രണ്ടുമാസം കഴിഞ്ഞപ്പോള്‍ കറക്കാന്‍ കറുമ്പി വല്ലാതെ മെട കാട്ടി. പല ദിവസവും അച്ഛനെ കറുമ്പി തൊഴിച്ചു. അവള്‍ക്ക് അച്ഛനും നല്ല അടി തിരിച്ച് സമ്മാനിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ കറുമ്പി കറക്കാന്‍ തീരെ അനുവദിച്ചില്ല. നന്ദിനിക്കുപോലും അവള്‍ പാല് കൊടുത്തില്ല. കറുമ്പി ഗര്‍ഭിണി യാണെന്ന് പറമ്പിലേയ്ക്ക് അഴിച്ചു കെട്ടുമ്പോള്‍ അച്ഛന്‍ അമ്മയോടു പറഞ്ഞത് അവന്‍ കേട്ടു.
മോരുഭരണി അമ്മ കഴുകി വെയിലില്‍ ഉണക്കാന്‍ വച്ചു.
എന്നും പുളിശ്ശേരിയുള്ള വീട്ടില്‍ വെറും പുളി പ്രധാന ഒഴിച്ചു കറിയായി. വെറും പുളിക്ക് അമ്മ നിറം കൊടുത്തത് ചെമ്പരത്തിപ്പൂ കൊണ്ടായിരുന്നു. കഴുകിയ ചെമ്പരത്തിപ്പൂവ് പച്ച ഈര്‍ക്കിലില്‍ കോര്‍ത്ത് തിളച്ച പുളി വെള്ളത്തിലേക്കിട്ട് ഇളക്കി യെടുക്കുമ്പോഴേയ്ക്കും നല്ല ചുവപ്പുനിറം കിട്ടിയത് കണ്ണന്‍ കണ്ടു. ചെമ്പരത്തിപ്പൂവിന് വലിയ ഗുണമാണെന്ന് അമ്മ പറഞ്ഞപ്പോള്‍ അത് മോരുകറിയോടൊപ്പം വരില്ലെന്ന് അവനറിയാമായിരുന്നു.
* * *
ഒരു ദിവസം രാവിലെ വല്യമ്മാമ വീട്ടിലേയ്ക്കു വന്നു. ഓല ചീകികെട്ടിക്കൊണ്ടിരുന്ന അച്ഛന്‍ വല്യമ്മാമയെ കണ്ടതും പണി നിര്‍ത്തി മുറ്റത്തേയ്ക്കു വന്നു.
”നിന്റെ പശു രണ്ടാമതും ഗര്‍ഭിണിയാണെന്നറിഞ്ഞു. പ്രസവിക്കാറാകുമ്പോഴേയ്ക്കും അങ്ങ് കൊണ്ടു വരണം.” അച്ഛനെ കണ്ടതും വല്യമ്മാമ പറഞ്ഞു.
വല്യമ്മാമ പറഞ്ഞതെന്തെന്ന് മനസ്സിലാവാതെ അച്ഛന്‍ സ്തംഭിച്ചു നിന്നത് കണ്ണന്‍ കണ്ടു. വല്യമ്മാമയാണ് കറുമ്പിയെ നല്‍കിയതെന്ന് അവനറിയാം. അതുകൊണ്ട് അതിനെ തിരികെ ചോദിച്ചതാണെന്ന് കണ്ണന്‍ ഊഹിച്ചു.
അമ്മാവനോട് അകത്തേയ്ക്ക് കയറിയിരിക്കാന്‍ അച്ഛന്‍ പറഞ്ഞില്ല. അമ്മാവന്‍ തലയും കുമ്പിട്ട് കൂടുതലൊന്നും പറയാതെ വേഗം പോയി. സാധാരണ വല്യമ്മാമ വീട്ടില്‍ വന്നാല്‍ കുറെ സമയം സംസാരിച്ചിരിക്കാറുണ്ട്. വല്യമ്മാമ പോയിട്ടും അച്ഛന്‍ മുറ്റത്തെ തിണ്ണയില്‍ സങ്കടപ്പെട്ടിരുന്നത് കണ്ണന്‍ കണ്ടു.
അടുക്കളയില്‍ നിന്ന അമ്മ, വല്യമ്മാമ വന്നതുപോലും അറിഞ്ഞില്ല. അച്ഛന്‍ എന്തു കാര്യവും അമ്മയോട് പറയാറുണ്ട്. കറവ ഉള്ളപ്പോള്‍ ആഴ്ചയില്‍ ഒരുദിവസമെങ്കിലും മോര് അമ്മാവന്റെ വീട്ടില്‍ മുടങ്ങാതെ എത്തിച്ചത് കണ്ണനായിരുന്നു. മോര് കൊടുക്കാത്തതുകൊണ്ടാണോ വല്യമ്മാമ കറുമ്പിയെ തിരികെ ചോദിച്ചതെന്ന് കണ്ണന്‍ സംശയിച്ചു.
”എന്തു പറ്റി…? ” അച്ഛന്റെ അടുത്തുവന്ന് അമ്മ ചോദിച്ചു.
