വിജനമായ സര്‍പ്പക്കാവിലെ ചെറിയ തിടപ്പള്ളിയുടെ തിണ്ണയില്‍ ഗോപാലപിള്ള കിതപ്പടക്കി ഇരുന്നു.. ഉച്ചനേരമാണ് ഉടലാകെപ്പടരുന്ന ഉഷ്ണജ്വാലകളുടെ നാമ്പുകള്‍! ഉള്ളിലും ഉഷ്ണമാണ്. ഒരു തണലിനും ശമിപ്പിക്കാനാവാത്ത ഉഷ്ണം. നെഞ്ചിലെ, ശക്തിക്ഷയിച്ചു തുടങ്ങിയ മാംസപേശികളില്‍ അയാള്‍ അമര്‍ത്തിയൊന്നു തടവി. ഹൃദയമിടിപ്പിനിപ്പോള്‍ അസ്വസ്ഥതയുടെ താളമാണ്. ഒടുങ്ങാത്ത അസ്വസ്ഥതയുടെ.
തിടപ്പള്ളിയുടെ ചാണകം മെഴുകിയ തിണ്ണയില്‍ , തോളില്‍ കിടന്ന തോര്‍ത്തു വിരിച്ച് അയാള്‍ നീണ്ടു നിവര്‍ന്നു കിടന്നു. തിടപ്പള്ളിയുടെ മേലേയ്ക്ക് നീണ്ടു വളര്‍ന്നു നില്‍ക്കുന്ന കല്ലാലിന്റെ ശിഖരവും അതിനു മേലുള്ള വള്ളിപ്പടര്‍പ്പുകളും തിണ്ണയിലേക്ക് നിഴലെറിയുന്നു. ആ തണലില്‍ മുഖം പൂഴ്ത്തി അയാള്‍ കണ്ണുുകളടച്ചു.
ഉച്ചനേരത്ത് സര്‍പ്പക്കാവില്‍ കയറാന്‍ പാടില്ല എന്നാണു നാട്ടു വിശ്വാസം. കാവിലെ സര്‍പ്പദൈവങ്ങള്‍ക്കും കൂട്ടര്‍ക്കും മനുഷ്യസാന്നിധ്യം ശല്യമാകുമത്രെ. അവര്‍ അസന്തുഷ്ടരായി ശപിക്കുമത്രെ. ഗോപാലപിള്ളയ്ക്കതു ബാധകമല്ല. നിത്യവും വൈകുന്നേരം നാഗരാജാവിന്റെ പ്രതിഷ്ഠയ്ക്കു ചുറ്റുമുള്ള സ്ഥലം അടിച്ചു വാരി വൃത്തിയാക്കാനും കല്‍വിളക്കുകളില്‍ ദീപം തെളിക്കാനും കാലഭേദം നോക്കാതെ നിത്യേന എത്തുന്ന ഗോപാലപിള്ളയെ നാഗദൈവങ്ങള്‍ ശപിക്കുകയോ? മാത്രമല്ല, ഇത്തിരി നേരം അവിടെ നിശ്ശബ്ദമിരിക്കുമെന്നതിലപ്പുറം കാവിലെ അദൃശ്യശക്തികളുടെ ഏകാന്തതയെ ഭഞ്ജിക്കുന്ന രീതിയില്‍ ഒരു പ്രവൃത്തിയും അയാളുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഉള്ളുരുകുമ്പോള്‍ ഒരിറ്റാശ്വാസത്തിന് ഇത്തിരി നേരം ഇവിടെയിരിക്കുമെന്നു മാത്രം. അതും അപൂര്‍വ്വമായി മാത്രം.
ഇരുപതു വര്‍ഷത്തിലേറെയായി അയാള്‍ കാവില്‍ വിളക്കു കൊളുത്താന്‍ തുടങ്ങിയിട്ട്. തറവാട് ഭാഗം ചെയ്ത് എല്ലാവരും പലവഴിക്ക് പിരിഞ്ഞു പോയപ്പോള്‍ തറവാട്ടു വകയായ സര്‍പ്പക്കാവില്‍ വിളക്കുകൊളുത്താന്‍ ആരെയെങ്കിലും ഏല്‍പ്പിക്കണമെന്നത് ചര്‍ച്ചാ വിഷയമായി. കാവും കുളവും സ്വന്തമായുള്ള തറവാടെന്ന പ്രസിദ്ധി പോലും വലിയ കാര്യമായിക്കാണാത്ത പുതിയ തലമുറയിലെ ആളുകള്‍ക്ക് കാവില്‍ വിളക്കു വയ്ക്കുന്നത് ഏറ്റെടുക്കാന്‍ മടിയായി. നാഗദേവതകളില്‍ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഒരുപോലെ പിന്‍വലിഞ്ഞു.
”അന്ധവിശ്വാസമാണിതൊക്കെ അതൊന്നും തുടരേണ്ട ആവശ്യമില്ല”പുരോഗമനാശയക്കാരായ ചിലര്‍ പറഞ്ഞു. കുഞ്ഞായിരിക്കുമ്പോള്‍ അവര്‍ക്കു ചോറൂണു നടത്തിയതും തറവാട്ടു വക ഈ സര്‍പ്പക്കാവിലായിരുന്നല്ലോ എന്ന് അന്ന് ഗോപാലപിള്ള മനസ്സില്‍ ഓര്‍ത്തു.
