Sunday, July 13, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

ഇരിക്കൂ, ഡോക്ടര്‍ പുറത്താണ്

ശശിധരന്‍ ഫറോക്ക്

Sep 3, 2019, 12:58 pm IST

ജാഥ അടുത്തുവരുന്നു. സാധാരണ പരിചിതമല്ലാത്ത ഒരു ഒഴുക്കന്‍ ജാഥ. മുദ്രാവാക്യങ്ങള്‍ക്ക് മിതത്വമുണ്ട്. ആക്രോശവും അട്ടഹാസങ്ങളുമില്ല. പതിഞ്ഞ സ്വരത്തിലുള്ള ചെറിയ ചെറിയ മുദ്രാവാക്യങ്ങള്‍. അവയുടെ കൂടെ മുദ്രകളോ മുഷ്ടി ചുരുട്ടലോ ഇല്ല.
കുന്നിന്‍മുകളിലെ ആശുപത്രി പരിസരത്തുനിന്നും തുടങ്ങിയതാണത്. മാതൃഭാഷാ സ്‌നേഹികള്‍ക്ക് അലോസരമുണ്ടാക്കി മുദ്രാവാക്യങ്ങള്‍ മിക്കതും ഇംഗ്ലീഷിലാണ്. ജാഥയില്‍ ഏറിയ പങ്കും യുവജനങ്ങള്‍. സുന്ദരന്മാരും സുന്ദരികളും. ആകാംക്ഷയും ആശങ്കയും നിഴലിട്ട മുഖങ്ങള്‍. അവരെ സാവധാനം അനുഗമിക്കുന്ന മുതിര്‍ന്നവരുടെയും മുഖത്ത് പതിവ് പ്രസന്നതയുടെ തിളക്കമില്ല.
ജാഥ തെരുവിലെത്തി.
ഓ.. അതു ശരി… ഇപ്പോള്‍ പിടികിട്ടി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരുമാണ് ജാഥയില്‍. അവരുടെ വയറ്റത്തടിക്കുന്ന പ്രശ്‌നമാണല്ലോയിത്. മെഡിക്കല്‍ഷോപ്പിന്നോരം പറ്റിനിന്ന വിനയചന്ദ്രന്‍ വിശകലനം ചെയ്യാനൊരുങ്ങി.
മുംബൈയിലും ഡല്‍ഹിയിലുമൊക്കെയാണ് ഈ പ്രതിഷേധം ആദ്യം തുടങ്ങിയത്. പിന്നെ മറ്റു നഗരങ്ങളിലേക്കു. വിനയന്‍ വിസ്തരിക്കാനുള്ള ഭാവമാണ്.
കാട്ടുതീ പോലെയാണ് ആ വാര്‍ത്ത ക്യാംപസ്സുകളില്‍ നിന്ന് ക്യാംപസ്സുകളിലേക്ക് പരന്നത്. സര്‍ക്കാര്‍ എല്ലാ മേഖലയിലുമുള്ള മെഡിക്കല്‍ കോളേജുകളുടെയും പഠനസ്ഥാപനങ്ങളുടെയും എണ്ണം കുറയ്ക്കാന്‍ തത്വത്തില്‍ തീരുമാനിച്ചത്രേ. ക്രമേണ മെഡിക്കല്‍ കോളേജുകളും മറ്റും നാമമാത്രമാവും. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി തീരുമാനമെടുത്തു കഴിഞ്ഞു. ആരോഗ്യവിദ്യാഭ്യാസരംഗത്ത് ഒരു ബോംബ് പൊട്ടിയ പ്രതീതി. ചാനലുകള്‍ക്ക് ചാകര. ഇനി വാദങ്ങളും ചര്‍ച്ചകളും കുശാല്‍. പത്രമാധ്യമങ്ങള്‍ക്ക് ദിവസങ്ങളോളം കോളമെഴുതാന്‍ വകയായി.
