ഒടുവില്‍ ശ്രീലങ്ക രാസവളങ്ങളിലേക്ക് തിരിച്ചുപോകാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു. സമ്പൂര്‍ണ ജൈവ കൃഷി എന്ന ഉദാത്ത ആശയം പൊതിയാ തേങ്ങയാണെന്ന വെളിപാട് വന്നപ്പോഴേക്കും ശ്രീലങ്കന്‍ തേയിലയുടെ ഉത്പാദനം തകര്‍ന്നു കഴിഞ്ഞിരുന്നു. ഇന്ത്യക്കും ഇനി ഏറെ മത്സരം ശ്രീലങ്കയില്‍ നിന്ന് നേരിടേണ്ടിവരും. മെയ് മാസത്തില്‍ പ്രഖ്യാപിച്ച രാസവളനിരോധനം ഒക്ടോബര്‍ അവസാനം പിന്‍വലിക്കുമ്പോള്‍ തേയില ഉത്പാദനം പാതിയോളം കുറഞ്ഞിരിക്കയാണ്.
അതിഭീകര സാമ്പത്തിക പ്രതിസന്ധിയിലാണ് നമ്മുടെ കുഞ്ഞന്‍ അയല്‍ക്കാരന്‍, ശ്രീലങ്ക. അവിടെ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. കാരണം തേടി അധികം അലയേണ്ടതില്ല -ചൈനയോടുള്ള അതിവിധേയത്വം, അതൊന്നു മാത്രമാണ് ശ്രീലങ്കയെന്ന ദ്വീപ് രാഷ്ട്രത്തെ കുഴിയില്‍ ചാടിച്ചിരിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുടുംബവാഴ്ചയുടെ സ്വഭാവമുള്ള ഭരണനേതൃത്വത്തിന്റെ സ്ഥാപിത താല്‍പര്യങ്ങളും മുന്‍പിന്‍ നോക്കാത്ത തീരുമാനങ്ങളും ചൈനയോടുള്ള അമിത ആശ്രിതത്വവുമൊക്കെ ശ്രീലങ്ക എന്ന ദ്വീപുരാജ്യത്തെ സാമ്പത്തിക ആപത്തിലാക്കിയിരിക്കയാണ്. കോവിഡ് ടൂറിസം വ്യവസായത്തിന്റെ 90% കുറച്ചു. രജപക്‌സെ കുടുംബത്തിലെ 6 പേര്‍ മന്ത്രിസഭയിലും അരങ്ങു തകര്‍ക്കുകയാണ്.
രണ്ടു മാസത്തില്‍ത്താഴെ ഇറക്കുമതി ആവശ്യങ്ങള്‍ നേരിടാനാവശ്യമായ വിദേശ നാണ്യശേഖരമേ ഇപ്പോള്‍ ലങ്കയുടെ പക്കലുള്ളൂ. ഉല്‍പന്നം പൂഴ്ത്തിവയ്പുകാരെ നേരിടാനാണ് സാമ്പത്തിക അടിയന്തരാവസ്ഥ എന്നു സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, റേഷന്‍ കടകളില്‍നിന്ന് അരിയും പഞ്ചസാരയുമടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനുള്ള നീണ്ട ക്യൂ ആണിപ്പോള്‍ ലങ്കയുടെ ചിത്രം. ഭക്ഷ്യ വിഭവങ്ങളില്‍ നല്ല പങ്കും ഇറക്കുമതി ചെയ്യുകയാണ് ശ്രീലങ്ക. പക്ഷേ ഇപ്പോള്‍, ഇറക്കുമതിക്കാവശ്യമായ വിദേശനാണ്യശേഖരം തീരെക്കുറവ്. സാമ്പത്തികനില തകരാറിലായതിനാല്‍ ശ്രീലങ്കന്‍ രൂപയുടെ വിനിമയമൂല്യം കുത്തനെ ഇടിയുകയുമാണ്. കടുത്ത ഭക്ഷ്യ ക്ഷാമത്തിലൂടെയും സാമ്പത്തിക തകര്‍ച്ചയിലൂടെയും കടന്നു പോകുന്ന ശ്രീലങ്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ്. സര്‍ക്കാര്‍ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിലേക്ക് മാത്രമായി നീക്കിവയ്‌ക്കേണ്ടി വരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വീകരിച്ച കടം ആഭ്യന്തര ഉത്പ്പാദനത്തേക്കാള്‍ കൂടുതലായി തുടരുന്നുവെന്നാണ് കാണിക്കുന്നത്. നിലവില്‍ ദിനംപ്രതി ശ്രീലങ്കന്‍ രൂപയുടെ വിനിമയ മൂല്യം കുത്തനെ ഇടിയുകയാണ്.
