Sunday, January 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

കവിതയുടെ നേര്‍പ്പൊരുളുകള്‍

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

Print Edition: 26 November 2021

മലയാളവിമര്‍ശനത്തിന് പുതിയ ഉണര്‍വ്വും ഗതിവേഗവും നല്‍കിയ ആധുനിക നിരൂപകരില്‍ ഏറെ ശ്രദ്ധേയനാണ് വി.രാജകൃഷ്ണന്‍. കെ.പി.അപ്പനും നരേന്ദ്രപ്രസാദിനും ആഷാമേനോനുമൊപ്പം മലയാളാധുനികതയെ നിര്‍വ്വചിക്കുകയും വിശദീകരിക്കുകയും ചെയ്ത ഈ നിരൂപകന്റെ വിമര്‍ശനമേഖലയിലെ ഇടപെടലുകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നാളിതുവരെ വിലയിരുത്തപ്പെട്ടിട്ടില്ല എന്നതാണ് ഖേദകരമായ യാഥാര്‍ത്ഥ്യം. മലയാളത്തിലെ ആധുനികതയെ സൈദ്ധാന്തികമായും സൗന്ദര്യശാസ്ത്രപരമായും തത്വചിന്താപരമായും അപഗ്രഥിക്കുന്ന ഈടുറ്റ അനേകം ഗ്രന്ഥങ്ങള്‍ വി.രാജകൃഷ്ണനില്‍ നിന്ന് നമുക്ക് കൈവന്നിട്ടുണ്ട്. തന്റെ വിമര്‍ശകജീവിതത്തിന്റെ ആരംഭകാലം മുതല്‍ കവിതയെ ഗാഢമായി അപഗ്രഥിക്കുന്നതില്‍ ബദ്ധശ്രദ്ധനായ നിരൂപകനെന്ന നിലയിലും വി.രാജകൃഷ്ണന്‍ ആദരവര്‍ഹിക്കുന്നു. കെ.പി.അപ്പനും ആഷാമേനോനും കൂടുതല്‍ ശ്രദ്ധിച്ചത് ഗദ്യസാഹിത്യത്തെയായിരുന്നു. നോവലും ചെറുകഥയുമായിരുന്നു അവരുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. നരേന്ദ്രപ്രസാദും വി.രാജകൃഷ്ണനും ഗദ്യസാഹിത്യത്തെയും കവിതയെയും ആധുനികതയുടെ കണ്ണിലൂടെ വിലയിരുത്തുന്നതില്‍ പ്രത്യേകമായ താത്പര്യം കാട്ടിയിരുന്നു. കെ.പി.അപ്പനും ആഷാമേനോനും സ്വീകരിച്ച നിലപാടുകളില്‍ പ്രതിഫലിക്കപ്പെട്ടത് ആധുനിക ഭാവുകത്വത്തിന്റെ അരാഷ്ട്രീയ ദര്‍ശനമായിരുന്നുവെന്ന് പില്‍ക്കാല നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വി.രാജകൃഷ്ണന്റെയും നരേന്ദ്രപ്രസാദിന്റെയും നിരൂപണങ്ങള്‍ കുറേക്കൂടി രാഷ്ട്രീയജാഗ്രതയാര്‍ന്നതാവണമെന്ന യാഥാര്‍ത്ഥ്യവും അവര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സിനിമയടക്കമുള്ള ഇതര സംസ്‌കാരരൂപങ്ങളുമായുള്ള അടുത്ത ബന്ധവും പുതിയ നിരൂപണങ്ങളുമായുള്ള പരിചയവും വി.രാജകൃഷ്ണന്റെ പഠനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും സൈദ്ധാന്തികമായ ഉള്ളുറപ്പും നല്‍കിയിട്ടുണ്ട്.

