയിരുന്നു. നമ്മുടെ രാഷ്ട്രത്തിന്റെയും ഭരണഘടനയുടെയും സ്വാതന്ത്ര്യത്തിന്റെയും ഭാവി രാജ്യസ്‌നേഹത്തിലും ദേശീയതയിലും അധിഷ്ഠിതമാണെന്നും ഭാരതത്തിന്റെ അഖണ്ഡതക്ക് മേലെ ഉയരുന്ന വാദങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അസ്തിത്വം തന്നെ തകര്‍ക്കുമെന്നും അവര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ്, ഭരണഘടനാ രൂപീകരണ സമയത്ത് ഡോ.അംബേദ്കര്‍ ഇങ്ങനെ പറഞ്ഞത്.
‘ഈ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ഭാരതത്തിനാകുമോ?അതോ വീണ്ടും അവള്‍ അത് നഷ്ടപ്പെടുത്തുമോ ? ഇതാണ് ഈ അവസരത്തില്‍ എന്റെ മനസ്സിലേക്ക് വരുന്ന ആദ്യത്തെ ചോദ്യം. അതിനര്‍ത്ഥം ഭാരതം ഒരുകാലത്തും സ്വതന്ത്രയായിരുന്നില്ല എന്നല്ല. അവള്‍ക്ക് ഒരിക്കലുണ്ടായിരുന്ന സ്വാതന്ത്ര്യം അവള്‍ നഷ്ടപ്പെടുത്തി എന്നതാണ് ചിന്തനീയം.
ഭാരതം ഒരിക്കല്‍ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി എന്നതിനേക്കാള്‍ അവളുടെ തന്നെ സ്വന്തം ജനങ്ങളില്‍ ചിലരുടെ വിശ്വാസവഞ്ചനയും ചതിയും നിമിത്തമാണ് അങ്ങനെ സംഭവിച്ചത് എന്നത് എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു.
മുഹമ്മദ് ബിന്‍ കാസിം സിന്ധ് ആക്രമിച്ചപ്പോള്‍ അവിടുത്തെ രാജാവായിരുന്ന ദാഹിറിന്റെ ചില സൈനികമേധാവികള്‍ കാസിമിന്റെ കൈക്കൂലി സ്വീകരിച്ചു കൊണ്ട് യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു. പൃഥ്വിരാജിനെതിരെ യുദ്ധം ചെയ്യാന്‍ മുഹമ്മദ് ഗോറിയെ ക്ഷണിച്ചതും സഹായം വാഗ്ദാനം ചെയ്തതും ജയചന്ദ്രനാണ്. ശിവാജി ഹിന്ദുക്കളുടെ മോചനത്തിന് വേണ്ടി യുദ്ധം ചെയ്യുമ്പോള്‍ മറാത്തയിലെ ചില പ്രമാണിമാരും രജപുത്ര രാജാക്കന്മാരും മുഗളരുടെ പക്ഷത്ത് ചേര്‍ന്ന് യുദ്ധം ചെയ്തു. ബ്രിട്ടീഷ് സര്‍ക്കാര്‍ സിഖ് സാമ്രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ഗുലാബ് സിംഗ് എന്ന പട്ടാള മേധാവി, സിഖ് സാമ്രാജ്യത്തിന്റെ സംരക്ഷണത്തിന് ഒന്നും ചെയ്യാതെ നിശബ്ദനായി മാറിയിരുന്നു. 1857 ല്‍ ഭാരതത്തിലെ വലിയൊരു വിഭാഗം ബ്രിട്ടീഷുകാര്‍ക്ക് എതിരെ സ്വാതന്ത്ര്യത്തിനുള്ള യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ സിക്കുകാര്‍ മാത്രം മൂകപ്രേക്ഷകരായി മാറി നിന്നു.
ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ? ഈ ചിന്ത എന്നെ അസ്വസ്ഥനാക്കുന്നു. ജാതീയവും സാമുദായികവുമായ നമ്മുടെ പഴയ ശത്രുക്കള്‍ക്കൊപ്പം പരസ്പരം വൈരുദ്ധ്യവും, വിരോധവുമുള്ള രാഷ്ട്രീയ തത്ത്വസംഹിതകള്‍ കൂടി ചേരുമ്പോള്‍ ഈ അസ്വസ്ഥയുടെ ആഴം വര്‍ധിക്കുന്നു. ഭാരതീയന്‍ രാജ്യത്തെ അവന്റെ സാമുദായിക വിശ്വാസങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുമോ? അതോ സാമുദായിക ചിന്തകളെ രാജ്യതാത്പര്യങ്ങള്‍ക്ക് മുകളില്‍ പ്രതിഷ്ഠിക്കുമോ? എനിക്കറിയില്ല. എന്നാല്‍ ഒന്നുറപ്പാണ്. രാഷ്ട്രീയ കക്ഷികള്‍ രാജ്യതാത്പര്യങ്ങള്‍ക്ക് മുകളില്‍ സാമുദായിക താത്പര്യങ്ങള്‍ പ്രതിഷ്ഠിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം രണ്ടാമതും, ഒരുപക്ഷേ എന്നന്നേക്കുമായി അപകടത്തിലായേക്കാം. ഈ അവസ്ഥയെ നാം ഒരുമിച്ചു ദൃഢനിശ്ചയത്തോടെ ചെറുക്കണം. നമ്മുടെ രക്തത്തിന്റെ അവസാന തുള്ളി നല്‍കിയും ഈ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ നാം പോരാടണം’*
(ഇന്ത്യന്‍ ഭരണഘടനാ ശില്പി ഡോ. ഭീമാറാവു അംബേദ്കര്‍ 1949 നവംബര്‍ 25 ന് ഭരണഘടനാ നിര്‍മ്മാണസഭയില്‍ നടത്തിയ പ്രസംഗം.)
ഡോ.അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ അപകടം പലപ്പോഴും ഭാരതത്തില്‍ സംഭവിച്ചിട്ടുണ്ട്. 1963 ല്‍ ചൈന ഭാരതത്തെ ആക്രമിച്ചു. അന്നുവരെ ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം നിന്ന പല പ്രതിപക്ഷ സംഘടനകളും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി സമ്മേളനത്തില്‍ ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ചുകൊണ്ട് ‘താങ്കളുടെ പട്ടാളം’, ‘താങ്കളുടെ പട്ടാളം’ എന്ന് രണ്ട് മൂന്ന് തവണ പറഞ്ഞപ്പോള്‍, ആര്‍. എസ്.എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വാല്‍ക്കര്‍ അദ്ദേഹത്തെ തിരുത്തിക്കൊണ്ട്, പട്ടാളം നെഹ്റുവിന്റെയോ കോണ്‍ഗ്രസ്സിന്റെയോ അല്ല മറിച്ച് രാഷ്ട്രത്തിന്റേതാണെന്ന് ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് ഭരണ സമയത്ത്, ഭാരതത്തിന്റെ അതിര്‍വരമ്പുകള്‍ കാത്ത വീരനായകന്മാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയേയും സാം മനാക്ഷേയേയുമെല്ലാം ആദരവോടുകൂടിയല്ലാതെ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒരു ഭാരതീയനും ഓര്‍ക്കാന്‍ സാധിക്കില്ല. സാം മനാക്ഷേയും കരിയപ്പയുമൊന്നും യുദ്ധം ചെയ്തത് കേന്ദ്രസര്‍ക്കാരിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ വേണ്ടിയായിരുന്നില്ല. മറിച്ച് ഭാരതത്തിന്റെ സംരക്ഷണത്തിന് വേണ്ടിയായിരുന്നു. ആ മഹാരഥന്മാര്‍ ഓര്‍മ്മിക്കപ്പെടുന്നതും അങ്ങനെതന്നെയാണ്.

അടിയന്തരാവസ്ഥയുടെ ഉരുക്കുമുഷ്ടികൊണ്ട് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ത്ത്, ഭരണഘടനയെ അസ്ഥിരപ്പെടുത്തികൊണ്ട്, രാഷ്ട്രത്തെ ഏകാധിപത്യത്തിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചിട്ടുപോലും ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചതല്ലാതെ ഭാരതത്തിന്റെ സൈന്യത്തെ അന്നത്തെ പ്രതിപക്ഷം വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ ആ രാഷ്ട്രീയ മര്യാദ പോയിട്ട്, രാഷ്ട്രീയ ധാര്‍മ്മികതയെങ്കിലും, ഒരു പടികൂടി കടന്നുപറഞ്ഞാല്‍, കേവല രാഷ്ട്രബോധമെങ്കിലും പലര്‍ക്കും ഇന്ന് നഷ്ടമായിരിക്കുന്നു.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ദേശത്തിന്റെ താല്പര്യത്തെ ഒന്നിന് വേണ്ടിയും പണയം വെക്കാന്‍ തയ്യാറല്ലാതിരുന്ന ഒരു പോരാളിയായിരുന്നു. സൈനികരുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു വിട്ടുവീഴ്ചകള്‍ക്കും സന്ധികള്‍ക്കും അദ്ദേഹം ഒരുക്കുമായിരുന്നില്ല. അത് കൊണ്ട് തന്നെ പലപ്പോഴും നിര്‍ദ്ദാക്ഷിണ്യം വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുമുണ്ട്, എന്നാല്‍ അതിന്റെയെല്ലാം സര്‍വ്വ പരിധികളും ഭേദിക്കുന്നതായിരുന്നു അദ്ദേഹം വീരഗതി പ്രാപിച്ചവേളയില്‍ സോഷ്യല്‍ മീഡിയയില്‍ നടന്ന സംഘടിത ആഘോഷപ്രകടനങ്ങള്‍.