രാജ്യത്തിന്റെ മുഖ്യവരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം കരകയറാത്തതാണ് വിദേശനാണ്യവരവ് കുത്തനെ കുറയാന്‍ മുഖ്യ കാരണം. 2019 ഈസ്റ്റര്‍ വേളയിലെ ഭീകരാക്രമണങ്ങള്‍ക്കുശേഷം ടൂറിസം താഴേക്കുതന്നെയാണ്. കോവിഡ് വന്നതോടെ തകര്‍ച്ച പൂര്‍ണമായി മാറിയിരിക്കയാണ്. ഒരു മുന്നൊരുക്കവും ഇല്ലാതെ രാസവളം നിരോധനം വന്നതോടെ അവിടത്തെ കാര്‍ഷികമേഖല ആകെ തകര്‍ന്നടിഞ്ഞു. ജൈവ കൃഷി എന്നപേരില്‍ നടക്കുന്ന തലതിരിഞ്ഞ നയം മൂലം ഉത്പാദനം ഇടിഞ്ഞു.
സമ്പദ്‌നിലയുടെ കണക്കായ മൊത്ത ആഭ്യന്തര ഉല്‍പാദനത്തെക്കാള്‍ (ജിഡിപി) കൂടുതലാണ് (109.7%) ശ്രീലങ്കയുടെ കടം. ചൈനയില്‍നിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവു പ്രതിസന്ധിയിലായപ്പോള്‍, പ്രശസ്തമായ ഹംബന്‍തൊട്ട രാജ്യാന്തര തുറമുഖവും ചേര്‍ന്നുള്ള 1500 ഏക്കറും 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിട്ടും, കരകയറാനാവശ്യമായ സാമ്പത്തിക തന്ത്രങ്ങള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ശ്രീലങ്കയില്‍ ഉരുണ്ട് കൂടുന്ന പ്രതിസന്ധി 1990-ല്‍ ഇന്ത്യയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പോലെ തന്നെയാണ്. ചൈന കനിഞ്ഞില്ലെങ്കില്‍ ശ്രീലങ്ക മിക്കവാറും ഈ വര്‍ഷം പാപ്പരാകുക തന്നെ ചെയ്യും.
ചൈന കടത്തിനും പലിശക്കും ഇളവ് നല്‍കിയാലും ഇല്ലെങ്കിലും കേരളത്തിന് അതീവ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പാണ്. കോവിഡ് മൂലം തകര്‍ന്നടിഞ്ഞ കേരളത്തിലെ കുറെ ബിസിനസുകളുടെ മരണ മണിയാകും അത്. കേരളത്തിന്റെ അതെ ഉത്പന്നങ്ങള്‍ ആണ് ശ്രീലങ്കയിലും ഉല്പാദിപ്പിക്കപ്പെടുന്നത്. വലിയ തോട്ടങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ടൂറിസം എന്നിവ സര്‍വീസ് വരുമാനമാര്‍ഗമായ സമ്പദ്‌വ്യവസ്ഥ ആണ് ശ്രീലങ്കയുടേതും. ആയുര്‍വേദം മുതല്‍ തേയില, കാപ്പി തുടങ്ങി കേരളത്തിന്റെ ഏത് ഉത്പന്നങ്ങള്‍ എടുത്താലും ശ്രീലങ്ക ആണ് കേരളത്തിന്റെ ഉല്പന്നങ്ങളുമായി രാജ്യാന്തര തലത്തില്‍ മത്സരിക്കുന്നവര്‍. ലങ്കന്‍ തേയില ഇപ്പോള്‍ തന്നെ ഉന്നത നിലവാരം മൂലം നമ്മുടെ തേയിലയെ തകര്‍ത്തു കഴിഞ്ഞു. ഇതെല്ലം കേരളത്തിന് വരാനുള്ള സാമ്പത്തിക ഇരുട്ടടിയുടെ സൂചനകള്‍ ആണ്.