വിനയചന്ദ്രന്റെ ഫോണ്‍ ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്നു. പ്രതിഷേധത്തെക്കുറിച്ചും ജാഥയെക്കുറിച്ചുള്ള അഭിപ്രായമറിയാനാണ് മിക്കവരും വിളിക്കുന്നത്. നാട്ടിലെ വിദ്യാഭ്യാസപ്രശ്‌നങ്ങളെ കീറിമുറിച്ച് സൈദ്ധാന്തികമായി പരിശോധിച്ച് സത്യസന്ധമായി വിലയിരുത്താന്‍ ഈ പ്രദേശത്ത് വിനയചന്ദ്രന്‍ കഴിച്ചേ ആളുള്ളൂ. നല്ല വായനക്കാരന്‍. സമകാലീന സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് അപ്‌ഡേറ്റഡ് ആണ് വിനയന്‍. പ്രശ്‌നങ്ങളെക്കുറിച്ച് സമര്‍ത്ഥമായി ബോധവല്‍ക്കരണം നടത്തുന്ന മിടുക്കന്‍. അങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട് വിനയചന്ദ്രന്.
ജാഥയുടെ അവസാന നിരയും കടന്നുപോയപ്പോള്‍ മെഡിക്കല്‍ഷോപ്പിനു മുന്നില്‍ ചറുപറാന്ന് സംസാരം തുടങ്ങി.
ഡോക്ടര്‍മാരുടെ സേവനം കുറഞ്ഞുവരുന്നുവെന്നത് ശരിയാണ്.” ചുറ്റും കൂടിയവരോട് വിനയചന്ദ്രന്‍ പറഞ്ഞു. “ക്രമേണ ഡോക്ടര്‍മാര്‍ അത്യാവശ്യമില്ലാത്ത ഒരു ലോകത്തിലേക്കാവും നാം കടക്കുന്നത്. ഡോക്ടര്‍മാര്‍ ഒഴിച്ചുകൂടാനാവാത്തതാണെന്ന കാലം കഴിഞ്ഞു കൂട്ടരെ. സര്‍ക്കാര്‍ വിദഗ്ധ സമിതിയുടെ സുചിന്തമായ അഭിപ്രായവുമതാണ്. കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വിവരവും വിദ്യകളുമെല്ലാം വിരല്‍ത്തുമ്പിലാണിപ്പോള്‍. അപ്പോള്‍ എല്ലാ രംഗത്തും മാറ്റം വരും. പ്രത്യേകിച്ച് ചികിത്സാരംഗത്ത്. വിനയന്‍ വിശദീകരിച്ചു. ഇനി സ്ഥിതിവിവരക്കണക്കുകള്‍ കൊണ്ട് അദ്ദേഹം അമ്മാനമാടും.
ഡോക്ടര്‍മാര്‍ ദൈവങ്ങളായിരുന്നു നമുക്ക് അടുത്ത കാലം വരെ. പക്ഷെ ഇപ്പോഴങ്ങനെയൊന്നുമല്ല. ഡോക്ടര്‍മാര്‍ കാലാവധി കഴിഞ്ഞ മരുന്നായി മാറാന്‍ പോകുന്നു. തടിച്ച കണ്ണട ധരിച്ച കറുത്ത കുള്ളനായ ഫാര്‍മസി മുതലാളിയുടെ ശബ്ദമുയര്‍ന്നു.
ഇപ്പോഴാണെങ്കില്‍ നാഡിമിടിപ്പ് പരിശോധനയേയില്ല. കണ്‍പോളകള്‍ തുറന്ന് ടോര്‍ച്ചടിച്ചുള്ള നോട്ടമില്ല. സ്റ്റെതസ്‌കോപ്പ് അലങ്കാരം മാത്രമാണ്. പണ്ടൊക്കെ കൈപ്പുണ്യമുള്ള ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. തൊട്ടാല്‍ത്തന്നെ രോഗം മാറും. പഴയ കമ്പോണ്ടറായ കണ്ണേട്ടന്‍ പറഞ്ഞു നിര്‍ത്തി.
ഇന്നിപ്പോള്‍ ഡോക്ടറുടെയും രോഗിയുടെയുമിടയില്‍ ലക്ഷങ്ങളുടെ ഉപകരണങ്ങളാണ് യഥാര്‍ത്ഥ താരങ്ങള്‍.”യുവ ഫുട്‌ബോള്‍ താരം അരവിന്ദന്റെ കമന്റ്.
ഉദിച്ചുയര്‍ന്ന സൂര്യന്‍ ആകാശത്തിന്റെ അഗാധ നിലീമയിലേക്ക് വെള്ളിവെളിച്ചം വീശി.