” സര്‍പ്പക്കാവില്‍ വെളക്കു വയ്ക്കണോര് ശുദ്ധോം വൃത്തീം പാലിക്കണം അല്യാച്ചാ സര്‍പ്പകോപം ക്ഷണിച്ചു വരുത്തലാകും. കുടുംബായിട്ടു കഴീണോര്‍ക്ക് അതൊക്കെ ബുദ്ധിമുട്ടാണ്” ചിലര്‍ പറഞ്ഞു.
”ശേഖരേട്ടനും പിള്ളേര്‍ക്കും മീനില്ലാണ്ട് ചോറ് എറങ്ങില്യ. മീനും മുട്ടേക്കെ കഴിക്കണടത്തൂന്ന് എങ്ങനെയാ വിളക്കുകൊളുത്താന്‍ പോവുന്നത്?” പെങ്ങളുടെ മകള്‍ സുശീല കയ്യൊഴിഞ്ഞു. ഓരോരുത്തര്‍ക്കുമുണ്ടായിരുന്നു ഇതുപോലെ ഓരോ ന്യായങ്ങള്‍ ഒടുവില്‍ അവിവാഹിതനായ, കുടുംബമില്ലാത്ത ഗോപാലപിള്ളയുടെ മേല്‍ കാവിന്റെ ചുമതല ഏല്‍പ്പിച്ച് കുടുംബക്കാര്‍ കൈകഴുകി. സിംഗപ്പൂരുകാരന്‍ ശിവാനന്ദേട്ടന്‍ മാത്രം പറഞ്ഞു.
”കാവിനോട് ചേര്‍ന്നുള്ള നാല്പത് സെന്റ് സ്ഥലം കാവിനു വിട്ടുകൊടുക്ക്വാ ഞാന്‍. ഇന്നന്നെ രയിസ്രാക്കാം. കാവില്‍ വെളക്കു കൊളുത്തണോര് അവിടെ എന്താച്ചാ ചെയ്ത് അനുഭവം എടുത്തോട്ടെ.”
ആ തീരുമാനത്തിനു പിന്നില്‍ ശിവാനന്ദേട്ടന്റെ ഉദാരമനസ്ഥിതിയും തറവാടിനോടുള്ള സ്‌നേഹവും മാത്രമല്ല, മറിച്ച് കാവിന്റെ ഭാഗമായ വസ്തു വില്‍ക്കാന്‍ ശ്രമിച്ചാല്‍ ഭയന്നിട്ട് ആരും വാങ്ങില്ലെന്ന ചിന്തയും കൂടിയാണെന്ന് സംശയിച്ചത് ഒരു പക്ഷേ ഗോപാലപിള്ള മാത്രമായിരുന്നിരിക്കാം. അല്ലാതെ ഗോപാലപിള്ളയ്ക്ക് ആ വസ്തു കൂടി കൊടുത്തേക്കാമെന്നു തീരുമാനിക്കാന്‍ അയാള്‍ക്കതിന്റെ ആവശ്യമില്ലല്ലോ. ഒരേക്കറോളം സ്ഥലവും രണ്ടു ഞാറ്റടി നിലങ്ങളും സ്വന്തമായുള്ള ഒറ്റത്തടിയായ ഗോപാലപിള്ളയ്ക്ക് കാവിന്റെ വസ്തു കൂടി അനുഭവിക്കാന്‍ കിട്ടിയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നത് എല്ലാവര്‍ക്കുമറിയാം. എങ്കിലും ശിവാനന്ദേട്ടന്റെ നല്ല മനസ്സിനെ പുകഴ്ത്തിക്കൊണ്ട് എല്ലാവരും പിരിഞ്ഞുപോയി.
അന്നുമുതല്‍ ഗോപാലപിള്ളയുടെ ജീവിതത്തില്‍ കാവ് ഒരവിഭാജ്യഘടകമായി. വല്ലപ്പോഴുമുണ്ടായിരുന്ന ചുറ്റിക്കറങ്ങലുകളൊക്കെ അയാളുപേക്ഷിച്ചു. സമയത്ത് കാവില്‍ വിളക്കു വയ്ക്കണമല്ലോ. തറവാട്ടു വീട് വീതം കിട്ടിയ ഏക പെങ്ങള്‍ മഹേശ്വരിയമ്മയുടെ ഇളയമകള്‍ ,സീമന്തിനിയ്ക്ക്് രണ്ടാണ്‍ മക്കള്‍ മാത്രമായതുകൊണ്ട് അവളുടെ വീട്ടിലുള്ള പൊറുതി ഗോപാലപിള്ളയ്ക്ക് ബുദ്ധിമുട്ടായില്ല. മറ്റുള്ളോര്‍ക്ക് മാംസാഹാരം വിളമ്പുന്നതിനു മുമ്പ് സസ്യാഹാരിയായ ഗോപാലപിള്ളയ്ക്ക് ആഹാരം കൊടുക്കാന്‍ മഹേശ്വരിയമ്മയും സീമന്തിനിയും പ്രത്യേകം ശ്രദ്ധിച്ചു. ശുദ്ധോം വൃത്തീം കെടുത്തി സര്‍പ്പകോപം വരുത്താതെ സൂക്ഷിക്കണല്ലോ.
