വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തില്‍, ആരോഗ്യപാലനത്തില്‍, ശുചിത്വത്തില്‍, സാക്ഷരതയില്‍, മലയാളികള്‍ക്ക് എന്തൊരു അഭിമാനബോധമായിരുന്നു! ഉത്തരേന്ത്യക്കാരെ മാത്രമല്ല, തമിഴന്മാരെ വരെ വൃത്തിയില്ലാത്തവരെന്നും കുളിക്കാത്തവരെന്നും പറഞ്ഞ് ആക്ഷേപിക്കാനും യാതൊരു മടിയും ഉണ്ടായിരുന്നില്ല. മലയാളികളുടെ ഈ അഭിമാനബോധത്തിന്റെ തലയ്‌ക്കേറ്റ അടിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉസ്താദുമാരുടെ ഹലാല്‍ തുപ്പലിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍. ഉള്ള്യാലിലെ ഒരു പള്ളിയില്‍ സമൂഹസദ്യയ്ക്കുണ്ടാക്കിയ നെയ്‌ച്ചോറിലും ഇറച്ചിക്കറിയിലും ഉസ്താദ് തുപ്പി ഹലാലാക്കുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. ഇത് തുപ്പലല്ല, മന്ത്രിച്ച് ഊതലാണ് എന്നുപറഞ്ഞ് ചിലരെങ്കിലും ന്യായീകരണവുമായി രംഗത്തുവന്നു. അതിനടുത്തദിവസം തന്നെ പ്രമുഖനായ ഉസ്താദ് ഇക്കാര്യത്തില്‍ സത്യവുമായി പുറത്തുവന്നു.
ഉമിനീരു കൂട്ടി തുപ്പുന്നതില്‍ തെറ്റില്ലെന്നും ഖുര്‍ആനും മുഹമ്മദ് നബിയും ഇതിന് അനുവദിക്കുന്നുണ്ട് എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഖുര്‍ആനില്‍ ഇത് പറഞ്ഞിട്ടില്ലെങ്കിലും ഹദീസുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു എന്നാണ് അല്പം തീവ്രസ്വഭാവമുള്ള ഉസ്താദുമാര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയത്. സഹീഹ് ബുഖാരി, വോളിയം 5, ബുക്ക് 59, ഹദീസ് നമ്പര്‍ 428 ല്‍ പറയുന്നു; ”ജാബിര്‍ ബിന്‍ അബ്ദുള്ളാ നിവേദനം.. ഞാനും പ്രവാചകനും വീട്ടിലേക്ക് വന്നു… ജനക്കൂട്ടത്തിലേക്ക് പോകുന്നതിന്ന് മുന്‍പ് … എന്നെ കണ്ടപ്പോള്‍ ഭാര്യ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു… ഞാന്‍ അവളോട് പറഞ്ഞു… നീ പറഞ്ഞതെല്ലാം ഞാന്‍ പ്രവാചകനോട് പറഞ്ഞിട്ടുണ്ട്… പിന്നീട് അവള്‍ അപ്പത്തിനായി കുഴച്ച മാവ് പ്രവാചകന്റെ അരികിലേക്ക് കൊണ്ടുവന്നു… അദ്ദേഹം അതിലേക്ക് തുപ്പിക്കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹം അതില്‍ സ്ഥാപിച്ചു… പിന്നീട് ഇറച്ചിക്കറി ഉണ്ടാക്കി വച്ചിരുന്ന മണ്‍കലത്തിലും അദ്ദേഹം തുപ്പിക്കൊണ്ട് അള്ളാഹുവിന്റെ അനുഗ്രഹം സ്ഥാപിച്ചു……” ഈ ഹദീസ് അടിസ്ഥാനപ്പെടുത്തിയാണ് ഉസ്താദുമാരും മുസല്യാര്‍മാരും ഭക്ഷണത്തില്‍ തുപ്പാന്‍ തുടങ്ങിയത്.