ഉപകരണങ്ങള്‍ രോഗങ്ങള്‍ നിര്‍ണയിച്ച് കഴിഞ്ഞാല്‍ മരുന്നെഴുതുന്ന പണി മാത്രമേ ഇപ്പോഴത്തെ ഡോക്ടര്‍മാര്‍ക്കുള്ളൂ. അതായത് മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നാണ് ഇനി അവര്‍ക്കിടാന്‍ പറ്റിയ പേര്. ഫാര്‍മസിസ്റ്റ് സുഭാഷിണി ഇടയ്ക്ക് കയറി പറഞ്ഞു. എത്രയോ വര്‍ഷമായി മരുന്നുഷോപ്പില്‍ ജോലി നോക്കുന്ന അവര്‍ക്ക് മരുന്നുകള്‍ കാണാപ്പാഠമാണ്.
ഇനി ബാര്‍ബര്‍ ഷോപ്പുകളും പെട്രോള്‍ പമ്പുകളും പോലെ വഴിയോരത്തൊക്കെ സര്‍വ ഉപകരണ സന്നാഹങ്ങളോടെ മെഡിക്കല്‍ ഹബ്ബുകളാണ് വരാന്‍ പോകുന്നത്. രോഗവും മരുന്നും തിട്ടപ്പെടുത്തുന്ന കംപ്യൂട്ടര്‍ സംവിധാനമുള്ള ഹബ്ബുകള്‍. ഷേവ് ചെയ്തിറങ്ങുന്ന ലാഘവത്തോടെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങാം. ടോക്കണ്‍ വേണ്ട. സമയവും ലാഭിക്കാം. സുഭാഷിണിയുടെ സുഭാഷിതം നീണ്ടുപോയി.
വല്ലാത്ത മേലുവേദന. എന്തെങ്കിലും മരുന്നു താ മോളെ.” മീനാക്ഷിയമ്മ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇറങ്ങിയതാണ്. ഒരു നേരമെങ്കിലും അങ്ങാടിയിലൊന്നു കറങ്ങിയില്ലെങ്കില്‍ അവര്‍ക്ക് വല്ലാത്ത വിമ്മിട്ടമാണ്.
മുത്തശ്ശിക്ക് ഡോക്ടറെ കാണിച്ചൂടെ? സുഭാഷിണി പുരട്ടാന്‍ മരുന്ന് കൊടുക്കുന്നതിനിടെ ഉച്ചത്തില്‍ ചോദിച്ചു.
ഓ.. പണ്ടൊക്കെ ഡോക്ടറ് തൊടുമ്പോള്‍ത്തന്നെ സൂക്കേട് മാറും. വീട്ടുവിശേഷം വരെ അവര് ചോദിച്ചറിയും. ഇപ്പം ഒന്നും നോക്കൂല. കണ്ണുമടച്ച് ഒരു എഴുത്താണ്. ഒരു കൊട്ട മരുന്ന്. മുത്തശ്ശി പരിഭവത്തോടെ മോണ കാട്ടി ചിരിച്ചു.
ഒരു ഡോക്ടര്‍ രക്തം പരിശോധിക്കാന്‍ പറയും. ഒരാള്‍ കഫം നോക്കാന്‍ കല്‍പിക്കും. പിന്നെ പലരുമായി എക്‌സറേയും, സ്‌കാനിംഗും, എം.ആര്‍.ഐയും, എന്‍ഡോസ്‌കോപിയും. എന്നുവേണ്ട എല്ലാ ടെസ്റ്റും നടത്താന്‍ പറയും. എന്നിട്ടേ മരുന്നിലേയ്ക്ക് തിരിയൂ.” മരുന്നു വാങ്ങാനെത്തിയ സദാശിവന്‍ മാസ്റ്ററുടെ പരിഭവവും പ്രതിഷേധവും ഉച്ചത്തിലായി. സാധാരണ രീതിയില്‍ പതിയെ സംസാരിക്കുന്ന സദാശിവന്‍ മാസ്റ്റര്‍ക്ക് ഇത്രയും ശബ്ദമോ? കൂടി നിന്നവര്‍ അത്ഭുതപ്പെട്ടു.