കാവില്‍ അധികമാരും തൊഴാന്‍ വരാറില്ല. കാവിന്നരികിലെ വഴിയിലൂടെ നടന്നു പോകുന്നവരാരെങ്കിലുമൊക്കെ വഴിയില്‍ നിന്നു കാവിലേക്കു നോക്കി തൊഴുത് വിളക്കിന് രൂപയും നല്കി പോകുമെന്നേയുള്ളു. ഏതെങ്കിലും കാര്യസാധ്യത്തിനായി നാഗരാജാവിന് പൂമാല നേര്‍ന്ന തറവാട്ടിലെ കുട്ടികള്‍ ആരെങ്കിലും മാലയുമായി വരുമ്പോഴോ, തറവാട്ടില്‍ നിന്നുള്ള കുടുംബങ്ങളില്‍ തേങ്ങയാട്ടുമ്പോള്‍, കാവിലേക്ക് അതില്‍ നിന്നൊരു വിഹിതവുമായി ആരെങ്കിലും വരുമ്പോഴോ മാത്രമേ പിന്നെ അവിടേയ്ക്ക് കുടുംബക്കാരെ കണ്ടുള്ളു. പിന്നെ തുലാമാസത്തിലെ ആയില്യത്തിന് നാഗരൂട്ടു നടത്തുമ്പോഴും. അല്ലാത്തപ്പോള്‍ കാട്ടിനുള്ളിലെ ചീവിടുകളുടെ രീ രീ രീ ശബ്ദം കൊണ്ടു മാത്രം ഭഞ്ജിക്കപ്പെടുന്ന നിശ്ശബ്ദതയില്‍ അയാള്‍ മാത്രമായി. മിഴിപൂട്ടിയിരിക്കുന്ന നാഗദൈവങ്ങളോട് അയാള്‍ തന്റെ നിനവുകള്‍ പങ്കു വച്ചു.
കാവിനുള്ളിലെ ഇലഞ്ഞിമരം പൂക്കുമ്പോള്‍ പഴയ ഒരുആത്മനിര്‍വൃതിയുടെ ഓര്‍മ്മയില്‍ അയാള്‍ രഹസ്യമായി മുങ്ങിപ്പൊങ്ങി. ഇലഞ്ഞിപ്പൂവിന്റെ ഗന്ധമായിരുന്നു ആ മുടിയിഴകളില്‍. അരികിലൂടെ പോകുമ്പോള്‍ ഒന്നു ചേര്‍ത്തു നിര്‍ത്താന്‍ കൊതിച്ച യൗവ്വനത്തിന്റെ കുതൂഹലം.
ഒരിക്കലേ കഴിഞ്ഞുള്ളു. യക്ഷിത്തറയില്‍ അവള്‍ വിളക്കു കൊളുത്തി നിവരുമ്പോള്‍ യക്ഷിപ്പനയുടെ പിന്നില്‍ നിന്ന് പെട്ടെന്നു കടന്നു പിടിച്ചു. അവള്‍ കുതറിമാറാന്‍ ശ്രമിക്കുന്തോറും മുറുകിയ തന്റെ കൈകള്‍ക്കുള്ളില്‍ മൃദുലമായ മേനി വരിഞ്ഞുമുറുകുമ്പോള്‍ അടക്കിയ ഒരു സ്വരം യാചിച്ചു
” വിടൂന്നേ ഗോപാലേട്ടാ. കളീത്തിരി കൂടണൊണ്ട്. ആരെങ്കിലും കണ്ടോണ്ട് വന്നാല്‍. . . .” ഇടതേ കവിളിണയില്‍ ചുണ്ടമര്‍ത്തിയപ്പോള്‍ അനുഭവിച്ചറിഞ്ഞു ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം. ശക്തിയായി കുതറിമാറി അവള്‍ ഓടിപ്പോയി. ഓടുന്നതിനിടയില്‍ അവള്‍ വിളിച്ചു പറഞ്ഞു.
” ഞാനെല്ലാരോടും പറയും” മനസ്സിലൊരാന്തല്‍ വന്നു മുട്ടി. തറവാട്ടിലെ അറയ്ക്കകത്തെ കുശുകുശുക്കലുകള്‍ക്കിടയില്‍ സമപ്രായക്കാരായ കുശുമ്പത്തികളോടെങ്ങാനുമിവള്‍ പറയുമോ? ഇല്ല പറയില്ല അയാളുറപ്പിച്ചു.അന്നൊരിക്കല്‍ സര്‍പ്പം പാട്ട് നടന്ന ദിവസം നാഗകന്യക ആവേശിച്ച് പൂക്കില പിടിച്ച് ഉറഞ്ഞാടുമ്പോള്‍ ഒരു തവണ, ഒരു തവണ മാത്രം അവള്‍ തന്റെ നേര്‍ക്കെറിഞ്ഞ ചാട്ടുളി പോലുള്ള ആ നോട്ടം മാത്രം മതി ഈ ഗോപാലന് അതുറപ്പിക്കാന്‍.
ആ മനസ്സ് തനിക്കറിയും .
