കുരിശുയുദ്ധങ്ങള്‍ ക്രിസ്ത്യന്‍ – മുസ്ലിം വിഭാഗങ്ങള്‍ തമ്മില്‍ എ.ഡി. ആയിരത്തിനടുത്തു തന്നെ ആരംഭിച്ച യുദ്ധങ്ങളാണ്. ക്രിസ്ത്യാനികള്‍ യൂറോപ്പില്‍ സംഘടിതമായി നടത്തിയിരുന്ന യുദ്ധങ്ങളെയെല്ലാം കുരിശുയുദ്ധങ്ങള്‍ എന്നു തന്നെയായിരുന്നു വിളിച്ചുപോന്നിരുന്നത്. എന്നാല്‍ ചരിത്രത്തില്‍ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന കുരിശുയുദ്ധം ജറുസലേമിന്റെ മോചനത്തിനു വേണ്ടി നടത്തിയ നൂറ്റാണ്ടുകള്‍ തന്നെനീണ്ടുനിന്ന യുദ്ധമാണ്. ക്രിസ്തുമതം മറ്റുമതങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന(Inclusive) മതമായി മാറിയതായി അവര്‍ പ്രഖ്യാപിക്കുന്നു. പ്രത്യേകിച്ചും ഇസ്ലാം മതത്തിലൂടെ മോചനം (Salvation) നേടുന്നതിന് ക്രിസ്തുമതം എതിരല്ല. എന്നാല്‍ ഇസ്ലാംമതം മോചനത്തിനുള്ള ഏകമാര്‍ഗ്ഗമായി തങ്ങളുടെ മതത്തെക്കാണുന്നു. ക്രിസ്തുമതത്തെയെന്നല്ല മറ്റൊരു മതത്തേയും അവര്‍ അംഗീകരിക്കുന്നില്ല. ആഗോളതലത്തില്‍ വലിയ മതങ്ങളായതിനാല്‍ ക്രിസ്ത്യന്‍ – മുസ്ലിം സംഘര്‍ഷം എക്കാലത്തെയും വലിയ ആഗോള പ്രശ്‌നങ്ങളിലൊന്നാണ്. കാത്തലിക് അദ്ധ്യക്ഷന്മാരുടെ സഹിഷ്ണുതാപരമായ ഇടപെടലുകളാണ് സംഘര്‍ഷങ്ങളെ ലഘൂകരിച്ചു നിര്‍ത്തിയിരിക്കുന്നത്. ലോകാവസാനം പോലും ചിലര്‍ പ്രവചിക്കുന്നത് ക്രിസ്ത്യന്‍ – മുസ്ലിം ലോകയുദ്ധത്തിലൂടെയായിരിക്കുമെന്നാണ്.
ഇന്ത്യയില്‍ സംഘടിത മതങ്ങളായ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ ഇരട്ടമുഖമുള്ളതാണ്. പരസ്പര സംഘര്‍ഷത്തില്‍ തുടരവേ തന്നെ അസംഘടിതരായ ഹിന്ദുക്കളെ മതം മാറ്റുക എന്നതും രണ്ടു കൂട്ടരുടെയും നിലപാടുകളില്‍ പെട്ടതാണ്. ശ്രീലങ്കയില്‍ ഞങ്ങള്‍ ക്രിസ്ത്യാനികളുമായി ഐക്യപ്പെടാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ക്രിസ്ത്യന്‍ പള്ളിക്കു ബോംബു വച്ചുകൊണ്ട് ഇസ്ലാം മതതീവ്രവാദികള്‍ പ്രഖ്യാപിച്ചു.
