കര്‍ക്കിടം പോയീകഞ്ജ-
മെന്നപോല്‍ വിരിയുന്നൂ
ഉള്‍ക്കുളിരേകാന്‍ പൊന്നിന്‍
ചിങ്ങത്തിന്‍ തിരുവോണം.
പ്രായമായെന്നാല്‍ മനം
പോകുന്നു കുട്ടിക്കാല-
ത്തോണപ്പൂവുകള്‍ തേടി
നടന്നോരിടങ്ങളില്‍.
കൂറളംവള്ളിക്കുന്നും
കുന്നത്തായിയും വെള്ള-
മ്പാടിയും ഓണപ്പൂക്ക-
ളന്നൊക്കെ കാണായ് വന്നൂ.
അന്ന് കുന്നുകള്‍ക്കുള്ള
പേരൊന്നുമറിവീല
ഇന്നത്തെ തലമുറ-
യ്‌ക്കെന്നതുപരമാര്‍ത്ഥം
മേത്തോന്നിയടമ്പനും
ഐരാണിതുമ്പപ്പൂവും
മതിയാവോളം ഞങ്ങള്‍
പൂക്കൊട്ട നിറയ്ക്കവേ,
കൂര്‍ത്തകല്ലുകള്‍ കാര-
മുള്ളുകളിവയൊന്നും
കാല്‍കളിലേറീട്ടന്നു
ഞങ്ങള്‍ക്കുനോവേറ്റീല.
കുന്നുകളൊക്കെപ്പോയീ
ജെ.സി.ബി.യിടിച്ചിടി-
ച്ചൊക്കെയും നിരപ്പാക്കി
സിമന്റിന്‍ കാടായ് മാറ്റി.
ഗ്രാമത്തിന്‍ പച്ചപ്പൂപോയ്,
ശാലീനസൗന്ദര്യവും
പാടത്തിലങ്ങിങ്ങുള്ള
കണ്ണാടിച്ചിറകളും.
പാവുമുണ്ടില്ലാതെയായ്
ഓണവില്ലെങ്ങോപോയി
പാലട പ്രഥമനും
എരിശ്ശേരിയും പോയി.
ആര്‍ക്കിന്നുവേണം വറു-
ത്തുപ്പേരി പാല്‍പായസം
നോക്കുന്ന ദിക്കില്‍ ചില്ലി-
ചിക്കനും ബീഫുംവൈനും.
ഓണപ്പൂക്കളത്തിന്
പട്ടണ വിദേശികള്‍-
ഓര്‍ക്കിഡ്ഡും മൊസാണ്ടയും
ലില്ലിയുമാന്തൂര്യവും
ബിവറേജുകള്‍ബാറും
എണ്ണത്തില്‍ കൂടീടുന്നു;
ബാലകര്‍ മുണ്ടാല്‍ തല-
മൂടിനില്‍ക്കുന്നൂ ‘ക്യൂ’വില്‍
ഉടുമുണ്ടഴിഞ്ഞതു-
മറിയാത്തവര്‍ റോഡി-
ന്നരികില്‍ തിരുവോണ-
ക്കാഴ്ചകളിതുപോരെ?