കേരളത്തില്‍ നേരത്തെ ഹലാല്‍ ഭക്ഷണം സജീവമായിരുന്നില്ല. കോഴിക്കടകളിലും ഇറച്ചിക്കടകളിലും മാത്രമാണ് ഹലാല്‍ ബോര്‍ഡ് ഉണ്ടായിരുന്നത്. മത തീവ്രവാദികള്‍ക്ക് പ്രാമുഖ്യം വന്നതോടെ ഹോട്ടലുകളില്‍ പ്രത്യേകിച്ചും മലബാറില്‍ ഹലാല്‍ ഭക്ഷണം വ്യാപകമായി. ഭക്ഷണം ഹലാലാക്കുന്നത് തുപ്പിയിട്ടാണ് എന്നത് വെറുപ്പും അറപ്പും മാത്രമല്ല, ഇത്തരം ഹോട്ടലുകളില്‍ നിന്നും ഇവരുടെ ചടങ്ങുകളില്‍ നിന്നും എങ്ങനെ ഭക്ഷണം കഴിക്കുമെന്ന ചിന്തയും ഛര്‍ദ്ദിക്കാനുള്ള പ്രചോദനവുമാണ് ഉണ്ടാകുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായി മാറിയപ്പോള്‍ സി.കെ.അബ്ദുല്‍ നിസാം എന്ന ഒരു വിദ്വാന്‍ ന്യായീകരണവുമായി എത്തി. ‘ഉസ്താദ് ബിരിയാണിയില്‍ തുപ്പുകയല്ല, മന്ത്രം ജപിക്കുക മാത്രമാണ് ചെയ്തത്. പുറത്തേക്ക് ഉമിനീര് തെറിപ്പിക്കുന്നതു സാധാരണയാണ്. മലയാളത്തില്‍ ഇതിനെ തുപ്പല്‍ എന്നാണ് പറയുക.’ ആ ന്യായീകരണ തൊഴിലാളി ഇതിന്റെ ശാസ്ത്രീയ വശവും വിശദീകരിക്കുന്നുണ്ട്. അതില്‍ അടങ്ങിയ എന്‍സൈക്ലോമുകള്‍ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിവുള്ളതാണ്. പ്രായമായവരുടെ ഉമിനീരില്‍ അടങ്ങിയ എന്‍സൈക്ലോമുകള്‍ താരതമ്യേന വീര്യം കൂടിയതും കൂടുതല്‍ ബാക്ടീരിയകളെ കൊല്ലാന്‍ ശേഷിയുള്ളതുമാണ്.വളരെ ചിട്ടയായി ജീവിക്കുന്നവരുടെ (ഉസ്താദിനെ പോലുള്ളവരുടെ) ഉമിനീരില്‍ ഈ വിശേഷപ്പെട്ട എന്‍സൈക്ലോമുകള്‍ കൂടുതല്‍ ഉണ്ടാവും. അത് ബിരിയാണിയിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും മറ്റുള്ളവരുടെ വയറ്റില്‍ എത്തുന്നതോടു കൂടി അവരുടെ വയറ്റിലെ ബാക്ടീരിയ നശിക്കുന്നതുമായിരിക്കും. കൂടാതെ ഉമിനീര് ബിരിയാണി ചേരുമ്പോഴുള്ള രാസപ്രവര്‍ത്തനം വഴി കോഴിയിറച്ചിയില്‍ അടങ്ങിയിട്ടുള്ള, മനുഷ്യന് അപകടകരമായിട്ടുള്ള ഹോര്‍മോണുകളുടെ വീര്യം കുറയുന്നു. ഇന്ന് ഇതൊക്കെ ശാസ്ത്രം തെളിയിച്ചതാണ് എന്നാണ് ന്യായീകരണ തൊഴിലാളി പറയുന്നത്.
