വര്‍ത്തമാനത്തില്‍ ജീവിച്ചു കൊണ്ട് ഭാവിയിലേക്ക് നോക്കുന്നവരാണ് യുവാക്കള്‍. വര്‍ത്തമാനത്തെ നശിപ്പിച്ച് ഭൂതകാലത്തില്‍ അഭിരമിക്കുകയോ ആശങ്കപ്പെടുകയോ കലഹിക്കുകയോ ചെയ്യുന്നവരാണ് വൃദ്ധന്മാര്‍. യുവാക്കള്‍ ജീവിതം നയിക്കുന്നുവെന്നും വൃദ്ധര്‍ ജീവിച്ചുപോകുന്നു എന്നും പറയാം. യൗവനത്തെയും വാര്‍ദ്ധക്യത്തെയും വേര്‍തിരിക്കുന്ന ഘടകം വയസ്സല്ല. അവബോധമാണ്. ഇതില്‍ ഏത് ജീവിതം തെരഞ്ഞെടുക്കാനും മനുഷ്യന് എപ്പോഴും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് ജീവിതാനുഭവങ്ങളുള്ളവരുടെ മുന്നറിയിപ്പുകളും സൂചനകളും അനിവാര്യമാണ്.
ദര്‍ശനം വര്‍ത്തമാനത്തില്‍ ജീവിക്കുന്നവരുടെതാണ്. ആത്മനിഷ്ഠമാണത്. തത്ത്വചിന്ത ഭൂതകാലത്തില്‍ ജീവിക്കുന്നവരുടെതും വസ്തുനിഷ്ഠവുമാണ്. ഇതിലേതെങ്കിലും ഒന്നിനെ മാറ്റി നിറുത്തിയാല്‍ വാദങ്ങളും മറുവാദങ്ങളും കൊണ്ട് ജീവിതം ദുസ്സഹമായിത്തീരും. ഭൂതകാലാനുഭവത്തിലെ പാഠങ്ങളെടുത്ത് ഭാവിയിലേക്ക് ഉറ്റുനോക്കുന്നവര്‍ക്കുള്ള മാതൃക തീര്‍ക്കുമ്പോഴും മോദസ്ഥിതരായി മലപോലെ വസിക്കുന്നവരാണ് ഗുരുക്കന്മാര്‍. ആ വഴിത്താരയില്‍ നിത്യതയുടെ വസന്തം വിരിയിച്ചു കൊണ്ടും നടരാജനടനം കണ്ടും പ്രസാദം നിറഞ്ഞ മൗനഘനന്മാര്‍ എന്നും യുവാക്കളെ ഉദ്ദേശിച്ചാണ് തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വ്യാഖ്യാനിച്ചിരുന്നത്.
‘മൗനവ്യാഖ്യ പ്രകടിതപരം ബ്രഹ്മതത്ത്വം യുവാനം’ എന്ന സരളാദ്വയ ഭാഷ്യകാരന്റെ വാക്കുകള്‍ തന്നെയാണ് ഇതിന് പ്രമാണം.
ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ശതാബ്ദിയുടെ നിറവില്‍ എത്തിയ നാരായണ ഗുരുകുലത്തിന്റെ പരമാചാര്യനായ മുനി ഗുരു നാരായണ പ്രസാദ് നടത്തിയിട്ടുള്ള രചനാ പരിശ്രമങ്ങളും പ്രഭാഷണങ്ങളുമെല്ലാം യുവദര്‍ശനത്തിന്റെ പ്രതിപാദനമായിരുന്നുവെന്ന് കാണാനാവും. അറിവിന്റെ ആദ്യപാഠങ്ങള്‍, കര്‍മ്മവും പുനര്‍ജന്മവും, മനസ് വാസിഷ്ഠത്തില്‍ തുടങ്ങി ഒട്ടേറെ മൗലികമായ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഈശാവാസ്യം, കേനം തുടങ്ങിയ പ്രധാനപ്പെട്ട പത്ത് ഉപനിഷത്തുകളും വ്യാഖ്യാനം നല്‍കി അദ്ദേഹം ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും ശ്രീനാരായണ ഗുരുവിന്റെ സമ്പൂര്‍ണ രചനകളുടെ വ്യാഖ്യാനങ്ങള്‍ നിര്‍വഹിക്കുന്നിടത്താണ് തന്റെ അറിവിന്റെയും അനുഭവത്തിന്റെയും സമര്‍പ്പണത്തിന്റെയും പൂര്‍ണ്ണത പ്രകടിപ്പിച്ചതായി നമുക്ക് കാണാനാകുന്നത്. നടരാജഗുരുവിന്റെയും ഗുരു നിത്യചൈതന്യ യതിയുടെയും ഗ്രന്ഥങ്ങള്‍ക്കൊക്കെ മൊഴിമാറ്റമോ വ്യാഖ്യാനമോ നടത്തിയിട്ടുള്ളത് ഇതേ കാര്യത്തിന് തന്നെയാണ്.
യുവദര്‍ശനപൊരുള്‍
യുവദര്‍ശനം എന്നപേരില്‍ അദ്ദേഹം നടത്തിയിട്ടുള്ള പ്രഭാഷണങ്ങള്‍ ഇനിയും പിറക്കാനിരിക്കുന്ന തലമുറയെക്കൂടി മുന്നില്‍ കണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. കാരണം ഇത് എക്കാലവും ഗുരുക്കന്മാര്‍ ശിഷ്യന്മാര്‍ക്ക് നല്‍കിയിട്ടുള്ള ശാശ്വതമായ ദര്‍ശനം തന്നെയാണ്.
ഭാവിയിലേക്ക് ഉറ്റുനോക്കുന്നവര്‍ക്ക് മുന്നേനടന്നു പോയവരുടെ മാര്‍ഗദര്‍ശനവും മുന്നറിയിപ്പുകളും ആവശ്യമാണ്. അവിടെ ജാതി, മതം, ഭാഷ, പ്രദേശം, ലിംഗം തുടങ്ങിയ ഭേദഭാവനകള്‍ മുന്നോട്ടുള്ള പോക്കിന് തടസമാകരുത്. എന്തുകൊണ്ട് തടസമാകാതിരിക്കണം, അതിന്റെ യുക്തിയെന്താണ് എന്നീ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. അതിനുള്ള ഉത്തരമിതാണ്. ഒരേ ചൈതന്യത്തില്‍ നിന്നും വന്നതാണ് പ്രപഞ്ചത്തില്‍ കാണുന്ന സകലതും. അതിനാല്‍ എല്ലാവരുമാത്മ സഹോദരരെന്നല്ലേ പറയേണ്ടത്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് യുക്തി മാത്രമല്ല, ശാശ്വതമായ സത്യം കൂടിയാണ്. ഇക്കാര്യം യഥാര്‍ത്ഥത്തില്‍ യുവാക്കളെയാണ് ബോധ്യപ്പെടുത്തേണ്ടത്. അതില്ലാതെ വന്നതിനാലാണ് ഇന്നത്തെ യുവത്വം അപകടകാരമായ കളിയില്‍ ഏര്‍പ്പെടുന്നവരായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിന് ശാശ്വതമായ പരിഹാരം യഥാര്‍ത്ഥത്തിലുള്ള അറിവ് കാലാകാലങ്ങളില്‍ പുതുതലമുറയ്ക്ക് അവരുടെ ഭാഷയിലും ഭാവത്തിലും പകര്‍ന്നു കൊടുക്കുക മാത്രമാണ് എന്ന കാര്യമാണ് മുനി ഗുരു പ്രധാനമായും ഇതില്‍ അവതരിപ്പിക്കുന്നത്. ഈ കൃതിയുടെ ഉള്ളടക്കത്തെ സംബന്ധിച്ച വിവരം ഇങ്ങനെയാണ് ആമുഖത്തില്‍ ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്:
