ആറടി പൊക്കം, ആജാനുബാഹു, കരിവീട്ടികടഞ്ഞപോലുള്ള ശരീരം – ഇതൊക്കെ സിനിമയിലെ നായക പ്രകൃതത്തിനു ചേര്‍ന്നതാണ്; ചരിത്ര സിനിമയാകുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ഇതൊന്നുമില്ലാത്തയാളാണ് 1921-ലെ ഹിന്ദുവംശഹത്യയുടെ സൂത്രധാരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നാണ് ചരിത്രരേഖകളിലൂടെ നാം വായിച്ചറിഞ്ഞത്. കൂടിയാല്‍ വില്ലനാക്കാന്‍ പറ്റും, അത്രതന്നെ. ഈ വില്ലനെ ‘സുല്‍ത്താന്‍ വാരിയംകുന്നനാ’ക്കണമെങ്കില്‍ അല്ലറചില്ലറ പൊടിക്കൈകള്‍ പോരാ എന്ന് വാരിയംകുന്നനെക്കുറിച്ച് സിനിമയെടുക്കുന്നവര്‍ക്കു മനസ്സിലായി. അവര്‍ ഇല്ലാത്ത ചരിത്രരേഖകളില്‍ നിന്ന് പുതിയൊരു വാരിയംകുന്നനെ മെനഞ്ഞെടുത്തു. ഗംഭീരമായ ചരിത്ര ഗവേഷണമാണ് ഇതിനായി സിനിമയുടെ തിരക്കഥാകൃത്ത് എന്ന് പറയപ്പെടുന്ന റമീസ് മുഹമ്മദ് നടത്തിയത്.
1922 ജനുവരി 24-ലെ ഗാര്‍ഡിയന്‍ പത്രത്തില്‍ വാരിയംകുന്നന്റെ ചിത്രം അച്ചടിച്ചു വന്നിരുന്നു എന്നും അതാണ് തന്റെ പുസ്തകത്തില്‍ ഉള്ളതെന്നുമാണ് റമീസ് അവകാശപ്പെടുന്നത്. ഡോ. മനോജ് ബ്രൈറ്റ്, ശ്രീജിത്ത് പണിക്കര്‍ തുടങ്ങിയ സത്യാന്വേഷികള്‍ ഈ പത്രം തേടിപ്പോയപ്പോഴാണ് മോന്‍സന്‍ മാവുങ്കലിന്റെ ശബരിമല ചെമ്പോല പോലെ വ്യാജമാണ് ഈ ചരിത്ര നിര്‍മ്മിതി എന്ന വിവരം പുറത്തായത്. 1921-22 കാലത്ത് ഗാര്‍ഡിയന്‍ പത്രം പുറത്തിറങ്ങിയത് ‘മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍’ എന്ന പേരിലാണെന്നും അന്നത്തെ പത്രത്തില്‍ വാരിയംകുന്നന്റെ ചിത്രം അച്ചടിച്ചുവന്നിട്ടില്ലെന്നും അവര്‍ പറയുന്നു. ‘ഏറനാട്ടില്‍ മാപ്പിളരാജ്യം സ്ഥാപിക്കാന്‍ ശ്രമിച്ച കുഞ്ഞഹമ്മദ് ഹാജിയെയും മറ്റു ആറുപേരെയും വെടിവെച്ചുകൊന്നു’ എന്ന വാര്‍ത്തയേ അതിലുള്ളൂ. മോന്‍സന്‍ മാവുങ്കല്‍ അകത്തായെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച ഇസ്ലാമിസ്റ്റ് – മാര്‍ക്‌സിസ്റ്റ് ശക്തികള്‍ പുതിയ ചരിത്ര നിര്‍മ്മിതി തുടര്‍ന്നുകൊണ്ടിരിക്കയാണ്.