ദേശീയോത്സവമായ ഓണനാളുകളിലേക്ക് മിഴിതുറക്കുകയാണ് കേരളം. സുഖസ്മൃതികള്‍ക്ക് പൂക്കളമൊരുക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.
ഓണത്തിന്റെ തനിമയും ലാവണ്യവും നഷ്ടപ്പെടുന്നു എന്ന് പഴയ തലമുറയ്ക്ക് അഭിപ്രായമുണ്ട്. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുരൂപമാം വിധം ഉത്സവങ്ങള്‍ക്ക് രൂപാന്തരം വരുന്നത് സ്വാഭാവികം. എങ്കിലും, മാറ്റങ്ങള്‍ക്കുള്ളിലും അനേകം വികാരങ്ങള്‍ ഇഴുകിച്ചേര്‍ന്ന് മലയാളിയുടെ മനസ്സില്‍ ഓണം സൃഷ്ടിക്കുന്ന ഭാവാന്തരീക്ഷത്തിന് മാറ്റമില്ല. പൂക്കളവും ഊഞ്ഞാലും സദ്യയുമൊക്കെയായി മലയാളി ‘ഹൈടെക് ഓണം’ ആഘോഷിക്കുന്നു.
സത്യസന്ധനും ദാനശീലനും പ്രജാവത്സലനുമായ ഒരു രാജാവ് കേരളം ഭരിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ കീര്‍ത്തി മൂന്നു ലോകങ്ങളിലും വ്യാപിച്ചിരുന്നു എന്നുമാണ് ഐതിഹ്യം. തന്റെ സിംഹാസനത്തിന് ഇളക്കം തട്ടുമെന്ന് ഭയന്ന ദേവേന്ദ്രന്‍ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ദേവേന്ദ്രന്റെ അഭ്യര്‍ത്ഥന മാനിച്ച്, വാമനരൂപം ധരിച്ച മഹാവിഷ്ണു ബലിചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. തന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വരാന്‍ അനുവദിക്കണമെന്ന മഹാബലിയുടെ അഭ്യര്‍ത്ഥന വാമനന്‍ അംഗീകരിച്ചു.
അങ്ങിനെ, തിരുവോണനാളില്‍ തങ്ങളുടെ പ്രിയപ്പെട്ട രാജാവിനെ വരവേല്‍ക്കാനായി നാം ഓണം ആഘോഷിക്കുന്നു.
ഓണം കേരളത്തില്‍ മാത്രമല്ല ആഘോഷിച്ചിരുന്നത് എന്ന് സാഹിത്യകൃതികളില്‍ നിന്ന് മനസ്സിലാക്കാം. ‘സംഘ’കാലത്തുതന്നെ ഏഴുദിവസം നീണ്ടുനിന്ന ഓണാഘോഷമുണ്ടായിരുന്നതായി തമിഴ് കാവ്യമായ ‘മധുരകാഞ്ചി’യില്‍ പറയുന്നു.
”മധുരയിലെ ജനങ്ങള്‍ ആടിപ്പാടി, തെരുവീഥിയിലൂടെ നടന്നു. ദേവാലയങ്ങളില്‍ പൂജകള്‍ നടത്തി. ഭവനങ്ങളില്‍ വിഭവസമൃദ്ധമായ സദ്യ ഒരുക്കി.
എ.ഡി. ഒന്‍പതാം നൂറ്റാണ്ടിലെ മറ്റൊരു തമിഴ് ഗ്രന്ഥത്തില്‍ ഓണാഘോഷത്തിന്റെ വിവരണം ഇങ്ങനെയാണ്. ”ദേവ! ഇന്നേയ്ക്ക് ഏഴാം ദിവസമാണ് ഓണം. അവിടുത്തേക്ക് വിളമ്പാന്‍ വിശിഷ്ട വിഭവങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നാളെ മുതല്‍ കാലി മേയ്ക്കാന്‍ പോകാതെ എന്റെ വീട്ടില്‍ തന്നെ തങ്ങണം. നിന്റെ മോഹനരൂപം കണ്ട് ഞങ്ങള്‍ക്ക് ആനന്ദിക്കണം.”
