അടുത്ത കാലത്ത് ബോളിവുഡില്‍ ചരിത്ര സിനിമകളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് ദേശീയ ബോധത്തെ അടിസ്ഥാനമാക്കിയുള്ളവ. പ്രധാനമായും വന്നിട്ടുള്ളത് യുദ്ധചിത്രങ്ങളും വീരചരിതങ്ങളുമാണ്. പ്രേക്ഷകരുടെ പ്രതികരണം എന്താവുമെന്ന ആശങ്ക കൊണ്ടോ, അതോ നൈപുണ്യത്തിന്റെ അപര്യാപ്തത കൊണ്ടോ, ഭാരതത്തിന്റെ ശാസ്ത്ര നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പടങ്ങള്‍ അധികം കണ്ടിട്ടില്ല. പൊഖ്‌റാന്‍ ആണവപരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘പരമാണു’വിനു ശേഷം ഇപ്പോള്‍ പുറത്തുവന്ന ‘മിഷന്‍ മംഗളിനെ’ ഏറെ പ്രതീക്ഷകളോടെ തന്നെയാണ് ശാസ്ത്ര, ചലച്ചിത്ര കുതുകികള്‍ കാത്തിരുന്നത്.
2010 ലായിരുന്നു ഭാരതത്തിന്റെ ചൊവ്വ ദൗത്യം ആയ മംഗള്‍യാന്‍ പ്രഖ്യാപിച്ചത്. അന്ന് വികസന ദശയിലായിരുന്ന ജിഎസ്എല്‍വി റോക്കറ്റ് ആയിരുന്നു പദ്ധതിക്കുവേണ്ടി തീരുമാനിച്ചിരുന്നത്. പക്ഷേ, ജിഎസ്എല്‍വിയുടെ വിക്ഷേപണങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ മംഗള്‍യാനും അനിശ്ചിതത്വത്തിലായി. അപ്പോഴാണ്, ഒരുപക്ഷെ ലോകബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറ്റവും സാഹസികമായ തീരുമാനം ഐഎസ്ആര്‍ഒ എടുത്തത്. താഴ്ന്ന ഭ്രമണപഥങ്ങളില്‍ കഷ്ടിച്ച് 1800 കിലോഗ്രാം മാത്രം വിക്ഷേപണ ശേഷിയുള്ള പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് ഈ വമ്പന്‍ ദൗത്യം നടത്തുക എന്നതായിരുന്നു അത്.
ഗോളാന്തരദൗത്യങ്ങളിലെ വലിയ ഭാരമുള്ള പേടകങ്ങള്‍, കോടിക്കണക്കിന് ദൂരത്തേക്ക് തൊടുക്കാന്‍ ഭീമന്‍ റോക്കറ്റുകളും ബില്ല്യന്‍ കണക്കിന് പണവും വേണം എന്ന പരമ്പരാഗതമായ ധാരണകളെ ആണ് അന്ന് ഭാരതം വെല്ലുവിളിച്ചത്. കഷ്ടിച്ച് നാനൂറു കോടി ബജറ്റില്‍, 1500 കിലോഗ്രാം ഭാരമുള്ള മംഗള്‍യാന്‍ ചരിത്രം രചിച്ചത് അങ്ങനെ മാത്രമല്ല, ഒരു ഗ്രഹാന്തരദൗത്യം ആദ്യ ശ്രമത്തില്‍ തന്നെ പൂര്‍ണ്ണമായും വിജയിപ്പിച്ച രാജ്യം എന്ന ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകൂടി നേടിക്കൊണ്ടാണ്. നമ്മുടെ ബഹിരാകാശ പദ്ധതികള്‍ക്ക് നേരെ കൊഞ്ഞനംകുത്തിക്കൊണ്ടിരുന്ന വന്‍ശക്തികളോട് ഇതാ ഞങ്ങളവിടെ എത്തി എന്ന് പ്രഖ്യാപിച്ച് കസേര വലിച്ചിട്ടിരുന്ന ആ സുദിനം ഒരു ഭാരതീയനും മറക്കാനാവില്ല.