കേരളം കൊടുക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ഉത്പന്നങ്ങള്‍, ടൂറിസം സേവനങ്ങള്‍ 30 മുതല്‍ 50 % വരെ വിലകുറച്ച് ശ്രീലങ്കയില്‍ നിന്നും കിട്ടും. ഇപ്പോള്‍ തന്നെ വിയറ്റ്‌നാം കുരുമുളക് പോലെയുള്ള സ്‌പൈസസ് മുഴുവന്‍ ശ്രീലങ്കയിലൂടെ ഇന്ത്യയില്‍ എത്തി വന്‍ തോതില്‍ പ്രോസസ് ചെയ്ത് ഇവിടുത്തെ കമ്പോളത്തില്‍ തന്നെ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതാണ് നമ്മുടെ നാണ്യ വിളകളുടെ വില ദശാബ്ദത്തിലെ ഏറ്റവും മോശം വിലനിലവാരത്തില്‍ എത്താന്‍ ഒരു കാരണം. ലങ്കന്‍ കമ്പനിയായ ദില്‍മ ആണ് ലോകത്തിലെ ഏറ്റവും മികച്ച തേയില ബ്രാന്‍ഡ്.
ശ്രീലങ്ക ഉടനെ തന്നെ ഐഎംഎഫ് ലോണ്‍ എടുത്ത് അവരുടെ റുപ്പി ഡീ വാല്യൂ അഥവാ മൂല്യശോഷണം ചെയ്യാന്‍ സാധ്യതയുണ്ട്. അതിന്റെ അളവ് മാത്രമേ അറിയാനുള്ളൂ.അത് നടന്നു കഴിഞ്ഞാല്‍ ശ്രീലങ്കന്‍ ഉത്പന്നങ്ങള്‍ കേരളത്തിന്റെ കയറ്റുമതി വിപണി കൊടുങ്കാറ്റ് പോലെ കീഴടക്കും.
ഡീ വാല്യൂ ചെയ്താല്‍ സായിപ്പിനും എന്തിന് ഉത്തരേന്ത്യന്‍ ടൂറിസ്റ്റിന് പോലും ശ്രീലങ്ക ആണ് മെച്ചപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം. ശ്രീലങ്കയുടെ ആഭ്യന്തര വിനോദ കേന്ദ്രങ്ങള്‍ കേരളത്തിനേക്കാള്‍ വളരെ മെച്ചപ്പെട്ടതാണ്. കൂടാതെ അവരുടെ കൊളോണിയല്‍ പാരമ്പര്യം മൂലം അവര്‍ക്ക് മെച്ചപ്പെട്ട ഇംഗ്ലീഷ് കൈകാര്യം ചെയ്യാനും കഴിയും. മദ്യ ലഭ്യത, കടല്‍ വിഭവങ്ങള്‍, നല്ല ബീച്ചുകള്‍ എല്ലാം കേരളത്തിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ഇപ്പോള്‍ തന്നെ കേരളത്തില്‍ ഉണ്ടാകേണ്ട എല്ലാ കോണ്‍ഫെറന്‍സും ശ്രീലങ്ക അടിച്ചെടുക്കുന്നു. തല തിരിഞ്ഞ നമ്മുടെ മദ്യ നയം, ഇവിടുത്തെ നൈറ്റ് ലൈഫിന്റെ അഭാവം എന്നിവ ലങ്കയെ മുന്‍പില്‍ നിര്‍ത്തുന്നു.
ഇപ്പോള്‍ അവര്‍ നഴ്‌സിംഗ് മേഖലയിലും കൂടുതല്‍ ശ്രദ്ധകൊടുക്കുന്നുണ്ട്. ഇതും കേരളം വരും കാലങ്ങളില്‍ നേരിടാന്‍ പോകുന്ന ഒരു ഭീഷണിയാണ്. ചുരുക്കി പറഞ്ഞാല്‍ ലങ്കന്‍ സ്ത്രീകള്‍ നഴ്‌സിംഗ് മേഖലയില്‍ പണി തരാന്‍ പോകുന്നേയുള്ളൂ.