‘ഈ പുസ്തകത്തിന്റെ ആദ്യത്തെ അഞ്ച് അധ്യായങ്ങളില്‍ കൈകാര്യം ചെയ്യുന്നത് ജീവിതത്തെ സംബന്ധിച്ച് ഏതുമനുഷ്യരും ചോദിക്കുന്ന മൗലികമായ ചോദ്യങ്ങളേതൊക്കെയെന്നും അവയ്ക്ക് ഏറ്റവും സ്വാഭാവികമായ തരത്തില്‍ നല്കാവുന്ന ഉത്തരങ്ങളേതൊക്കെയെന്നുമുള്ളതാണ്. അടുത്ത മൂന്ന് അധ്യായങ്ങളില്‍ അത്തരമൊരു അറിവുവച്ചുകൊണ്ട്, അര്‍ത്ഥവത്തും സ്വാഭാവികവുമായ തരത്തില്‍ നമുക്ക് എങ്ങനെ ജീവിക്കാം എന്നുള്ളതാണ്. സദാചാരപരമായ ചില പാഠങ്ങളും ഇതിന്റെ ഭാഗമായി വരുന്നുണ്ട്. അത്തരം സദാചാരപ്രധാന മായ പാഠങ്ങള്‍ ലോകത്തെവിടെയും ഇന്ന് ലഭ്യമായിട്ടുള്ളത് മതഗ്രന്ഥങ്ങളില്‍നിന്നു മാത്രമാണ്. മറ്റ് ഉറവിടങ്ങളില്‍നിന്നും ഇത്തരം പാഠങ്ങള്‍ കിട്ടാനില്ല. അതിനാല്‍ ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ ചെയ്യുന്നത്, ലോകത്തിലെ എല്ലാ പ്രധാനമതങ്ങളില്‍നിന്നു ലഭിക്കുന്നതും, സാര്‍വ്വത്രികമായ സ്വഭാവമുള്ളതും എക്കാലത്തും വിലയുള്ളതുമായ സദാചാരപരമായ പ്രധാന പാഠങ്ങള്‍ ശേഖരിച്ച് ഒരു ക്രമപ്രകാരം അവതരിപ്പിക്കുകയാണ്’.
അറിവ് അനുഭവമാകാന്‍ ചില ജീവിതചര്യകളുടെ മാതൃകകള്‍ മുന്നിലുണ്ടാവണം. ഭൂമിയെ സ്‌നേഹിച്ച അരുളാര്‍ന്ന പൊരുള്‍ മനുഷ്യന്റെ പുണ്യം കൊതിച്ച് വന്ന് ചില മാതൃകകള്‍ ജീവിച്ചു കാണിച്ചു മുന്നേ കടന്നുപോയിരുന്നു. ഉപനിഷത്ത് ഋഷിമാരും ബുദ്ധനും പതഞ്ജലിയും നബിയും യേശുദേവനും ശ്രീനാരായണ ഗുരുദേവനും മറ്റും സാരോപദേശങ്ങളെന്ന രീതിയില്‍ നല്‍കിയിട്ടുള്ള വിജ്ഞാനമാണ് ഈ കൃതിയില്‍ അവതരിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മോഷ്ടിക്കാതിരിക്കുക, കൊല്ലാതിരിക്കുക, കള്ളം പറയാതിരിക്കുക, മദ്യപിക്കാതിരിക്കുക തുടങ്ങിയ ബുദ്ധമതത്തിലെ പഞ്ചശീലങ്ങളും, സമ്യക് ദൃഷ്ടി തുടങ്ങിയ അഷ്ടാംഗ മാര്‍ഗങ്ങളും കായശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, ഇന്ദ്രിയശുദ്ധി, ഗൃഹശുദ്ധി എന്നിങ്ങനെയുള്ള പഞ്ചശുദ്ധി, ബ്രഹ്മ-പിതൃ- ദേവ-ഭൂത, മനുഷ്യന് എന്നിങ്ങനെയുള്ള പഞ്ചയജ്ഞം, ബൃഹദാരണ്യകോപനിഷത്തിലെ ദാനം, ദയ, ദമം എന്നീ ഉപദേശങ്ങള്‍, തൈത്തിരീയത്തിലെ സത്യം വദ, ധര്‍മ്മം ചര തുടങ്ങിയ 21 ഉപദേശങ്ങള്‍, യേശുവിന്റെ പത്ത് കല്പനകള്‍ എന്നിവയെല്ലാം ഉള്‍ക്കാഴ്ചയിലേക്ക് നയിക്കുന്നതിനാണെന്നാണ് കാണേണ്ടത്.
