”ദേവീ പ്രപന്നാര്‍ത്തി ഹരേ പ്രസീദ
പ്രസീദ മാതര്‍ജ്ജഗതോƒഖിലസ്യ
പ്രസീദ വിശ്വേശ്വരി പാഹി വിശ്വം
ത്വമീശ്വരീ ദേവീ ചരാചരസ്യ”
(ദേവീമാഹാത്മ്യം 11-ാം അദ്ധ്യായം 2-ാം ശ്ലോകം)
ശരണം പ്രാപിക്കുന്നവരുടെ ആര്‍ത്തികളെ നശിപ്പിക്കുന്ന ദേവി നിന്‍തിരുവടി പ്രസാദിച്ചാലും, അല്ലയോ സര്‍വ്വലോക മാതാവേ നിന്‍തിരുവടി പ്രസാദിച്ചാലും, ഹേ സര്‍വ്വേശ്വരി ലോകത്തെ നിന്‍തിരുവടി രക്ഷിച്ചാലും, അല്ലയോ ദേവി ചരാചരങ്ങള്‍ക്കെല്ലാം നീ ഈശ്വരിയാകുന്നു.
കലിയുഗവരദനായ അയ്യപ്പസ്വാമിയോടൊപ്പം ഇരുന്നരുളുന്ന ജഗത് ജനനിയായ മാളികപ്പുറത്തമ്മ ലോകമാതാവ് ഈ ചരാചരങ്ങള്‍ക്കെല്ലാം ഈശ്വരിയാകുന്നു. അവിടുത്തെ തൃപ്പാദത്തില്‍ അര്‍ച്ചനാ നൈവേദ്യങ്ങളര്‍പ്പിക്കാന്‍ എനിക്ക് ലഭിച്ച ഈ സൗഭാഗ്യം എന്റെ ജീവിതത്തിലെ സമ്പൂര്‍ണ്ണ സൗഭാഗ്യമായി കണക്കാക്കുന്നു.
വൃശ്ചികം 1 മുതല്‍ ധനു 11 വരെയുള്ള കാലം അഥവാ 41 ദിവസമാണ് മണ്ഡലകാലം. ഈ സമയത്ത് ജീവകാരകനായ സൂര്യ ഭഗവാന്‍ വൃശ്ചികം രാശിയില്‍ നില്‍ക്കുന്നു. ഈ ഉത്തരായനകാലം സല്‍കര്‍മ്മത്തിനും വ്രതാനുഷ്ഠാനത്തിനും ഏറ്റവും ഉത്തമമായ കാലമാണ്.
മണ്ഡലം 41 ദിവസമായി കണക്കാക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്നാമത്തേത് ജ്യോതിഷപരവും രണ്ടാമത്തേത് ആയുര്‍വേദാധിഷ്ഠിതവും. സൂര്യനെ അടിസ്ഥാനമാക്കിയാണ് നാമിന്ന് കാലവും സമയവും കണക്കാക്കി വരുന്നത്. എന്നാല്‍ പുരാതന ഭാരതത്തില്‍ ചന്ദ്രവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് കാലഗണനയും സമയക്രമവും നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രവര്‍ഷത്തില്‍ 324 ദിവസമാണ് ഉള്ളത്. ഇതിനെ അടിസ്ഥാനപ്പെടുത്തുമ്പോള്‍ സൂര്യവര്‍ഷത്തിലെ 365 ദിവസത്തില്‍ നിന്ന് ചന്ദ്രവര്‍ഷത്തെ 324മായുള്ള വ്യത്യാസം 41 ദിവസമാകുന്നു.
ഈ 41 ദിവസം അധികമായി നമുക്ക് ലഭിക്കുന്നു. ഈ ദിവസങ്ങള്‍ നാം പ്രകൃതിയോടിണങ്ങിചേര്‍ന്ന് ജീവിതചര്യ ചിട്ടപ്പെടുത്തുകയാണ്. ഈ കാലഘട്ടം ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും സാക്ഷിയാണ്. മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനോഭാവവും പ്രവൃത്തികളും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി തീര്‍ന്നിട്ടുണ്ട്. നമ്മുടെ ഉപഭോഗസംസ്‌കാരം നിമിത്തം നാം ഇന്ന് ആഗോളതാപനത്തിലും കാലാവസ്ഥാവ്യതിയാനത്തിലും ചെന്നെത്തിനില്‍ക്കുകയാണ്. അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡത്തില്‍ ജീവന്‍ തുടിക്കുന്ന ഈ ഭൂമിയെ അതിന്റെ തനതായ രൂപത്തിലും ഭാവത്തിലും നിലനിര്‍ത്താന്‍ പ്രകൃതിയെകുറിച്ച് മനസ്സിലാക്കി പ്രകൃതിയെ ലോകമാതാവായി കാണണം. ജഗത് ജനനിതന്നെയാണ് ഈ പ്രകൃതിമാതാവ്. ആ പ്രകൃതി തന്നെയാണ് ജഗത്തിന് ഈശ്വരിയും.
ഈ മണ്ഡലകാലത്ത് 41 ദിവസം നാം ഇന്നുവരെ അനുഭവിച്ച് കൊണ്ടിരിക്കുന്ന സകല ഉപഭോഗ സംസ്‌കാരത്തിനും വിരാമമിട്ട് പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന് കൃത്രിമമായതെല്ലാം ഉപേക്ഷിക്കുന്നു.
വൃശ്ചികമാസം 1-ാം തീയതി ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് സ്‌നാനാദികള്‍ ചെയ്ത് ചന്ദനം ഭസ്മാദികള്‍ ലേപനം ചെയ്ത് (നെറ്റിയില്‍ തൊടുന്ന ചന്ദനം ആജ്ഞാചക്രത്തെ ഉദ്ദീപിപ്പിക്കുകയും ശിവശക്തി സമാഗമം സംഭവ്യമാക്കുകയും ചെയ്യുന്നു. എല്ലാ സന്ധികളിലും തൊടുന്ന ഭസ്മം സന്ധികളിലെ നീര്‍ക്കെട്ടില്ലാതാക്കുകയും വാതഹാരിയുമാണ്) ത്രിസന്ധ്യകളില്‍ മനസ്സേകാഗ്രമാക്കി ക്ഷേത്രദര്‍ശനം ചെയ്ത് സമസ്ത ജീവികളിലും അയ്യപ്പനെ ദര്‍ശിച്ച്, സമസ്ത ദേവതകളിലും അയ്യപ്പനെ ദര്‍ശിച്ച് സമസ്ത ദേവികളിലും നാരികളിലും ജഗദ് ജനനിയായ മാളികപ്പുറത്തമ്മയെ ദര്‍ശിച്ച് ശരണം വിളി ആരംഭിക്കുന്നു.
ഗുരുസ്വാമിയില്‍ നിന്നും മുദ്ര ധാരണം ചെയ്താണ് മണ്ഡലവ്രതം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തില്‍ ബ്രഹ്മചര്യവ്രതമനുഷ്ഠിക്കുന്നു. വാക്ക്, പ്രവൃത്തി, ആഹാരം എന്നിവയെല്ലാം സാത്വിക ഭാവത്തിലേക്ക് മാറുന്നു. രജോഗുണവും തമോഗുണവും സമ്പൂര്‍ണ്ണമായി ഉപേക്ഷിക്കുകയും ചെയ്യുന്നു. സര്‍വ്വചരാചരങ്ങളിലും അയ്യപ്പസ്വാമിയെ ദര്‍ശിക്കുകയും ചരാചരങ്ങളെ സ്വാമി, മാളികപ്പുറം എന്ന് ചേര്‍ത്ത് വിളിക്കുകയും ചെയ്യുന്നു. നരന്‍ തന്നെ നാരായണനാകുന്ന അപൂര്‍വ്വ നിമിഷങ്ങള്‍.
പുണ്യക്ഷേത്രങ്ങളുടെ ദര്‍ശനം, സന്ധ്യാവേളകളിലെ നാമജപം, ഭജന എന്നിവയെല്ലാം നടത്തി അന്നദാന മാഹാത്മ്യം ഉള്‍ക്കൊണ്ട് രാപ്പകലുകള്‍ ഈശ്വര സാക്ഷാല്‍ക്കാരത്തിനായി പ്രാര്‍ത്ഥിക്കുന്നു. കറുപ്പ് വസ്ത്രമണിഞ്ഞ്, നഗ്നപാദരായി, ശയ്യാസുഖങ്ങള്‍ ഉപേക്ഷിച്ച്, വ്രതനിഷ്ഠയോടെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നു. ഏകനേരം അരി ആഹാരത്തോടെ വാക്ക്, മനസ്സ്, ചക്ഷു, ശ്രോത്രം, ജിഹ്വ എന്നിവയെല്ലാം ശരണമന്ത്രപൂരിതമാക്കിയുള്ള അതിപ്രധാനമായ വ്രതാചാരമാണ്.
പ്രകൃതിയിലെ കല്ലിനെയും മുള്ളിനെയും നഗ്നപാദങ്ങളാല്‍ ആശ്ലേഷണം ചെയ്ത് എല്ലാം മെത്തയായി കണ്ട്, കുണ്ടിലും കുഴികളിലും (ഉയര്‍ച്ചയും താഴ്ചയും) പരമാനന്ദം ദര്‍ശിക്കുന്ന അസുലഭ മുഹൂര്‍ത്തങ്ങളാണ് വ്രതത്തിന്റെ നാളുകള്‍. വ്രതശുദ്ധിയാല്‍ മൂലാധാരത്തിലിരിക്കുന്ന കുണ്ഡലിനീ ശക്തിയെ ഉണര്‍ത്തി പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതചക്രത്തിലേക്ക് ഉയര്‍ത്തി പരമേശ്വരനായ സ്വാമിയെ ഹൃദയകമലത്തില്‍ പ്രതിഷ്ഠിച്ച്, വിശുദ്ധി ആജ്ഞാചക്രങ്ങളിലൂടെ കടന്ന് സദാശിവന്റെ അമൃതപ്ലവം വ്യാപിക്കുന്ന സഹസ്രദളപത്മത്തിലെത്തി താനും ഈശ്വരനും ഒന്നാണെന്ന സത്യം നേരില്‍ ദര്‍ശിക്കാന്‍ 18 മലകള്‍ താണ്ടി, 18 പടികള്‍ കയറി, സദാശിവനായ 18 മലദൈവങ്ങളെ വണങ്ങി അയ്യപ്പസ്വാമിയെ ദര്‍ശിച്ച് ‘അത് നിന്നില്‍ തന്നെയാണെന്ന സത്യം’ തത്വമസി അനുഭവിച്ചറിയുന്നു. ഏകമാത്ര ദര്‍ശനത്തില്‍ തന്നെ ഈശ്വരസാക്ഷാല്‍ക്കാരം സന്തോഷ അശ്രുക്കളാല്‍ അനുഭവിച്ചറിയുന്ന ‘ദിവ്യദര്‍ശനം’.
അയ്യപ്പസ്വാമിക്ക് പള്ളിക്കെട്ടില്‍ നെയ്യഭിഷേകത്തിനുള്ള നെയ്‌തേങ്ങയും നിവേദ്യവും അര്‍പ്പിക്കുന്നു. മാളികപ്പുറത്തമ്മയ്ക്ക് മഞ്ഞളും കുങ്കുമവും നൈവേദ്യവും അര്‍പ്പിച്ച് ഭക്തനും ഈശ്വരനും ഒന്നാകുന്ന മുഹൂര്‍ത്തത്തില്‍ ഈശ്വരാനുഗ്രഹം സകലര്‍ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മാളികപ്പുറത്തമ്മേ മനസ്സാവാചാകര്‍മ്മണാ സമസ്തവും അവിടുത്തെ തിരുവടിയില്‍ അര്‍പ്പിച്ച് സമസ്ത ജഗത്തിനും മംഗളമരുളണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
(ലേഖകന്‍ നിയുക്ത മാളികപ്പുറം മേല്‍ശാന്തിയാണ്)