കൃത്യമായ ഇടവേളകളില്‍ മലയാളവിമര്‍ശനത്തിന് അഭികാമ്യമായ ദിശാവ്യതിയാനം നിര്‍ദ്ദേശിക്കുന്ന വിമര്‍ശനഗ്രന്ഥങ്ങളുമായി വി.രാജകൃഷ്ണന്‍ കടന്നുവരാറുണ്ട്. രോഗത്തിന്റെ പൂക്കള്‍, ചെറുകഥയുടെ ഛന്ദസ്സ്, മറുതിര കാത്തുനിന്നപ്പോള്‍, നഗ്നയാമിനികള്‍, ആളൊഴിഞ്ഞ അരങ്ങ്, ചെറുകഥയുടെ രാഗതാളങ്ങള്‍, ഭ്രഷ്ടിന്റെ നാനാര്‍ത്ഥങ്ങള്‍, ചുഴികള്‍ ചിപ്പികള്‍, മൗനംതേടുന്ന വാക്ക് തുടങ്ങിയ വിമര്‍ശനഗ്രന്ഥങ്ങള്‍ സാഹിത്യവിമര്‍ശനകലയുടെ നഷ്ടപ്പെട്ട മഹത്വത്തെ പ്രത്യാനയിച്ച മികച്ച പഠനങ്ങളുടെ സമ്പുടമായിരുന്നു. ആ നിരയില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും പുതിയ വിമര്‍ശനഗ്രന്ഥമാണ് ‘ഏഴിതള്‍പ്പൂവ്’. കവിതയോട് വി.രാജകൃഷ്ണനിലെ വിമര്‍ശകന്‍ എപ്രകാരം സംവദിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ പുസ്തകം. ഈ പുസ്തകത്തിന്റെ മുഖക്കുറിപ്പില്‍ വി.രാജകൃഷ്ണന്‍ സൂചിപ്പിച്ച ചില കാര്യങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അതേപടി ഉദ്ധരിക്കട്ടെ. ”ഒരു വിമര്‍ശകന്‍ എന്ന നിലയില്‍ എന്റെ ശ്രദ്ധ ഏറെയും പിന്നിട്ടിട്ടുള്ളത് നോവലിലും ചെറുകഥയിലുമാണ്. ബോധപൂര്‍വ്വം കൈക്കൊണ്ട ഒരു തീരുമാനത്തിന്റെ ഫലം കൂടിയായിരുന്നു ഇത്. എങ്കിലും മനസ്സിന്റെ ഒരൊഴിഞ്ഞ കോണില്‍ കവിതയോടുള്ള ഗാഢാനുരാഗം ഞാന്‍ എല്ലാകാലത്തും കാത്തുസൂക്ഷിച്ചിരുന്നു. ജീവിതസായാഹ്നത്തില്‍ ആ അനുരാഗത്തിന് ഞാനര്‍പ്പിക്കുന്ന ആദരമാണീ പുസ്തകം.” പാശ്ചാത്യമായ ദുര്‍ഗ്രഹാശയങ്ങളെയും സൈദ്ധാന്തിക പരികല്പനകളെയും ക്ലിഷ്ടമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നവീനോത്തര വിമര്‍ശകരുടെ എതിര്‍ധ്രുവത്തില്‍ നിലയുറപ്പിച്ച് കവിതയുടെ സൗന്ദര്യഘടകങ്ങളെയും സാംസ്‌കാരികഘടകങ്ങളെയും പാകശാലിതയോടെ അപഗ്രഥിക്കുന്ന സമീപനരീതിയാണ് ഈ വിമര്‍ശനത്തിന്റെ ഏറ്റവും വലിയ സവിശേഷത. പണ്ഡിതനും സഹൃദയനുമായ ഒരു നിരൂപകന്റെ കാവ്യപഠനങ്ങളാണ് ഈ പുസ്തകത്തെ വിലപിടിപ്പുള്ളതാക്കുന്നത്.