അയാള്‍ കരുതിയതു പോലെ തന്നെ അവളതാരോടും പറഞ്ഞില്ല. പക്ഷേ പിന്നീടൊരിക്കലും അവള്‍ ഒറ്റയ്ക്ക് തന്റെ മുന്നില്‍ വന്നു പെട്ടില്ല. ഒരു മുന്‍കരുതലെന്നോണം. അങ്ങു ദൂരെ കാശ്മീരില്‍ ജോലിചെയ്യുന്ന പട്ടാളക്കാരന് അവളെ കൈപിടിച്ചുനല്കിയപ്പോള്‍ എതിര്‍ക്കാന്‍ കഴിയാതെ താന്‍ നിന്നു ദഹിച്ചതിപ്പോഴുമോര്‍ക്കുന്നു. തുളുമ്പാന്‍ പാകത്തില്‍ നിറഞ്ഞു നിന്ന ആ മിഴികള്‍ നിസ്സഹായതയോടെ തന്റെ നേര്‍ക്കുയര്‍ന്നപ്പോള്‍ ആ നോട്ടത്തിലടങ്ങിയിരുന്ന വികാരങ്ങളെല്ലാം തനിക്കു മാത്രമേ മനസ്സിലായുള്ളു. ആ നോട്ടമാണിന്നും മനസ്സില്‍. ഗോപാലന് പിന്നീടുള്ള ജീവിതം നഷ്ടമാകുകയായിരുന്നു. ജീവിച്ചുവെങ്കിലും.
പിന്നീട് കണ്ടിട്ടില്ല മരിച്ചു എന്ന് എപ്പോഴോ കേട്ടു. ഗോപാലനെ സംബന്ധിച്ചിടത്തോളം അത് അവളുടെ വിവാഹദിവസം തന്നെ സംഭവിച്ചുവല്ലോ? ഇരുവര്‍ക്കും~ഒരുമിച്ചൊരുമരണം. വേറിട്ടു ജീവിച്ചുകൊണ്ട് തന്നെ. ഇന്നും ഇലഞ്ഞിപൂക്കുമ്പോള്‍ ആ ഗന്ധം അയാള്‍ക്കു കാട്ടിക്കൊടുക്കുന്നു. സര്‍പ്പക്കളത്തിനരികില്‍ ഇരിക്കുന്ന റൗക്കയിട്ട കൗമാരക്കാരി. ആ മഷിയെഴുതിയ കണ്ണുകള്‍, ആരെയും കൊതിപ്പിക്കുന്ന സമൃദ്ധമായ മുടി. . . . പിന്നെ . . .പിന്നെ. . . ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമുള്ള. . .
കാലം കടക്കവേ എപ്പോഴൊക്കെയോ തന്റെ അസ്തിത്വം ഒരനാവശ്യമാണെന്ന് ഗോപാലപിള്ളയ്ക്ക് തോന്നിത്തുടങ്ങി.
തറവാടു വീടിന്റെ ഉമ്മറത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ പെങ്ങള്‍ പറയാതെ പറഞ്ഞകാര്യങ്ങളുടെ പൊരുള്‍ ഇത്രമാത്രം. പെങ്ങളുടെ മക്കള്‍ക്ക് കുടുംബപ്രാരബ്ധങ്ങള്‍ കൂടി വരുന്നു. ഒന്നിനു പിറകെ ഒന്നായി പെങ്ങള്‍ പെറ്റുകൂട്ടിയ ആറു പെണ്‍മക്കളില്‍ ഒരാള്‍ക്ക് മാത്രമേ ജോലിയുള്ളു. മറ്റെല്ലാവരും ദാരിദ്ര്യത്തിലാണ്. ഒന്നും ഗതി പിടിച്ചില്ല. പ്രസവക്കാര്യത്തില്‍ അമ്മയുടെ വഴി തന്നെ പിന്‍തുടര്‍ന്ന മൂത്തമകള്‍ ദേവകിയുടെ അഞ്ചു പെണ്‍മക്കളില്‍ രണ്ടു പേരുടെ വിവാഹം കഴിഞ്ഞു മൂന്നുപേര്‍ വിവാഹപ്രായമായി നില്‍ക്കുന്നു. വീതിച്ചുന്‌ല്കാന്‍ സ്വത്തൊന്നുമില്ലാത്തതിനാല്‍ വിവാഹംകഴിഞ്ഞ മക്കളുടെയും വിവാഹം കഴിയാത്ത മക്കളുടെയും കണ്ണീര്‍ ഒരുപോലെ കാണേണ്ടിവരുന്നു. ദേവകിയുടെ വീട്ടിനോടു ചേര്‍ന്നുള്ള വസ്തു. . . . ഏറെ ആലോചിക്കേണ്ടി വന്നില്ല. സമ്മതിച്ചു. ദേവകിയുടെ കല്യാണം കഴിഞ്ഞ മക്കള്‍ രണ്ടും ആ വസ്തുവില്‍ വീടുകെട്ടിക്കിടന്നോട്ടെ. തത്ക്കാലം അതിനുള്ള അവകാശം മാത്രം. ബാക്കി പിന്നെ ആലോചിക്കാം. സമയമുണ്ടല്ലോ?