സംഭവബഹുലമായ ആ ചരിത്രരചനയുടെ കഥയാണിത്: 2010 ല്‍ ജിഎസ്എല്‍വി വിക്ഷേപണം പരാജയപ്പെടുന്നതോടെയാണ് പടം ആരംഭിക്കുന്നത്. അതേതുടര്‍ന്നുണ്ടാകുന്ന കടുത്ത വിമര്‍ശനങ്ങള്‍ മുന്‍നിര്‍ത്തി ഒരു ശിക്ഷാ നടപടി ആയിത്തന്നെയാണ്ഒരിക്കലും നടക്കാന്‍ സാധ്യതയില്ല എന്ന് കരുതപ്പെട്ട ചൊവ്വാ പദ്ധതിയിലേക്ക് പ്രധാന ശാസ്ത്രജ്ഞന്‍ രാകേഷ് ധവാനെ മാറ്റുന്നത്. ജിഎസ്എല്‍വി വരെ ഒരു സ്വപ്‌നമായി നിന്ന സമയത്ത് ചൊവ്വാദൗത്യം എന്നത് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. പക്ഷേ തന്റെ പ്രമുഖ ജൂനിയര്‍ സയന്റിസ്റ്റ് ആയ താര ഷിന്‍ഡെയുടെ ആശയപ്രകാരം പിഎസ്എല്‍വി ഉപയോഗിച്ച് ദൗത്യം നടത്താന്‍ തീരുമാനിച്ചു. എല്ലാം അമേരിക്കയില്‍ നിന്നും കടം കൊള്ളണം എന്ന ആശയക്കാരനായ രുപേര്‍ട്ട് ദേശായിയുടെ എല്ലാ എതിര്‍പ്പുകളേയും മറികടന്നു, തികച്ചും ജൂനിയറായ ടീമുമായി ധവാനും താരയും വെല്ലുവിളി ഏറ്റെടുത്തു. ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിക്കാന്‍ ആവശ്യമായ ഇന്ധനം മുഴുവന്‍ വഹിക്കാന്‍ പിഎസ്എല്‍വിക്ക് കഴിയില്ല. പക്ഷേ അടുപ്പ് കെടുത്തി, എണ്ണയില്‍ നിലനില്‍ക്കുന്ന ചൂടുകൊണ്ട് പൂരി വറുത്തെടുക്കുന്ന ഉദാഹരണത്തിലൂടെ, കുറച്ച് ഇന്ധനം എരിച്ച് ഈ പ്രശ്‌നം എങ്ങനെ മറികടക്കാം എന്ന് കാണിച്ചു കൊടുക്കുന്ന ഉദാഹരണം ഗംഭീരം തന്നെയാണ്.
എങ്ങനെ വെറും 850 കിലോഗ്രാം ഇന്ധനം മാത്രമുപയോഗിച്ചു ചൊവ്വയിലെത്തുക, വഴിയിലെ പ്രത്യേക കാന്തിക മണ്ഡലമായ വാന്‍ അലന്‍ ബെല്‍ട്ടു ഭേദിക്കുക, അലഞ്ഞു നടക്കുന്ന ഉല്‍ക്കകളില്‍ നിന്നും പേടകത്തെ രക്ഷിക്കുക, മണിക്കൂറില്‍ 75000 കിലോമീറ്റര്‍ വേഗതയില്‍ ചൊവ്വയെ സമീപിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് ചൊവ്വയുടെ ഭ്രമണപഥത്തില്‍ കുരുക്കുക. ഇക്കാര്യങ്ങളിലൊന്നും യാതൊരു മുന്‍ പരിചയവുമില്ലാത്ത ടീം ഇതെല്ലാം സാധിക്കേണ്ടതോ, വെറും രണ്ടു വര്‍ഷത്തിനുള്ളില്‍. 2013 ഒക്ടോബര്‍ 29 നും നവംബര്‍ അഞ്ചിനും ഇടയില്‍ വിക്ഷേപിച്ചില്ല എങ്കില്‍ പിന്നീട് ചൊവ്വ അടുത്ത് വരുന്നത് മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാകും.
എങ്കിലും, പറഞ്ഞ സമയത്തിനുള്ളില്‍ ഈ സാങ്കേതിക വെല്ലുവിളികളെല്ലാം മറികടന്നു മംഗള്‍യാനെയും കൊണ്ട് പിഎസ്എല്‍വി പറന്നുയരുക തന്നെ ചെയ്തു. ഏഴു മാസങ്ങള്‍ക്ക് ശേഷം ആദ്യ ശ്രമത്തില്‍ തന്നെ അതീവ കൃത്യതയോടെ ചൊവ്വയെ ചുറ്റുന്ന ആദ്യ രാജ്യം എന്ന സ്വപ്‌നസമാനമായ നേട്ടം ഭാരതം കൈവരിക്കുകയും ചെയ്തു. അന്ന് പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍ ഇന്നും മുഴങ്ങുന്നു. ഒരു ഓട്ടോ പിടിച്ച് പോകുന്നതിനേക്കാള്‍ കുറഞ്ഞ തുകക്കാണ് നമ്മള്‍ ചൊവ്വയില്‍ എത്തിയത് എന്ന്. ഓര്‍ക്കുക, ഗ്രാവിറ്റി എന്ന ഹോളിവുഡ് സിനിമയുടെ ചെലവ് ആയിരം കോടിക്കടുത്ത് ആയിരുന്നു. മംഗള്‍യാനൊപ്പം വിക്ഷേപിച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ ചൊവ്വ പേടകത്തിന്റെ ചെലവ് ആറായിരം കോടി ആയിരുന്നു. അവിടെയാണ് എസ്ആര്‍ഒ വെറും 400 കോടിക്ക് ചരിത്രം രചിച്ചത്.