ഈ രണ്ടു കൂട്ടരുടെയും പരീക്ഷണശാലയാണ് കേരളം. ഏകദേശം 50ശതമാനത്തിനടുത്തു വരുന്ന ഹിന്ദുക്കളെ (20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 80 ശതമാനത്തിനടുത്ത് ഹിന്ദുക്കള്‍ ഉണ്ടായിരുന്നു) തങ്ങളുടെ മതത്തിലേയ്ക്ക് ആകര്‍ഷിക്കുക (വേണ്ടി വന്നാല്‍ ബലംപ്രയോഗിച്ചും) എന്ന ഉദ്ദേശ്യത്തോടുകൂടി രണ്ടു വിഭാഗക്കാരും ബഹുമുഖമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. എല്ലാദൃശ്യമാധ്യമങ്ങളും പത്രസ്ഥാപനങ്ങളും പല രീതിയില്‍ അവര്‍ വിലക്കുവാങ്ങിക്കഴിഞ്ഞു. ഏറ്റവും ജനകീയ മാധ്യമം സിനിമയാണെന്ന തിരിച്ചറിവില്‍ ചലച്ചിത്രത്തെ തങ്ങളുടെ മതത്തിന്റെ ആശയങ്ങള്‍ കുത്തിനിറച്ചു പുറത്തിറക്കാന്‍ രണ്ടുകൂട്ടരും മത്സരിക്കുന്നു. അതിന്റെ ഫലമായി ചലച്ചിത്രങ്ങളുടെ ഇതിവൃത്തങ്ങള്‍ക്ക് പഴയ മതേതരസ്വഭാവം പൂര്‍ണമായും നഷ്ടപ്പെട്ടു കഴിഞ്ഞു. ക്രൈസ്തവമോ ഇസ്ലാമികമോ ആയ കുടുംബ ചുറ്റുപാടുകളിലാണ് തൊണ്ണൂറു ശതമാനം ചലച്ചിത്രങ്ങളും പുറത്തിറങ്ങുന്നത്.
എഴുത്തുകാരെയും ബുദ്ധിജീവികളെയും പലവിധ സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കി ഇരുകൂട്ടരും കൂടെനിര്‍ത്താന്‍ ശ്രമിക്കുന്നു. കടുത്ത ക്രിസ്തുമതവിശ്വാസിയാണെങ്കിലും ചിലപ്പോഴൊക്കെ ആ മതത്തെ തള്ളിപ്പറയുന്നതായി നടിക്കുന്ന എഴുത്തുകാരനാണ് സക്കറിയ. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ആ മതത്തിന്റെ പിന്‍തുണ എക്കാലത്തുമുണ്ടെന്ന ആത്മവിശ്വാസവും കേരളത്തില്‍ കൂടുതല്‍ ശക്തരും മാധ്യമങ്ങളെ നിയന്ത്രിക്കുന്നവരും ഇസ്ലാം മതതീവ്രവാദശക്തികളായതിനാല്‍ അവരുടെ പിന്‍തുണ അനിവാര്യമാണെന്ന തിരിച്ചറിവും സക്കറിയയെ പാലാ ബിഷപ്പിനെ പോലുള്ളവരെ തള്ളിപ്പറയാന്‍ നിര്‍ബ്ബന്ധിതനാക്കുന്നു.
രാജ്യവിരുദ്ധ സമീപനങ്ങളുടെ കലവറയായ ‘പച്ചക്കുതിര’ മാസികയില്‍ സക്കറിയയുടെ അഭിമുഖം വായിച്ചതാണ് ഇങ്ങനെ ഒരു വിചാരത്തിനു വഴിതെളിച്ചത്. ക്രൈസ്തവ മുസ്ലിം മതപരിവര്‍ത്തന ശക്തികള്‍ക്കും പാശ്ചാത്യ ഏജന്റുമാര്‍ക്കും വേണ്ടി ദേശീയ നിലപാടുകളെയും മതേതര നിലപാടുകളെയും അപഹസിച്ചും ഒറ്റപ്പെടുത്തിയും ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കളെ ദളിതരെന്നും ദളിത് ഇതരരെന്നും രണ്ടായി മുറിച്ച് ഇന്ത്യയെ ശിഥിലീകരിക്കുക തുടങ്ങിയ ലക്ഷ്യം വച്ചും തന്നെയാണ് ഡി.സി. ബുക്‌സ് പ്രസിദ്ധീകരണമായ പച്ചക്കുതിര നീങ്ങുന്നത്. ദളിതരെ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താനുതകുന്ന ഒരു ലേഖനമെങ്കിലുമില്ലാതെ ഈ മാസികയുടെ ഒരു ലക്കം പോലും പുറത്തിറങ്ങാറില്ല എന്നത് ദുഃഖകരം തന്നെ.