മനസ്സിലപ്പോള്‍ പെങ്ങളുടെ മറ്റു മക്കളെക്കുറിച്ചുള്ള ചിന്തയായിരുന്നു. എല്ലാവര്‍ക്കും കൊടുക്കണം എന്തെങ്കിലും. ഗോപാലമ്മാവന്‍ പക്ഷഭേദം കാട്ടിയെന്ന് പറയാനിടവരരുത്. തന്റെ കാലശേഷം തന്റെ സ്വത്ത് എല്ലാവരും കൂടി വീതിച്ചെടുത്തോട്ടെ. അതുവരെ വസ്തുവില്‍ താമസിക്കാനുള്ള അവകാശം ദേവകിയുടെ മക്കള്‍ക്കും, വയല്‍ കൃഷി ചെയ്യാനുള്ള അവകാശം സീമന്തിനിക്കും. . അവളുടെ കെട്ട്യോന്‍ നല്ലൊരു കൃഷിക്കാരനാണ്. അവനതു നന്നായി കൃഷി ചെയ്തുകൊള്ളും. പെങ്ങള്‍ക്കും അതു സ്വീകാര്യമായി. ദേവകിയുടെ മക്കള്‍ ആ വസ്തുവില്‍ വീടുകെട്ടി താമസവും തുടങ്ങി.
പെങ്ങളുടെ മരണത്തോടെയായിരുന്നു മാറ്റങ്ങളുടെ തുടക്കം. തറവാട്ടില്‍ നിന്ന് വീതം വാങ്ങിപ്പോയ ശേഷം ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്ത അനുജന്‍ മാധവന് പെട്ടെന്ന് ഗോപാലേട്ടനോട് ഒരു സ്‌നേഹം വന്നു. ഏട്ടനെക്കാണാന്‍ അടിക്കടിയുള്ള സന്ദര്‍ശനസമയത്ത് അയാള്‍ക്ക് നല്ല ഭക്ഷണം ഒരുക്കാന്‍ പ്രാരബ്ധക്കാരിയായ സീമന്തിനി പാടുപെട്ടു. ഏട്ടനുള്ള കാഴ്ച്ചവസ്തുക്കളുമായി ഇടയ്ക്കിടെ വരുന്നതിനു പിന്നിലുള്ള ഉദ്ദേശ്യം വളരെപ്പെട്ടെന്ന വെളിപ്പെട്ടു. തന്നെക്കൂടി കുറച്ചുകാലത്തേക്ക് അവന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുക. ഏട്ടനോട് മുമ്പൊന്നും തോന്നാതിരുന്ന ആ സ്‌നേഹത്തിനു പിന്നില്‍ പണക്കാരിയല്ലാത്ത സീമന്തിനിയുടെ പ്രാരബ്ധങ്ങളെക്കുറിച്ചുള്ള ചിന്തകളോ, ഏട്ടനെക്കൂടി പരിപാലിക്കാമെന്ന ചിന്തയോ ഒന്നുമല്ല മറിച്ച് ഏട്ടന്റെ സ്വത്തിനോടുള്ള കമ്പം മാത്രമാണ് എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.. പ്രത്യേകിച്ചും സീമന്തിനിയുടെ ഭര്‍ത്താവ് രാജന്. നേരിട്ടെതിര്‍ക്കാന്‍ കഴിയാത്തതുകൊണ്ട് തന്നെ മാധവന്റെ നീക്കത്തോടുള്ള പ്രതിഷേധം രാജന്‍ സീമന്തിനിയോടു തീര്‍ത്തു. മാധവന്‍ വരുന്ന ദിവസങ്ങളിലെല്ലാം ആ വീട്ടില്‍ ഭാര്യാഭര്‍ത്താക്ക•ാര്‍ തമ്മിില്‍ വഴക്കായി.
”ഇത്രനാളും ഒരാളൂല്ലായിരുന്നല്ലോ ഗോപാലമ്മാവനെ നോക്കാന്‍? നമ്മളേണ്ടാരുന്നുള്ളു. ഇനീം അതുമതി. വന്നിരിക്കുന്നു ഒരു സ്‌നേഹക്കാരന്‍. അതിനു പിന്നിലെന്താണെന്നെനിക്കറിയാം. പറേപ്പിക്കണ്ട എന്നെക്കൊണ്ട്.”
ആദ്യമാദ്യം തന്റെ അസാന്നിധ്യത്തിലായിരുന്ന വാക്കുതര്‍ക്കം പിന്നെപ്പിന്നെ തന്റെ സാന്നിധ്യത്തിലുമായി. സീമന്തിനി നിസ്സഹായയായിരുന്നു.
ഒരു ദിവസം മാധവന്‍ വന്നുപോയശേഷം വഴക്കുതുടങ്ങിയ രാജന്റെ രോഷം കണ്ടപ്പോള്‍ പറയാതിരിക്കാനായില്ല
”ഞാനെങ്ങും പോണില്ല. നിക്കിവിടത്തെ നാഗരേം നോക്കി ഇവിടിങ്ങനെ കഴിഞ്ഞാല്‍ മതി ” കഷണ്ടിത്തല ഒന്നുഴിഞ്ഞുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട്. പടിയിറങ്ങി. മുറ്റത്തേക്കിറങ്ങും മുമ്പ് കണ്ടു. എല്ലാം കേട്ടുകൊണ്ട് മാധവന്‍! മറന്നു വച്ച കുടയെടുക്കാന്‍ വന്നതാണ്.