മല്ലാര്‍മെയുടെ ചിന്തകള്‍ പങ്കിട്ടുകൊണ്ടാണ് കവിതയെക്കുറിച്ചുള്ള തന്റെ സങ്കല്പനം വി.രാജകൃഷ്ണന്‍ വ്യക്തമാക്കുന്നത്. ആശയങ്ങള്‍കൊണ്ടല്ല വാക്കുകള്‍കൊണ്ടാണ് കവിത നിര്‍മ്മിക്കുന്നത് എന്നാണ് മല്ലാര്‍മെ പറയുന്നത്. പരാവര്‍ത്തനക്ഷമമായ ഉള്ളടക്കത്തിന്റെ പേരിലാവരുത് നാം കവിതയെ വിലമതിക്കേണ്ടത്. ശബ്ദവും താളവും ചിത്രകല്പനയും പ്രതിരൂപവും സ്വരക്രമവും ഇഴുകിച്ചേര്‍ന്നാണ് കവിത പകരുന്ന ലാവണ്യാനുഭൂതിയൊരുക്കൂട്ടുന്നത്. കവിത ഇതരസാഹിത്യരൂപങ്ങളോട് എന്നതിനേക്കാള്‍ സുകുമാരകലകളുമായി ചേര്‍ന്നു നില്‍ക്കുന്നത് ഈ അര്‍ത്ഥത്തിലാണെന്നാണ് വി.രാജകൃഷ്ണന്‍ ഉറച്ചു വിശ്വസിക്കുന്നത്. സാമൂഹ്യശാസ്ത്രത്തിനുള്ള അടിക്കുറിപ്പായി കവിതയെ ന്യൂനീകരിക്കുന്നവരോടും രാഷ്ട്രീയപ്രത്യയശാസ്ത്രത്തിന്റെ പ്രൊക്രൂസ്റ്റിയന്‍ കട്ടിലില്‍ കിടത്തി കവിതയെ കീറിമുറിച്ച് വിനോദിക്കുന്നവരോടും തനിക്കുള്ള കടുത്ത വിയോജിപ്പും വി.രാജകൃഷ്ണന്‍ മുഖക്കുറിപ്പിലൂടെ തുറന്നു രേഖപ്പെടുത്തുന്നുണ്ട്. സാമൂഹ്യശാസ്ത്രാധിഷ്ഠിതനിരൂപണ സമ്പ്രദായത്തോടും പ്രത്യയശാസ്ത്രവിമര്‍ശന സമീപനത്തോടും തനിക്കുള്ള വിപ്രതിപത്തി കൃത്യമായും സാക്ഷ്യപ്പെടുത്തുന്ന വിധത്തിലാണ് തന്റെ മുന്‍കാലവിമര്‍ശനഗ്രന്ഥങ്ങളെന്നപോലെ ഈ പുതിയ കൃതിയെയും അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ‘കവിത പകരുന്ന സൂക്ഷ്മമായ ലാവണ്യാനുഭവത്തെ ഇതള്‍വിടര്‍ത്തിക്കാണിക്കുന്നതിലൂടെയാണ് ഇക്കൂട്ടര്‍ക്ക് മറുപടി നല്‍കേണ്ടതെന്ന് ഞാന്‍ കരുതുന്നു. കവിതയ്ക്കുള്ളിലെ വിടവുകളും ശൂന്യസ്ഥലങ്ങളും മൗനങ്ങളും നിറയ്ക്കാന്‍ തന്റെ സര്‍ഗാത്മകമായ പങ്കാളിത്തത്തിലൂടെ വിമര്‍ശകനു കഴിഞ്ഞെന്നു വരാം. ആ വിശ്വാസമാണ് ഈ കൃതിക്കു പിന്നിലുള്ള പ്രേരണ.’ നിരൂപകന്റെ ഈ വാക്കുകള്‍ കാവ്യപഠിതാക്കള്‍ക്ക് വിലപ്പെട്ട ഒരു നിര്‍ദ്ദേശമായി ഭവിക്കുന്നുണ്ട്. സാഹിത്യ വിമര്‍ശനം യാന്ത്രികസ്വഭാവമാര്‍ന്ന ഒരു മൈനര്‍ ആര്‍ട്ടാണെന്ന ധാരണയെ സമ്പൂര്‍ണമായി കയ്യൊഴിയുവാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ഹിതകരമായ ഒരു വീക്ഷണത്തിന്റെ വെളിച്ചമാണ് ഈ വാക്കുകളില്‍ നിന്ന് പൊഴിയുന്നത്.