ഈ ലക്കത്തില്‍ (ഒക്‌ടോബര്‍) വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ ജബ്ബാര്‍ പട്ടേലിന്റെ അംബേദ്ക്കര്‍ ചിത്രത്തെ മുന്‍നിര്‍ത്തിയാണ് മറ്റൊരു ലേഖനം. അംബേദ്ക്കറിനെ ദേശസ്‌നേഹികളായ എല്ലാ ഇന്ത്യക്കാരും ബഹുമാനിക്കുന്നു. അദ്ദേഹം ഒരു തികഞ്ഞ ദേശീയവാദിയായിരുന്നു. ആ പ്രതിഭാശാലിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് പലവിധത്തില്‍ അദ്ദേഹത്തെ ദ്രോഹിച്ചവരുണ്ടായിരുന്നെങ്കിലും ബറോഡ രാജാവുള്‍പ്പെടെ ഇതരഹിന്ദുക്കളില്‍ പലരും അംബേദ്ക്കറിനെ പലവിധത്തില്‍ സഹായിക്കാന്‍ മുന്നോട്ടു വന്നതായി ജീവചരിത്രകൃതികള്‍ സൂചിപ്പിക്കുന്നു. കേരളത്തിലും ജാതിവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കും അയിത്തോച്ചാടനത്തിനും പിന്നാക്കവിഭാഗങ്ങളെക്കാള്‍ മുന്നാക്ക വിഭാഗക്കാര്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. അയ്യങ്കാളിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നിന്നു സഹായിച്ച സദാനന്ദസ്വാമികളെക്കുറിച്ച് നമുക്കൊക്കെ കേട്ടറിവുമാത്രമേയുള്ളൂ. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ സദാനന്ദസ്വാമികളെപ്പോലുള്ളവരാണ് കേരള നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ ശില്പികള്‍. അത്തരക്കാര്‍ക്ക് ഒരു ജീവചരിത്രഗ്രന്ഥം പോലുമില്ല എന്നത് കഷ്ടം തന്നെ.
മണമ്പൂര്‍ രാജന്‍ബാബു പച്ചക്കുതിരയില്‍ എഴുതിയിരിക്കുന്ന കവിത പച്ചക്കുതിരയ്ക്കു ചേര്‍ന്നതുതന്നെ; ‘ഏകാധിപതിയുടെ നേരം’. കവിതയെന്നൊന്നും പറയാന്‍ അതില്‍ ഒന്നുമില്ല. പണ്ടു പലരും പറഞ്ഞവതന്നെ. പാബ്ലോ നെരൂദയുടെ The Dictators(ഏകാധിപതികള്‍) എന്നൊരു ലഘുകവിതയുണ്ട്. അതില്‍ Speechless death rattles എന്നൊരു phrase ഉണ്ട്. അത് കവിതയെ ഉന്നതമാക്കുന്നു. നെരൂദയുടെ പല കവിതകളും മഹത്തായവയാണെങ്കിലും വായനക്കാരെ തീരെ സ്വാധീനിക്കാത്ത ചില രചനകളും അദ്ദേഹത്തിന്റേതായി ഉണ്ട്. ഒറ്റപ്രയോഗം കൊണ്ട് നെരൂദ കവിത സൃഷ്ടിക്കുമ്പോള്‍ രാജന്‍ബാബുവിന്റെ കവിത നമ്മളെ പ്രത്യേകിച്ച് ആകര്‍ഷിക്കുന്നതേയില്ല.