അതില്‍ മുനിഗുരുവിന്റെ പ്രതിപാദനങ്ങളിലെല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നത് ശ്രീനാരായണഗുരുദേവന്‍ മുന്നോട്ടു വെച്ചിട്ടുള്ള ദാര്‍ശനിക വിചാരം തന്നെയാണ് എന്നകാര്യം പ്രത്യേകിച്ചും പറയേണ്ടതില്ലല്ലോ.
ചെറിയ പ്രായം മുതല്‍ ഒരുവന് നല്‍കുന്ന വിദ്യാഭ്യാസത്തിലൂടെയാണല്ലോ ജീവിതത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുള്ളവരായി ഓരോരുത്തരും മാറുന്നത്. ഈ വിദ്യ ‘പരന് പരം പരിതാപമേകിടുന്നതാകരുത്’ എന്ന മുന്നറിയിപ്പ് നല്‍കാന്‍ ജാഗ്രത്തായിരുന്ന മഹാമൗനിയാണ് മുനിഗുരു.
വിദ്യാഭ്യാസത്തെക്കുറിച്ച് പറയുമ്പോള്‍ പൊതുവെ മൂന്നു തരത്തിലുള്ള വിദ്യയെ കുറിച്ച് സൂചിപ്പിക്കാറുണ്ട്. അതിലൊന്ന് ജീവിക്കാനുള്ള വിദ്യയാണ്. ജീവിതത്തെക്കുറിച്ചുള്ള വിദ്യയാണ് മറ്റൊന്ന്. ജീവിതമാകുന്ന വിദ്യയാണ് മൂന്നാമത്തേത്. ഇന്ന് ജീവിക്കാനുള്ള വിദ്യമാത്രമാണ് ഏറെയും പഠിപ്പിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ പേരില്‍ പുതിയ തലമുറയിലുള്ളവരെ കഴിയുന്നത്ര പണമുണ്ടാക്കാനുള്ള യന്ത്രങ്ങളാക്കി മാറ്റുന്ന ശ്രമങ്ങളാണ് ഏറെ കാലമായി നടക്കുന്നത്. ഇത്തരം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പണം യജമാനനും അതു തേടുന്നവര്‍ ഭൃത്യനുമാകുന്നു. ഇതിനര്‍ത്ഥം ജീവിതത്തില്‍ സമ്പത്ത് നേടരുതെന്നല്ല. ജീവിക്കാനാവശ്യമായ സമ്പത്ത് നേടുന്നതിന് വേണ്ടി മനസ്സിനെ പാകപ്പെടുത്തി എടുക്കുകയാണ് വേണ്ടത്. അപ്പോഴാണ് പണം ഭൃത്യനും തേടുന്നവര്‍ യജമാനനും ആകുന്നത്. അതുകൊണ്ട് ആധുനിക വിദ്യാഭ്യാസരംഗത്ത് എന്തിന്റെ കുറവാണോ ഉള്ളത് അതിനെ നല്‍കിക്കൊണ്ട് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.
