നിസ്സഹകരണ പ്രസ്ഥാനം കോണ്‍ഗ്രസ്സ് പിന്‍വലിച്ചത് മുതല്‍ ഭഗത്‌സിംഗ് പൂര്‍ണ്ണമായും വിപ്ലവത്തിന്റെ പാതയിലായിരുന്നു. അന്താരാഷ്ട്ര രാഷ്ട്രീയത്തെ വളരെ ഗൗരവമായി വീക്ഷിച്ചിരുന്ന ഭഗത്‌സിംഗ് മാര്‍ക്‌സിന്റെ ചില ദര്‍ശനങ്ങളില്‍ ആകൃഷ്ടനായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അതുകൊണ്ട് അദ്ദേഹം കമ്മ്യൂണിസ്റ്റോ ഹിന്ദുത്വ വിരുദ്ധനോ ആവുന്നതെങ്ങനെയാണ്? രണ്ടാം ലോകമഹായുദ്ധ സമയത്ത് ഹിറ്റ്‌ലര്‍ക്ക് കൈകൊടുത്തത് കൊണ്ട് മാത്രം നേതാജി സുഭാഷ് ചന്ദ്രബോസ് ഒരു നാസി ആവുമോ?
ഭഗത്‌സിംഗിനെ ഏറെ സ്വാധീനിച്ചത് റഷ്യന്‍ വിപ്ലവമാണ്. എന്നാല്‍ പ്രതിവിപ്ലവം കാണാന്‍ ഭഗത്‌സിംഗ് ജീവനോടെ ഉണ്ടായിരുന്നില്ല. റഷ്യന്‍ വിപ്ലവത്തിന്റെ പര്യവസാനം ഭഗത്‌സിംഗ് കണ്ടിരുന്നില്ല. ആശയ സുന്ദരമായ മുഖം മൂടിക്ക് പിറകില്‍ നിന്നും മാനവ രക്തം കുടിക്കാന്‍ കമ്മ്യൂണിസ്റ്റ് ദംഷ്ട്രകള്‍ പുറത്തു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭഗത്‌സിംഗ് ഏറെ സ്‌നേഹിച്ചിരുന്ന ട്രോട്‌സ്‌കിയെ സ്റ്റാലിന്‍ കൊല്ലുന്നത് കാണാന്‍ ഭഗത്‌സിംഗ് ഉണ്ടായിരുന്നില്ല. “Great purge” എന്ന ഓമനപ്പേരില്‍ റഷ്യയില്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ നരനായാട്ട് കാണുവാന്‍ ഭഗത്‌സിംഗ് ഉണ്ടായിരുന്നില്ല. ആഗോള കമ്മ്യൂണിസം ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടും എന്ന ലാലാ ലജ്പത്‌റായിയുടെ സംശയം സത്യമാവുന്നത് കാണുവാനും ഭഗത്‌സിംഗ് ഉണ്ടായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ കമ്മ്യൂണിസത്തിന്റെ ശൈശവാവസ്ഥയില്‍ തന്നെ ഭഗത്‌സിംഗ് ലോകത്തില്‍ നിന്ന് വിടവാങ്ങി. ഇത് കൊണ്ട് മാത്രമാണ് അദ്ദേഹം എഴുതിയതില്‍ ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിക്കൊണ്ട് അദ്ദേഹം മാര്‍ക്‌സിസ്റ്റാണ് എന്ന് ഇടത് ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നത്.