വിനോദ് പയ്യട എന്നൊരാള്‍ പച്ചക്കുതിരയില്‍ കാള്‍മാര്‍ക്‌സിനേയും ലോഹ്യയേയും താരതമ്യം ചെയ്ത് ഒരു ചര്‍ച്ച നടത്തിയിരിക്കുന്നു. അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ജാതിയെ വീണ്ടും പുനരുജ്ജീവിപ്പിക്കുക തന്നെയാണ് വിനോദിന്റെയും പച്ചക്കുതിരയുടെയും ഉദ്ദേശ്യം. ജാതീയമായി ചില വിടവുകള്‍ ഉണ്ടാക്കി സംഘടിത മത ശക്തികള്‍ക്കു കടന്നു കയറാന്‍ ഇടം ഉണ്ടാക്കിക്കൊടുക്കുക തന്നെയാണ് ലക്ഷ്യം. ഹിന്ദുമതത്തിലെ ജാതിശ്രേണിയില്‍ താഴെയായിപ്പോയ ചില വിഭാഗങ്ങള്‍ക്ക് അപകര്‍ഷബോധം ഉണ്ടാക്കുന്നതും ജാതിയാണ്. എല്ലാ വിപത്തിനും ദാരിദ്ര്യത്തിനും കാരണം എന്ന് ചിന്തിക്കുന്നതും സ്വാഭാവികം. എന്നാല്‍ ജാതിയല്ല അവരുടെ ദരിദ്രാവസ്ഥയാണ് സാമൂഹ്യ ശ്രേണിയില്‍ ഒറ്റപ്പെടാന്‍ കാരണം. സാമ്പത്തിക അസമത്വം ഇല്ലാതായാല്‍, എല്ലാ ജാതികളിലും സമ്പന്നരും വിദ്യാസമ്പന്നരുമുണ്ടായാല്‍, ജാതി അപ്രസക്തമാകും. ഒരുപക്ഷെ അപ്രസക്തമായില്ലെങ്കിലും ആരും ജാതിയെ കാര്യമായെടുക്കില്ല. ജാതി മുഴുവന്‍ ഇല്ലാതാക്കി നൂറുകോടി ഹിന്ദുക്കളെ ഏകരൂപത്തില്‍ വാര്‍ത്തെടുക്കുക അസാധ്യവും അപ്രായോഗികവുമാണ്. ഇന്നത്തെ ജാതികള്‍ അപ്രത്യക്ഷമായാല്‍ പുതിയ വിഭാഗീയഗ്രൂപ്പുകള്‍ ഉയര്‍ന്നുവരും. അങ്ങനെ ഉണ്ടാകുന്ന ഗ്രൂപ്പുകള്‍ ഹിന്ദുമതം തന്നെ ഉപേക്ഷിക്കും എന്നതിന്റെ തെളിവാണ് ജൈന, ബുദ്ധ, സിഖ് മതങ്ങള്‍. മൂന്നും ഹിന്ദുമതത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ മാത്രമായിരുന്നു; പുതിയ മതങ്ങളല്ല. എന്നാല്‍ കാലാന്തരത്തില്‍ പുതിയ മതങ്ങളായി മാറുകയായിരുന്നു.
മലയാളം വാരിക ആരോ നടത്തിയെന്നു പറയുന്ന ഒരു സര്‍വേയുടെ അടിസ്ഥാനത്തില്‍ (നവംബര്‍ 1) ആഗോള വിശപ്പു സൂചികയില്‍ ഇന്ത്യ 131-ാം സ്ഥാനത്താണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. 1985ലും 2017ലും വടക്കേ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഈ ലേഖകന്‍ യാത്ര ചെയ്തിട്ടുണ്ട്. അന്നത്തെ ഇന്ത്യയില്‍ നിന്നും ഇന്നത്തെ നമ്മുടെ രാജ്യം എത്രയോ പുരോഗമിച്ചിരിക്കുന്നു. എങ്കിലും കുറെ ദരിദ്രര്‍ ഇന്ത്യയില്‍ ഉണ്ട്. ലോകത്തില്‍ വിശപ്പില്ലാത്ത രാജ്യങ്ങളെന്ന് അഭിമാനിക്കുന്ന പല രാജ്യങ്ങളും കേരളത്തിലെ ഒരു ജില്ലയിലെ ജനസംഖ്യ മാത്രം ഉള്ളവയാണെന്ന വസ്തുത ഇവര്‍ കണ്ടിട്ടും കണ്ടതായി നടിക്കുന്നില്ല. വലിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നിട്ടും നമുക്ക് ഇപ്പോഴുള്ള 6-ാം സ്ഥാനത്തില്‍ നിന്നും മുന്നേറാനാകാത്തതിന് പ്രധാനകാരണം ഭാരിച്ച ജനസംഖ്യയാണ്. ജനസംഖ്യ നിര്‍ബ്ബന്ധിതമായി നിയന്ത്രിക്കുന്നതിനുള്ള ഒരു നിയമത്തെക്കുറിച്ച് ഇവരാരും പറയുന്നില്ല. കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ പട്ടിണി ആത്മഹത്യകള്‍ നടന്നത് കേരളത്തിലാണെന്ന സത്യവും ഈ സര്‍വേക്കാര്‍ മിണ്ടുന്നില്ല. ഇരുപത്തിമൂന്നര കോടി ജനസംഖ്യയുള്ള യുപിയില്‍ പട്ടിണിമൂലം ആരും ആത്മഹത്യ ചെയ്തില്ല. പാശ്ചാത്യ രീതിയില്‍ പുരോഗമിച്ചതായി ചിലര്‍ തട്ടിവിടുന്ന കേരളത്തില്‍ ആത്മഹത്യകളുടെ എണ്ണം ശതകം തികയ്ക്കാറായിരിക്കുന്നു.
മലയാളത്തിലെ ജീവിതരേഖയില്‍ വി.പി. മേനോനെക്കുറിച്ച് മുസാഫിര്‍ എഴുതിയ സ്മരണ അനിവാര്യമായതുതന്നെ. മഹാത്മാഅയ്യങ്കാളി നമ്മുടെ നാട്ടില്‍ നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു പിന്‍തുണയുമായി രാമനാഥമേനോന്‍ എന്ന സദാനന്ദസ്വാമികളുണ്ടായിരുന്നതുപോലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യയ്ക്കു നല്‍കിയ വലിയ സംഭാവനകള്‍ക്കു പിറകില്‍ ഒരു നിശ്ശബ്ദ സാന്നിധ്യമായി വാപ്പാല പങ്ങുണ്ണി മേനോന്‍ എന്ന വി.പി. മേനോനുണ്ടായിരുന്നു. നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ മേനോന്റെ പങ്ക് ‘Freedom at Mid Night’ തുടങ്ങിയ കൃതികളില്‍ എടുത്തു പറയുന്നുണ്ട്. നമ്മുടെ പാഠപുസ്തകങ്ങളില്‍ നിന്ന് വി.പി. മേനോനെപ്പോലുള്ളവരെ ഒഴിവാക്കിയിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. മുസാഫിര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
സമകാലിക മലയാളത്തില്‍ ഒ.അരുണ്‍കുമാറിന്റെ കവിത, ‘തുണിപ്പുര’ ഒരുതരത്തിലും പേരിനോടു നീതി പുലര്‍ത്തുന്നില്ലെങ്കിലും തുണികഴുകിവിരിക്കുന്നതൊക്കെ കവിതയാക്കാമെന്നു നമ്മളെ പഠിപ്പിക്കുന്നു. കവിതയ്ക്ക് അന്യമായി ഒന്നുമില്ല. രാഹുല്‍ മഞ്ഞപ്പാട്ടിന്റെ ‘കാച്ചുകുമ്പിളും’ ‘വായില്‍ തോന്നിയത് കോതയ്ക്കു പാട്ടു’ തന്നെ.
കലാകൗമുദിയില്‍ (ഒക്‌ടോബര്‍ 31) എട്ടു കവികള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. സാധാരണ എടുത്തെഴുതാന്‍ തക്ക നിലവാരമുള്ള ഒരു കവിതയും കാണാറില്ല. ഈ ലക്കവും സ്ഥിതി അതുതന്നെ. സൂര്യകൃഷ്ണമൂര്‍ത്തി അദ്ദേഹത്തിന്റെ പംക്തിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനാണ് ഈ രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് സ്ഥാപിക്കുന്നു. 2013 ഏപ്രില്‍ 1-നു ശേഷം സര്‍വ്വീസില്‍ കയറിയവര്‍ക്കു പെന്‍ഷന്‍ ഇല്ല എന്ന വസ്തുത അദ്ദേഹത്തിന് അറിയാതിരിക്കാനിടയില്ല. ലോകത്തില്‍ മറ്റേതൊരു രാജ്യവുമായും താരതമ്യം ചെയ്താലും ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ സര്‍ക്കാര്‍ ജീവിനക്കാരുടെ വേതന, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറവാണ് എന്ന വസ്തുതയും നാം തിരിച്ചറിയണം. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം ഇപ്പോഴും നിലനില്‍ക്കുന്ന ബ്രിട്ടനില്‍ ഒരു ക്ലാസ് 4 (അങ്ങനെയൊരു വിഭജനം അവിടെ ഉണ്ടോ എന്നറിയില്ല) ജീവനക്കാരന്‍ വാങ്ങുന്ന ആനുകൂല്യങ്ങളുടെ മുന്‍പില്‍ ഇവിടത്തെ ആനുകൂല്യങ്ങള്‍ തുച്ഛമാണ്. വാര്‍ദ്ധക്യകാലത്ത് ലഭിക്കുന്ന പെന്‍ഷന്‍ നിര്‍ത്തിയാല്‍ ഇവര്‍ എങ്ങനെ ജീവിക്കും എന്നു കൂടി സൂര്യകൃഷ്ണമൂര്‍ത്തി പറയേണ്ടിയിരിക്കുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ എടുത്തു കളയുകയല്ല പരിഹാരം. പതിനായിരം രൂപയെങ്കിലും സാധാരണ പൗരന്മാര്‍ക്കും പെന്‍ഷന്‍ കിട്ടാനുതകുന്ന വിധത്തില്‍ പെന്‍ഷന്‍ ഫണ്ടുകള്‍ രൂപീകരിക്കുകയാണു വേണ്ടത്.
തൊഴില്‍ ചെയ്യാന്‍ ആരോഗ്യമുള്ള കാലത്ത് എല്ലാവര്‍ക്കും മാസം തോറും നിക്ഷേപിക്കാവുന്ന ഒരു ചെറുതുക പെന്‍ഷന്‍ ഫണ്ടുകളിലിടുകയും അതില്‍ ഒരു ചെറിയ സംഭാവന സര്‍ക്കാരും നല്‍കുകയും ചെയ്തിട്ട് വൃദ്ധരാകുമ്പോള്‍ പെന്‍ഷന്‍ കൊടുക്കുകയാണു പ്രായോഗികം. അത്തരത്തില്‍ പെന്‍ഷന്‍ ഫണ്ടുകള്‍ രൂപീകരിക്കുകയാണു ഉത്തരവാദിത്തമുള്ള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. നമ്മുടെ നാട്ടിലെ തൊഴിലാളികള്‍ ബിവറേജസ് കോര്‍പ്പറേഷനില്‍ നിക്ഷേപിക്കുന്ന തുകയുടെ പത്തിലൊന്നു മതിയാകും വാര്‍ദ്ധക്യത്തില്‍ സുഖമായി ജീവിക്കാന്‍. അങ്ങനെ ചെയ്യുന്നതിനുപകരം ജീവനക്കാരുടെ പെന്‍ഷന്‍ നിര്‍ത്തണമെന്നൊക്കെ പറയുന്നത് യാഥാര്‍ത്ഥ്യബോധം ഇല്ലാത്ത മണ്ടന്‍ അഭിപ്രായമാണ്. പെന്‍ഷന്‍ തുകയ്ക്ക് ഓരോ പത്തുവര്‍ഷവും സീലിങ്ങ് ഏര്‍പ്പെടുത്താവുന്നതാണ്. ഇപ്പോഴത് നാല്പതിനായിരത്തില്‍ പരിമിതപ്പെടുത്തണം. പത്തുവര്‍ഷം കഴിഞ്ഞാല്‍ അന്‍പതിനായിരം. അപ്പോഴേയ്ക്കും കേരളത്തിലെ ഒട്ടുമിക്കവാറും പെന്‍ഷനേഴ്‌സും മരിച്ചു കഴിയും. പിന്നെ contributory pensioners മാത്രമേ ഉണ്ടാവൂ. അപ്പോള്‍ ഈ പരിദേവനം അപ്രസക്തമാകും.