അതിനായി നേടേണ്ടത് ജീവിതത്തെക്കുറിച്ചുള്ള വിദ്യയും ജീവിതമാകുന്ന വിദ്യയുമാണ്. നിയമം, ശാസ്ത്രസാങ്കേതിക വിദ്യ, വൈദ്യശാസ്ത്രം തുടങ്ങിയ എല്ലാ വിഭാഗത്തിലും പെടുന്ന വിദ്യാര്‍ത്ഥികള്‍ ഈ വിഷയം പഠിക്കണം. ലോകം മുഴുവനും നേരിടുന്ന പ്രശ്‌നമാണ് എന്നതിനാല്‍ യൂണിവേഴ്‌സല്‍ സിലബസ് എന്ന രീതിയിലാണ് ഇത് അവതരിക്കേണ്ടത്. അഖിലരും ആത്മസുഖത്തിനായ് പ്രയത്‌നം ചെയ്യുന്ന ആത്മീയ വിദ്യാഭ്യാസമാണ് മനുഷ്യന്‍ എന്ന നിലയില്‍ ഓരോരുത്തരും നേടേണ്ടത് എന്ന് സാരം. അപ്പോഴാണ് നല്ല മനുഷ്യന്‍ പിറക്കുകയുള്ളൂ. ആഗോള തലത്തിലും ദേശീയ തലത്തിലും ഒട്ടേറെ വിദ്യാഭ്യാസ കമ്മീഷനുകളും പഠനങ്ങളും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കി നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
എന്നാല്‍ പണകേന്ദ്രീകൃതമായ അഭ്യാസത്തിനിടയില്‍ ഇക്കാര്യങ്ങളുടെ ആവശ്യകത എന്തെന്ന് പോലും ചിന്തിക്കാന്‍ ആരും മെനക്കെടാറില്ല എന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. അവിദ്യാഭ്യാസത്തെ വിദ്യാഭ്യാസമെന്ന് കരുതി അത് ശീലിക്കലാണ് ഇന്നുള്ളത്. ഇതാണ് വിദ്യാഭ്യാസമുള്ള മനുഷ്യന്‍ നേരിടുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും പ്രധാന കാരണം. വികസിത രാജ്യങ്ങളിലും ആധുനിക വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തുന്ന രാജ്യങ്ങളിലെയും ജനങ്ങളാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നതും മനോവൈകല്യങ്ങളുള്ളവരായി മാറിക്കൊണ്ടിരിക്കുന്നത് എന്ന സ്ഥിതിവിവരക്കണക്കുകള്‍ ഭയപ്പെടുത്തുന്നവയാണ്. ആധുനിക യുവതലമുറ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ അങ്ങേയറ്റം ഗൗരവത്തോടെ പഠിക്കേണ്ടതും പരിഹാരം കാണേണ്ടതുമായ സംഗതികളാണ്. ഈ പറഞ്ഞ സാഹചര്യത്തിലാണ് യുവദര്‍ശനത്തിന്റെ പ്രാധാന്യം വരുന്നത്.
അടിസ്ഥാനപരമായി താനാരെന്ന മൗലികമായ ചോദ്യം ചോദിക്കുകയും ഉത്തരം തേടി നടക്കുകയും ചെയ്യുന്നത് അഞ്ചറിവു ജീവിയായ മനുഷ്യന്‍ മാത്രമാണെന്നാണ് തിരുമൂലര്‍ സാക്ഷ്യം പറയുന്നത്. ഇക്കാര്യമാണ് യുവദര്‍ശനത്തിന്റെ പീഠികയായി ഞാന്‍ ആരാണ്? എന്ന അധ്യായത്തില്‍ മുനിഗുരു എടുത്തു കാണിക്കുന്നത്. അര്‍ജുനന്‍ ശ്രീകൃഷ്ണനോടും, വാല്മീകി നാരദനോടും, പാര്‍വതി ശിവനോടും, മഹാകാശ്യപന്‍ ബുദ്ധനോടും, ഉദ്ദാലകനോട് ശ്വേതകേതുവും, പിപ്പലാദമഹര്‍ഷിയോട് ശിഷ്യന്മാരും ചോദിച്ചത് ഞാനാരാണെന്നായിരുന്നു.
ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ-
ബുദ്ധിര്‍ ന ചിത്തം വപു:
പ്രാണാഹങ്കൃതയോന്യദപ്യസദവി-
ദ്യാകല്പിതം സ്വാത്മനി
സര്‍വം ദൃശ്യതയാ ജഡം ജഗദിദം
ത്വത്ത: പരം നാന്യതോ
ജാതം ന സ്വത ഏവ ഭാതി മൃഗതൃ-
ഷ്ണാഭം ദരീദൃശ്യതാം.
എന്ന ഉത്തരമായിരുന്നു ഇവരൊക്കെ ഉപദേശമായി നല്‍കിയത്.
അങ്ങനെ അറിഞ്ഞ വിജ്ഞാനത്തെ അനുഭവിക്കുന്നതിന് പ്രയത്‌നിക്കുകയും, എല്ലാ ഉലകും ഉയര്‍ന്ന അറിവാണെന്ന തിരിച്ചറിവില്‍ എത്തുകയും ചെയ്യുക. ഇതാണ് ഭാരതീയ ദര്‍ശനങ്ങളുടെ അടിസ്ഥാന സങ്കല്പം. ഇങ്ങനെ ആയിത്തീരുക എന്നത് ഒരു കലയാണ്. ഇത് ഏത് കാലത്തും മനുഷ്യന്‍ പുലര്‍ത്തേണ്ട ഒരു സംസ്‌കാരമാണ്. വിദ്യാഭ്യാസം, ഭക്തി, യോഗ, ദര്‍ശനം തത്ത്വചിന്ത തുടങ്ങിയ എല്ലാ പദ്ധതികളുടെയും ലക്ഷ്യം ഇതാണ്. പലമതസാരവുമേകം എന്ന ഏകത്വത്തെ അനുഭവിക്കുന്നതിനാണ് പ്രധാനം. അവിടെ ഇന്ന് സാധാരണയായി നാം പറയുന്ന മതത്തിനോ ഗ്രന്ഥങ്ങള്‍ക്കോ വിശ്വാസങ്ങള്‍ക്കോ ഒന്നും വലിയ സ്ഥാനം ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഈ ഏകതയുടെ ദര്‍ശനം ഒരു യൂണിവേഴ്‌സല്‍ ദര്‍ശനം എന്ന് നമുക്ക് പറയാനാകും. അത് തത്ത്വചിന്തയല്ല എന്ന നിരീക്ഷണം പ്രത്യേകം ശ്രദ്ധേയമാണ്.
ദര്‍ശനവും തത്വചിന്തയും വളരെ അകലമുള്ള രണ്ട് സരണികള്‍ ആണ്. എന്നാല്‍, ഫിലോസഫി അല്ലെങ്കില്‍ തത്വചിന്ത ദര്‍ശനമാണ് എന്ന നിലയില്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെയാണ് ഭാരതത്തിന്റെ ദര്‍ശനം അത് ജനജീവിതത്തിന് പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് വഴങ്ങാതെ വരുന്നത്.
