ജയ്പൂര്‍ : രാജസ്ഥാന്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടി എബിവിപി. 11 സര്‍വകലാശാലകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് ആറിടത്തും എബിവിപി വിജയിച്ചപ്പോള്‍ ഒരിടത്തു പോലും കോണ്‍ഗ്ര സ്സിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എന്‍.എസ്.യു.ഐക്ക് വിജയിക്കാനായില്ല. കഴിഞ്ഞ വര്‍ഷം വിജയം നേടിയ പ്രസിഡന്റ് സീറ്റുകളെല്ലാം എന്‍.എസ്.യു.ഐക്ക് നഷ്ടമായി. സംസ്ഥാന ഭരണം കയ്യാളുന്ന പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടത് നേതൃത്വത്തെ ഞെട്ടിച്ചു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ സ്വന്തം ജില്ലയില്‍ പോലും എന്‍.എസ്.യു.ഐക്ക് ജയിക്കാനായില്ല. ജോധ്പൂരിലെ ജയ് നാരായണ്‍ വ്യാസ് സര്‍വകലാശാലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഉദയ്പൂര്‍ മോഹന്‍ലാല്‍ സുഖാദിയ സര്‍വകലാശാലയില്‍ എബിവിപിയുടെ നിഖില്‍ രാജ് ആയിരത്തില്‍പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. മഹാറാണ പ്രതാപ് സര്‍വകലാശാലയിലും എബിവിപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. കോട്ടയിലെ സര്‍വകലാശാലകളും എബിവിപി തൂത്തുവാരി. അജ്മീറിലും പുഷ്‌കറിലും നാസിറാബാദിലും കിഷന്‍ഗഞ്ചിലുമുള്ള കോളേജുകളിലും എബിവിപിയാണ് വിജയിച്ചത്.