സര്‍ക്കാരാഫീസില്‍ പോയാല്‍ ഇട്ടുതട്ടുന്നതുപോലെ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് തട്ടും. അയാള്‍ പന്ത് പാസ് ചെയ്യുന്നപോലെ വേറൊരു സ്‌പെഷ്യലിസ്റ്റിന്റെ അടുത്തേക്ക്. അവിടുന്ന് പിന്നെ മറ്റൊരു ഡോക്ടറുടെ വക ചില പരിശോധനകള്‍. ഒരാശ്പത്രിയില്‍ പോയാല്‍ ഒന്നോ രണ്ടോ ദിവസം വേറെ പണിക്ക് പോകാനാവില്ല. ബില്ല് കണ്ടാല്‍ തലചുറ്റും. നാട്ടുപണിക്കാരന്‍ കൃഷ്‌ണേട്ടന്റെ പരാതി.
അവസാനം ഒരു രോഗവുമില്ലെന്നാവും പറയുക. അപ്പോഴേക്കും പോക്കറ്റ് കാലിയാവും. ആകെയൊരു സമാധാനം എല്ലാ ആസ്പത്രിയിലും എ.ടി.എം ബൂത്തുണ്ടെന്നതും കൈയ്യില്‍ കാര്‍ഡുണ്ടെന്ന ധൈര്യവുമാണ്.” തമാശ പറയാന്‍ സജീവന്‍ മിടുക്കനാണ്. എല്ലാവരും പൊട്ടിച്ചിരിച്ചു.
ഇങ്ങനെയൊക്കെയുണ്ടായിട്ടെന്താ. സമയം വരുമ്പം ചാവും. അത്രതന്നെ. പണം ചിലവാക്കിയത് വെറുതെയാവും. അതുവരെ മിണ്ടാതെ നിന്ന മമ്മത്മൂപ്പന്റെ പ്രതികരണം. ജീവിതം ഒരു കോല്‍ക്കളിയാണെന്നാണ് കോല്‍ക്കളി ആശാനായ മമ്മത്മൂപ്പന്റെ വിശ്വാസപ്രമാണം.
ങാ.. അതാ ഞാനെപ്പഴും പറയാറ്. മുകളിലൊരാളുണ്ട്. അയാളാണ് എല്ലാം തീരുമാനിക്കുന്നത്. സ്വാമി എന്നു വിളിക്കുന്ന കുമാരഗുരു കണ്ണും കയ്യും മേലോട്ടിട്ട് ഏതോ മന്ത്രം ഉരുവിട്ടു.
ദൈവത്തിന്റെ കമ്പ്യൂട്ടറില്‍ എല്ലാം ഫീഡ് ചെയ്തിട്ടുണ്ടാവും. അത് കൃത്യമായിരിക്കും അല്ലേ സ്വാമീ. കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി നികേഷ് സ്വാമിയെ നോക്കി കണ്ണിറുക്കി.
ഫാര്‍മസിക്കുമുന്നിലെ ബാറില്‍ ഇപ്പോഴെ തിരക്കുതുടങ്ങി. പണ്ടൊക്കെ രാത്രി പാത്തും പതുങ്ങിയും ബാറില്‍ കയറിയിരുന്നവര്‍ ഇപ്പോള്‍ തലയുയര്‍ത്തി നെഞ്ചുവിരിച്ചാണ് കയറിയിറങ്ങുന്നത്.
നമ്മളൊക്കെ കോഴ്‌സ് കഴിയുമ്പോഴേക്ക് സൈഡാവുമെടാ. എം.ബി.ബി.എസ്സും എം.ഡിയുമൊക്കെ വെയിസ്റ്റാകും. മുടക്കിയ പണം എങ്ങിനെ തിരിച്ചുകിട്ടും. തുലഞ്ഞതുതന്നെ.” മെഡിക്കല്‍ രണ്ടാം വര്‍ഷക്കാരന്‍ ബെഞ്ചമിന്‍ ഫ്രാന്‍സിസ് ബാറില്‍ നിന്നു പുറത്തു കടന്നയുടനെ അമറി. ജാഥയില്‍ നിന്നു വലിഞ്ഞ് ബാറിലേക്ക് നൂണ്ടുകയറിയതാണ് ബെഞ്ചമിന്‍.