പൊതുവഴിയില്‍ തുപ്പുന്നത് പോലും വൃത്തിഹീനമാണെന്ന് പ്രചരിപ്പിക്കുകയും അതിന് പിഴ ചുമത്തുകയും ചെയ്യുന്ന രാജ്യങ്ങള്‍ ലോകത്ത് ഏറിവരുന്ന സമയത്താണ് മതവിശ്വാസത്തിന്റെ പേരില്‍ ഇവിടെ ഭക്ഷണത്തില്‍ തുപ്പി ഹലാല്‍ ആക്കുന്നത്. ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃത ഗോത്രങ്ങളുടെ വൃത്തിഹീനമായ ചര്യകള്‍ ശാസ്ത്രബോധത്തെ നിലംപരിശാക്കി, ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നത് ഏതെങ്കിലും മതത്തിന് ഭൂഷണമാണോ? ഒരുവിഭാഗം ഉസ്താദുമാര്‍ ഇതിനെ അനുകൂലിച്ച് രംഗത്തു വന്നപ്പോള്‍ വിദ്യാസമ്പന്നരായ മുസ്ലിം യുവതികള്‍ പലരും ഈ അശ്ലീലത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി. ഇത്തരത്തില്‍ സജീവമായ ഷിംന അസീസ് ആണ് ഏറ്റവും ശ്രദ്ധേയമായത്. ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്ന അവര്‍ പറഞ്ഞു, ”നമ്മുടെയൊക്കെ വായില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഒരു സ്രവമാണ് തുപ്പല്‍. അശ്രദ്ധമായി അവിടെയുമിവിടെയുമൊക്കെ തുപ്പുമ്പോഴും സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും ഊതുമ്പോഴും അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന തുപ്പല്‍ കണികകള്‍ വഴി പകരുന്ന ഒരുപാട് രോഗങ്ങളുണ്ട്. പലതും മരണത്തിനുവരെ കാരണമാവുന്ന ഗുരുതര രോഗങ്ങളാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ കഴിക്കാന്‍ പോകുന്ന ഭക്ഷണത്തില്‍ ആരെങ്കിലും തുപ്പുകയോ ഊതുകയോ ചെയ്യുന്നത് കാര്യങ്ങള്‍ എത്രത്തോളം സീരിയസ് ആക്കിയേക്കാം എന്ന ബോധം ഉണ്ടാവുന്നത് വളരെ നല്ലതാണ്. സന്ദര്‍ഭത്തിനനുസരിച്ച് വേണ്ടതുപോലെ കൈകാര്യം ചെയ്യുക. ആര്‍ക്കെങ്കിലും ഇങ്ങനെ ഭക്ഷണത്തില്‍ തുപ്പാന്‍ തോന്നുമ്പോള്‍, പകരം ശരീരത്തിലെ മറ്റൊരു സ്രവമായ രക്തം ദാനം ചെയ്യുക. അത് ജീവദാനമാണ്.” ഇതായിരുന്നു ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ സൈബര്‍ ആക്രമണമാണ് ഇവര്‍ക്കെതിരെ ഇസ്ലാമിക തീവ്രവാദികളില്‍ നിന്നുണ്ടായത്.
ഇതില്‍ വന്ന പ്രതികരണങ്ങള്‍ പലതും സ്ത്രീകളോടുള്ള സമീപനവും ശാസ്ത്രബോധവും ശാസ്ത്രത്തോടുള്ള സമീപനവും വ്യക്തമാക്കുന്നതാണ്. ഷൗക്കത്ത് എന്നയാള്‍ പ്രതികരണത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്, ”സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കരുതെന്ന് ഉസ്താദുമാര്‍ ഒരുകാലത്ത് നിരന്തരം നമ്മെ ഉണര്‍ത്തിയിരുന്നു. ഉസ്താദുമാരുടെ വാക്കിന് വിലകല്‍പ്പിക്കാതെ അനേകം പേര്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കി. അതിന്റെ ഫലമാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. ഉസ്താദുമാര്‍ മന്ത്രിച്ച് ഊതുമ്പോള്‍ അണുക്കളല്ല, അണുക്കളെ നശിപ്പിക്കുന്ന ആന്റി വൈറസാണ് പുറത്തുവരിക. മെഡിക്കല്‍ സയന്‍സിന് മുകളിലാണ് കാന്തപുരം അടക്കമുള്ള മുഴുവന്‍ ഉസ്താദുമാരുടെയും സ്ഥാനം. ഇനിയെങ്കിലും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കുന്നത് സമുദായം അവസാനിപ്പിക്കുക. ഇസ്ലാം വിദ്യാഭ്യാസത്തില്‍ പ്രോത്സാഹനം നല്‍കിയത് 1400 കൊല്ലം മുമ്പ് മാത്രമാണ്. അന്നത്തെ കാലമല്ല ഇപ്പോള്‍. അത് ഉസ്താദുമാര്‍ക്കൊപ്പം നമ്മള്‍ മനസ്സിലാക്കണം.”