ഇത്രമാത്രം വെറുക്കപ്പെടാന്‍ എന്ത് തെറ്റാണ് അദ്ദേഹം ചെയ്തത് ? ഒരിക്കല്‍ എങ്കിലും ഭാരതത്തിന്റെ താല്‍പ്പര്യത്തിന് എതിരെ നിന്നോ ? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് വിധേയത്വം പ്രകടിപ്പിച്ചുവോ ? സൈനിക അട്ടിമറിക്ക് ശ്രമിച്ചുവോ? അനുനിമിഷം ഭാരതത്തിന്റെ സുരക്ഷക്ക് വേണ്ടി ജീവിച്ച അദ്ദേഹം അന്തരിച്ചപ്പോള്‍ ഉള്ളുകൊണ്ട് സന്തോഷിച്ചവര്‍ക്ക് ഭാരതീയനാണ് എന്ന് പറയാന്‍ പോലുമുള്ള അര്‍ഹതയില്ല.
ഭാരതത്തിന്റെ ദേശീയ ബിംബങ്ങളോട് അതിയായ ബഹുമാനം ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
പരംവീരചക്ര ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദ്
സദ്ദാം ഹുസൈനേയും, ഒസാമ ബിന്‍ ലാദനേയുമൊക്കെ പ്രകീര്‍ത്തിച്ചു കവിത എഴുതുന്നവര്‍ ഒരുപക്ഷേ ആ പേര് കേട്ട് കാണില്ല.1965-ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തില്‍ വെറും ഒരു തോക്കും കൈയ്യിലേന്തി ബിക്കിവിന്‍ഡ് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ടാങ്കിനെ പ്രതിരോധിക്കാന്‍ പോയി വീരമൃത്യു വരിച്ച ഭാരതാംബയുടെ വീരപുത്രന്‍. രാഷ്ട്രം പരമോന്നത സൈനിക ബഹുമതിയായ പരംവീരചക്രം നല്‍കി ആദരിച്ച വീരനായകന്‍.
2017 ല്‍ അദ്ദേഹത്തിന്റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ ദാമുപ്പൂരില്‍ അദ്ദേഹത്തിന്റെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ ഭാരതത്തിന്റെ കരസേനാ തലവന്‍ എത്തി. ആ പ്രതിമ അനാഛാദനം ചെയ്യാന്‍ വേദിയിലേക്ക് കയറിയ അദ്ദേഹം ആദ്യം വേദിയിലിരുന്ന പരംവീര്‍ചക്ര അബ്ദുല്‍ ഹമീദിന്റെ വിധവയായിരുന്ന റസൂലന്‍ ബീബിയുടെ കാല്‍ തൊട്ട് വന്ദിച്ചു. നിറഞ്ഞ കണ്ണോടെ ആ അമ്മ അദ്ദേഹത്തെ ശിരസ്സില്‍ കൈ വെച്ച് അനുഗ്രഹിച്ചു, സ്‌നേഹവായ്‌പ്പോടെ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു.
ചടങ്ങിന് ശേഷം എന്തിനാണ് ഒരു കരസേനാ മേധാവി മറ്റൊരു രാജ്യത്തും കാണാത്ത ഇത്തരം ഒരു കാര്യം ചെയ്തത് എന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍ അദ്ദേഹം പറഞ്ഞു:
‘റസൂലന്‍ ബീവി എനിക്ക് എന്റെ സ്വന്തം അമ്മയെ പോലെയാണ്. അമ്മയുടെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നത് എനിക്ക് അഭിമാനം നല്‍കുന്ന കാര്യമാണ്.’
ഇതിനെ പറ്റി റസൂലന്‍ ബീവിയോട് ചോദിച്ചപ്പോള്‍ ആ അമ്മ പറഞ്ഞത്, ‘അദ്ദേഹം എനിക്ക് എന്റെ സ്വന്തം മകനെ പോലെയാണ്’ എന്നാണ്. ആ മകനാണ് ഭാരതത്തെ മുഴുവന്‍ കണ്ണീര്‍ അണിയിച്ച ബിപിന്‍ റാവത്ത്.
