ദേവസ്വം ബോര്‍ഡ് പ്രസിഡന്റാവാന്‍ എന്താണ് യോഗ്യത? ഈശ്വരവിശ്വാസം? വേണ്ടേവേണ്ട! ഏതെങ്കിലും ക്ഷേത്രക്കമ്മറ്റിയുടെ ഭാരവാഹിയായിട്ടുള്ള അനുഭവജ്ഞാനം? അതും വേണ്ട! അമ്പലത്തിന്റെ നാലയലത്തുകൂടി നടന്നുപോയിട്ടുള്ള ഒരു പരിചയം? വേണമെന്നു നിര്‍ബ്ബന്ധമേയില്ല! പിന്നെ എന്താണ് യോഗ്യത? സിപിഎം സംസ്ഥാന കമ്മറ്റിയംഗമാണോ? എങ്കില്‍ എല്ലായോഗ്യതയുമായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമസഭയിലെ ഹിന്ദു എം.എല്‍.എമാര്‍ തിരഞ്ഞെടുത്ത കെ.അനന്തഗോപനുള്ള ഏക യോഗ്യത പാര്‍ട്ടി സംസ്ഥാനകമ്മറ്റിയംഗമാണ് എന്നതാണ്. രണ്ടു തവണ പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് തുടങ്ങിയ പാര്‍ട്ടിവക പദവികളാണ് അധികയോഗ്യത. വഖഫ് ബോര്‍ഡിന്റെ കാര്യം വരുമ്പോള്‍ പാര്‍ട്ടിയ്ക്ക് ഇത്ര കടുംപിടുത്തമില്ല. ടി.കെ. ഹംസയെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കുമ്പോള്‍ പാര്‍ട്ടിക്കൂറിനപ്പുറം തികഞ്ഞ മതവിശ്വാസി, മാപ്പിളപ്പാട്ടു കലാകാരന്‍, മാപ്പിളപ്പാട്ട് ഗ്രന്ഥകാരന്‍ എന്ന യോഗ്യതകളും പരിഗണിച്ചിട്ടുണ്ട്. അനന്തഗോപന്റെ മുന്‍ഗാമിയായി മൂന്നുവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റായിരുന്ന എന്‍.വാസു ദൈവാനുഗ്രഹം എന്നവാക്കുച്ചരിക്കാന്‍ പോലും സന്നദ്ധനല്ല. ദൈവാനുഗ്രഹമുണ്ടായിരുന്നോ എന്ന പത്രക്കാരുടെ ചോദ്യത്തിന് മറ്റാരുടെയോ അനുഗ്രഹമുണ്ടായി എന്ന മട്ടിലായിരുന്നു മറുപടി.
2019-ലെ ശബരിമല യുവതി പ്രവേശന പ്രക്ഷോഭസമയത്ത് ദേവസ്വം കമ്മീഷണര്‍ എന്ന നിലക്ക് ആചാരലംഘനത്തിന് സര്‍ക്കാരിന് ഒത്താശ ചെയ്തതിന്റെ പ്രത്യുപകാരമായിട്ടായിരുന്നു വാസുവിനു സി.പി.എം. ദേവസ്വം പ്രസിഡന്റ് സ്ഥാനം സമ്മാനിച്ചത്. അപ്പോള്‍ തനിക്ക് ആരുടെ അനുഗ്രഹമാണ് കിട്ടിയത് എന്ന് അദ്ദേഹം പറയാതെ പറഞ്ഞതില്‍ നിന്ന് വ്യക്തമാണല്ലോ. സി.പി.എമ്മിനേക്കാള്‍ വലിയ കമ്മ്യൂണിസ്റ്റുകളാണ് സി.പി.ഐക്കാര്‍. അവര്‍ ദേവസ്വം ബോര്‍ഡ് അംഗമാകാന്‍ പാര്‍ട്ടിക്കൂറു മാത്രം പോര, ജാത്യധിക്ഷേപം നടത്തി വിവാദമായതിന്റെ അധികയോഗ്യതയും പരിഗണിച്ചിട്ടുണ്ട്. അവര്‍ നാമനിര്‍ദ്ദേശം ചെയ്ത മനോജ് ചെറളേല്‍ ഇപ്പോള്‍ ഡപ്യൂട്ടി സ്പീക്കറായ ചിറ്റയം ഗോപകുമാര്‍ നേരത്തെ അടൂര്‍ എം.എല്‍.എയായിരിക്കെ അദ്ദേഹത്തിനുനേരേ ജാതീയമായ പരാമര്‍ശം നടത്തിയ ആളാണ്. ഇത്തരക്കാര്‍ ക്ഷേത്രം ഭരിച്ചാല്‍ എന്താവുമെന്നു കണ്ടും കൊണ്ടും അറിയുകയാണ് ഹിന്ദുഭക്തജനങ്ങള്‍. ചൂലെടുത്ത് ഇത്തരക്കാരെ തൂത്തുവാരി പുറത്തെറിഞ്ഞു ചാണകവെള്ളം കുടയാന്‍ ഹിന്ദുസമൂഹം എന്നാണ് ധൈര്യം കാട്ടുക?
Comments