ശാസ്ത്രവിരുദ്ധവും സദാചാരവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ഉസ്താദുമാരുടെ തുപ്പല്‍ തെറ്റാണെന്ന് തുറന്നുകാട്ടിയ ഒരു മുസ്ലിം വനിതയ്ക്കുണ്ടായ അനുഭവമാണിത്. താലിബാനെയും വെല്ലുന്ന രീതിയിലേക്കാണ് കേരളം പോകുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം പോലും നല്‍കരുതെന്ന നിഗമനത്തിലേക്കാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക ഭീകരരും പോകുന്നത്. നൂറുകണക്കിന് ആള്‍ക്കാരുടെ മധ്യത്തിലിരുന്ന് ഗ്ലാസുകളിലും പാത്രങ്ങളിലും തുപ്പി പ്രസാദം നല്‍കുന്ന കാന്തപുരം മുസ്ലിയാരുടെ ചിത്രവും ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തിരുകേശ വിവാദം വന്നപ്പോള്‍ ശക്തമായി ആക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇതേക്കുറിച്ച് ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. കാര്യങ്ങള്‍ ഇവിടെ കഴിയുന്നില്ല, കാന്തപുരം പണമുണ്ടാക്കുന്ന മുടി വെള്ളത്തിന് ഔഷധഗുണം ഉണ്ടെന്നു സ്ഥാപിക്കാന്‍ പ്രവാചകന്റെ മൂത്രത്തിനും കാഷ്ഠത്തിനും വരെ ദിവ്യത്വമുണ്ടെന്ന് പറയുകയും സ്വന്തം ജോലിക്കാരെയും ആയിഷയുടെ ജോലിക്കാരിയെയും കൊണ്ട് അത് സേവിപ്പിച്ചു എന്ന് പറയാനുള്ള ധൈര്യം കൂടി മുള്ളൂര്‍ക്കര സഖാഫി പ്രകടിപ്പിച്ചു. ഇതിന് ആധാരമായ ആയ ഹദീസുകള്‍ ഉദ്ധരിക്കുകയും ചെയ്തു. ഒരു മനുഷ്യന്റെ മൂത്രത്തിനും മലത്തിനും വരെ ഔഷധഗുണം ഉണ്ടെന്ന് പ്രചരിപ്പിക്കുകയും നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന നബിചര്യയുടെ പേരില്‍ ഇന്നും ഭക്ഷണത്തില്‍ തുപ്പുന്ന, അറപ്പുളവാക്കുന്ന പ്രവൃത്തികളെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയും?
ഉസ്താദുമാര്‍ക്ക് മാത്രമല്ല ഭക്ഷണം മന്ത്രിച്ച് തുപ്പാന്‍ അവകാശം നല്‍കിയിട്ടുള്ളത്, ഹോട്ടലുകള്‍ക്കും കൂടിയാണ്. ഭക്ഷണം തയ്യാറാക്കുന്ന ഹോട്ടലുകളിലെ ഉടമകള്‍ക്കും പാചകക്കാര്‍ അഥവാ പണ്ടാരികള്‍ക്കും ഭക്ഷണത്തില്‍ തുപ്പാന്‍ അധികാരം ഉണ്ടത്രേ. പല്ലു തേക്കാത്ത പാചകക്കാരന്‍ മന്ത്രമോതി തുപ്പുന്നതുകൊണ്ടാണത്രേ ഭക്ഷണത്തിന് രുചി ഉണ്ടാകുന്നത്. ശാസ്ത്രബോധവും യുക്തിബോധവും ഇല്ലാത്ത ഇത്തരം പ്രസ്താവനകള്‍ക്കെതിരെ മാജിക്കല്‍ റെമഡീസ് ആക്ട് അനുസരിച്ച് കേസെടുക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും ഭക്ഷ്യസുരക്ഷാ വകുപ്പിനും ഉണ്ട്. പക്ഷേ ഇസ്ലാമിക രാഷ്ട്രീയവും വോട്ടുബാങ്ക് രാഷ്ട്രീയവും ആരെക്കാളും നന്നായി അറിയാവുന്നതുകൊണ്ട് ഇതിനെതിരെ ഒരു നടപടിയും എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പക്ഷേ പൊതുസമൂഹത്തിന് ഒരു തീരുമാനം എടുക്കാനുള്ള സമയമായിരിക്കുന്നു. ഈസി