നമ്മുടെ സ്വപ്നമെല്ലാം തകരും. ഔവര്‍ ഡ്രീംസ് വില്‍ വിതര്‍ എവേ. നമുക്കിനി പേരിന്നു മുന്നില്‍ ഡോക്ടര്‍ എന്നുവെക്കാനാവുമോ എന്നാണെന്റെ പേടി. ഡി.ആര്‍ എന്ന ഷോര്‍ട്ടിനുപകരം കോ-ഓര്‍ഡിനേറ്ററിന്റെ ചുരുക്കമായ സി.ആര്‍ എന്നേ ഇനി വെക്കാന്‍ പറ്റൂവെന്ന് തോന്നുന്നു. ഷെയിം. ഷെയിം. നമ്മുടെ ഫ്യൂച്ചര്‍ കുളമാവും.” ബെഞ്ചമിനോടൊപ്പം ഇറങ്ങിവന്ന ഷഫീക്ക് അഹമ്മദ് പിറുപിറുത്തു.
എക്യുപ്‌മെന്റ്‌സ് ആണ് ഇനി ഡയഗ്‌നോസ് ചെയ്യാന്‍ പോകുന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ടനുസരിച്ച് കമ്പ്യൂട്ടര്‍ മരുന്ന് സജസ്റ്റ് ചെയ്യും. ഓപ്ഷനുണ്ടാവും. നമ്മള്‍ റിപ്പോര്‍ട്ടും റിസള്‍ട്ടും മെഡിസിനും കോ-ഓര്‍ഡിനേറ്റ് ചെയ്യുന്ന വെറും കോ-ഓര്‍ഡിനേറ്റര്‍മാര്‍. ഷഫീക്ക് അഹമ്മദ് നിര്‍ത്താതെ പുലമ്പി.
ഡോണ്‍ട് വറി. എന്നാലും സര്‍ജറിയും ട്രാന്‍സ്പ്ലാന്‍ന്റേഷനുമൊക്കെ ആര് കയ്യടക്കുമെന്ന് കാണാലോ. ബി കൂള്‍. കൂട്ടുകാരന്‍ സുധീഷ് സുധാകര്‍ ബെഞ്ചമിന്റെയും ഷഫീക്കിന്റെയും ഇടയ്ക്കുനിന്ന് രണ്ട് പേരുടെയും തോളില്‍ കയ്യിട്ട് നടന്നു, പൂട്ടുകാളകള്‍ക്ക് നുകം വെച്ചപോലെ.
തെരുവോരം സജീവമായിട്ടുണ്ടിപ്പോള്‍. തെക്കുംപുറം ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിന്റെ കൊടിയേറ്റമാണിന്ന്.
വഴിവാണിഭക്കാര്‍ നേരത്തെ സ്ഥലം കയ്യടക്കിയിട്ടുണ്ട്. അവരുടെ പതിവ് വാചകമടിയും ഡമോണ്‍സ്‌ട്രേഷനും കണ്ടുനില്‍ക്കാന്‍ നല്ല രസം. മെയ്‌വഴക്കം കാണിക്കുന്ന തമിഴ് ചുവയുള്ള മയിലെണ്ണക്കാരനും, നിര്‍ത്താതെ വീരസ്യമടിക്കുന്ന ഒറ്റമൂലിക്കാരനും, പച്ചക്കുപ്പായമിട്ട പച്ചമരുന്നുകാരനും വീരവാദങ്ങളുമായി രംഗത്തുണ്ട്. കിലുപ്പിത്തിരി കച്ചവടക്കാരും അരങ്ങുകൊഴുപ്പിക്കാന്‍ ആവതും മിനക്കെടുന്നുണ്ട്. വഴിവാണിഭത്തിന്റെ വിഴുപ്പലക്കല്‍ കേട്ടുനിന്നാല്‍ സമയം പോകുന്നതറിയില്ല. നല്ല ഒന്നാന്തരം തമാശപൊട്ടിച്ച് കൊണ്ടും കൊടുത്തും വിരസതയകറ്റി വിലസുന്ന കച്ചവടക്കാരുടെ സാധനങ്ങള്‍ നിരത്തിന്നു ഫ്രില്ലു വെച്ചതുപോലെ നീണ്ടു കിടക്കുന്നു. നിരത്തിവെച്ച കളിപ്പാട്ടങ്ങളെ സൂര്യവെളിച്ചം തഴുകുമ്പോള്‍ അവ ജീവസ്സുറ്റ വര്‍ണ്ണവിസ്മയങ്ങള്‍ തീര്‍ക്കുന്നുണ്ട്.