കവിത്രയാനന്തരകാലഘട്ടത്തില്‍ മലയാള കവിതയെ പുഷ്ടിപ്പെടുത്തിയ ഏഴ് കവികളുടെ മികച്ച ഏഴു കവിതകളുടെ പഠനങ്ങളാണ് ഈ പുസ്തകത്തിലുള്‍ച്ചേര്‍ത്തിട്ടുള്ളത്. കവിതകളുടെ തെരഞ്ഞെടുപ്പ് തീര്‍ത്തും ആത്മനിഷ്ഠമായ ഒന്നാണെന്ന് വിമര്‍ശകന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പകരംവെയ്ക്കാനില്ലാത്ത ഏതോ ജീവിതസത്യത്തിന്റെ പ്രകാശനമാണ് കവിത എന്ന തോന്നല്‍ പങ്കിട്ട ഏഴു കവികളുടെ കവിതകളെയാണ് താന്‍ വിലയിരുത്തിയതെന്നും ഈ കവിതകള്‍ (പഠനങ്ങളും) ഒരുമിച്ചു വായിക്കുമ്പോള്‍ ചില അടിസ്ഥാനക്രമങ്ങള്‍ അവയില്‍ ഊറിക്കൂടുന്നതായി വായനക്കാര്‍ക്ക് തോന്നിക്കൂടായ്കയില്ലെന്നും രാജകൃഷ്ണന്‍ മുഖക്കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. ആറു പഠനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. താളവട്ടം തെറ്റിച്ചുകൊണ്ടൊരു പൂക്കണി. മഞ്ഞുകാറ്റില്‍ മാറ്റൊലിക്കൊള്ളുന്ന അശരീരിവാക്യം പുലര്‍കാലം പായല്‍പ്പരപ്പിലെഴുതിയത്, അരൂപികളുടെ യാമം, രാത്രി വന്നെത്തുംമുമ്പ്, കടല്‍ക്കാറ്റില്‍ അലച്ചെത്തുന്ന ചോദ്യങ്ങള്‍ എന്നീ ശീര്‍ഷകങ്ങളോടുകൂടിയ ആറു ലേഖനങ്ങള്‍. മഹാകവി അക്കിത്തത്തിന്റെ ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം എന്ന വിശ്രുതകവിതയുടെ പഠനമാണ് ആദ്യലേഖനമായ ‘താളവട്ടം തെറ്റിച്ചു കൊണ്ടൊരു പൂക്കണി’. മഞ്ഞുകാറ്റില്‍ മാറ്റൊലിക്കൊള്ളുന്ന ‘അശരീരിവാക്യം’ എന്ന രണ്ടാമത്തെ ലേഖനത്തില്‍ രണ്ടു കവിതകളെ ചേര്‍ത്തുവെച്ച് പഠിക്കുന്നു. ബാക്കി ലേഖനങ്ങളെല്ലാം തന്നെ വിശ്രുത കവിതകളുടെ പഠനങ്ങളത്രെ. ‘മഞ്ഞുകാറ്റില്‍ മാറ്റൊലിക്കൊള്ളുന്ന അശരീരിവാക്യം’ എന്ന പഠനത്തില്‍ പി.കുഞ്ഞിരാമന്‍നായരുടെ ‘നരബലി’, എന്‍.വി.കൃഷ്ണവാര്യരുടെ ‘അവസാനത്തെ ആസ്പത്രി’ എന്നീ വിശ്രുത രചനകളാണ് വിലയിരുത്തപ്പെടുന്നത്. പുലര്‍കാലം പായല്‍പ്പരപ്പിലെഴുതിയത് ഇടശ്ശേരിയുടെ പ്രശസ്ത കവിതയായ ‘വിവാഹ സമ്മാന’ത്തിന്റെ സൂക്ഷ്മപഠനമാണ്. ‘അരൂപികളുടെയാമം’ എന്ന ലേഖനം ജി.ശങ്കരക്കുറുപ്പിന്റെ ഉജ്ജ്വലരചനയായ ‘പെരുന്തച്ച’ന്റെയും വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘തച്ചന്റെ മകന്‍’ എന്ന കവിതയുടെയും വേറിട്ട വായനയാണ്. ജിയുടെ തന്നെ ‘നിഴലുകള്‍ നീളുന്നു’ എന്ന കവിതയുടെ സവിസ്തരപഠനമത്രെ ‘രാത്രിവന്നെത്തുംമുമ്പ്’. ‘കടല്‍ക്കാറ്റില്‍ അലച്ചെത്തുന്ന ചോദ്യങ്ങള്‍ എന്ന ആറാമത്തേതും അവസാനത്തേതുമായ ലേഖനം ബാലാമണിയമ്മയുടെ ‘വിഭീഷണന്‍’ എന്ന കവിതയെ പ്രത്യേകമായി വിലയിരുത്തുന്നു. അക്കിത്തം, എന്‍.വി.കൃഷ്ണ വാര്യര്‍, ഇടശ്ശേരി, പി.കുഞ്ഞിരാമന്‍നായര്‍, ജി.ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, വൈലോപ്പിള്ളി എന്നീ വരിഷ്ടകവികളുടെ കാവ്യപ്രപഞ്ചത്തെ പുതിയ പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം എം.പി.ശങ്കുണ്ണിനായരുടെ ‘കാവ്യ വ്യുത്പത്തി’ എന്ന ക്ലാസിക്കൃതിയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയത്രേ. സിദ്ധാന്തഭാരങ്ങളും മുന്‍വിധികളുമില്ലാതെ തെളിഞ്ഞ വിമര്‍ശനഭാഷയില്‍ കവിതയുടെ പ്രബുദ്ധവും സൗന്ദര്യപൂര്‍ണവുമായ ലോകത്തിലേക്ക് വായനക്കാരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന ഈ പുസ്തകത്തെ ഇനിയൊന്ന് അടുത്തു പരിചയപ്പെടാം.