മഹാവിഷ്ണുവുമായി ബന്ധപ്പെട്ടാണ് അവിടെയും ഓണം ആഘോഷിച്ചിരുന്നത് എന്ന് ഈ കാവ്യങ്ങളില്‍നിന്ന് മനസ്സിലാക്കാം.
എ.ഡി. പതിനാലാം നൂറ്റാണ്ടില്‍ ‘ഓണപ്പാട്ട്’ എന്നും ‘മഹാബലിചരിതം’ എന്നും പേരുള്ള ഒരു പുസ്തകം കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇതിന്റെ കര്‍ത്താവ് ആരാണെന്ന് നിശ്ചയമില്ല.
”മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”
എന്ന പാട്ട് ഈ പുസ്തകത്തിലേത് ആണെന്ന് പറയപ്പെടുന്നു.
കുഞ്ചന്‍ നമ്പ്യാരുടെ കൃതികളില്‍ പലയിടത്തും ഓണത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
”ഓണത്തിനില്ലത്തു വേണ്ടും പദാര്‍ത്ഥങ്ങള്‍
കാണാഞ്ഞൊരുത്തനുഴറി നടക്കുന്നു.
ഓണപ്പുടവത്തരങ്ങളെടുപ്പതി-
നോണച്ചരക്കുവന്നില്ലെന്നൊരു വിധം.”
”കാണം വിറ്റും ഓണമുണ്ണണം” എന്ന പഴഞ്ചൊല്ലും പ്രസിദ്ധമാണല്ലോ.
മഹാബലിയുടെ കഥ ഓണാഘോഷത്തെ ഒരു ആത്മീയതലത്തിലേക്ക് ഉയര്‍ത്തുന്നുണ്ടെങ്കിലും കേരളത്തില്‍ ഇത് ഒരു കാര്‍ഷികോത്സവമായിരുന്നു. വിളവെടുപ്പിന്റെ ആഘോഷം. പ്രകൃതിയുടെ സമൃദ്ധിയിലാണ് ഓണസങ്കല്‍പ്പം പൊലിക്കുന്നത്.
ഇടവപ്പാതിക്കു മുമ്പേ കര്‍ഷകര്‍ പാടത്ത് കൃഷി ഇറക്കിയിരുന്നു. കര്‍ക്കിടകത്തില്‍ കതിര്‍ വീശും. കതിര്‍ വിരിഞ്ഞ് മുപ്പതു ദിവസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ പാകമാകും. അന്ന് കര്‍ഷകന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരുന്നില്ല.
ചിങ്ങമാസത്തിലാണ് കൊയ്ത്ത്. അതിനു മുമ്പ്, നല്ല സമയം നോക്കി കാരണവര്‍ പാടത്തുനിന്നും തുടുത്ത കതിര്‍മണികളുള്ള നെല്‍ക്കതിരുകള്‍ അറുത്തെടുക്കും. ഇരുപ്പൂ ആണെങ്കി ആറ്. ഒരുപ്പൂ ആണെങ്കില്‍ പന്ത്രണ്ട്.
വീട്ടുപടിക്കല്‍ വച്ച് സുമംഗലികളായ സ്ത്രീകള്‍ കിണ്ടിയില്‍ വെള്ളവും താലത്തില്‍ കരിക്ക്, പൂക്കള്‍, ദീപം എന്നിവയുമായി വായ്ക്കുരവയുടെ അകമ്പടിയോടെ, നെല്‍ക്കതിരിനെ സ്വീകരിക്കും. ഇറയത്തുവച്ച് പൂജിച്ചതിനുശേഷം ഐശ്വര്യത്തിന്റെ പ്രതീകമായ കതിരുകള്‍ ഭസ്മക്കൂടത്തിനു സമീപം തട്ടുതുലാത്തില്‍ കെട്ടിത്തൂക്കും.
കൊയ്ത്തു തുടങ്ങിയാല്‍ ആദ്യത്തെ ‘കറ്റ’ ഗണപതിക്കായി മാറ്റിവയ്ക്കും.