തെരുവില്‍ പരക്കുന്ന ജനം തിരക്കിന്നിടയിലും കൊടിയേറ്റത്തിന്റെ ചെണ്ടമേളത്തിന്നായി ചെവി കൂര്‍പ്പിക്കുന്നുണ്ട്.
ഫാര്‍മസിക്ക് മുന്‍വശത്തെ അങ്ങാടിമരുന്നുകടയിലെ സുഗുണന്‍ വൈദ്യര്‍ ഇതികര്‍ത്തവ്യമൂഢനായിരുന്നു. അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. കടന്നുപോയ ജാഥ അക്ഷരാര്‍ത്ഥത്തില്‍ അയാളെ പിടിച്ചുലച്ചിട്ടുണ്ട്. മനംമടുത്ത് വൈദ്യര്‍ സന്ധ്യയ്ക്കു മുമ്പെ കടപൂട്ടി വീട്ടിലേയ്ക്ക് പുറപ്പെട്ടു. കൊയ്ത്തു കഴിഞ്ഞു നഗ്നമായിക്കിടക്കുന്ന വയലുകള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ വരമ്പിലൂടെ അയാള്‍ വേഗത്തില്‍ നടന്നു. ആത്മവിശ്വാസത്തിനും അഹന്തയ്ക്കുമിടയില്‍ ഇതുപോലെ നേരിയ ഒരതിര്‍ വരമ്പേയുള്ളൂവെന്ന് എവിടെയോ വായിച്ചതയാള്‍ ഓര്‍ത്തു. ആത്മവിശ്വാസം ആശങ്കയ്ക്ക് വഴിമാറിയതില്‍ അയാള്‍ക്ക് അതീവ ദുഃഖം തോന്നി.
കൈയിലുണ്ടായിരുന്ന ബാഗ് തിണ്ണയിലേയ്‌ക്കെറിഞ്ഞ് പൂമുഖത്തെ കസേരയിലിരുന്ന അയാള്‍ ഒരു പ്രതിമയുടെ രൂപം പൂണ്ടു.
സുശീലാമ്മ വന്നു നോക്കുമ്പോള്‍ സുഗുണന്‍ വൈദ്യര്‍ അവരെ തുറിച്ചുനോക്കി. ഒരു അപരിചിതയെ കാണും കണക്കെ.
എന്തുപറ്റി. ഇന്നെന്താ നേരത്തെ ഭര്‍ത്താവിന്റെ ഭാവമാറ്റം പെട്ടെന്ന് പിടിച്ചെടുത്ത സുശീലാമ്മയ്ക്ക് ആധിയായി.
ഇനിയെന്തു പറ്റാന്‍. എല്ലാം തുലഞ്ഞു. വൈദ്യര്‍ക്ക് പിന്നെ മിണ്ടാട്ടമില്ല. അകലെ ആകാശത്ത് ചിതറി പറക്കുന്ന പറവകളിലായിരുന്നു അയാളുടെ കണ്ണുകള്‍.
തുറന്നു പറയൂ സുഗുണേട്ടാ. ആരെങ്കിലുമായി വഴക്കിട്ടോ? അതോ, കടയിലെന്തെങ്കിലും കുഴപ്പമുണ്ടായോ?” ആകാംക്ഷയോടെ സുശീലാമ്മ തിരക്കി.
രണ്ടുമില്ല. നമ്മുടെ പണം പോയി, അത്രതന്നെ വാര്‍ത്തകളൊന്നും കേട്ടില്ലെ നിങ്ങള്. മെഡിക്കല്‍ രംഗത്ത് വലിയ പരിഷ്‌ക്കാരങ്ങള്‍ വരികയാണത്രെ. ഡോക്ടര്‍മാരുടെ എണ്ണവും മെഡിക്കല്‍ കോളേജുകളും വെട്ടിക്കുറയ്ക്കാന്‍ ഗവര്‍മ്മെന്റ് തീരുമാനിച്ചരിക്കുന്നത്രേ. ഇനി ഡോക്ടര്‍മാര്‍ വളരെ കുറച്ചേ വേണ്ടിവരികയു ള്ളൂവെന്നാണ് പറയുന്നത്. ഓപ്പറേഷന്‍ ചെയ്യാനൊക്കെ മാത്രം. അങ്ങാടിയില്‍ ഇന്നൊരു പ്രതിഷേധജാഥയുണ്ടായിരുന്നു. സുഗുണന്‍ വൈദ്യര്‍ പതിഞ്ഞ ശബ്ദത്തിലാണത് പറഞ്ഞുതീര്‍ത്തത്.
