കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിന്റെ ചുവടുപിടിച്ച് ഇതിനകം 19 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണപ്രദേശങ്ങളും നികുതി കുറച്ചിട്ടും ഒരു പൈസ പോലും കുറക്കാന്‍ തയ്യാറാകാത്ത കേരള സര്‍ക്കാരിന്റെ നിലപാടിനു പിന്നില്‍ ഇടത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ദീപാവലി സമ്മാനമായാണ് കേന്ദ്രം ഇന്ധനവിലയിലെ എക്‌സൈസ് നികുതി കുറച്ചതെങ്കില്‍ ഇവിടെ ആവര്‍ത്തിച്ചുള്ള ഇരുട്ടടി മാത്രമാണ് പലതരത്തിലുള്ള നികുതിവര്‍ദ്ധനവിന്റെ പേരില്‍ ജനങ്ങള്‍ക്കു ലഭിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ മുമ്പുതന്നെ ഇന്ധനനികുതിയില്‍ മൂന്നു രൂപ കുറച്ചിരുന്നു. കേരള സര്‍ക്കാരും ഇതേ രീതിയില്‍ നികുതിയില്‍ കുറവു വരുത്തണമെന്ന് വിവിധ സംഘടനകളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും ‘പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല’ എന്ന നിലപാട് തുടരുകയാണ് ഇടത് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചതനുസരിച്ച് സംസ്ഥാനവും ആനുപാതികമായി ഇളവു നല്‍കുമെന്ന് സംസ്ഥാന ധനമന്ത്രി ആദ്യം പറഞ്ഞെങ്കിലും പിന്നീട്, ഇളവു നല്‍കേണ്ട എന്ന പാര്‍ട്ടി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചെയ്തത്. ഇന്ധന വില വര്‍ദ്ധനവിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ നിരന്തരം ഹര്‍ത്താലുകളും സമരങ്ങളും നടത്തിയവര്‍ക്ക് നികുതിയുടെ മേല്‍ സംസ്ഥാനം അടിച്ചേല്‍പ്പിച്ച ബാദ്ധ്യതകള്‍ കുറക്കാനുള്ള ധാര്‍മ്മിക ഉത്തരവാദത്തമില്ലേ എന്ന ചോദ്യമാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്. ഈ സന്ദര്‍ഭത്തില്‍ കേരളവും നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുകയാണ് വേണ്ടത്. അതിനുപകരം കേന്ദ്രത്തിനെതിരെ ജനങ്ങളെ തിരിച്ചുവിടാന്‍ വ്യഥാവ്യായാമം നടത്തുന്ന കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാട് ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതിയില്‍ യഥാക്രമം 5 രൂപയും 10 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചത്. ദീപാവലിദിനം മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു. കേരളം ഈടാക്കുന്ന വാറ്റ് ആനുപാതികമായി കുറയുമെന്നതിനാല്‍ കേരളത്തില്‍ പെട്രോളിന്റെ വില 6.30 രൂപയും ഡീസലിന്റെ വില 12.27 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഈ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനു പങ്കൊന്നുമില്ലെങ്കിലും വാറ്റിലെ കുറവ് ചൂണ്ടിക്കാട്ടി കേരളവും നികുതി കുറച്ചു എന്ന വ്യാജപ്രചരണം നടത്തുകയാണ് ചില ഇടതുപക്ഷക്കാരും അവരുടെ മാധ്യമങ്ങളും ചെയ്തു വരുന്നത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനുള്ള ഒരു അടവുനയം മാത്രമാണ്. കേന്ദ്രം നികുതി കുറച്ചതിനു പുറമെ സംസ്ഥാനങ്ങളോടും അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് 19 സംസ്ഥാനങ്ങളും 5 കേന്ദ്രഭരണപ്രദേശങ്ങളും നികുതി കുറക്കാന്‍ തയ്യാറായത്. ഇവയില്‍ 17 സംസ്ഥാനങ്ങളും എന്‍.ഡി.എ ഭരണത്തിലുള്ളവയാണ്. ഒഡീഷയും പഞ്ചാബും മാത്രമാണ് ഇളവു പ്രഖ്യാപിച്ച എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍. ഉത്തരപ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ 12 രൂപയുടെ സംസ്ഥാന നികുതിയാണ് കുറച്ചത്. കര്‍ണാടക, ആസാം, ഗോവ, ത്രിപുര, ഗുജറാത്ത്, മണിപ്പൂര്‍, സിക്കിം, ചണ്ഡീഗഢ് എന്നീ സംസ്ഥാനങ്ങള്‍ 7 രൂപ വീതവും കുറച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡ് 2 രൂപ വീതവും ഒഡീഷ 3 രൂപ വീതവും കുറച്ചു. അരുണാചല്‍പ്രദേശ് പെട്രോളിന്റെ നികുതിയില്‍ 10 രൂപയും ഡീസലിന്റെ നികുതിയില്‍ 15 രൂപയും കുറച്ചു. പഞ്ചാബ് പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. അയല്‍ സംസ്ഥാനങ്ങള്‍ നികുതി കുറച്ചതിനെ തുടര്‍ന്ന് കേരളത്തിലെ വിലയുമായി വലിയ അന്തരം ഉണ്ടായിരിക്കുകയാണ്. തലശ്ശേരിയില്‍ പെട്രോളിന് ലിറ്ററിന് 104.48 രൂപ നല്‍കേണ്ടി വരുമ്പോള്‍ തൊട്ടടുത്ത്, പോണ്ടിച്ചേരിയില്‍ ഉള്‍പ്പെട്ട മാഹിയില്‍ 92.52 രൂപ മാത്രം നല്‍കിയാല്‍ മതി. അതുപോലെ ഡീസലിന് തലശ്ശേരിയില്‍ 91.73 രൂപയും മാഹിയില്‍ 80.94 രൂപയുമാണ് ഇപ്പോഴത്തെ വില.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരള സര്‍ക്കാര്‍ വരുമാന വര്‍ദ്ധനവിനുവേണ്ടി കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇന്ധനനികുതിയും ലോട്ടറി, മദ്യം എന്നിവയുടെ നികുതിയുമാണ് സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകള്‍. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കോടിക്കണക്കിനു രൂപ കടമെടുക്കേണ്ടി വരുന്ന അവസ്ഥയും സര്‍ക്കാരിന്റെ ധൂര്‍ത്തും പിടിപ്പുകേടുമാണ് കേരളത്തെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. കേരളത്തിന് അധികമായി ലഭിക്കുന്ന നികുതി വരുമാനത്തില്‍ ഒരു ചെറിയ കുറവു വരുത്തിയാല്‍ തന്നെ അത് ജനങ്ങള്‍ക്കു വലിയ സഹായകമാകും. വില നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തത്തില്‍ തങ്ങളുടേതായ പങ്ക് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നികുതി കുറക്കില്ല എന്ന കടുത്ത നിലപാട് സ്വീകരിച്ച് ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്യുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ പെട്രോള്‍ വില ലിറ്ററിന് 3 രൂപ കുറച്ച് സംസ്ഥാനത്തിന് ലഭിക്കുമായിരുന്ന 1,160 കോടി രൂപയുടെ വരുമാനം ഉപേക്ഷിക്കാന്‍ തയ്യാറായി. അതേസമയം ഏപ്രില്‍-ആഗസ്റ്റ് കാലയളവിലെ ഇന്ധനവിലയിലെ വര്‍ദ്ധനമൂലം കേരള സര്‍ക്കാരിനു ലഭിച്ച അധിക വരുമാനം 201.93 കോടി രൂപയാണ്. ഇക്കാലയളവില്‍ ഇന്ധന നികുതിയിനത്തിലുള്ള ആകെ വരുമാനമാകട്ടെ 18,355 കോടി രൂപയാണ്. പെട്രോള്‍ വിലയുടെ 25 ശതമാനവും ഡീസല്‍ വിലയുടെ 20 ശതമാനവും വില്പന നികുതിയായി സംസ്ഥാനത്തിനാണ് ലഭിക്കുന്നത്. എന്നിട്ടും ഒരു രൂപപോലും പെട്രോള്‍ വിലയിലും ഡീസല്‍ വിലയിലും കുറവുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതിന് എന്തു ന്യായീകരണമാണുള്ളത്?
കേന്ദ്രം ഇന്ധനനികുതി കുറച്ചതിനാല്‍ സംസ്ഥാനവും കുറക്കണമെന്ന ആവശ്യം ന്യായപൂര്‍ണ്ണമാണ്. ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ നികുതി നിരക്ക് വളരെ കൂടുതലാണെന്നാണ് ധനകാര്യ വിദഗ്ദ്ധരുടെ അഭിപ്രായം. പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും. ഇന്ധനവിലയെ ജി.എസ്.ടിയില്‍ കൊണ്ടുവരണമെന്ന ആവശ്യത്തോട് സംസ്ഥാനം പുറം തിരിഞ്ഞുനില്‍ക്കാനും ഇതുതന്നെയാണ് കാരണം. ജി.എസ്.ടിയിലെ ഏറ്റവും ഉയര്‍ന്ന സ്ലാബില്‍ പെടുത്തിയാല്‍ പോലും പരമാവധി 28% മാത്രമേ നികുതിയായി ഈടാക്കാന്‍ കഴിയൂ. 2020-21 വര്‍ഷത്തില്‍ പെട്രോള്‍ വിലയില്‍ നിന്ന് 3652.58 കോടി രൂപയും ഡീസല്‍ വിലയില്‍ നിന്ന് 3415.05 കോടി രൂപയുമാണ് സംസ്ഥാന സര്‍ക്കാരിന് നികുതി വരുമാനമായി ലഭിച്ചത്. ഇത്രയും ഭീമമായ തുക ജനങ്ങളില്‍ നിന്നു ലഭിച്ചിട്ടും ഒരു ചെറിയ ഇളവുപോലും ഭാവിയിലെ വരുമാനത്തില്‍ കുറയ്ക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹം തന്നെയാണ്. ഇന്ധനവില ജി.എസ്.ടിയില്‍ കൊണ്ടുവരിക എന്നതു മാത്രമാണ് വിലവര്‍ദ്ധനവുമൂലമുണ്ടാകുന്ന അമിതഭാരത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ശാശ്വതമായ പോംവഴി. പക്ഷെ ജി.എസ്.ടി കൗണ്‍സിലില്‍ ഭൂരിപക്ഷ തിരുമാനപ്രകാരമേ ഇത്തരമൊരു മാറ്റം കൊണ്ടുവരാന്‍ കഴിയൂ. അതിനുള്ള സമവായം ഇനിയും ഉണ്ടാകാത്ത സ്ഥിതിക്ക് കേന്ദ്രം ചെയ്തതുപോലെ സംസ്ഥാനവും ഇന്ധനവിലയുടെ നികുതിയില്‍ ചെറിയ ഇളവെങ്കിലും പ്രഖ്യാപിക്കാന്‍ തയ്യാറാകണം. കുതിച്ചുയരുന്ന സാധനവിലയെ പിടിച്ചു നിര്‍ത്താനുള്ള ഉത്തരവാദിത്തവും സംസ്ഥാനത്തിനുള്ളതുകൊണ്ട് അത്തരമൊരു തീരുമാനമെടുക്കാന്‍ ഇനി ഒട്ടും വൈകിക്കൂടാ. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളവും ഇന്ധനനികുതി കുറക്കാന്‍ തയ്യാറാവുക തന്നെ വേണം.