”ഇത്രേമായ സ്ഥിതിക്ക് ഇനീള്ളകാര്യം തുറന്നു പറയാലോ? ഏട്ടന്റെ രണ്ടു ഞാറ്റടീം എനിക്ക് എഴുതിത്തരണം. പിന്നെ ദേവകീരെ മക്കള് അനുഭവിക്കുന്ന ഭൂമീല് വീട് കഴിഞ്ഞുള്ള സ്ഥലോം. പെങ്ങളില്ലാത്ത സ്ഥിതിക്ക് ഏട്ടന്റെ സ്വത്തില് എനിക്കുള്ള അവകാശം കഴിഞ്ഞേള്ളു മറ്റാര്‍ക്കും. ഇവരൊക്കെ കൊറേക്കാലമായി ഏട്ടന്റെ സ്വത്ത് അനുഭവിക്കുകയല്ലേ. ഇനി അത് എന്റെ മക്കള്‍ക്കായിക്കോട്ടെ .അവര്‍ക്കും ഉതകും. ”മാധവന്‍ തീര്‍ത്തു പറഞ്ഞു.
”ഇത്രേം നാള് എവിടെപ്പോയിരുന്നു ഈ അവകാശികളെല്ലാം? അമ്മാവനെ നോക്കാന്‍ ഞങ്ങളേണ്ടായിരുന്നല്ലോ?” രാജന്‍ ചീറി. മാധവന്‍ രാജന്റെ നേര്‍ക്ക് തിരിഞ്ഞു.
”നിങ്ങള് ഏട്ടനെ നോക്കീങ്കി ഏട്ടന്റെ ഭൂമീടെ ആദായോം നിങ്ങള്‍ തന്നെയല്ലേ എടുത്തത്? ഞാനോ എന്റെ മക്കളോ ഒന്നിനും വന്നില്ലല്ലോ ”
” വന്നില്ലെന്നല്ല ഇനീം വരണ്ട. അമ്മാവനെ നോക്കാന്‍ ഞങ്ങള്‍ക്കറിയാം”
” നോക്കിക്കോ നോക്കിക്കോ നിങ്ങളാണ് നോക്കേണ്ടത്. നിങ്ങള്‍ തന്നെയാണ് നോക്കേണ്ടത്. ഇത്രേം കാലത്തെ വരവ് നിങ്ങള്‍ക്കാണല്ലോ. പക്ഷേ ഏട്ടന്റെ സ്വത്തിനവകാശി ഞാന്‍ തന്നെയായിരിക്കും. അതെനിക്ക് എഴുതിക്കിട്ടണം” എന്തിനും തയ്യാറായ മട്ടില്‍ നില്‍ക്കുകയാണ് മാധവന്‍. അവനോ അവന്റെ മക്കള്‍ക്കോ തന്റെ സ്വത്തിന്റെ ആവശ്യമില്ല. അത്ര പണക്കാരാണവര്‍. എന്നാലും പണത്തോടു പണ്ടേ മാധവനുള്ള അത്യാര്‍ത്തി തീര്‍ന്നിട്ടില്ല. മിന്നല്‍ വേഗത്തില്‍ രാജന്‍ മുറ്റത്തേക്കു കുതിക്കുന്നതാണ് പിന്നീട് കണ്ടത്. മാധവന്റെ കഴുത്തിനു കുത്തിപ്പിടിച്ചുകൊണ്ട് അവന്‍ അലറി.
”കണ്ടുപോകരുതീ പ്രദേശത്ത്. കുഴീലേക്ക് കാലു നീട്ടീട്ടും ആര്‍ത്തി തീര്‍ന്നിട്ടില്യ കെളവന് ”
അയാളുടെ കൈ തട്ടിമാറ്റി നിസ്സാരമട്ടില്‍ മാധവന്‍ പറഞ്ഞു
”്‌നീ പോടാ ചെക്കാ. നിനക്ക് വിഷമമുണ്ടാകും ഇത്രേം കാലം ഈ സ്വത്തത്രേം നീ വച്ചനുഭവിച്ചതല്ലേ? ആഹ് ഗോപാലേട്ടാ വൈകാതെ ഞാന്‍ രയിസ്രാറേം കൂട്ടി വരും. പറഞ്ഞതെല്ലാം ഓര്‍മ്മേണ്ടല്ലോ? ”
”അതിനായി നീ ആരേം കൂട്ടി വരണോന്നില്ല. ഞാനിപ്പോ എന്റെ സ്വത്ത് ആര്‍ക്കും എഴുതി വയ്ക്കണില്ല. ആ സ്വത്ത് എന്റെ പേരില്‍ കിടക്കുമ്പം ഈ പാടെങ്കില്‍ എനിക്ക് ഒന്നൂല്ലാണ്ടായാലെന്തായിരിക്കും? ന്റെ കാലശേഷം ആരാച്ചാ തുല്യായി വീതിച്ചെടുത്തോളിന്‍” ദൃഢമായിരുന്നു ഗോപാലന്റെ സ്വരം.