സുശീലാമ്മയുടെ തലയില്‍ ഇരുട്ട് കയറി. കണ്ണുതള്ളി. ഇളയവന്നു മെഡിസിന്‍ സീറ്റുറപ്പിയ്ക്കാന്‍ കൊടുത്ത തുക നഷ്ടമാവുമോയെന്നാണ് ഭര്‍ത്താവിന്റെ ആശങ്കയെന്ന് അവര്‍ ഊഹിച്ചെടുത്തു. അമ്പത് ലക്ഷം കൊടുക്കാന്‍ ധാരണയായി അതിലേയ്ക്ക് നല്ലൊരു തുക അഡ്വാന്‍സ് കൊടുത്താണ് മഹേഷിന്ന് സീറ്റുറപ്പിച്ചത്. ഇനി എല്ലാ പ്ലാനും തകര്‍ന്നു പോവും. സുശീലാമ്മ വൈദ്യരുടെ തൊട്ടരുകില്‍ മൂകയായി ഇരുന്നു.
ഇനി ഡോക്ടര്‍മാര്‍ക്കൊന്നും വലിയ കോളുണ്ടാവില്ലെന്നാണ് കേള്‍ക്കുന്നത്. മെഡിക്കല്‍ പ്രാക്ടീഷണറിനുപകരം മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നാണത്രെ അവരെ വിളിയ്ക്കുക. കഷ്ടം തന്നെ. സീറ്റുകള്‍ കുറച്ചാല്‍, ആശുപത്രികള്‍ കുറഞ്ഞാല്‍, ഡോക്ടര്‍മാര്‍ വേണ്ടാത്ത അവസ്ഥ വന്നാല്‍ നമ്മുടെ മോന്‍ തെണ്ടിപ്പോവുമല്ലൊ സുശീലേ. മുടക്കിയ പണവും വെള്ളത്തിലാവും. സുഗുണന്‍ വൈദ്യര്‍ പിറുപിറുത്തുകൊണ്ടിരുന്നു.
എല്ലാം കുളം തോണ്ടും. നാണക്കേട് വേറെയും. മനക്കോട്ട തകര്‍ന്ന സുശീലാമ്മ കൂട്ടുചേര്‍ന്നു.
ഒരു കണക്കിന് അതാ നല്ലതച്ഛാ. മിന്നുന്നതെല്ലാം പൊന്നല്ലെന്ന ഒരു ചിന്ത നല്ലതാണ്. എം.ബി.ബി.എസ്സിന്നും എം.ഡിയ്ക്കും വിവാഹ മാര്‍ക്കറ്റില്‍ വിലയിടിയുന്നത് നല്ലതാണ്. മഹേഷ് പൂമുഖത്തെ തിണ്ണയില്‍ സാവകാശം ഇരിപ്പുറപ്പിച്ചു.
ഓ. നീയകത്തുണ്ടായിരുന്നോ. ഞാന്‍ കരുതി നാടു നന്നാക്കാനെവിടെയോ പോയതായിരിക്കുമെന്ന് സുഗുണന്‍ വൈദ്യര്‍ ചൊടിച്ചു. ലക്ഷങ്ങള്‍ വെള്ളത്തിലാവുമ്പോഴും അവന്നത് നിസ്സാരം. ഇതൊന്നും ഞങ്ങള്‍ക്ക് വേണ്ടിയല്ല. നിനക്ക് വേണ്ടിയാണ്. അയാള്‍ മുറുമുറുത്തു.
ഞാന്‍ അന്നേ പറഞ്ഞിരുന്നതല്ലെ. അച്ഛന്‍ വിറ്റപറമ്പിന്ന് ഒരു വര്‍ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ കിട്ടിയതിന്റെ നാലിരട്ടി കിട്ടുമായിരുന്നെന്ന്. അതിലൂടെയാണ് പുതിയ ബൈപാസ് വരുന്നത്. പണി തുടങ്ങിക്കഴിഞ്ഞു. മഹേഷ് തലയുയര്‍ത്തിപ്പറഞ്ഞു..