ഈ സംഭവത്തെ സിനിമാറ്റിക്ക് മെലോഡ്രാമയിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. ഇവിടെ എടുത്തു പറയേണ്ട കാര്യം, ഈ പടം ഭാരതീയ യുവസമൂഹത്തിനു നല്‍കുന്ന സന്ദേശങ്ങളാണ്. അവനവന്റെ പരിമിതികളില്‍ ഒതുങ്ങി നിന്നുകൊണ്ട് വലിയ സ്വപ്‌നങ്ങള്‍ കാണുക. അവ സാക്ഷാല്‍ക്കരിക്കാന്‍ കഠിനാധ്വാനം ചെയ്യുക എന്ന എക്കാലത്തെയും മഹത്തായ കാഴ്ചപ്പാട് ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. വിക്രം സരാഭായിക്ക് ശേഷം ഐഎസ്ആര്‍ഒ നേതൃത്വം ഏറ്റെടുത്ത മഹാനായ സതീഷ് ധവാനെ ആണ് അക്ഷയ് കുമാറിന്റെ രാകേഷ് ധവാന്‍ അനുസ്മരിപ്പിക്കുന്നത്. ആദ്യ എസ്എല്‍വി ദൗത്യം പരാജയപ്പെട്ടപ്പോള്‍ കടിച്ചുകീറാന്‍ കാത്തുനിന്ന പത്രക്കാരുടെ മുമ്പിലേക്ക് അന്നത്തെ പ്രോജക്റ്റ് ഡയറക്ടര്‍ അബ്ദുല്‍ കലാമിനെ വിട്ടുകൊടുക്കാതെ എല്ലാ ഉത്തരവാദിത്വവും സ്വയം ഏറ്റെടുക്കുകയും പിന്നീട് എസ്എല്‍വി വിജയിച്ചപ്പോള്‍ മുഴുവന്‍ ക്രഡിറ്റും കലാമിന് നല്‍കുകയും ചെയ്ത സതീഷ് ധവാനെ കുറിച്ച് തന്റെ ആത്മകഥയില്‍ കലാം സര്‍ എഴുതിയിട്ടുണ്ട്. സമാനതകളില്ലാത്ത ആ നേതൃപാടവം ഈ സിനിമയിലും കാണാം. ആ പാടവമാണ് കലാം എന്ന ധിഷണാശാലിയെയും, ഈ പടത്തിലെ താര എന്ന ശാസ്ത്രജ്ഞയെയും സൃഷ്ടിച്ചത്. കേവലം ഒരു ജോലി ചെയ്യുന്നതിനപ്പുറം, ഒരു സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ അധ്വാനിക്കുമ്പോള്‍ മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന അനന്തമായ കരുത്ത് എങ്ങനെയാണ് പുറത്തുവരുന്നത് എന്ന് രാകേഷ് ധവാനും താരയും കാട്ടിത്തരുന്നു. സത്യത്തില്‍ ഈ പടത്തിലെ നായകന്‍ മഹാനായ എപിജെ അബ്ദുള്‍കലാം തന്നെയാണ്. ആ അദൃശ്യ സാന്നിധ്യം ഓരോ നിമിഷവും അനുഭവിക്കാന്‍ കഴിയുന്നു എന്നത് തന്നെയാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്.
എങ്ങനെ പ്രവര്‍ത്തിക്കണം, എങ്ങനെ ചിന്തിക്കണം, എങ്ങനെ ആശയങ്ങള്‍ ഉണ്ടാകണം, എങ്ങനെ പ്രാവര്‍ത്തികമാക്കണം, എങ്ങനെ വെല്ലുവിളികളെ അതിജീവിക്കണം, എങ്ങനെ വിജയിക്കണം, എങ്ങനെ നയിക്കണം ഇതൊക്കെ അറിഞ്ഞാല്‍, ശാസ്ത്രരംഗത്ത് എന്നല്ല എവിടെയും വിജയിക്കാന്‍ ഒരു വിഷമവുമില്ല. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍, ജീവിതവിജയത്തിലേക്കുള്ള ഒരു മൂലമന്ത്രം ഈ പടത്തില്‍ ഉടനീളം നമുക്ക് കേള്‍ക്കാം.
സിനിമയുടെ വ്യാപാര സാധ്യത കണ്ടാണോ എന്നറിയില്ല, തികച്ചും അനാവശ്യമായ ചില തിരുകലുകള്‍ അവിടവിടെയായി കാണാം. ഒരു സയന്‍സ് സിനിമയില്‍ ആവശ്യമില്ലാത്ത ഇക്കാര്യങ്ങള്‍, താരയുടെ മകന്റെ മതംമാറ്റം, മുസ്ലിങ്ങള്‍ക്ക് വാടകവീട് ലഭിക്കാനുള്ള പ്രയാസങ്ങള്‍, ഒരു കഥാപാത്രത്തിന്റെ ലിവിംഗ് ടുഗദര്‍ തുടങ്ങിയവ കഥാ തന്തുവില്‍ നിന്നും ശ്രദ്ധ തിരിക്കാനേ ഉപകരിക്കുന്നുള്ളൂ. ഇങ്ങനെ മൂലകഥയോട് നീതി പുലര്‍ത്തുന്നില്ല എന്ന് തോന്നിക്കുന്ന തിരക്കഥാ സന്ദര്‍ഭങ്ങള്‍ അവിടവിടെയുണ്ട്. എങ്കിലും അതൊന്നും പടത്തിന്റെ സമഗ്രഭംഗിയെ ഒരുപാടൊന്നും ബാധിക്കുന്നില്ല.
ചില വസ്തുതാപരമായ പിശകുകള്‍ പറയാതെ വയ്യ. 2017ല്‍ മാത്രം പരീക്ഷിച്ച ജിഎസ്എല്‍വി എംകെ III റോക്കറ്റ് 2010 ല്‍ തകരുന്ന സീനോട് കൂടിയാണ് പടം തുടങ്ങുന്നത് തന്നെ. അതുപോലെ ജിഎസ്എല്‍വിയില്‍ മാത്രമുള്ള ക്രയോജെനിക് എഞ്ചിന്‍ എന്തിനാണ് പി എസ്എല്‍വി യില്‍ ഫിറ്റ് ചെയ്തത് എന്നും മനസ്സിലാകുന്നില്ല. ഒരു ചരിത്ര സിനിമയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.
രാകേഷ് ധവാന്‍ ആയി അക്ഷയ് കുമാര്‍ തകര്‍ത്തഭിനയിച്ചു. ഒരു ജീനിയസ്സിന്റെ മാനറിസങ്ങള്‍ സൂക്ഷ്മതയോടെ തെന്നയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചത്. സോനക്ഷി, നിത്യ മേനോന്‍ തുടങ്ങിയവര്‍ എല്ലാം തങ്ങളുടെ റോള്‍ ഗംഭീരമാക്കി. പക്ഷേ ഇതാരുടെ പടമെന്നു ചോദിച്ചാല്‍ ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ ഒരു വിഷമവുമില്ല, താരയായി വേഷമിട്ട വിദ്യാ ബാലന്‍, ഭാരതീയ സ്ത്രീശക്തിയുടെ പ്രതിരൂപമായി നിറഞ്ഞാടുകയാണ്. അമ്മയായി, മകളായി, ഭാര്യയായി, കുടുംബിനിയായി, പ്രതിഭാശാലിയായ ശാസ്ത്രജ്ഞയായി. അടുത്ത വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് വിദ്യക്ക് തന്നെ എന്നുറപ്പിക്കാവുന്ന അതുല്യമായ പ്രകടനം.
ഗ്രാവിറ്റി, അപ്പോളോ 13 തുടങ്ങിയ വമ്പന്‍ ഹോളിവുഡ് സ്‌പേസ് സിനിമകളുമായി താരതമ്യം ചെയ്യാനാവില്ല എങ്കിലും, മിഷന്‍ മംഗള്‍ ഭാരത ബഹിരാകാശ നേട്ടങ്ങളുടെ ഒരു സന്ദേശവാഹകന്‍ തന്നെയാണ്. ആദ്യം പറഞ്ഞതുപോലെ ആയിരക്കണക്കിന് കോടികള്‍ വാരിയെറിഞ്ഞു കൊയ്യുന്ന നേട്ടങ്ങളെക്കാള്‍ മഹത്തരം പരിമിതികളില്‍ ഒതുങ്ങിനിന്നു കൈവരിക്കുന്ന മഹാ വിജയങ്ങളാണ്. അത് മാത്രമേ അടുത്തതലമുറക്ക് ചിരന്തന മൂല്യങ്ങളെ നല്‍കുകയുള്ളൂ.