ചാണകം മെഴുകിയ മുറ്റത്ത് തഴപ്പായ വിരിച്ചാണ് കറ്റ മെതിയ്ക്കുകയും പൊലി തൂറ്റുകയും ചെയ്യുന്നത്.
പുന്നെല്ല് കുത്തിയെടുത്ത അരികൊണ്ട് ‘പുത്തരിയൂണ്’ ഒരുക്കിയിരുന്നു. ശര്‍ക്കര ചേര്‍ത്ത് ‘ഇടിച്ചു പിഴിഞ്ഞു’ പായസമോ പഞ്ചസാര ചേര്‍ത്ത പാല്‍പ്പായസമോ തയ്യാറാക്കും.
അത്തം തുടങ്ങി മൂന്നാം നാള്‍ ഓണസദ്യയ്ക്കുള്ള നെല്ല് പുഴുങ്ങാന്‍ തുടങ്ങും. ‘ചോതി പുഴുക്ക്’ എന്നാണ് പറഞ്ഞിരുന്നത്.
”അത്തപ്പത്തോണമടുത്തല്ലോ നായരെ
ചോതി പുഴുങ്ങുവാന്‍ നെല്ലു തരേണമേ”
എന്നാണ് പഴയ പാട്ട്.
കറ്റയെല്ലാം മെതിച്ച്, പൊലി ഉണക്കി പത്തായത്തിലാക്കുകയും വൈക്കോല്‍ ‘തുറു ആട്ടുകയും’ ചെയ്തു കഴിഞ്ഞാലേ കര്‍ഷകന് വിശ്രമമുള്ളൂ. അതു കഴിഞ്ഞുള്ള ഓണാഘോഷത്തിന് ഒരു പ്രത്യേക സുഖമുണ്ട്.
അത്തം മുതല്‍ പത്തുദിവസം ചാണകം മെഴുകിയ വീട്ടുമുറ്റത്ത് ഒരുക്കുന്ന പൂക്കളത്തിനുമുണ്ടായിരുന്നു പ്രത്യേകത. അത്തം നാളില്‍ തൃക്കാക്കരയപ്പനും തുമ്പപ്പൂവും. രണ്ടാംദിവസം തുമ്പയും അരിപ്പൂവും. തുടര്‍ന്ന് തെച്ചിപ്പൂവ്, കാക്കപ്പൂവ്, മുക്കുറ്റിപ്പൂവ്, അരളിപ്പൂവ്, മത്തപ്പൂവ്, മന്ദാരം, ചെമ്പരത്തി. തിരുവോണനാളില്‍ പത്തുതരം പൂക്കള്‍ എല്ലാം പറമ്പില്‍നിന്ന് പറിച്ചെടുക്കുന്നത്.
തിരുവോണത്തിന് എല്ലാ വീടുകളിലും വിഭവ സമൃദ്ധമായ സദ്യയുണ്ടായിരുന്നു. പറമ്പില്‍ നിന്നുള്ള വിഭവങ്ങള്‍കൊണ്ടാണ് സദ്യ ഒരുക്കിയിരുന്നത്. അദ്ധ്വാനത്തിന്റെ ഫലം. അങ്ങിനെ, മനുഷ്യനും പ്രകൃതിയും ഇഴുകിച്ചേര്‍ന്നുള്ള ആഘോഷമായിരുന്നു, ഓണം.
ഓണം ഒരു ഉത്സവമല്ല. മലയാളിയുടെ ഒരുമയുടെ, നന്മയുടെ പ്രതീകമാണ്. കള്ളവും ചതിയുമില്ലാത്ത, മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞിരുന്ന, സമത്വസുന്ദരമായ ഒരു ഭൂതകാലത്തിന്റെ മധുരസ്മരണ.
ഓണക്കാലത്ത് നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും സമൂഹനന്മയ്ക്കുവേണ്ടിയുള്ളതാവട്ടെ. നാം ഒരുക്കുന്ന പൂക്കളങ്ങളിലൂടെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സൗരഭ്യം നാലുപാടും പരക്കട്ടെ!