നീങ്ങളിനി അതുമിതും പറഞ്ഞ് വഴക്കു വേണ്ട. ഇനി അസൂയക്കാര് ചിരി തുടങ്ങും. അതാണെന്റെ വേവലാതി..” സുശീലാമ്മ ഇടയ്ക്ക് കയറി.
ഇങ്ങിനെയൊക്കെ വന്നത് നന്നായി അമ്മേ. ദൈവാനുഗ്രഹമെന്ന് കരുതാം. കൊടുത്ത അഡ്വാന്‍സ് നമുക്ക് എങ്ങിനെയെങ്കിലും തിരിച്ചു വാങ്ങാം. പറമ്പ് വിറ്റതിന്റെ ബാക്കി ബാങ്കിലുണ്ടല്ലൊ. എല്ലാംകൂട്ടി നമുക്ക് ചിന്നുവിന്റെയും പൊന്നുവിന്റെയും കല്യാണം അന്തസ്സായി നടത്താം.” മഹേഷ് ഉറച്ച തീരുമാനത്തോടെ പറഞ്ഞു.
അപ്പോള്‍ നീയിങ്ങനെ തേരാപാരാ നടക്കാന്‍ തന്നെയാ തീരുമാനിച്ചത് അല്ലെ.” സുഗുണന്‍ വൈദ്യര്‍ പല്ലിറുമ്മി.
മനസ്സിണങ്ങിയ ഒരു ജോലിയും മാന്യമായി ജീവിയ്ക്കാനുള്ള ശമ്പളവും. അതു മതിയെനിക്ക്.” നയം വ്യക്തമാക്കുമ്പോള്‍ മഹേഷിന്റെ മുഖത്ത് നിശ്ചയദാര്‍ഢ്യത്തിന്റെ നിഴലാട്ടം.
നിന്റെ വല്യച്ഛന്റെ മകന്‍ എം.ഡി., അമ്മാവന്റെ മകള്‍ ഡോക്ടര്‍, ചെറിയമ്മാവന്റെ മക്കളില്‍ സുനന്ദ മെഡിസിന് പഠിയ്ക്കുന്നു. മറ്റവള്‍ പത്തിലാണെങ്കിലും മെഡിസിന് ഇപ്പഴേ സീറ്റുറപ്പാക്കിയിട്ടുണ്ട്. നമ്മുടെ അയലത്തെ ശാരദയുടെ മകനും അപ്പുറത്തെ ശശീന്ദ്രന്റെ മകളും മെഡിസിന്നാണ് പഠിക്കുന്നത്.” വൈദ്യര്‍ നിരാശ പൂണ്ടു.
ഒരു വീട്ടിലൊരു മരം, ഒരു വീട്ടിലൊരു പ്രവാസി. ഒരു വീട്ടിലൊരു കോഴി. ഒരു വീട്ടിലൊരു ഡോക്ടര്‍” കവിതപോലൊന്ന് ചൊല്ലി മഹേഷ് അലസമായി പുറത്തേയ്ക്കിറങ്ങി.
സുഗുണന്‍ വൈദ്യരും സുശീലാമ്മയും അന്യോന്യം മിഴിച്ചുനോക്കി. അകലെ ക്ഷേത്രത്തിലെ ചെണ്ടമേളം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു.
പിരിമുറക്കത്തിന്ന് എള്ളിട അയവുവന്നപ്പോള്‍ സുഗുണന്‍ വൈദ്യര്‍ മുറ്റത്തേയ്ക്കിറങ്ങി. പിന്നാലെ സുശീലാമ്മയും.
പരന്ന ആകാശത്ത് ചിതറിക്കിടക്കുന്ന ചെമ്പന്‍മേഘങ്ങള്‍ അതിവേഗം രൂപം മാറി യാത്ര തുടരുന്നത് കൗതുകത്തോടെ വീക്ഷിച്ച് അവര്‍ പരസ്പരം പറയാതെയെന്തോ പറഞ്ഞു.

Tags: ഡോക്ടര്‍
Share4TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

വീര വേലായുധന്‍ തമ്പി 7

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies