കണ്ണാടിയുടെ മുന്നില്‍ നിന്ന് തല ശരിക്കും മൂടിക്കെട്ടിയിട്ടില്ലേയെന്ന് നോക്കി. മുഖം ആവുന്നത്ര മറയ്ക്കണം. കണ്ണ് കാണത്തക്കവണ്ണം മറച്ചാലേ ശരിക്കും നടക്കാന്‍ പറ്റുകയുള്ളൂ. ശ്വാസം വിടാന്‍ പാകത്തില്‍ മൂക്കിന്റെ ഭാഗത്ത് കുറച്ച് അയവ് വരുത്തണം.
പകല്‍വെട്ടത്തില്‍ പുറത്തോട്ടിറങ്ങണമെങ്കില്‍ ഇതാണവസ്ഥ.
‘നാണമില്ലേ മനുഷ്യാ നിങ്ങള്‍ക്കിങ്ങനെ വെളിയിലോട്ടിറങ്ങാന്‍. ബാക്കിയുള്ളവര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ. ഈ വേഷം കെട്ട് കണ്ടാല്‍ ആള്‍ക്കാരെന്ത് വിചാരിക്കും?’
എന്തും സഹിക്കാം. വീട്ടിലൊരുത്തിയുള്ളവളുടെ വാക്കുകളാണ് നെഞ്ചത്ത് തറയ്ക്കുന്നത്. ഇതിലും ഭേദം അവറ്റകള്‍ കൊത്തിപ്പറിക്കുന്നതാണ്.
അവള്‍ക്കെന്ത് വേണമെങ്കിലും പറയാം. പുറത്തിറങ്ങി നടക്കേണ്ടത് അവളല്ലല്ലോ. പണിക്ക് പോകണമെങ്കില്‍ ഇതേ മാര്‍ഗ്ഗമുള്ളൂ.
തെങ്ങിന്റെ മണ്ടയ്ക്ക് കേറിയാലും പേടിയാണ്. തല മൂടിക്കെട്ടിയതെങ്ങാനും അഴിഞ്ഞുപോയാല്‍-
ഒരാഴ്ചയോളം കാത്തിരുന്ന ശേഷമാണ് ഇങ്ങനൊരു വേഷപ്പകര്‍ച്ചയിലേക്ക് നീങ്ങിയത്. വെളിയിലോട്ടിറങ്ങി അഞ്ച് മിനിട്ട് നടന്നതേയുള്ളു.
‘അല്ല – എന്താ ഇത്? എന്ത് പറ്റീ ശങ്കു ചേട്ടാ?’
‘ങ്ഹാ – നല്ല നീര്‍വീഴ്ചയുണ്ട്. പൊടിയടിക്കാന്‍ വയ്യാ. എത്രനാളാ വീട്ടിക്കുത്തിയിരിക്കാന്‍ പറ്റ്വാ? ഇങ്ങനെയൊന്ന് പരീക്ഷിക്കാന്ന് കരുതി.’
പിന്നെയും അയാള്‍ക്കെന്തോ ചോദിക്കണംന്നുണ്ട്. നിന്നുകൊടുത്തില്ല. വിവരം പറഞ്ഞാല്‍ അതുമതി നാട്ടില് മുഴുവന്‍ പാട്ടാവാന്‍.
ഇനിയും പത്ത് പതിനഞ്ച് മിനിട്ട് ദൂരം നടക്കണം. പാടത്തിന്റെ അക്കരെയുള്ള വറീത് മാപ്പിളയുടെ തെങ്ങിന്‍തോപ്പിലാണെത്തേണ്ടത്. അമ്പത്-അറുപത് തെങ്ങുകളെങ്കിലും കാണും. വറീത് മാപ്പിള പറഞ്ഞിട്ട് ഒരാഴ്ചയ്ക്ക് മേലെയായി. സുഖമില്ല എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകാന്‍ വയ്യ.
‘അല്ല – ഇതാര്? ആളെ മനസ്സിലായില്ലാട്ടോ?’
‘പനിയായിരുന്നു. ഇപ്പം നീര്‍വീഴ്ചയുമുണ്ട്. പിന്നെ പൊടിയടിച്ചാല്‍ തുമ്മലും ചുമയും. കാറ്റടിക്കാന്‍ വയ്യ.’ വറീത് മാപ്പിളയുടെ പെണ്ണുമ്പിള്ളയോട് അത്രയേ പറഞ്ഞുള്ളൂ.
