ആര്‍.എസ്.എസ്. ക്യാമ്പുകള്‍ നിരോധിക്കണം എന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്, 1943 അവസാനം ആയിട്ടും സംഘത്തിന്റെ ലക്ഷ്യം എന്താണെന്നതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി ഒലിവര്‍ മറുപടി നല്‍കുന്നത്. സംഘത്തിന്റെ നിരവധി നേതാക്കള്‍ ബ്രിട്ടീഷ് വിരുദ്ധ പ്രസംഗങ്ങളും ബ്രിട്ടീഷ് രാജിനെതിരായ നിലപാടുകളും എടുത്തതിന് തെളിവുകള്‍ ഉണ്ടെന്നും സംഘടന വര്‍ഗ്ഗീയമാണെന്ന് തോന്നുന്നത് തുടരുന്നുവെന്നും ഒലിവര്‍ കുറിച്ചിരിക്കുന്നു. ഇവ സത്യമാണെങ്കില്‍ ഹിന്ദു മഹാസഭയുമായുള്ള സംഘത്തിന്റെ ബന്ധം ഏറെക്കുറെ ഒരു കടംകഥയാണെന്നും തുറന്ന് സമ്മതിക്കുന്നു. ആയതിനാല്‍ സംഘത്തിന്റെ ലക്ഷ്യം എന്തെന്നതിനെക്കുറിച്ച് കൂടുതല്‍ വിശദമായി മനസ്സിലാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് അണ്ടര്‍ സെക്രട്ടറി എന്ന നിലയില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.
കൂടാതെ, ഒരു വര്‍ഗ്ഗീയ പ്രസ്ഥാനം എന്ന നിലയില്‍ സംഘത്തിനെ നേരിടാനാണെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ സാധിക്കില്ല എന്നും അണ്ടര്‍ സെക്രട്ടറി വിലയിരുത്തുന്നു. സത്യത്തില്‍, രാജ്യമൊട്ടാകെ വളര്‍ന്നിട്ടും വര്‍ഗ്ഗീയമായ പ്രതികരണങ്ങളുടെ തെളിവുകള്‍ ഒന്നും കാണാനാകുന്നില്ല എന്നും അഹമ്മദ്‌നഗറില്‍ സംഘപ്രവര്‍ത്തകരും മുസ്ലിം ലീഗുമായി ഉണ്ടായ പിരിമുറുക്കത്തെക്കുറിച്ചുള്ള കുറിപ്പ് മാത്രമാണ് ഉള്ളതെന്നും ഒലിവര്‍ കുറിച്ചിരിക്കുന്നു. ആയതിനാല്‍ വര്‍ഗ്ഗീയ കാരണങ്ങള്‍ നിരത്തി സംഘത്തിനെതിരെ നടപടികള്‍ എടുക്കാനാവില്ല എന്നും ഒലിവര്‍ നിലപാട് എടുത്തിരിക്കുന്നു. തെളിവുകളുടെ അഭാവത്തിലാണ് സംഘത്തിനെതിരെ ഫാസിസ ആരോപണത്തിനുപുറമേ വര്‍ഗ്ഗീയ ആരോപണവും ഉന്നയിച്ചിരിക്കുന്നത് എന്നതിന് നേര്‍സാക്ഷ്യമാണ് ഈ രേഖകള്‍.
‘ഞാന്‍ വിചാരിക്കുന്നത് ശരിയാണെങ്കില്‍, ഇത് (സംഘം) ഒരു സാമുദായിക സംഘടനയാണ്. അതിനാല്‍ സംഘത്തിനെതിരെ മൊത്തത്തില്‍ നമ്മള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന ഏത് നടപടിയും ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സാമുദായിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന കാലേകൂട്ടിയുള്ള പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.’
‘സത്യത്തില്‍, ഇതിന്റെ (സംഘത്തിന്റെ) വ്യാപനത്തില്‍ സാമുദായിക പ്രതികരണങ്ങളുടെ അഭാവമുണ്ടായതായാണ് തോന്നുന്നത്. കൂടാതെ ഒരേയൊരു സാമുദായിക കുറിപ്പ് എനിക്ക് കാണാനാകുന്നത് റിപ്പോര്‍ട്ടിലെ 14 ാം ഖണ്ഡികയിലുള്ള അഹമ്മദ്‌നഗറിലെ സംഘവും മുസ്ലിം ലീഗും തമ്മിലുള്ള ഉരസല്‍ മാത്രമാണ്.’ (NAI Reference:- HOME_POLITICAL_I_1943_NA_F 28-3)
ക്യാമ്പുകള്‍ നിരോധിക്കണം എന്ന നിര്‍ദ്ദേശം തള്ളിക്കളഞ്ഞെങ്കിലും ആ റിപ്പോര്‍ട്ടിലെ മറ്റ് നിര്‍ദ്ദേശങ്ങള്‍ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ചു. അങ്ങനെ, യൂണിഫോം നിരോധനം പാലിക്കാനായി പ്രൊഫസര്‍ ഗോള്‍വാള്‍ക്കറിന് അന്ത്യശാസനം കൊടുക്കാനും ക്യാമ്പുകളും സമ്മേളനങ്ങളും മീറ്റിംഗുകളും സംഘടിപ്പിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് അറിയിക്കാനും തീരുമാനമായി.
മദ്രാസ് പ്രവിശ്യയിലെ പ്രവര്‍ത്തനാരംഭം
സംഘത്തെ നിയന്ത്രിക്കാനുള്ള ബ്രിട്ടീഷ് ശ്രമങ്ങളെ സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ 1943 ഡിസംബറിലെ സംഘവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് നോട്ടില്‍ ലഭ്യമാണ്. അതു പ്രകാരം മദ്രാസ് പ്രവിശ്യയില്‍ ആദ്യമായി സംഘത്തിന്റെ ശാഖ ആരംഭിച്ചത് 1939 ഏപ്രിലില്‍ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. നാഗ്പൂരില്‍ നിന്നുള്ള ജി.എസ്. പരമാര്‍ത്ഥ് ആണ് മദ്രാസ് പ്രവിശ്യയുടെ ആദ്യ തലവന്‍ എന്നും അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം 40 പേരെ കണ്ടെത്തി അംഗങ്ങളാക്കി.
വേപ്പേരിയിലെ റൗണ്ടോള്‍സ് റോഡിലുള്ള മഹാരഥ ഭവനില്‍ ഡോക്ടര്‍ പി. വരദരാജുവിനെ ഡയറക്ടര്‍ ആക്കി ശാഖ തുടങ്ങി. ഒരു രാജേന്ദ്രലാലിനെ നാഗ്പൂരിലയച്ച് പരിശീലകനായി പരിശീലനം ചെയ്യിച്ചു. നാഗ്പൂരില്‍ നിന്ന് ചിഞ്ചോല്‍ക്കര്‍ എന്നയാള്‍ എത്തുകയും ഇരുവരും ചേര്‍ന്ന് മദ്രാസ് പട്ടണത്തില്‍ 1939 സപ്തംബര്‍ ആയപ്പോഴേയ്ക്കും രണ്ട് ശാഖകളിലായി 69 പേരെ പ്രവര്‍ത്തകര്‍ ആക്കി. അതേവര്‍ഷം നവംബറില്‍ രണ്ടുപേര്‍ കൂടി നാഗ്പൂരില്‍ നിന്നെത്തുകയും പുതിയ രണ്ട് ശാഖകളുടെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ 1940 ഫെബ്രുവരി ആയപ്പോഴേയ്ക്കും സംഘടനയുടെ അംഗങ്ങളുടെ എണ്ണം 140 ആയി എന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ കാലത്തുതന്നെ എല്ലാ പ്രവിശ്യകളിലും സംഘടനയുടെ സാന്നിദ്ധ്യം എത്തിക്കുക എന്ന ലക്ഷ്യം എങ്ങനെ അന്നത്തെ കാര്യകര്‍ത്താക്കള്‍ സാധിച്ചെടുത്തു എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. മദ്രാസ് പട്ടണത്തില്‍നിന്നും പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ എങ്ങനെയാണ് സംഘം എത്തിയതെന്നും ഈ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നു. 1940 മാര്‍ച്ചില്‍ മുഖ്യ സംഘാടകനായ പരമാര്‍ത്ഥ് കോയമ്പത്തൂര്‍ സന്ദര്‍ശിച്ചു എങ്കിലും പ്രതികരണം മോശമായിരുന്നു. ജി.എന്‍ പാഠക് എന്നയാളിന്റെ കീഴില്‍ സേലത്ത് ഒരു ശാഖ ആരംഭിക്കുകയും 18 വിദ്യാര്‍ത്ഥികളെ 1940 മെയ് മാസത്തില്‍ പരിശീലനത്തിനായി നാഗ്പൂരിലേയ്ക്ക് അയക്കുകയും ചെയ്തു.
1940 ഏപ്രിലില്‍ 75 പ്രവര്‍ത്തകരെ 3 ഗ്രൂപ്പുകളായി തിരിച്ച് മാര്‍ച്ച് പാസ്റ്റും പ്രദര്‍ശന പരിശീലനവും നടത്തുകയും ശിവസ്വാമി അയ്യര്‍ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഇത്തരം പരിപാടികള്‍ക്ക് നിരോധനം ഉണ്ടായിരുന്നതിനാല്‍ പരമാര്‍ത്ഥ്, ഗോഖലെ എന്നിവരെ പോലീസ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തു. പിന്നീട് നാഗ്പൂരില്‍ നിന്ന് കൂടുതല്‍ സംഘ പ്രചാരകര്‍ മദ്രാസ് പ്രവിശ്യയില്‍ എത്തുകയും പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുകയും ചെയ്തു. 1943 മെയ് മാസത്തില്‍ 50 പ്രവര്‍ത്തകരെ ഓ.ടി.സി. ക്യാമ്പില്‍ വിടുകയും അവര്‍ തിരിച്ചുവന്ന് എല്ലാ ജില്ലകളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും അതോടെ മദ്രാസ് പ്രവിശ്യയിലെ എല്ലാ ജില്ലകളിലും സംഘത്തിന്റെ ശാഖകള്‍ തുടങ്ങുകയും ലാത്തികള്‍ കൊണ്ടുള്ള പരിശീലനങ്ങള്‍ എല്ലായിടത്തും നടത്തുകയും ചെയ്തു.
പിന്നീട് ഇതോടൊപ്പം 1943 ഡിസംബര്‍ വരെയുള്ള മദ്രാസ് പ്രവിശ്യയിലെ സംഘപ്രവര്‍ത്തന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മാസത്തില്‍ മസിലിപട്ടത്ത് സംഘം പരിശീലനക്യാമ്പ് സംഘടിപ്പിക്കുകയും കാക്കി യൂണിഫോമില്‍ പ്രദര്‍ശന പരിപാടികള്‍ നടത്തുകയും ചെയ്തു. പടിഞ്ഞാറന്‍ ഗോദാവരി ജില്ലാ മജിസ്‌ട്രേറ്റ് ഇത്തരത്തില്‍ യൂണിഫോമിലുള്ള പരിപാടികള്‍ നിരോധിച്ചിരുന്നതായിരുന്നു. ഈ പരിപാടികള്‍ക്കുശേഷം 1943 ഡിസംബര്‍ മാസത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് വീണ്ടും സംഘത്തിന്റെ ചുമതലയുള്ള ജി.എം. ഥാക്കൂറിന് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കി.
1943 ഡിസംബര്‍ 24-ന് ബെസ്വാഡയിലും ഡിസംബര്‍ 25-ന് കുറ്റാലത്തും ഡിസംബര്‍ 27-ന് കോഴിക്കോടും ഡിസംബര്‍ 31-ന് വണ്ണാര്‍പെട്ടിലും സംഘത്തിന്റെ ശീതകാല ക്യാമ്പുകള്‍ നടന്നു. അതില്‍ ബെസ്വാഡയിലെ ക്യാമ്പിലെ ഡ്രില്ലില്‍ ലാത്തികള്‍ ഉപയോഗിച്ചില്ല എന്നും കോഴിക്കോട് നടത്തിയ ഡ്രില്‍ പട്ടാളരീതിയില്‍ ആയിരുന്നു എന്നും നോട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
സംഘ വളര്‍ച്ചക്ക് തടയിടാനുള്ള ശ്രമങ്ങള്‍
സംഘത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാണ് എന്നതും സംഘടന നാളെ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ചാല്‍ അത് തലവേദനയാകും എന്നതും ബ്രിട്ടീഷ് അധികൃതരെ കുഴക്കുന്ന സംഗതികളായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നു. സംഘത്തിന്റെ വളര്‍ച്ച തടയാനായി എന്തെല്ലാം ചെയ്യാമെന്ന ആശയങ്ങളായിരുന്നു പിന്നീടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ മുഖ്യസ്ഥാനം പിടിച്ചിരുന്നത് എന്നുകാണാം.
1944 ജനുവരി 7-ന് ബ്രിട്ടീഷ് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ റിച്ചാര്‍ഡ് ടോട്ടന്‍ഹാം, സെന്‍ട്രല്‍ പ്രവിശ്യാ ചീഫ് സെക്രട്ടറിക്ക് ഒരു രഹസ്യ കത്ത് അയച്ചു. ജനുവരി 1-ന് അയച്ച ഒരു കത്തില്‍ സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും സംഘടനയുടെ തലവന്‍ പ്രൊഫസര്‍ ഗോള്‍വാള്‍ക്കറിന് മുന്നറിയിപ്പ് കൊടുക്കുന്നതിനുമുള്ള വിവരങ്ങള്‍ ടോട്ടന്‍ഹാം അതിലൂടെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഗോള്‍വാള്‍ക്കര്‍ തങ്ങള്‍ക്ക് വഴങ്ങുന്നതായി തോന്നിയതുകൊണ്ട് മുന്നറിയിപ്പ് കൊടുക്കേണ്ട എന്ന് തീരുമാനിച്ചതായും എങ്കിലും അത്തരം കാര്യങ്ങള്‍ പ്രവിശ്യാ സര്‍ക്കാരിന് തീരുമാനിക്കാമെന്നും ടോട്ടന്‍ഹാം പറഞ്ഞുവെക്കുന്നു.
ലഖ്‌നൗവില്‍ നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘം പ്രവിശ്യയില്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ് എന്നുള്ള വിവരങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജി.അഹമ്മദ് ആഭ്യന്തരവകുപ്പിന് അയക്കുന്നു. പ്രവിശ്യയുടെ വടക്കന്‍ പകുതിയിലെ ഗംഗാനദിക്ക് അരികിലുള്ള പതിനൊന്ന് ജില്ലകളില്‍ സംഘടന പ്രവര്‍ത്തിക്കുന്നു. ആര്‍.എസ്.എസ് ഒരു രാഷ്ട്രീയ സംഘടനയാണെന്നും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അതില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നും വിലക്കണമെന്നും നവംബറില്‍ പ്രാദേശിക അധികാരികളെ അറിയിച്ചിരുന്നതാണ്. സംഘത്തിന്റെ വളര്‍ച്ചക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം നടപടികള്‍ക്ക് വിവിധ ജില്ലകളില്‍ വ്യത്യസ്ത ഫലമാണ് ഉണ്ടായതെന്ന സൂചനയും റിപ്പോര്‍ട്ട് നല്‍കുന്നു. ലാത്തി കൊണ്ടുള്ള പരിശീലനങ്ങള്‍ ഇപ്പോഴും തുടരുന്നു എന്നും കഴിഞ്ഞവര്‍ഷം പരിശീലന ക്യാമ്പുകള്‍ നടന്നുവെന്നും നിരീക്ഷണത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ല എന്നും 1944 ഫെബ്രുവരി 2-ന് ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജി.അഹമ്മദ് റിപ്പോര്‍ട്ട് ചെയ്തു.
1932 -ല്‍ തന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആര്‍.എസ്.എസ്സില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നും 23(1)(1) വകുപ്പ് പ്രകാരം വിലക്കിയിരുന്നതാണ്. എന്നാല്‍ ആ വകുപ്പ് രാഷ്ട്രീയ സംഘടനകള്‍ക്കും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും മാത്രമായിരുന്നു ബാധകമായിരുന്നത്. സംഘത്തിനെ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കാന്‍ സാധിക്കുമോ എന്നുള്ള സംശയം മദ്രാസ് പ്രവിശ്യയിലെ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായി. എന്നാല്‍ സംഘത്തെ ഒരു രാഷ്ട്രീയ മുന്നേറ്റമായി കാണാമെന്നും അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പ്രസ്തുത വകുപ്പ് പ്രകാരം വിലക്കാമെന്നും അണ്ടര്‍ സെക്രട്ടറി മറുപടി കൊടുത്തു.
1944 മാര്‍ച്ച് 11-ന് സെന്‍ട്രല്‍ പ്രവിശ്യാ സര്‍ക്കാര്‍ ‘അതീവ രഹസ്യം’ എന്ന വര്‍ഗ്ഗത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കത്ത് ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാരിനയച്ചു. അതില്‍ പ്രവിശ്യ ഇതുവരെ സംഘത്തെക്കുറിച്ച് നല്കിയിരിക്കുന്നതിലും കുറച്ചുകൂടി വിവരങ്ങള്‍ നല്‍കാനുണ്ട് എന്നറിയിച്ചു. അതുപ്രകാരം ‘കഴിഞ്ഞവര്‍ഷംകൊണ്ട് സംഘം വളരുകയും അതിന്റെ സ്വാധീനവും പ്രവര്‍ത്തനവ്യാപ്തിയും വര്‍ദ്ധിക്കുകയും ചെയ്തു. പ്രവിശ്യാസര്‍ക്കാര്‍ വളരെ സൂക്ഷ്മതയോടെ സംഘത്തിന്റെ നില പരിശോധിക്കുകയും സംഘടനയുടെ സേനാപ്രവര്‍ത്തനം അടിച്ചമര്‍ത്തേണ്ട സമയമായി എന്ന ഉറച്ച നിര്‍ണ്ണയത്തില്‍ എത്തുകയും ചെയ്തു. താങ്കളുടെ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന 1940 ആഗസ്റ്റ് 5-ലെ മാറ്റത്തിലൂടെ വരുത്തിയ നിലവിലുള്ള നിയമങ്ങള്‍ സംഘത്തിന്റെ സേനാസ്വഭാവം അടിച്ചമര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ‘ഉറങ്ങുന്ന പട്ടി നുണ പറയട്ടെ’ എന്നൊരു പ്രവണതയും ഇപ്പോഴുണ്ട്. പ്രവിശ്യാസര്‍ക്കാരിന്റെ അഭിപ്രായത്തില്‍ കര്‍ശനമായ നയം ഇപ്പോള്‍ ആവശ്യമാണ് എന്നതിന് മൂന്ന് കാരണങ്ങളാണുള്ളത്:
(മ) സംഘത്തിന്റെ പ്രശസ്തിയും സ്വാധീനവും വര്‍ദ്ധിക്കുന്നു. ഇപ്പോള്‍ നടപടി എടുത്തില്ലെങ്കില്‍ പിന്നീട് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.
(യ) മുസ്ലിമും ഹിന്ദുവും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ വ്യക്തവും തൊട്ടടുത്തും ആകുമ്പോള്‍ സംഘം മൂലമുള്ള അപകടം വര്‍ദ്ധിക്കുന്നു.
(ര) ഖക്‌സര്‍ സംഘടനയ്‌ക്കെതിരെ എടുത്ത നടപടികള്‍ സംഘത്തിനെതിരെയുള്ള കടുത്ത നടപടികളെ സാധൂകരിക്കുന്നു.(NAI Reference:-HOME_ POLITICAL_I_1943_NA_F-28-3)
സംഘനേതാക്കള്‍ ഉത്തരവുകളെ ചോദ്യം ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്ത് സേനാ പരിശീലനങ്ങളും യൂണിഫോമും നിരോധിച്ചതിനെ പ്രയോജനരഹിതമാക്കി മാറ്റിയിരുന്നു. നിരോധനം സംബന്ധിച്ച ഉത്തരവുകളെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും സംഘത്തിന്റെ പ്രവര്‍ത്തകര്‍ അജ്ഞത നടിക്കുകയും തെറ്റുപറ്റിപ്പോയി എന്ന് വാദിക്കുകയും ചെയ്യുന്നത് ഇനിയും തുടരും. ‘സേനാരീതിയിലുള്ള പരിശീലനം, ആയുധമാക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍, ബ്രിട്ടീഷ് സേനകള്‍ ഉപയോഗിക്കുന്ന രീതിയിലുള്ള യൂണിഫോം’ തുടങ്ങിയ വാക്കുകള്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രയോഗിക്കുമ്പോള്‍ പോരാതെവരുന്നു. പട്ടാളത്തെയോ പോലീസിനെയോ പോലെ അച്ചടക്കമുള്ള സംഘടന കെട്ടിപ്പെടുക്കാനുള്ള സംഘത്തിന്റെ അടുത്തിടെയുള്ള ഉപാധി ക്യാമ്പുകളാണ്, അതിനാല്‍ ക്യാമ്പ് നിരോധിക്കണം എന്നിങ്ങനെ കത്തിലെ വിശദാംശങ്ങള്‍ നീണ്ടുപോകുന്നു. കായിക പരിശീലനങ്ങളും കളികളും ആയുധ പരിശീലനങ്ങളും ഏത് തരത്തിലുള്ള യൂണിഫോമും ബാഡ്ജുകളും നിരോധിക്കണം എന്നും പ്രവിശ്യാ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. സംഘത്തിനെ പൂര്‍ണ്ണമായി ഇല്ലാതാക്കാനാവില്ല എന്നത് ഉള്‍ക്കൊള്ളുന്നുവെങ്കിലും സേനാ രീതിയിലുള്ള പ്രവര്‍ത്തനം നിരോധിക്കാന്‍ സാധിക്കും, അത് കൂടിയേതീരൂ എന്നും പ്രവിശ്യാ സര്‍ക്കാര്‍ ഈ കത്തിലൂടെ ആവശ്യപ്പെടുന്നു.
ഇതേ ദിവസം തന്നെ സിന്ധ് പ്രവിശ്യയും സമാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംഘത്തിനെ നിയന്ത്രിക്കണം എന്ന ആവശ്യവുമായി ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയച്ചു. സംഘത്തിനെ നിയന്ത്രിക്കുന്നതിനായി വിവിധ പ്രവിശ്യാ സര്‍ക്കാരുകളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ കൂടുതല്‍ കത്തിടപാടുകള്‍ നടത്തുകയും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ് എന്ന നിലപാടില്‍ എത്തുകയും ചെയ്തു. അങ്ങനെ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ 1944 ഏപ്രില്‍ 23-ന് ഉയര്‍ന്നുവന്നു.
1) പട്ടാള രീതിയുള്ളതോ അല്ലാതെയുള്ളതോ ആയ പരിശീലനങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കുക.