”നീ കുറച്ച് വെള്ളമെടുത്തേ..” അച്ഛന്‍ പറഞ്ഞു. ഉപ്പിട്ട കഞ്ഞിവെള്ളം വലിയ ഒരു ഗ്ലാസ്സില്‍ വേഗം കൊണ്ടുവന്ന് അമ്മ അച്ഛന് കൊടുത്തു.
”ആ ചതിയന്‍ നമ്മളെ പറ്റിച്ചു ഭാനൂ..” വെള്ളം കുടിച്ച് അച്ഛന്‍ പറഞ്ഞു.
”എനിക്കൊന്നും മനസ്സിലാകുന്നില്ല. നിങ്ങള് കാര്യമെന്തെന്നു പറ.”
വല്യമ്മാമ വന്ന് പറഞ്ഞകാര്യം അച്ഛന്‍ അമ്മയോടു പറഞ്ഞു.
”അപ്പോ, അമ്മാവന്‍ പശുക്കുട്ടിയെ നോക്കാന്‍ തന്നതാ അല്ലേ…?” അമ്മ ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു. അമ്മയുടെ മുഖം പെട്ടെന്ന് ചുവന്നു തുടുത്തു.
”സൗജന്യമായി തന്നതാണെന്നാ ഞാന്‍ കരുതിയത്. പശുക്കുട്ടിയുടെ വില നമ്മള് കൊടുത്തിട്ടില്ലല്ലോ. അപ്പോപ്പിന്നെ…?” അച്ഛന്‍ അമ്മാവനെ ന്യായീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
”ഇത്തിരി ബുദ്ധിമുട്ടിയാലും അതിന്റെ വില കൊടുക്കാന്‍ കഴിയുമായിരുന്നല്ലോ? നിങ്ങടെ അമ്മാവന്റെ ഒരു കുരുട്ടു ബുദ്ധി. ഒരു കറവപ്പശുവിനെ ബുദ്ധിമുട്ടില്ലാതെ കിട്ടുമല്ലോ? അയാളൊരു ദുഷ്ടനാ…” അമ്മ ദേഷ്യത്തോടെ പറഞ്ഞു.
”ഭാനൂ, നീ ആവശ്യമില്ലാത്തത് പറയരുത്. നമ്മള് നല്ലതേ ചിന്തിക്കാവൂ.”
”അപ്പോ, ‘ഏറ്റുവാങ്ങിയ’ പശുക്കുട്ടിയായിരുന്നു കറുമ്പി അല്ലേ?” അമ്മ ശബ്ദം ഉയര്‍ത്തിയാണ് ചോദിച്ചത്.
അച്ഛന്‍ ഒന്നും പറയാതെ അമ്മയെ ദയനീയമായി നോക്കി.
”പശുവിനെ തിരികെ കൊടുക്കാന്‍ തീരുമാനിച്ചോ…?” അമ്മ ചോദിച്ചു.
”അതല്ലേ നാട്ടുനടപ്പ്. നന്ദിനി നമുക്കുള്ളതാ… ആറുമാസം കഴിഞ്ഞാ അതിനെ ചവിട്ടിക്കാം.” അച്ഛന്‍ അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
”ഞരണ്ടു പെരണ്ടുകിടന്ന ഒരു ക്ടാവിനെ നല്ലൊരു പശുവാക്കിയപ്പോ.. നിങ്ങള് വേറെ പണിനോക്കീന്ന്. വരുന്നതുവരട്ടെ. കറുമ്പിയെ കൊടുക്കില്ല.” അമ്മ തറപ്പിച്ചു പറഞ്ഞു.
ചേച്ചി പുസ്തകം വായിക്കുന്ന തില്‍ ശ്രദ്ധിച്ചിരുന്നപ്പോഴും കണ്ണന്റെ ശ്രദ്ധ മുഴുവന്‍ അമ്മയും അച്ഛനും തമ്മിലുള്ള സംസാരത്തിലായിരുന്നു. അച്ഛന്‍ പറഞ്ഞത് കേട്ടപ്പോള്‍ എന്നെങ്കിലും ഒരു ദിവസം വല്യമ്മാമ കറുമ്പിയെ കൊണ്ടു പോകാന്‍ വരുമെന്ന് കണ്ണന്‍ ഭയന്നു.
അച്ഛനും അമ്മയും സംസാരം മതിയാക്കി രണ്ടുവഴിക്ക് പോയപ്പോള്‍ അമ്മയോട് അതേക്കുറിച്ച് ചോദിക്കാമെന്നു കരുതി പുസ്തകം അടച്ചുവച്ച് അടുക്കളയിലേക്കു പോയി. അമ്മ അടുക്കളവാതില്‍ ചാരിനിന്ന് കരയുന്നതു കണ്ടപ്പോള്‍ കണ്ണന് ഒന്നും ചോദിക്കാന്‍ തോന്നിയില്ല. വല്യമ്മാമയുടേതാണ് കറുമ്പി യെന്നും അതിനെ കൊടുക്കേണ്ടി വരുമെന്നും അവന് മനസ്സിലായി.
(തുടരും)