ദര്‍ശനം എന്ന വാക്കില്‍ അന്തര്‍ഭവിച്ചിട്ടുള്ള മൂന്നു വശങ്ങള്‍ ദൃക്ക്-ദൃശ്യം-ദര്‍ശനം എന്നിവയാണ്. ഇതില്‍ ദൃശ്യം പോയാല്‍ ദര്‍ശനം മാത്രമേ അവശേഷിക്കൂ. ഈ അവസ്ഥയില്‍ എത്തിച്ചേരുമ്പോഴാണ് പൂര്‍ണ്ണ ദര്‍ശനം സംഭവിക്കുന്നത്. ഇതിനെക്കുറിച്ചുള്ള ചര്‍ച്ചയും പഠനവും ആണ് ഫിലോസഫി. അതായത് ജീവിതം, അറിവ്, പെരുമാറ്റരീതികള്‍ എന്നിവയെ സംബന്ധിച്ച സത്യങ്ങളെയും അടിസ്ഥാന തത്വങ്ങളെയും യുക്തിസഹമായി അന്വേഷണം നടത്തുന്ന പദ്ധതിയാണത്. തത്വചിന്ത ചിന്തയെ സംബന്ധിക്കുന്ന ചിന്തയാണ്. അത് എക്കാലത്തും മനസ്സിന്റെയും ബുദ്ധിയുടെയും തലങ്ങളില്‍ നിന്നുകൊണ്ടാണ് വ്യവഹരിക്കുന്നത്. എന്നാല്‍ മനസ്സിലെയും ബുദ്ധിയിലെയും ചിന്തകളെ ഒഴിവാക്കുന്നതാണ് ദര്‍ശനം. ഈ ദര്‍ശന മാര്‍ഗ്ഗത്തിലേക്ക് എത്തിച്ചേരുന്നതിന് നിരവധിയായ സമ്പ്രദായങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. സാംഖ്യ, യോഗ, ന്യായ, മീമാംസ തുടങ്ങിയവയും ബുദ്ധ-ജൈന ദര്‍ശനങ്ങളും ഒക്കെ. ദര്‍ശനങ്ങളിലേക്ക് എത്തിച്ചേരുന്നതിനു വേണ്ടിയുള്ള സഹായ പദ്ധതികള്‍ മാത്രമാണ് ഇവയെല്ലാം. എല്ലാ ദര്‍ശനങ്ങളും ചര്‍ച്ച ചെയ്യുന്നത് ഏറെ പ്രസക്തിയുള്ള വിഷയങ്ങളാണ്. ഇതില്‍ അടിസ്ഥാനപരമായി നോക്കുമ്പോള്‍ ഞാന്‍ ആരാണ്? ഈ ലോകം എവിടെ നിന്നുണ്ടായി? എങ്ങനെ ഉണ്ടായി? എന്തിന് ഉണ്ടായി? ഇതില്‍ സത്കര്‍മ്മങ്ങളെന്തൊക്കെ? ദുഷ്‌കര്‍മങ്ങളെന്തൊക്കെ? അതില്‍ നല്ല ജീവിതം എന്നു പറയുന്നത് എന്താണ്? ഇതിനായി ലോകത്തില്‍ പല കാലങ്ങളിലായി ജനിച്ച മഹാന്മാര്‍ ജനജീവിതത്തിന്റെ പാകപ്പെടുത്തലിനായി നല്‍കിയിട്ടുള്ള സാരോപദേശങ്ങള്‍ എന്തൊക്കെയാണ്? അടിസ്ഥാനപരമായി ഓരോരുത്തരും ജീവിതലക്ഷ്യം എന്താണ്? ഇത്തരം ഗൗരവമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് പ്രധാനമായും യുവദര്‍ശനം എന്ന കൃതിയില്‍ വളരെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നത്. മുനിഗുരു നടത്തിയിട്ടുള്ള ഈ പ്രഭാഷണം യുവാക്കളോടുള്ള ഒരു ദാര്‍ശനിക സംവാദമാണ്. ദര്‍ശനത്തിന്റെ അടിസ്ഥാന സ്വഭാവം നഷ്ടപ്പെട്ടു പോകാതെ സരളീകരിച്ചിട്ടുള്ള രീതിയിലാണ് ഇതിലെ പ്രതിപാദ്യം.
ജീവിതരേഖ
1938 ഡിസംബര്‍ 9-ന് (1114 വൃശ്ചികം 24) തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിനടുത്ത് നഗരൂരില്‍ സ്‌കൂള്‍ അധ്യാപകന്‍ ജി. മാധവന്റെയും നാരായണിയുടെയും മകനായി ജനിച്ചു. എം. എന്‍. പ്രസാദ് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. എസ്. എസ്. എല്‍. സി. പാസായശേഷം വക്കത്തുള്ള എം.വി.റ്റി.ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എഞ്ചിനിയറിംഗില്‍ ചേര്‍ന്നു മദ്രാസ് ഗവണ്‍മെന്റിന്റെ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന കോഴ്‌സിന് പഠനം തുടര്‍ന്നു. ഈ പഠനകാലയളവില്‍, 1955-ല്‍ നാരായണ ഗുരുകുലവും നടരാജഗുരുവുമായി ബന്ധപ്പെട്ടു. 1958-ല്‍ പി.എസ്.സി. മുഖേന സര്‍ക്കാര്‍ സര്‍വീസിലേക്കു തിരഞ്ഞെടുക്കപ്പെടുകയും തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ ഹ്രസ്വകാലപരിശീലനത്തിനുശേഷം കൊല്ലം ഇറിഗേഷന്‍ സബ്ഡിവിഷന്‍ ഓഫീസില്‍ സെക്കന്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് വര്‍ക്കല നാരായണ ഗുരുകുലത്തില്‍ താമസിച്ചുകൊണ്ടുതന്നെയാണ് ഉദ്യോഗത്തിനു പോയിരുന്നത്.
1970 ജനുവരി ഒന്നിന് നടരാജഗുരുവില്‍ നിന്ന് ബ്രഹ്മചര്യദീക്ഷ സ്വീകരിച്ചു. ഇതിനെത്തുടര്‍ന്ന് നടരാജഗുരു അദ്ദേഹത്തെ നാരായണ ഗുരുകുല ശിഷ്യപരമ്പരയില്‍ ഉള്‍പ്പെടുത്തുകയും മുനി നാരായണ പ്രസാദ് എന്ന പേരു നല്‍കുകയും ചെയ്തു. അധികം താമസിയാതെ ഉദ്യോഗം രാജിവച്ച് ജീവിതം പൂര്‍ണ്ണമായും ഗുരുകുലത്തിനു സമര്‍പ്പിച്ചു. 1970-ല്‍ ഏഴിമലയില്‍ നടരാജഗുരു സംഘടിപ്പിച്ച ലോക സമാധാന സമ്മേളനത്തിന്റെ സംഘാടകന്‍. ആ സമ്മേളനത്തില്‍ ആദ്യമായി ഇംഗ്ലീഷില്‍ പ്രബന്ധം അവതരിപ്പിച്ചു. 1971-ല്‍ ശാസ്താംകോട്ടയില്‍ നടന്ന ലോക സര്‍വ്വമത സമ്മേളനത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി. നടരാജഗുരുവിന്റെ സമാധിസ്ഥലത്ത് ബ്രഹ്മവിദ്യാമന്ദിരം പണിതീര്‍ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.
1973 മുതല്‍ 1989 വരെ നാരായണ ഗുരുകുലത്തിന്റെ മുഖപത്രമായ ‘ഗുരുകുലം’ ദാര്‍ശനിക മാസികയുടെ പത്രാധിപര്‍. 1985-ല്‍ ഗുരു നിത്യചൈതന്യയതിയില്‍ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചു. 1987 ഫെബ്രുവരിയില്‍ മോസ്‌കോയില്‍ നടന്ന ലോക മതനേതാക്കളുടെ വട്ടമേശസമ്മളനത്തില്‍ പങ്കെടുത്തു. 1989 ജൂണ്‍ മുതല്‍ 1992 വരെ ശാന്തസമുദ്രത്തിലുള്ള ഫിജി ദ്വീപിലെ നാരായണ ഗുരുകുലത്തില്‍ കഴിഞ്ഞു. 1999-ല്‍ ഗുരു നിത്യയുടെ സമാധിക്കുശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനും ഗുരുവുമായി തുടരുന്നു.
സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ഫിജി, അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.