കവിതയുടെ അര്‍ത്ഥലോകങ്ങള്‍
ഓണസങ്കല്‍പത്തിന്റെ അമൃ തഖനിയില്‍ നിന്ന് പിറവിയെടുത്ത കവിതയാണ് അക്കിത്തത്തിന്റെ ‘ഇടിഞ്ഞുപൊളിഞ്ഞലോകം’. ഓണക്കാലത്ത് വെളിച്ചം കാണുന്ന ഒട്ടേറെ ഓണക്കവിതകളില്‍ നിന്ന് ‘ഇടിഞ്ഞുപൊളിഞ്ഞലോകം’ എവ്വിധം വേറിട്ടു നില്‍ക്കുന്നുവെന്ന് ഈ പഠനം കാട്ടിത്തരുന്നുണ്ട്. ഒരസുരചക്രവര്‍ത്തിയായി പുരാണേതിഹാസങ്ങളില്‍ പതിഞ്ഞുകിടന്നിരുന്ന മഹാബലി നഷ്ടസ്വര്‍ഗത്തെ സംബന്ധിക്കുന്ന മലയാളിയുടെ സങ്കല്പത്തിന്റെ നിറവാര്‍ന്ന രൂപമായി എങ്ങനെ പരിണമിച്ചു എന്നത് കേരളീയസമൂഹത്തിന്റെ തനതായ മൂല്യബോധത്തിലേക്ക് വെളിച്ചം വീശുന്ന ഒരു സംഗതിയാണെന്നും ഈ നിരൂപകന്‍ വിശ്വസിക്കുന്നുണ്ട്. പൊന്നിന്‍ചിങ്ങമാസത്തില്‍ വന്നണയുന്ന ഓണാഘോഷത്തെ ഭൂതവര്‍ത്തമാനങ്ങളെ വിലയിരുത്തുവാനുള്ള അളവുകോലാക്കി നമ്മുടെ കവിതകള്‍ ഏതുവിധത്തില്‍ ഉപയോഗപ്പെടുത്തിയെന്ന സുപ്രധാനചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. ‘ഇടിഞ്ഞുപൊളിഞ്ഞലോകം’ എന്ന കവിതയെ ആഴത്തില്‍ വിശകലനം ചെയ്തുകൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം സ്വയമാരായുകയാണ് നിരൂപകന്‍. ഈ കവിതയുടെ ഘടനാപരമായ സവിശേഷതകളും പ്രതിപാദ്യ വിഷയവും ആവിഷ്‌കാരപരമായ പുതുമകളും കൃത്യമായി വിലയിരുത്തിയ ശേഷം അദ്ദേഹം എത്തിച്ചേരുന്ന നിഗമനം ഏറെ ആലോചനാമൃതമത്രെ. ‘ഓണത്തപ്പനെക്കുറിച്ചുള്ള ഐതിഹ്യത്തെപ്പറ്റി ചെറുപരാമര്‍ശം പോലും നടത്താതെ, മലയാളിയുടെ ഓണാഘോഷം കണ്ണുനീരും ചോരയും പതിഞ്ഞ് വികൃതമായിത്തീര്‍ന്നു കൊണ്ടിരിക്കുന്ന ദൃശ്യം അവതരിപ്പിക്കുന്ന ഈ കവിതയ്ക്ക് അക്കിത്തത്തിന്റെ കാവ്യജീവിതത്തില്‍ പ്രത്യേക പ്രാധാന്യമുള്ളതായി തോന്നുന്നു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ എന്നതുപോലെ ‘ഇടിഞ്ഞുപൊളിഞ്ഞലോക’ത്തിന്റെയും രചനയില്‍ അന്തര്‍ലീനമായിരിക്കുന്ന ഒരു ദ്വന്ദ്വാത്മകപ്രക്രിയയുണ്ട്. ചരിത്രത്തിന്റെ കൊടുംപാതകങ്ങള്‍ കണ്ട് ഞെട്ടിത്തരിക്കുകയും വിമോചനസ്വപ്‌നങ്ങളുടെ തകര്‍ച്ചയോര്‍ത്ത് ആടല്‍പ്പെടുകയും ചെയ്യുന്ന കവിചേതന നിരവധി ശാഖാ ചംക്രമണങ്ങള്‍ക്കു ശേഷം ശാന്തിമന്ത്രത്തോടടുക്കുന്ന ചിത്രമാണ് അക്കിത്തം ‘ഇരുപതാം നൂറ്റാണ്ടിന്റെ’ ഇതിഹാസത്തില്‍ ത്രിമാനഭംഗിയോടെ വരച്ചിടുന്നത്. ഇതുമായി സാമ്യം വഹിക്കുന്ന ഒരു ഭാവഘടന നാം ചര്‍ച്ച ചെയ്ത കവിതയിലും കണ്ടെത്താന്‍ കഴിയും.’ ‘ഇടിഞ്ഞുപൊളിഞ്ഞലോകം’ എന്ന കവിതയുടെ രാഷ്ട്രീയവിവക്ഷയും സൗന്ദര്യാത്മകതയും ഇത്രയാഴത്തില്‍ മറ്റൊരു നിരൂപകനും വിലയിരുത്തിയിട്ടില്ല എന്നതാണ് സത്യം.