ബിരിയാണിയും വൃത്തിഹീനമായ ഭക്ഷണവും ഹലാലിന്റെ പേരില്‍ മലയാളികള്‍ കഴിക്കണോ? തീരുമാനമെടുക്കാനുള്ള അധികാരം നമുക്ക് തന്നെയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ ചര്‍ച്ച ചൂടായതോടെ ഹലാല്‍ ബോര്‍ഡ് ഉള്ള ഹോട്ടലുകളില്‍ കയറാന്‍ സാമാന്യബുദ്ധിയുള്ള മലയാളികള്‍ മടിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലം പാറശ്ശാല മുതല്‍ കാസര്‍കോട് വരെ കാണാനും തുടങ്ങിയിട്ടുണ്ട്. ദേശീയപാതയുടെയും പ്രധാന നഗരങ്ങളിലും ഹോട്ടലുകളില്‍ കച്ചവടം ഇടിഞ്ഞതോടെ ഹലാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഇതൊരു തുടക്കമാണ്. ഗോത്രവര്‍ഗ്ഗ പാരമ്പര്യം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്ന് നമ്മള്‍ മോചിതരായേ പറ്റൂ. അന്ധമായ മതവിശ്വാസത്തിന്റെ പേരില്‍ ഭക്ഷണത്തില്‍ തുപ്പിയോ തൂറിയോ ഹലാല്‍ ആക്കുന്ന ഭക്ഷണം കഴിക്കാനുള്ള അവകാശം മുസ്ലീം മതത്തിലുള്ളവര്‍ക്കുണ്ട്. അത് അവര്‍ അറിഞ്ഞോ അറിയാതെയോ കഴിക്കട്ടെ. പക്ഷേ, അറിഞ്ഞോ അറിയാതെയോ ഇതര മതസ്ഥരെക്കൂടി ഇത് കഴിപ്പിക്കാനും രോഗികള്‍ ആക്കാനുള്ള ശ്രമം ചെറുത്തേ കഴിയൂ. അതുകൊണ്ടുതന്നെ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാന്‍ സാമാന്യ വിദ്യാഭ്യാസമെങ്കിലും ഉള്ള മലയാളികള്‍ ശ്രദ്ധിക്കണം, ശ്രമിക്കണം. ഇതിന്റെ അര്‍ത്ഥം ലേഖകന്‍ മുസ്ലിങ്ങള്‍ക്കെതിരെ ആണെന്നല്ല. നല്ല മത നിഷ്ഠയോടെ അഞ്ചു നേരവും നിസ്‌കരിച്ച് വ്യവസായം നടത്തുന്ന എത്രയോ പേര്‍ കേരളത്തിലുണ്ട്. ഏതോ ഹദീസിലുണ്ട് എന്നപേരില്‍ ഭക്ഷണത്തില്‍ തുപ്പി അശുദ്ധമാക്കി സാംക്രമിക രോഗം പടര്‍ത്തുന്ന ഈ ഭ്രാന്ത് മതവിശ്വാസമാണെന്ന് പറയാന്‍ കഴിയുമോ? ഇത്തരം കാപട്യങ്ങളെ തകര്‍ത്തെറിഞ്ഞേ തീരൂ.
സൗദി അറേബ്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഉയരുന്ന പരിവര്‍ത്തനത്തിന്റെ കാറ്റ് ഖത്തറിലും കേരളത്തിലും എത്തുന്നില്ല. സൗദി അറേബ്യയിലെ രാജകൊട്ടാരത്തില്‍ വരെ മാറ്റം വന്നു. അവിടെയൊക്കെ പെണ്‍കുട്ടികള്‍ ആധുനികവസ്ത്രം ധരിച്ചു തുടങ്ങിക്കഴിഞ്ഞു. സ്വതന്ത്രമായ സഞ്ചാരവും ഡ്രൈവിങ്ങും ഒക്കെ അവിടെ അനുവദനീയമാണ്. പക്ഷേ, ഇതിനെല്ലാം കടകവിരുദ്ധമായി ഭക്ഷണത്തില്‍ തുപ്പി രോഗം ഉണ്ടാക്കുന്ന, ഭൂമി ഉരുണ്ടതല്ല പരന്നതാണെന്ന് പഠിപ്പിക്കുന്ന മദ്രസാ വിദ്യാഭ്യാസത്തിന് മാറ്റമുണ്ടാകണം. മുത്തലാക്ക് പൂര്‍ണമായും ഒഴിവാക്കി സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷയും ഒരുക്കി, അവര്‍ക്ക് ജീവിക്കാനുള്ള അവകാശം നല്‍കുന്ന ശാസ്ത്ര അടിത്തറയുള്ള ഒരു സമൂഹം അഥവാ സാമൂഹിക പരിവര്‍ത്തനം ഇസ്ലാമിലും ഉണ്ടാകണം. അതിനായി വേണം വിദ്യാഭ്യാസമുള്ള യുവത്വം പ്രവര്‍ത്തിക്കേണ്ടത്.