ആ മനുഷ്യന്റെ മൃതദേഹം ഒരു പിടി ചാരമാവുന്നതിന് മുന്‍പ് തരംതാണ രാഷ്ട്രീയം പറയാനും, ‘മരണം ആരെയും മഹാനാക്കില്ല’ എന്നെഴുതാനും തക്ക ഹൃദയശുദ്ധിയില്ലാത്തവരെ കൂടി സംരക്ഷിക്കാന്‍ വേണ്ടിയാണല്ലോ ആ മനുഷ്യന്‍ തന്റെ ജീവിതം ഹോമിച്ചത് എന്നോര്‍ക്കുമ്പോള്‍…

ഭാരതത്തില്‍ ഉണ്ടായ ഒരു തീവ്രവാദി അക്രമത്തിലും കൊല്ലപ്പെട്ടിട്ടുള്ളത്, ഒരേ ജാതിക്കാരോ, മതക്കാരോ, രാഷ്ട്രീയ പാര്‍ട്ടിക്കാരോ അല്ല എന്ന് എന്നാണ് ഇവര്‍ തിരിച്ചറിയുക. ഭാരതത്തിന്റെ ശത്രുക്കളുടെ ലക്ഷ്യം ഭാരതത്തിന്റെ നാശമാണ്. അതില്‍ എല്ലാവരും ഉള്‍പ്പെടുമെന്ന് എന്നാണ് ഇവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുക? ആ ശത്രുക്കളില്‍ നിന്ന് ഭാരതത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചത് എന്ന് എന്തുകൊണ്ട് ഇവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നില്ല
ആ പുണ്യാത്മാവ് എന്തൊക്കെ കണ്ടു ?
വിശ്രമജീവിതം നയിക്കുന്ന സ്വാര്‍ത്ഥമതികളായ ചില പഴയ സഹപ്രവര്‍ത്തകര്‍ നടത്തിയ നിന്ദ്യമായ പരിഹാസങ്ങള്‍, കേവല രാഷ്ട്രീയസ്വത്വബോധത്തില്‍ നിന്ന് ഉയര്‍ന്ന കുത്തുവാക്കുകള്‍, ഭാരതത്തിന് ഉള്ളില്‍ നിന്ന് ഭാരതത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരുടെ ആഹ്ലാദപ്രകടനങ്ങള്‍. താന്‍ ആര്‍ക്ക് വേണ്ടി ജീവിച്ചുവോ അവര്‍ തന്നെ തള്ളിപ്പറയുന്നത് ആര്‍ക്കാണ് സഹിക്കാന്‍ സാധിക്കുക. ശത്രുസേനക്ക് മുന്നില്‍ പതറാത്ത ആ വീരഹൃദയം ഈ നീചവാക്കുകള്‍ കേട്ട് തേങ്ങിയോ ? ആത്മനിന്ദയാല്‍ നീറി ദേഹത്തിനൊപ്പം പട്ടടയില്‍ കത്തിയമര്‍ന്ന് പരമേശ്വരസവിധം പൂകാന്‍ ദക്ഷിണ ദേശത്ത് തിരിച്ചെത്തിയ ആ ആത്മാവ് പക്ഷെ അവിടെ കണ്ടത് ഭാരതസ്വാഭിമാനത്തിന്റേയും , ദേശസ്‌നേഹത്തിന്റെയും സന്ദേശവുമായി ഒഴുകിയെത്തിയ ജനസാഗരത്തെയാണ്.
കണ്ണുകള്‍ നിറഞ്ഞു കവിയുമ്പോഴും, വീരവണക്കമെന്ന് സിംഹഗര്‍ജ്ജനം മുഴക്കുന്ന അമ്മമാരെ അവിടെ കണ്ടു, ഒരായിരം മഹാശക്തികള്‍, ഒരായിരം ഭാരതമാതാക്കള്‍. അവര്‍ക്ക് സുരക്ഷയില്ലാത്ത കാലം ഏത് വീരസ്വര്‍ഗ്ഗത്തിലേക്ക് പോവാന്‍ അദ്ദേഹത്തിന് സാധിക്കും?
ബാഹ്യവും ആന്തരികവുമായ ശത്രുഭയത്തില്‍ ഈ രാഷ്ട്രനൗക ആടിയുലയുമ്പോള്‍ ഏത് പരമപദത്തിന് ആ വീരഹൃദയത്തെ ഭ്രമിപ്പിക്കാന്‍ സാധിക്കും!