കൂടാതെ ശ്രീലങ്കന്‍ വിമാന കമ്പനികള്‍ ലോകത്തിന്റെ മുക്കിലും മൂലയിലും നേരിട്ട് സര്‍വീസ് നടത്തുന്നു.
കടം കൊടുത്തു അടിമയാക്കുക എന്ന ചൈനീസ് നയതന്ത്രം അഥവാ ഡെബ്റ്റ് ട്രാപ് ഡിപ്ലോമസി അങ്ങനെ വിജയകരമായി ശ്രീലങ്കയിലും ചൈനീസ് വ്യാളി പ്രയോഗിച്ചുകഴിഞ്ഞിരിക്കുന്നു. അങ്ങനെ ലങ്ക ചൈനയുടെ കോളനി ആയി മാറി. പലര്‍ക്കും ഉള്ള ഒരു പാഠം ആണ് ഇത്. ‘ഡെപ്റ്റ്-ട്രാപ് ഡിപ്ലോമസി’ അഥവാ പണം കടം കൊടുത്തു രാജ്യങ്ങളെ ചൊല്‍പ്പടിയില്‍ കൊണ്ടുവരുന്ന ചൈനീസ് നയത്തെ അങ്ങനെ ആദ്യമായി വിളിച്ചത് 2017ല്‍ ബ്രഹ്മചെല്ലാനി എന്ന അന്തര്‍ദേശീയ വിദഗ്ദ്ധനാണ്. ചൈനയുടെ സമുദ്ര പട്ടുപാതയാണ് ഇതിനു മികച്ച ഉദാഹരണം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, ശ്രീലങ്കയിലെ ഹമ്പന്തോട്ട തുറമുഖം, ഛആഛഞ എന്നിങ്ങനെ നിരവധി പദ്ധതികളിലൂടെ ചൈന ഈ നയതന്ത്രം നടപ്പിലാക്കിവരികയാണ്. വായ്പ തിരിച്ചടവ് മുടങ്ങുന്നതോടെ ചൈനക്ക് അടിയറവു പറയുന്നത് മാലിദ്വീപിന്റെയും ബംഗ്ലാദേശിന്റെയും കാര്യത്തില്‍ അനുദിനം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ശ്രീലങ്കയിതാ മുങ്ങി താണുകൊണ്ടും ഇരിക്കുന്നു.
രാസവളങ്ങളും കീടനാശിനികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ജൈവ വളങ്ങളും കീടനാശിനികളും കര്‍ഷകര്‍ക്ക് എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് കള്ളക്കടത്തായി രാസവളം വമ്പന്മാര്‍ എത്തിക്കുന്നുമുണ്ടായിരുന്നു. ജൈവ ഉത്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണിയിലെ വമ്പന്‍ വിലയിലൂടെ കാര്‍ഷിക നഷ്ടം പരിഹരിക്കാനാവുമെന്നായിരുന്നു കണക്ക് കൂട്ടലുകള്‍. ചൈന, ഇന്ത്യ, കെനിയ എന്നിവ കഴിഞ്ഞാല്‍ തേയില ഉത്പാദനത്തില്‍ ശ്രീലങ്കക്കാണ് സ്ഥാനം. വര്‍ഷം തോറും നേടുന്ന പതിനായിരം കോടിയുടെ വിദേശനാണ്യം ആണ് വികലമായ നയങ്ങളിലൂടെ അവര്‍ക്കു നഷ്ടമായിരിക്കുന്നത്. പൊട്ടാസ്യം ക്ലോറൈഡ് വലിയ തോതില്‍ ലിത്വനിയായില്‍ നിന്ന് ശ്രീലങ്കയില്‍ ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പൊട്ടാസ്യം ക്ലോറൈഡ് ജൈവ വളമാണെന്ന വിചിത്ര വാദം ജൈവ കൃഷിയില്‍ നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങിയിട്ടില്ലാത്ത ശ്രീലങ്കന്‍ സര്‍ക്കാര്‍ മുന്‍പോട്ടു വയ്ക്കുന്നു.