പി. കുഞ്ഞിരാമന്‍ നായരുടെ ‘നരബലി’ ഒട്ടേറെ നിരൂപകരുടെ ഗാഢപാരായണത്തിന് വിധേയമായ കവിതയാണ്. എന്നാല്‍ എന്‍.വി. കൃഷ്ണവാര്യരുടെ ‘അവസാനത്തെ ആസ്പത്രി’ എന്ന കവിതയ്ക്ക് അത്തരമൊരു ഭാഗ്യം കൈവന്നിട്ടില്ല. ഈ രണ്ടു കവിതകളും ഇന്ത്യാ-ചൈനാ യുദ്ധപശ്ചാത്തലത്തില്‍ പിറവികൊണ്ടവയാണ്. രണ്ട് വ്യത്യസ്ത സ്ഥായികളിലുള്ള ഈ കവിതകളെ താരതമ്യവിമര്‍ശനത്തിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി പുതുതായി വായിച്ചെടുക്കുന്നു, വി.രാജകൃഷ്ണനിലെ കൃതഹസ്തനായ വിമര്‍ശകന്‍. ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലവും അക്കാലത്തെ ദേശീയരാഷ്ട്രീയത്തിന്റെ സ്വഭാവസവിശേഷതകളും ആഗോളസാഹചര്യവും ഇന്ത്യന്‍ മനസ്സിനേറ്റ മുറിപ്പാടുകളും സംഷിപ്തമായി സൂചിപ്പിച്ച ശേഷമാണ് ഈ കവിതകളിലേക്ക് അദ്ദേഹം ആണ്ടുമുഴുകുന്നത്. ഹിമാലയമെന്ന രൂപകം എങ്ങനെ ‘അവസാനത്തെ ആസ്പത്രി’യെ ഭാവനിര്‍ഭരമാക്കുന്നുവെന്ന് സൂക്ഷ്മമായി കണ്ടെത്തിയ രീതി അത്യന്തം ശ്ലാഘനീയം തന്നെ. ‘നരബലി’യിലെ ആത്മവിമര്‍ശനസ്വരവും ബിംബവിധാനത്തിലെ പ്രത്യേകതകളും നാടകീയതയും ഭാഷാപരമായ ക്രമക്കണക്കുകളും അനിതരസാധാരണമായ പാടവത്തോടെ വിശദീകരിക്കുവാനും വി.രാജകൃഷ്ണന് സാധിച്ചിട്ടുണ്ട്. ‘നരബലി’ പില്ക്കാലത്ത് എങ്ങനെ വായിക്കപ്പെടും എന്ന ചോദ്യത്തിന് തന്റേതായ ഉത്തരം അദ്ദേഹം നല്‍കുന്നുണ്ട്. ‘1962-ലെ അതിര്‍ത്തി യുദ്ധത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ദേശീയാന്തരീക്ഷത്തില്‍ മായാതെ നിന്നിരുന്ന വേളയില്‍ രചിക്കപ്പെട്ട ഈ കവിത പിന്നീടൊരു സന്ദര്‍ഭത്തില്‍ എങ്ങനെ വീണ്ടും വായിക്കപ്പെടാനോ ദുരുപയോഗം ചെയ്യപ്പെടാനോ ഒക്കെയുള്ള സാധ്യതകള്‍ തുറന്നു കിടപ്പുണ്ടായിരുന്നു എന്ന ചിന്ത എനിക്ക് ഒഴിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല. രാഷ്ട്രീയ സ്വയംസേവക സംഘിന്റെ താത്വികാചാര്യന്മാരിലൊരാള്‍ ‘നരബലി’ വായിക്കുന്നതായി സങ്കല്പിക്കുക. ഇതിലെ ഭാരതമാതാ സങ്കല്പവും ഹിംസയിലൂടെയുള്ള ആത്മശുദ്ധീകരണപ്രക്രിയയുടെ വിവരണവും ആ വ്യക്തിയെ ആകര്‍ഷിക്കാനിടയുണ്ട്. പി.