”മ്മക്ക് കാണാട്ടാ. ” ആക്ഷേപിക്കുംമട്ടില്‍ പറഞ്ഞിട്ട് മാധവനിറങ്ങിപ്പോയി. എത്ര പെട്ടെന്നാണ് തറവാട്ടിലെ സമാധാനാന്തരീക്ഷം കലുഷമായത്. ഞാറ്റടിനിലം എഴുതിക്കിട്ടാന്‍ രാജന്‍ സീമന്തിനിയെ ഞെരുക്കിത്തുടങ്ങി. വിവരങ്ങളറിഞ്ഞ ദേവകിയുടെ മക്കളും താമസിക്കുന്ന വസ്തു എഴുതിക്കിട്ടുന്നതിനെക്കറിച്ച് സൂചിപ്പിച്ചു തുടങ്ങി. തറവാട്ടില്‍ കയറാനാവാത്തതിനാല്‍ ഇടയ്ക്കിടെ ഭീഷണികളുമായി മാധവനും മക്കളും പലയിടത്തു വച്ചും ഗോപാലപിള്ളയെ കണ്ടു സംസാരിക്കാന്‍ ശ്രമിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം കാവില്‍ അവര്‍ ഇടയ്ക്കിടെ വന്നു തുടങ്ങിയതു തന്നെ അതിനായിരുന്നു. എല്ലാവര്‍ക്കും സ്വത്തു വേണം .ഗോപാലമ്മാവനെ ആര്‍ക്കും വേണ്ട. രാജന്റെ പിറുപിറുക്കലുകളും സീമന്തിനിയുടെ കണ്ണീരും സൂചിപ്പിക്കുന്നതതാണ്. സ്‌നേഹപൂര്‍വ്വം ഒരു സാന്ത്വന വാക്കു പറയാന്‍, ഒരാളില്ല. അല്പം ആശ്വാസം ഈ കാവാണ്. അതിനാലാണ് ഈ ഉച്ചനേരത്ത് ഇവിടേക്കു പോന്നത്.
ഒരാശ്രയം വല്ലാതെ കൊതിച്ചുപോകുന്ന സന്നിഗ്ദ്ധ ഘട്ടമാണ്. എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത ഒരവസ്ഥ. സ്വത്ത് ആര്‍ക്ക് നല്കിയാലും മറ്റൊരാള്‍ പിണങ്ങും. എന്താണു ചെയ്യേണ്ടത്?
സീമന്തിനിക്ക് എന്തോ പറയാനുണ്ടെന്നു സൂചിപ്പിച്ചിരുന്നു. വൈകിട്ട് കാവില്‍ വരുമ്പോള്‍ പറയാമെന്ന് പറഞ്ഞിരുന്നു. ഇനിയെന്താവും പറയാന്‍ പോകുന്നത്? വീട്ടില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കണമെന്നോ, സ്വത്ത് എഴുതിക്കൊടുക്കണമെന്നോ ആണോ? അറിയില്ല. എന്തായാലും തനിക്ക് വിഷമമുണ്ടാക്കുന്നതെന്തോ ആണെന്നു തീര്‍ച്ച. അവള്‍ക്കു തന്നോട് സ്‌നേഹമുണ്ട്. പക്ഷേ രാജന്‍ പറയുന്നതിനപ്പുറം അവള്‍ക്കൊന്നും ചെയ്യാനാവില്ല.
പൂക്കളുടെ സുഗന്ധമുള്ള ഒരിളം കാറ്റ് വീശി. ദലമര്‍മ്മരങ്ങള്‍ ചെവിയോര്‍ത്ത് അയാള്‍ കണ്ണടച്ചു കിടന്നു. മനസ്സു കൊണ്ട് നാഗദൈവങ്ങളോട് കേണിരന്നു. ”ഞാന്‍ കാരണം കുടുംബത്തിന്റെ ഐക്യം ഇല്ലാതാകരുതേ ഭഗവാനെ. അല്ലെങ്കില്‍ നീയെനിക്കു മരണം തരൂ. ഒന്നുമറിയാത്ത ഒരു അവസ്ഥയിലേക്ക് ഞാന്‍ കടന്നു പോകട്ടെ. ” അറിയാതെ അടഞ്ഞ കണ്ണുകള്‍ നിറഞ്ഞു ചെന്നിയിലേക്കു ചാലിട്ടൊഴുകി. നെഞ്ചു പൊട്ടുന്ന വേദനയാണ്. ഇത്തിരിമണ്ണിന്റെ പേരില്‍ പോരടിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. മഹാഭാരതത്തിലെ ഭീഷ്മരെപ്പോലെ നിസ്സഹായനായി താന്‍.
ഇലപ്പടര്‍പ്പുകളിലേക്ക് എന്തോ ഒന്നു ശക്തിയായി വന്നു വീണ ശബ്ദം കേട്ടാണു കണ്ണു തുറന്നത്. വെയിലിനു ശക്തി കുറഞ്ഞിരിക്കുന്നു. പോക്കു വെയിലിന്റെ മഞ്ഞിച്ച അഗ്രം തട്ടിത്തിളങ്ങുന്ന വള്ളിപ്പടര്‍പ്പിനു മുകളില്‍. . . . .. .താനെന്താണീകാണുന്നത്? നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുന്ന പടുകൂറ്റന്‍ സ്വര്‍ണ്ണനാഗം അതിന്റെ പത്തി വെയിലേറ്റു തിളങ്ങുന്നു. വൈരമുത്തുകള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍ തന്റെ നേരേ.
അനന്തന്‍ അതോ വാസുകിയോ?