‘പേടിച്ച് പേടിച്ചാണ് കയറിയത്. അവറ്റകളെങ്ങാനും ഇവിടെയുണ്ടാവുമോ? പറന്നു നടക്കുന്ന വര്‍ഗ്ഗമായതുകൊണ്ട് ഏത് നിമിഷവും വന്നുപെടാം. എട്ടോ പത്തോ തെങ്ങില്‍ കയറിക്കാണണം. ഒരു മണിക്കൂറിലേറെ സമയമെടുത്തു. വെട്ടിയിട്ട തേങ്ങ പെറുക്കാന്‍ ഒരു പണിക്കാരനെ വിട്ടത് വളരെ സഹായമായി. ‘വയ്യ’ എന്നറിയിച്ചതു കൊണ്ട് വിട്ടതാണ്.
അല്ലെങ്കില്‍ ഉച്ചയായാലും ഇവിടെത്തന്നെ കഴിയേണ്ടിവരും. താഴെ വച്ചിരുന്ന ഒരു കുപ്പിവെള്ളമെടുത്ത് കുടിക്കാന്‍ വേണ്ടി മുഖത്തുനിന്ന് തുണി മാറ്റിയതേയുള്ളൂ. ഒരു കവിള്‍ വെള്ളം പോലും കുടിക്കാനായില്ല. ചീറിപ്പാഞ്ഞാണ് വന്നത്. ഒന്നും രണ്ടുമല്ല, ഒരു സംഘം തന്നെ. കഴുത്തിലും തലയിലും മുഖത്തുമായുള്ള കൊത്തിപ്പറിക്കലും പരാക്രമവുമായി അവറ്റകള്‍ വട്ടമിട്ട് പറക്കുന്നു. മുഖം അടച്ച് കെട്ടാനുള്ള ശ്രമമൊക്കെ പാഴായി. എങ്കിലും കണ്ണും മുഖവും മൂടിക്കെട്ടി. കൊക്കുകള്‍ കൊണ്ട് തലയോട്ടിയില്‍ വരെ അവയുടെ വാശി തീര്‍ക്കുന്നു.
കാക്കകളുടെ എണ്ണം കൂടി വന്നതോടെ, പണിക്കാരന്‍ ഓടിക്കളഞ്ഞു. രണ്ട് മൂന്നെണ്ണം അവന്റെ പിന്നാലെ പാഞ്ഞെങ്കിലും പിന്നെ മടങ്ങി. അവര്‍ക്ക് വേണ്ടയാളിവിടെയുണ്ട്. കാക്കള്‍ വട്ടമിട്ട് പറന്നതോടെ, ഒന്നുകൂടി മുഖം മറയ്ക്കാനൊരു ശ്രമം നടത്തിയത് വിഫലമായതേയുള്ളൂ. മുഖത്ത് മാത്രമല്ല, കൈകളിലും കഴുത്തിലും ശരീരത്തിലും എവിടെല്ലാം കൊത്താന്‍ പറ്റുമോ, അവിടൊക്കെ പരാക്രമം കാട്ടി. പിന്നൊരു വഴിയുമില്ലാതായപ്പോള്‍ ഓടുകയായിരുന്നു.
‘കാ’ ‘കാ’ വിളികളുമായി പിറകെ അവറ്റകള്‍. മുന്നിലും പിന്നിലുമായി അവറ്റകളൊച്ചവയ്ക്കുന്നു. തലയിലെ കെട്ടിന്മേല്‍ കൊത്തുമ്പോള്‍, കൊക്ക് തലയോട്ടിയിലമരുമ്പോഴുള്ള വേദന സഹിക്കാവുന്നതല്ല. കൈകള്‍ സ്വാതന്ത്രമായാലേ ശരിക്കും ഓടാനാവൂ. ഒരു കൈക്കൊണ്ട് മുഖത്തെ തുണി ബലമായി പിടിച്ചില്ലെങ്കില്‍ –
ഓട്ടമവസാനിച്ചത്. വറീത് മാപ്പിളയുടെ വീടിന് പിന്നാമ്പുറത്താണ്. പണിക്കാരന്‍ ഓടിയെത്തിയതുകൊണ്ട് കൂടുതലൊന്നും പറയേണ്ടിവന്നില്ല. വീട്ടുവേലക്കാരിയോടൊപ്പം അയാളുടെ പെണ്ണുമ്പിള്ളയും അടുക്കളമുറ്റത്തുണ്ടായിരുന്നു. കൂടുതലൊന്നും പറയാതെ അടുക്കളയോട് ചേര്‍ന്ന ചായ്പ് മുറിയില്‍ കടന്ന് പറ്റി.
‘എന്താ – എന്താണുണ്ടായേ? ഇയാളെന്താ വന്നപാടെ അടുക്കളയിലോട്ട് കേറണേ?’
‘എന്റെ പെണ്ണമ്മചേച്ചി – അവറ്റ എന്റെ പിന്നാലെയുണ്ട്. കൊറെ നേരം ഇവിടിരിക്കട്ടെ.’
കൂടുതലൊന്നും പറയാതെ അടുക്കളോട് ചേര്‍ന്നുള്ള ചായ്പ്പ് മുറിയില്‍ കയറി. കാക്കക്കൂട്ടം നിമിഷനേരം കൊണ്ട് വീട്ടുമുറ്റത്ത്. കൂടുതലൊന്നും പറയാതെ അയാള്‍ ചായ്പ് മുറിയുടെ വാതിലടച്ചു.
കാക്കകള്‍ വട്ടവും നീളവും പറന്ന് അടുക്കളഭാഗത്ത് നിന്നും മാറുന്നേയില്ല.
‘ഇയാളിതെന്ത് ഭാവിച്ചോണ്ടാ? അതൂറ്റങ്ങളെ ശല്യം ചെയ്‌തോ?’ വറീത് മാപ്പിളയില്ലാതിരുന്നത് നന്നായി. എങ്കില്‍ ഇങ്ങനെയൊന്നുമാവില്ല പറച്ചില്‍. കാക്കകള്‍ വീടിന് ചുറ്റും പറക്കുന്നതിന്റെ ദേഷ്യവും അയാളുടെ വാക്കുകളിലുണ്ടാവും. ദോഹോപദ്രവം ഏല്‍പ്പിക്കില്ല എന്നേയുള്ളൂ. പെണ്ണുങ്ങള്‍ മാത്രമുള്ളിടത്ത് കയറിപ്പറ്റിയതിന്റെ ദേഷ്യം പുളിച്ച തെറിവാക്കുകളിലൂടെ തീര്‍ക്കും.
വീടിപ്പോള്‍ നിശ്ശബ്ദമാണ്. അവറ്റകള്‍ പറന്ന് പോയിട്ടുണ്ടാവും. പിന്‍വശത്തെ വാതിലടച്ചിട്ടിരിക്കുന്നതിന്റെ ശബ്ദം കേട്ടതാണ്. അതുകൊണ്ട്, കാക്കകള്‍ അകത്ത് കയറിയിട്ടില്ല എന്നുറപ്പാണ്.
കഴിഞ്ഞയാഴ്ച മക്കാരുപിള്ളയുടെ തെങ്ങിന്‍ തോപ്പില്‍ പോയിടത്താണ് തുടക്കം. തെങ്ങിന്‍ തോപ്പെന്ന് പറയുന്നത് വെറുതെയാണ്. കാ ഫലമുള്ളത് എട്ടോ പത്തോ മാത്രം. പക്ഷെ മക്കാരുപിള്ളയ്ക്ക് നിര്‍ബന്ധം. തേങ്ങയുണ്ടായാലും ഇല്ലെങ്കിലും എല്ലാത്തിന്റെയും മണ്ടയ്ക്ക് കയറണം. ഉണങ്ങിയ കൈയും ഓലയും ചെതുമ്പും എല്ലാം വെട്ടിമാറ്റണം. അടുത്ത വരവിനെങ്കിലും കായ്ക്കണമെങ്കില്‍ വൃത്തിയാക്കിയാലേ പറ്റുകയുള്ളൂ. തേങ്ങയുണ്ടായാലും ഇല്ലെങ്കിലും കേറുന്ന ഓരോ തെങ്ങിനും കൂലി തരുന്നത് കൊണ്ട് നഷ്ടമില്ല. ശോഷിച്ച മണ്ടയുള്ള ഒരു തെങ്ങിന്റെ കൈ വെട്ടിമാറ്റാന്‍ വാക്കത്തി ഒന്ന് വച്ചതേയുള്ളൂ. ചെതുമ്പിന്റെയും കൈയുടെയും ഇടയ്ക്ക് നേര്‍ത്ത ചുള്ളിക്കമ്പുകൊണ്ട് മെടഞ്ഞെടുത്ത ഗോളാകൃതിയിലുള്ള എന്തോ ഒന്ന് നേരെ താഴോട്ട്. ‘കീ’ ‘കീ’ എന്ന ശബ്ദം. അതോടെ കാക്കകളുടെ ഒരു വന്‍പട താഴെ കിടക്കുന്ന കൂടിന്റെ ചുറ്റിനും കൂടി. പിന്നെ മുകളിലോട്ട്. മണ്ടയില്‍ നിന്ന് താഴെ ഇറങ്ങുകയായിരുന്നില്ല. ശരിക്കും ഒരു വീഴ്ച. അതും കാക്കകുഞ്ഞുങ്ങളുടെ കൂടിന്റെ പുറത്തേയ്ക്ക്. കൂട്ടിലുണ്ടായിരുന്ന ഒന്നോ രണ്ടോ മുട്ടകള്‍ പൊട്ടി ഒലിച്ച് കഴുത്തിലും തലയിലുമായി ഒട്ടിപ്പിടിക്കുന്നു. കയ്യെത്തി തുടയ്ക്കാന്‍ പോലും കഴിഞ്ഞില്ല.
ഓടുകയായിരുന്നു. ‘കാ കാ’ വിളിയുമായി അവറ്റകള്‍ പിന്നാലെ. നേരെ അടുത്തുള്ള തോട്ടിലേയ്ക്ക് ചാടുകയായിരുന്നു. എന്നിട്ടും പ്രയോജനമുണ്ടായില്ല. വെള്ളം കുറവായതുകൊണ്ട്, വേഗം കയറിപ്പറ്റി, വീട്ടിലേയ്ക്ക് ശരവേഗത്തില്‍ പാഞ്ഞു. വീട്ടില്‍ ചെന്നെത്തിയപ്പോഴേ ഓട്ടം നിര്‍ത്തിയുള്ളൂ. വീട്ടിന്റെ പിറകുവശത്തെ ചാരിയിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി. കാക്കകള്‍ വീട്ടുമുറ്റത്തെ വാഴക്കയ്യിലും തെങ്ങിന്‍മേലുമായി ഒച്ചവയ്ക്കുന്നു. ഒന്ന് രണ്ടെണ്ണം വരാന്തയിലേയ്ക്കും കയറിക്കഴിഞ്ഞു.
‘അമ്മേ – എന്താണിത്?’ മോളൊച്ചവച്ചുതുടങ്ങി. അവളുടെ കയ്യിലുള്ള തേങ്ങ ചുരണ്ടിയ പ്ലേറ്റ് നിലത്ത്. കാക്കകളൊന്നൊന്നായി അടുക്കള വശത്തേയ്‌ക്കെത്തിക്കഴിഞ്ഞു.
സാധാരണഗതിയില്‍ നിമിഷനേരം പോലും വേണ്ട അവ തിന്ന് തീര്‍ക്കാന്‍. പക്ഷേ, ഇന്നവയ്ക്കതൊന്നും വേണ്ട. അവയുടെ ലക്ഷ്യം –
‘എന്താ ഇവിടെ?’ ഇനി വീട്ടുകാരിയുടെ വകയാണ്. ‘ഇതെന്താ – കാക്കകൂട്ടില്‍ കല്ലിട്ടോ?’ പറഞ്ഞ് മുഴുവനാക്കുന്നതിന് മുന്നേ ഒന്നുരണ്ടെണ്ണം അവളുടെ മുഖത്തും തലയിലും ഉരസിക്കൊണ്ട് പോയി.
‘തേങ്ങയിടാന്‍ കേറിയാ തേങ്ങയിട്ടാല്‍ പോരെ? എന്തിനവറ്റയെ ശല്യപ്പെടുത്താന്‍ പോണൂ? ഈ മനുഷ്യന്‍ ഒരിക്കലും സൈ്വര്യം തന്നിട്ടില്ല.’
അവളുടെ പറച്ചില്‍ അവിടം കൊണ്ട് നിര്‍ത്തിയതല്ല. തുടരാന്‍ പറ്റിയില്ല. കാക്കകളൊന്നുരണ്ടെണ്ണം അടുക്കളയിലേക്ക് ഉന്നംവച്ച് കയറാന്‍ ശ്രമിച്ചതാണ് കാരണം. എങ്ങിനെയോ അവറ്റയെ അകത്ത് കയറ്റാതെ വാതിലടച്ചത് ഭാഗ്യമായി. കുറേനേരം കാക്കകളുടെ കരച്ചിലും ഒച്ചവയ്ക്കലും കൊണ്ട് ബഹളമയമായിരുന്നു അന്തരീക്ഷം. പിന്നീട് ശാന്തമായി. ഇപ്പോള്‍ വീട് പ്രായേണ നിശ്ശബ്ദമാണ്. വീട്ടുമുറ്റത്ത് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കിട്ടിയാല്‍ കൊത്തിപ്പറിക്കാന്‍ ബഹളം കൂട്ടുന്ന കാക്കകളൊന്നും മനുഷ്യനെ ആക്രമിച്ച് കണ്ടിട്ടില്ല. ഇന്നാദ്യമായി, അവറ്റകളുടെ പരാക്രമം കണ്ടു. സന്ധ്യയോടടുത്തനേരത്താണ് വീട്ടിന് പുറത്തേയ്ക്ക് കടന്നത്. നേരാംവണ്ണം ഭക്ഷണം പോലും കഴിച്ചിട്ടില്ല. അതിന്റെ ക്ഷീണം നാളെയായിരിക്കും.
അമ്പലപ്പറമ്പിലാണ് നാളെ പണി. ഉത്സവം അടുത്ത് വരുന്നു. അതിന് മുമ്പേ തേങ്ങയിടണമെന്ന് ദേവസ്വം കാര്യക്കാരന്‍ പറഞ്ഞിട്ട് ഒരാഴ്ചയായി. നാളെ ചെല്ലാമെന്നാണ് പറഞ്ഞിരിക്കുന്നത്.
അവസാനം അമ്പലപ്പറമ്പിലേയും നമ്പ്യാര്‍ മഠത്തിലേയും തേങ്ങയിട്ടത് വേറെയാരെയോ വിളിച്ച്. വേണ്ടാന്ന് വച്ചതല്ല, വെളിയിലോട്ട് വാക്കത്തി എളിയില്‍ തിരുകി, കയ്യില്‍ ചുറ്റുകയറുമായി പുറത്തിറങ്ങുമ്പോഴേ തുടങ്ങും ഇട്ടിരിക്കുന്ന ഷര്‍ട്ടിലും മുണ്ടിലുമായി അവറ്റകളുടെ പരാക്രമം. ഓടിയും നടന്നും, വഴിയരികെയുള്ള ഷെഡ്ഡുകളുടെ മറപറ്റിയും വീണ്ടും തിരിച്ച് വീട്ടിലേയ്ക്ക്. അങ്ങനെയാണ് സംഭവിച്ചത്.
ഒരാഴ്ച കഴിഞ്ഞിട്ടേ പിന്നീട് വെളിയിലോട്ടിറങ്ങിയുള്ളൂ. തുണികൊണ്ട് നീളത്തില്‍ തലയിലൊരു കെട്ട് കെട്ടി, ഒരറ്റം കൊണ്ട് മുഖം മറച്ചാണ് പുറത്ത് കടന്നത്. മൂക്കിന്റെ ഭാഗത്ത് ശ്വാസം വിടാന്‍ പാകത്തില്‍ തുണി അയച്ചിട്ടുണ്ട്. പിന്നീട് നേരെ വറീത് മാപ്പിളയുടെ തോപ്പിലേയ്ക്ക്. അവിടത്തെ പണിയാണ് മുഴുമിപ്പിക്കാതെ ഇങ്ങോട്ടോടി പോരേണ്ടി വന്നത്.
വറീത് മാപ്പിളയുടെ പെണ്ണുമ്പിള്ളയുടെ ഒച്ചയൊന്നും കേള്‍ക്കുന്നില്ല. വീട്ടിനകത്തായിരിക്കുമോ?
രണ്ടോ മൂന്നോ മണിക്കൂറിലേറെയായിക്കാണും ഇവിടെത്തന്നെ കഴിഞ്ഞിട്ട്. അട്ടയോ, പാറ്റയോ എന്തൊക്കെയോ, ദേഹത്തുകൂടി കടന്നുപോയി. അനങ്ങാതിരുന്നതേ ഉള്ളൂ.
ഇനി ഈ പണി നിര്‍ത്താം. പക്ഷേ വേറെ ഏത് പണിയാണ് തരപ്പെടുക? മരംവെട്ടാനോ, പറമ്പ് കിളയ്ക്കാനോ പറ്റുമോ? പാടത്തെപ്പണിയും പറ്റില്ല. ചെയ്തുശീലിച്ചത് ഈ പണിയായതുകൊണ്ട്, വേറൊന്നും നോക്കിയിട്ടില്ല എന്നതാണ് ശരി. പ്രായം അമ്പത് കഴിഞ്ഞു. ഇനി ഈ പ്രായത്തില്‍….
മകളൊരുവളുള്ളത് സ്‌കൂള്‍ പഠിത്തം കഴിഞ്ഞ് നില്‍ക്കുന്നു. ഇനി അവള്‍ക്കൊരാളെ കണ്ടുപിടിച്ച് കൊടുക്കേണ്ട ജോലിയാണ് പ്രധാനം. ഈ ഏഴെട്ട് സെന്റ് ഭൂമിയും വീടുമല്ലാതെ എന്തുണ്ട് സമ്പാദ്യം? തലയാകെ പെരുത്തിരിക്കുന്നു. ഒരു തിരുമാനമാകാതെ വരുമ്പോള്‍ ഇങ്ങനെ ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ട്. വാതില്‍ കരയുന്ന ശബ്ദം.
കടന്നുവന്നത് വീട്ടിലെ പണിക്കാരിയാണ്.
‘ചേട്ടനിന്നൊന്നും കഴിച്ച് കാണില്ല, അല്ലേ? ദാ ഈ കാപ്പിയെങ്കിലും കുടിക്ക്.’
ഒന്നും പറഞ്ഞില്ല, ഒന്നുകില്‍ മനുഷ്യപ്പറ്റുള്ള ഒരാളെങ്കിലും ഇവിടുണ്ടല്ലോ. വാതില് ചാരി, മുറിയിലെ ലൈറ്റിട്ട്, അവള്‍ കാപ്പി മുറിയിലെ ഡസ്‌കില്‍ വച്ചു തിരിഞ്ഞ്…
‘ഇപ്പ അവറ്റകള് പോയിട്ടുണ്ട്, ഇനി ഈ കാപ്പി കുടിച്ചിട്ട് പോവാന്‍ നോക്ക്. ഇവിടെയിങ്ങനെ ഇരുന്നാല്‍ അറിയാമല്ലോ – അങ്ങേര് വരുമ്പോള്‍ …. പിന്നത്തെ വര്‍ത്താനൊന്നും പറയാതിരിക്കുവാണ് ഭേദം.
അങ്ങാടിയില്‍ പലചരക്ക് കച്ചവടം നടത്തുന്ന ആള്, അവിടുത്തെ പണിക്കാരോട് ചില്ലപ്പോള്‍ പറയുന്ന പുളിച്ചതെറി, അവിടേയ്ക്ക് ഉച്ചയ്ക്ക് ചോറ് കൊടുക്കാന്‍ പോവുമ്പം ഞാനും കേട്ടിട്ടുണ്ട്. പെണ്ണൊരുത്തി അടുത്തുണ്ടെന്നൊന്നും നോക്കില്ല. ഒരു സൈസ് വര്‍ത്തമാനം, തൊലിയുരിഞ്ഞ് പോവും. ഏതായാലും ഈ കാപ്പികുടിച്ചിട്ട് പോവാന്‍ നോക്ക്.’
‘എങ്ങനെ പുറത്തിറങ്ങും? ഇനിയും അവറ്റകളിളകിയാല്‍?’ ശോശാമ്മ അടുത്ത് വന്ന് അവളുടെ മേത്തിട്ടിരുന്ന തോര്‍ത്ത് കൊണ്ട് മുഖത്തും പുറത്തും അമര്‍ത്തി തുടച്ചു.
‘ചേട്ടനാ ഷര്‍ട്ടൊന്നൂര്. ഇനിയും കുറെ മണ്ണും ചെളിയും ഉണ്ട്. പിന്നെ ആ മുണ്ടൊന്നഴിച്ച് കുടഞ്ഞേക്ക്.’
അവള്‍ തന്നെ ഷര്‍ട്ടിന്റെ ബട്ടണഴിച്ചു. ആ സമയം അവളുടെ കൈകളുടെ സ്പര്‍ശം, ഉച്ഛ്വാസവായു, അതുണ്ടാക്കിയ ഉള്‍പ്പുളകം.
മുണ്ടഴിക്കാന്‍ മടിച്ചു. പെണ്ണൊരുത്തി മുന്നില്‍ നില്‍ക്കുമ്പോള്‍…
‘ദേ നാണിക്ക്വൊന്നും വേണ്ട, ഞാന്‍ തിരിഞ്ഞു നില്‍ക്കാം. വേഗാട്ടെ.’
മുണ്ട് കുടഞ്ഞെടുത്ത്, ഷര്‍ട്ട് ദേഹത്തിട്ടപ്പോള്‍ അവള്‍ വീണ്ടും മുഖത്തും, കഴുത്തിലും തുടച്ചു.
‘കാക്കകളൊക്കെ പോയി. പെണ്ണമ്മചേച്ചി വരണേന് മുന്നേ പൊയ്‌ക്കോ… പിന്നെ ഇനിയിപ്പം മുണ്ടും ഷര്‍ട്ടും വേണ്ട ചെലപ്പം ഉടുപ്പും മുണ്ടുമുള്ളവരെയായിരിക്കും അവറ്റകള് നോക്ക്വാ’.
കാപ്പി ഒറ്റവലിക്ക് കുടിച്ചു. അതോടെ ഒരുന്മേഷം. നന്ദിസൂചകമായി അവളുടെ ദേഹത്ത് തട്ടി. കവിളത്തൊന്നു തലോടി… പിന്നെ പുറത്ത് കടന്നു. ഇല്ല അവറ്റകളൊക്കെ പോയെന്ന് തോന്നുന്നു. ഒരൊച്ചയും അനക്കവുമില്ല.
അയാളുടെ പരുങ്ങല്‍ കണ്ട് അവള്‍ ചിരിച്ചതേയുള്ളൂ
‘ചേട്ടാ – ചേട്ടനിനി മുണ്ടും ഷര്‍ട്ടും വേണ്ട. അരയിലെന്തെങ്കിലും ഒന്ന്… അത് മാത്രം മതി.’
അവള്‍ വീണ്ടും ചിരിച്ചു.
‘പറേണത് കൊണ്ടൊന്നും തോന്നരുതേ. ദേഹത്തൊന്നും ഇല്ലാതെ പോവുന്നതാ നല്ലത്. നാളെ മൊതലതാ നല്ലത്. എല്ലാം കയ്യില്‍ ചുരുട്ടിപ്പിടിച്ചാ മതി. ഈ വേഷം കണ്ടാ… ആള്‍ക്കാര്‍ ‘വട്ടാണോന്ന്’ ചോദിക്കും. കാര്യമാക്കേണ്ട. ഒരാഴ്ച കഴിയുമ്പോഴേയ്ക്കും അതൊരു ശീലാവും.’
ശോശാമ്മ പറഞ്ഞതിലും കാര്യൊണ്ട്. ഇപ്പം തെങ്ങ് കയറ്റം കുഴപ്പം കൂടാതെ നടക്കുന്നുണ്ട്. പക്ഷേ ദേഹത്തൊരു ബനിയന്‍ പോലുമില്ലാതെ. മക്കാര് പിള്ളയുടെ തോപ്പില്‍ ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോള്‍…
ആകെ നിശ്ശബ്ദത. കുറെ കാക്കകളവിടെ ഇപ്പോഴും വട്ടമിട്ട് പറക്കുന്നുണ്ട്. പക്ഷേ, പെട്ടെന്നവറ്റയുടെ ചിലയ്ക്കല്‍….
തലയില്‍ മുണ്ടും വെള്ളത്തൊപ്പിയുമായി മക്കാര് പിള്ള പാടത്തിന്റെ വരമ്പത്ത് കൂടി… കാക്കകളയാളുടെ പിന്നാലെയാണ്. അയാളോടിയപ്പോള്‍ അവറ്റകള്‍ പിന്നാലെ…..
തുണിയില്ലാതെ നടക്കാന്‍ പറഞ്ഞ ശോശാമ്മയ്ക്ക് നന്ദി.