2) പട്ടാള രീതിയുള്ളതോ അല്ലാതെയുള്ളതോ ആയ യൂണിഫോമുകളും അടയാള ചിഹ്നങ്ങളും നിരോധിക്കുക.
3) ക്യാമ്പുകള്‍ നിരോധിക്കുക.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വളര്‍ച്ച തടയുക എന്ന ഉദ്ദേശ്യത്തോടെയുള്ള നീക്കമാണെങ്കിലും ഇതിലൂടെ ഖക്‌സര്‍, മുസ്‌ലിം ലീഗ് നാഷണല്‍ ഗാര്‍ഡ് എന്നീ സംഘടനകളെയും ഈ നീക്കം ബാധിക്കുമെന്നും ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സംഘത്തിനെതിരെ മാത്രമായി നടപടി എടുക്കുന്നതിനേക്കാള്‍ വളണ്ടിയര്‍ സംഘടനകള്‍ക്കെതിരെയുള്ള നടപടിയായി ഇതിനെ മാറ്റുന്നതാണ് ബുദ്ധിപരം എന്ന നിഗമത്തില്‍ അവര്‍ എത്തുകയും അണ്ടര്‍ സെക്രട്ടറി ഒലിവര്‍ പട്ടാള പരിശീലനങ്ങള്‍ നിരോധിക്കുക പട്ടാള രീതിയുള്ള യൂണിഫോമുകളും അടയാള ചിഹ്നങ്ങളും നിരോധിക്കുക, ക്യാമ്പുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കുക എന്നീ മൂന്ന് തീരുമാനങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു.
നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ തള്ളപ്പെടുന്നു
സംഘത്തിനെ നിയന്ത്രിക്കാനുള്ള ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദ്ദേശങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ല എന്ന് ചൂണ്ടിക്കാട്ടി അണ്ടര്‍ സെക്രട്ടറി ഒലിവര്‍ തള്ളിയെങ്കിലും പിന്നീട് പഞ്ചാബ്, മദ്ധ്യ പ്രവിശ്യകളുടെ നിര്‍ബന്ധത്തിനുവഴങ്ങി അനുമതിക്കായി ആഭ്യന്തര സെക്രട്ടറി, സര്‍ റിച്ചാര്‍ഡ് ടോട്ടന്‍ഹാമിന് അയച്ചുകൊടുത്തു. എന്നാല്‍ വിവിധ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആ നിര്‍ദ്ദേശങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. ഭൂരിപക്ഷം പ്രവിശ്യകളും നിലവിലുള്ള നടപടി നിര്‍ദ്ദേശങ്ങള്‍ പര്യാപ്തമാണ് എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ പഞ്ചാബിന്റെയും മദ്ധ്യപ്രവിശ്യയുടേയും വാദങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നവയല്ലെന്ന് ടോട്ടന്‍ഹാം വിലയിരുത്തുന്നു. പഞ്ചാബ് പ്രവിശ്യ, എന്തുകൊണ്ടെന്ന് വ്യക്തമാക്കാതിരിക്കുമ്പോള്‍ മദ്ധ്യപ്രവിശ്യ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമല്ല എന്ന് വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നതെന്ന് വിവരിക്കുന്നു. മാത്രമല്ല രാഷ്ട്രീയ – മത സംഘടനകളെ നിയന്ത്രിക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെയും മുസ്ലിം ലീഗിനെയും ഒഴിവാക്കാനാവാതെ വരുമെന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു. വളണ്ടിയര്‍ സംഘടനകളുടെ പ്രവര്‍ത്തനം പേടിക്കത്തക്കതാണെങ്കിലും ഇപ്പോള്‍ അതൊരു ശല്യമല്ല എന്ന് അദ്ദേഹം വിവരിക്കുന്നു. അങ്ങനെ ആഭ്യന്തര സെക്രട്ടറി, ഒലിവറിന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളുകയും അനുമതിക്കായി മുകളിലേയ്ക്ക് തല്‍ക്കാലം അയക്കാനാവില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
(തുടരും)
Comments