ഭയമല്ല ഭക്തിയാണു തോന്നിയത്. കണ്ണടച്ച് ഉള്ളുരുകി കൈകൂപ്പിക്കൊണ്ട് പ്രാര്‍ത്ഥിച്ചു. ”ഭഗവാനേ, ഇതിലധികം സഹിക്കാനെനിക്കാവില്ല. ആ ഫണം കൊണ്ടെനിക്കു മരണം നല്കി അനുഗ്രഹിക്കൂ. ”
”അമ്മാവന്‍ ഒറക്കാ?”ശബ്ദം കേട്ടാണ് കണ്ണു തുറന്നത്. മുന്നില്‍ സീമന്തിനി. കയ്യില്‍ ഇലച്ചീന്തില്‍ വളച്ചു വച്ചിരിക്കുന്ന പൂമാല.
”ചെല്ത് പറയാനുണ്ടാര്‍ന്നു ഗോപാലമ്മാവാ. തെറ്റാങ്കി ക്ഷമിക്ക്യ. പക്ഷേ എനിക്കിതേ ചെയ്യാന്‍ കഴിയു. ഇതാണു ശരീന്നു തോന്നണ്. അമ്മാവന്‍ എതിരു പറയരുത്.”
” എന്തന്യായാലും നീ പറഞ്ഞോ.എല്ലാം സഹിക്കാന്‍ ഞാന്‍ തയ്യാറാണ് ”
”ഞാനെന്നു പറയാനൊരാള് അമ്മാവനില്ലാത്തോണ്ടല്ലേ അമ്മാവന്റെ സ്വത്തിന് ഇപ്പഴേ ങ്ങനെ ആള്വോള് കടിപിടികൂടണത്? അങ്ങനൊരാളുണ്ടായാ ഈ തല്ലുപിടി അതോടെ തീരും. ഞാനൊരാളെ കാട്ടിത്തരട്ടെ? ”
”ന്താപ്പോ ഈ കുട്ടി പറേണെ” അദ്ഭുതത്തോടെ ചോദിച്ചു.
” ഞാനൊരാളെ വിളിക്കട്ടെ? പാര്‍വ്വതിച്ചേച്ചീ ” അവള്‍ ഉച്ചത്തില്‍ വിളിച്ചു. തിടപ്പള്ളിയുടെ വശത്തു നില്‍ക്കുകയായിരുന്ന ഒരു സ്ത്രീരൂപം അവിടേക്കു വന്നു.
”ഒരു പാട് ആലോചിച്ചിട്ടാ ഞാനീവഴി കണ്ടു പിടിച്ചത്. പാര്‍വ്വതിച്ചേച്ചി ഒരു റിട്ടയേര്‍ഡ് അധ്യാപികയാണ്. ഭര്‍ത്താവ് നേരത്തേ മരിച്ചു. മക്കള്‍ വിദേശത്ത് സെറ്റില്‍ഡ് ആയി. അവരിങ്ങോട്ടു വരാന്‍ ഇഷ്ടപ്പെടുന്നില്ല. പാര്‍വ്വതിച്ചേച്ചി ഒറ്റയ്ക്കാണ്. അമ്മാവന്‍ പാര്‍വ്വതിച്ചേച്ചിയെ വിവാഹം കഴിക്കണം. ചേച്ചിക്കും ഒരു കൂട്ടാവും. ചേച്ചിയെ ഞാന്‍ പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ട്. വേണ്ടെന്നു പറയരുത്. അമ്മാവന് ഒരു അവകാശിയുണ്ടാവട്ടേ. ് ”
കയ്യിലിരുന്ന ഇലപ്പൊതിയില്‍ നിന്നു രണ്ടു തുളസിമാല പുറത്തെടുത്തുകൊണ്ടവള്‍ പറഞ്ഞു.
മറുപടി പറയാനൊന്നുമില്ല. കാലത്തിനുമുമ്പേ ഓടുന്നതിപ്പോള്‍ സീമന്തിനിയാണ്. അവളാണു ശരി.
മാലയിടലിനു സാക്ഷി നില്‍ക്കാന്‍ നാഗദൈവങ്ങളും സീമന്തിനിയും മാത്രം. . അയാളറിഞ്ഞു താന്‍ സനാഥനാകുകയാണ്. കാറ്റില്‍ വീണ്ടും ഇലഞ്ഞിപ്പൂവിന്റെ മണം ഒഴുകിച്ചേരുകയാണോ? സര്‍പ്പം പാട്ടിന്റെ ഈണവും നാഗക്കളത്തിന്റെ വര്‍ണമേളനവും വീണ്ടും അനുഭവവേദ്യമാകുകയാണോ? പാര്‍വ്വതിയുടെ കൈപിടിച്ച് തന്റെ കയ്യിലേല്‍പ്പിക്കുന്നത് സീമന്തിനിയാണ്. മറ്റൊരു ജന്മം നല്കുന്നതു പോലെ . ഒരുമിച്ചു വിളക്കുതെളിക്കുമ്പോള്‍ മൂവരും നിശ്ശബ്ദരായിരുന്നു. ഇരുട്ടുവീഴാന്‍ തുടങ്ങുമ്പോഴും കല്‍വിളക്കിലെ തിരിനാളം പ്രകാശം പരത്തി തെളിഞ്ഞു നിന്നു. വഴികാട്ടും പോലെ…