യുടെ കവിതയില്‍ അന്തര്‍ലീനമായിട്ടുള്ള നെഹ്‌റുവിയന്‍ വികസനമാതൃകയുടെ തിരസ്‌കാരവും, ഇതില്‍ കൊണ്ടാടപ്പെടുന്ന ദേശീയതയും ആര്‍.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രത്തോട് ഏറെച്ചേര്‍ന്നു നില്‍ക്കുന്ന കാര്യങ്ങളാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ‘പ്രോട്ടോഫാഷിസ്റ്റ്’ എന്ന വിശേഷണമര്‍ഹിക്കുന്ന ഒരു രാഷ്ട്രീയചിന്താഗതി ഈ കവിതയുടെ സൂക്ഷ്മഭാവങ്ങളില്‍ മറഞ്ഞിരിപ്പുണ്ട്. പൗരസ്ത്യലോകത്തിനു നേതൃത്വം കൊടുക്കാറുള്ള ദൈവികവും ചരിത്രപരവുമായ നിയോഗം അഖണ്ഡഭാരതത്തിന്റെമേല്‍ അര്‍പ്പിതമായ ഒന്നാണ് എന്ന ശാഠ്യം കലര്‍ന്ന വിശ്വാസം സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രപഞ്ചവീക്ഷണത്തിന്റെ ആണിക്കല്ലാണ് എന്ന അഭിപ്രായവും ഈ നിരൂപകന്‍ തുറന്നു പറയുന്നുണ്ട്. നെഹ്‌റുവിയന്‍ ഇടതുവലതുചേരുവയുള്ള ചരിത്രവീക്ഷണത്തിന്റെ ഉത്പന്നമാണ് വാസ്തവത്തില്‍ ഈ നിലപാട്. ‘നരബലി’യുടെ ആന്തരാനുഭവം ശരിയായി തിരിച്ചറിയുന്നവര്‍ക്ക് നിരൂപകന്റെ ഈ അഭിപ്രായത്തെ തള്ളിക്കളയാനേ സാധിക്കൂ. എന്നിരുന്നാലും ‘നരബലി’ക്ക് മലയാളത്തിലുണ്ടായ ശ്രദ്ധേയ പഠനങ്ങളുടെ നിരയില്‍ നിശ്ചയമായും ഈ പഠനത്തിന് സ്ഥാനം ലഭിക്കുമെന്നു വിശ്വസിക്കുന്നു. ‘വിവാഹസമ്മാനം’ സഹൃദയസഭയില്‍ ഏറെ അംഗീകാരം നേടിയെടുത്ത ഇടശ്ശേരിക്കവിതകളിലൊന്നാണ്. ‘വിവാഹസമ്മാന’ത്തിലെ നായികയുടെ മനോസഞ്ചാരത്തിന്റെ വിവിധ ഘട്ടങ്ങളിലേക്കും ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളിലേക്കും തികഞ്ഞ കയ്യടക്കത്തോടെ നിരൂപകന്‍ കടന്നുചെല്ലുന്നുണ്ട്. സ്‌നേഹിച്ച പുരുഷന്റെ വഞ്ചനക്ക് പ്രതികാരമെന്നോണം സ്വയംഹത്യയുടെ വഴി സ്വീകരിച്ച നായികയെ ഇടശ്ശേരി ശില്‍പഭദ്രതയോടെ എങ്ങനെ ചിത്രീകരിച്ചുവെന്നറിയുവാന്‍ ഈ ലേഖനം വായിച്ചാല്‍ മതിയാവും. ഊനകാകളി എന്ന വൃത്തം ഈ കവിതയ്ക്ക് സ്വീകരിച്ചതെന്തുകൊണ്ടാണെന്നുള്ള വിശദീകരണം കവിതയുടെ അന്തര്‍ഭാവത്തിലേക്ക് നിപുണദൃഷ്ടിയോടെ കടന്നുചെല്ലുന്ന ഒരു നിരൂപകന് മാത്രം നല്‍കാനാവുന്നതാണ്. ഈ കവിതയിലെ വൈകാരികതലവും നാടകീയതലവും ഭാവാന്തരീക്ഷസവിശേഷതകളും പിഴവുകളില്ലാതെ വെളിപ്പെടുത്തുന്നുണ്ട്, അളന്നു മുറിച്ചവാക്കുകളിലൂടെ ഈ വിമര്‍ശകന്‍.

ജിയുടെ ‘പെരുന്തച്ചന്‍’ എന്ന കവിതയെയും വൈലോപ്പിള്ളിയുടെ തച്ചന്റെ മകള്‍ എന്ന കവിതയെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള പഠനങ്ങള്‍ മലയാളത്തില്‍ സുലഭമാണ്. എന്നാല്‍ ഈ രണ്ടു കവിതകളെയും ഇത്ര നിഷ്‌കൃഷ്ടമായി അപഗ്രഥിക്കുന്ന അധികം പഠനങ്ങളുണ്ടായിട്ടില്ല. പിതാ-പുത്രസംഘര്‍ഷത്തിന്റെയും ആത്മവിചാരങ്ങളുടെയും കുറ്റബോധത്തിന്റെയും ഐതിഹ്യവിചാരത്തിന്റെയും നാടകീയതയുടെയും ദുരന്തത്തിന്റെയും വിവിധവിതാനങ്ങളിലൂടെ സഞ്ചരിച്ചാണ് വി.രാജകൃഷ്ണന്‍ ‘പെരുന്തച്ചന്‍’ എന്ന കവിതയ്ക്ക് തന്റേതായ ഭാഷ്യം നല്‍കുന്നത്. പിതാവിന്റെ നോട്ടപ്പാടിലൂടെ പിറവികൊണ്ട പെരുന്തച്ചനെയും മകന്റെ നോട്ടപ്പാടിലൂടെ പിറവികൊണ്ട ‘തച്ചന്റെ മകനെയും’ സാമ്യപ്പെടുത്തുന്ന ഘടകങ്ങളേതൊക്കെയാണെന്നും ഈ ലേഖനം സ്പഷ്ടമായി കാട്ടിത്തരുന്നുണ്ട്. വൈലോപ്പിള്ളിയുടെയും ജിയുടെയും വ്യക്തിത്വത്തിന്റെ മൗലികവ്യത്യാസങ്ങളെ മുന്‍നിര്‍ത്തിയുള്ള കാവ്യാപഗ്രഥനത്തിന്റെ സഫലതയ്ക്ക് മുന്തിയ ഉദാഹരണമാണ് കനപ്പെട്ട ഈ ലേഖനം. ജിയുടെ ‘നിഴലുകള്‍ നീളുന്നു’ എന്ന കവിതയെ ആസകലം അപഗ്രഥനവിധേയമാക്കി പുതിയ ഉയരത്തില്‍ ആ കവിതയെ സ്ഥാപിക്കുവാന്‍ വി.രാജകൃഷ്ണന് സാധിച്ചുവെന്ന വസ്തുതയും നിസ്തര്‍ക്കമത്രേ. ബാലാമണിയമ്മയുടെ ‘വിഭീഷണന്‍’ മികച്ച കവിതയായിട്ടും വേണ്ടത്ര നിരൂപകശ്രദ്ധ കൈവന്നിരുന്നില്ല. ഈ കുറവ് നികത്തുവാനും വി.രാജകൃഷ്ണന് സാധിക്കുന്നുണ്ട്. ഇതിഹാസപ്രസിദ്ധനായ വിഭീഷണന്റെ ധര്‍മസങ്കടങ്ങളെ ദാര്‍ശനികമായ ഔന്നത്യം ദീക്ഷിച്ച് ബാലാമണിയമ്മ എപ്രകാരം ആഖ്യാനവത്കരിച്ചുവെന്ന് ഗൗരവബുദ്ധ്യാ വിലയിരുത്തുന്ന ഈ ലേഖനം കവിതാസ്വാദനത്തിന്റെ നേര്‍പ്പൊരുള്‍ ഗ്രഹിച്ച ഒരു നിരൂപകന്റെ ഉന്നതചിന്തകളുടെ വാസഗൃഹമത്രേ.

ചുരുക്കത്തില്‍ സഹൃദയത്വത്തെ അപനയിക്കാതെയും തന്റെ സാഹിത്യദര്‍ശനം സ്പഷ്ടമായി പ്രഖ്യാപിച്ചും പുതിയ ആലോചനയുടെ വഴിതുറന്നിടുകയാണ് ഈ പുതിയ വിമര്‍ശനഗ്രന്ഥത്തിലൂടെ വി.രാജകൃഷ്ണന്‍. കര്‍ക്കശമായ വിചാരവും വിമര്‍ശനവും അര്‍ഹിക്കുന്ന ഒട്ടേറെ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. കാവ്യപഠിതാക്കളും നിരൂപകരും ഇനി ആ വഴിക്ക് കണ്ണുപായിച്ചാലും.

Share5TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനൊപ്പം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 17)

ചരിത്രം രചിച്ച കാശി-തമിഴ് സംഗമം

രാഹുലിന്റെ അനുകരണയാത്ര

റിപ്പബ്ലിക് ദിനവും ആര്‍.എസ്.എസ്സും

ലഹരിക്കടത്തിന്റെ ആഗോള ഇടനാഴികള്‍

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies