കൊച്ചി: രാജ്യം കണ്ട അതുല്യനായ സ്വാതന്ത്ര്യ സമരപോരാളിയായിരുന്നു വീര സാവര്ക്കറെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മാഹുര്‍ക്കര്‍ രചിച്ച വീര്‍ സാവര്‍ക്കര്‍ ‘ദ മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത ഭേദങ്ങൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് സാവര്‍ക്കര്‍ പോരാടിയത്. ഹിന്ദുവും മുസല്‍മാനും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. അടിമത്തത്തിനും ആധിപത്യത്തിനും അദ്ദേഹം എതിരായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ സാവര്‍ക്കര്‍ക്ക് അതുകൊണ്ട് തന്നെ വലിയ പീഡനങ്ങളാണ് നേരിടേണ്ടി വന്നത്.
സാവര്‍ക്കറെക്കുറിച്ച് ഉയരുന്ന എല്ലാ അപവാദ പ്രചാരണങ്ങൾക്കുമുള്ള കൃത്യമായ മറുപടിയാണ് ഉദയ് മാഹുര്‍ക്കര്‍ രചിച്ച പുസ്തകമെന്നും ആരീഫ് മുഹമ്മദ് ഖാന് പറഞ്ഞു. കുരുക്ഷേത്ര പ്രകാശന് എം.ഡി സി.കെ. രാധാകൃഷ്ണന് അധ്യക്ഷനായി. കൊച്ചിന് കപ്പല്‍ശാല ചെയര്മാന് മധു എസ്. നായര്‍, രാഷ്ട്രഗാഥ ചെയര്മാന് ഭരത് ഭൂഷന്, വിവേകാനന്ദ പൈ എന്നിവര്‍ പങ്കെടുത്തു.