എന്നാല്‍ ഈ ശ്രമം ആരംഭിക്കുന്നത് ഭഗത്‌സിംഗിന്റെ വീരമൃത്യുവിനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഭഗത്‌സിംഗ് ഒരു മാര്‍ക്‌സിസ്റ്റ് ആണെന്ന് പറയുന്നത് അതിവായനയാകുമെന്ന് പറഞ്ഞത് 1945 ല്‍, പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ അജയ് ഘോഷാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ‘ഞങ്ങള്‍, കമ്മ്യൂണിസ്റ്റുകളെ കേവല വിപ്ലവകാരികളായി കാണുന്നില്ല. പ്രാഥമികമായ സായുധ പ്രവര്‍ത്തനമാണ് ഞങ്ങള്‍ക്ക് വിപ്ലവം. ഒറ്റക്ക് നടത്തുന്ന സായുധ അക്രമങ്ങള്‍ പ്രസ്ഥാനത്തെ തകര്‍ക്കുമെന്നും ഞങ്ങള്‍ കരുതുന്നു’.
സോഹന്‍സിംഗ് ജോഷ് എന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആദ്യകാലങ്ങളില്‍ ‘കീര്‍ത്തി’ പത്രികയില്‍ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ കണ്ണില്‍ ഭഗത്‌സിംഗ് അക്ഷമനും അപക്വമതിയും താത്വികമായ വിപ്ലവ വിജ്ഞാനം മാത്രമുള്ള(Bookish Revolutionary Knowledge) യുവാവുമായിരുന്നു. ഭഗത്‌സിംഗിന് സോഷ്യലിസത്തോട് അനുഭാവപൂര്‍വ്വമായ സമീപനം ഉണ്ടായിരുന്നു. എന്നാല്‍ അത് മാര്‍ക്‌സിസത്തോടുള്ള സ്വീകാര്യതയായിരുന്നില്ല എന്നു പറഞ്ഞത് കമ്മ്യൂണിസ്റ്റ് നേതാവ് രണദിവേയാണ്. അജയ് ഘോഷിന്റെ പ്രസ്താവനക്കൊപ്പം ചേര്‍ത്തു വായിക്കാവുന്ന പ്രസ്താവനയാണിത്. ഒരു പടികൂടി കടന്ന് 1951-ല്‍”Perspective tactical line of the indian revolution”എന്ന തലക്കെട്ടില്‍ പാര്‍ട്ടി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനോടുള്ള നയം വ്യക്തമാക്കി. ‘വ്യക്ത്യധിഷ്ഠിതമായ വിപ്ലവം ബൂര്‍ഷ്വാ നയമാണ്. അത് വ്യക്തികേന്ദ്രീകൃതമായി, വിപ്ലവം നടത്തുന്ന വ്യക്തിയെ നായകവല്‍ക്കരിക്കുന്നതിന് വേണ്ടിയുളളതാണ്’.
പില്‍ക്കാലത്ത്, ഒന്ന് രണ്ട് ദശകങ്ങള്‍ക്കപ്പുറമാണ് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നവകാശപ്പെട്ടിരുന്ന ചില അപ്രധാന വ്യക്തികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതും ഇന്ത്യന്‍ വിപ്ലവത്തിന് ഇല്ലാത്ത കമ്മ്യൂണിസ്റ്റ് മുഖം നല്‍കാന്‍ ശ്രമിച്ചതും. ആര്‍എസ്എസ് ഭഗത്‌സിംഗിനെ അരബിന്ദോ ഘോഷിനെയും സാവര്‍ക്കറിനെയും പോലെയുള്ള ഹിന്ദുത്വ ദേശീയവാദികളുടെ നിരയില്‍ ഇരുത്താനാണ് ശ്രമിക്കുന്നതെന്ന് പ്രകാശ് കാരാട്ട് എഴുതിയിരുന്നു. ഇടത് ചരിത്രകാരന്മാര്‍ ബോധപൂര്‍വം തന്നെ സാവര്‍ക്കര്‍, ഗോള്‍വല്‍ക്കര്‍, അരബിന്ദോ ഘോഷ് തുടങ്ങിവര്‍ ഭഗത്‌സിംഗിന് എതിരായിരുന്നു എന്നും ആര്‍എസ്എസ് രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഭഗത്‌സിംഗിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് എന്നും കുറ്റാരോപണം നടത്തി. വാസ്തവത്തില്‍ ഭാരതത്തിന് വേണ്ടി ത്യാഗമനുഭവിച്ച ഒരു വ്യക്തി, ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ആര്‍എസ്എസ്സിന് ബഹുമാന്യനാണ്. തുച്ഛമായ വോട്ട് ബാങ്കിന് വേണ്ടി സദ്ദാം ഹുസൈനെ മുതല്‍ ഒസാമ ബിന്‍ലാദനെ വരെ ന്യായീകരിക്കുന്നവര്‍ക്കും വിഘടനവാദികളുടെ വീട്ടുപടിക്കല്‍ മുഖദര്‍ശനം കാത്തു നില്‍ക്കുന്നവര്‍ക്കും തീവ്രവാദികളുടെ മാത്രം മനുഷ്യാവകാശത്തെ കുറിച്ച് വാചാലരാകുന്നവര്‍ക്കും ഭീകരവാദികള്‍ക്ക് വേണ്ടി ചരമ കാവ്യങ്ങള്‍ രചിക്കുന്നവര്‍ക്കും ഈ രസതന്ത്രം മനസ്സിലാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ആര്‍എസ് എസ് ഭഗത്‌സിംഗിന്റെ മാത്രം ആദര്‍ശങ്ങള്‍ പിന്തുടരുന്ന സംഘടനയല്ല എന്നത് സത്യമാണ്. എന്നാല്‍ ആര്‍എസ്എസ് ഭഗത്‌സിംഗിന്റെയും കൂടി ആദര്‍ശങ്ങള്‍ പിന്തുടരുന്ന സംഘടനയാണ്.
1949-ല്‍ 1857 മുതല്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വരെയുള്ള സായുധ വിപ്ലവത്തിന്റെ ചരിത്രം ബാല്‍ ശാസ്ത്രി ഹര്‍ദാസ് എഴുതിയപ്പോള്‍ (പ്രസ്തുത ഗ്രന്ഥത്തില്‍ ഒരു സമ്പൂര്‍ണ്ണ അധ്യായം തന്നെ ഭഗത്‌സിംഗിന്റെയും കൂട്ടാളികളുടെയും വിപ്ലവ ചരിത്രമാണ്) അതിന് ആമുഖമായി ഗുരുജി ഗോള്‍വല്‍ക്കര്‍ സ്വാതന്ത്ര്യപൂര്‍വ്വ വിപ്ലവ സംഘടനകളോടുള്ള സംഘത്തിന്റെ നിലപാട് വ്യക്തമാക്കിയതാണ്.
ഗുരുജിയുമായും സംഘവുമായും വളരെ നല്ല ബന്ധമാണ് ഭഗത്‌സിംഗിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായിരുന്നത്. സംഘത്തിന്റെ സര്‍സംഘചാലകായിരുന്ന സുദര്‍ശന്‍ജിയെ ഭഗത്‌സിംഗിന്റെ ഗ്രാമമായിരുന്ന ഖട്ക്കര്‍ കലാണ് സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ക്ഷണിച്ചപ്പോള്‍ ഇവിടുത്തെ ഇടതുപക്ഷം സംഭ്രമിച്ചത് നാം കണ്ടതാണ്. ഭഗത്‌സിംഗിന്റെ ചരിത്രം സമഗ്രമായി ലോകത്തിന് മുന്‍പില്‍ ചര്‍ച്ചക്ക് വിധേയമാക്കിയത് ഭഗത്‌സിംഗിന്റെ സഹോദര പുത്രി വീരേന്ദ്ര സന്ഥുവാണ് (ഭഗത്‌സിംഗിന്റെ പല അമൂല്യ രേഖകളും പുറത്തു കൊണ്ടുവന്നത് അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ കുല്‍ബീറിന്റെ പുത്രി ശ്രീമതി സന്ഥുവാണ്). ശ്രീമതി സന്ഥു പുസ്തക രചനക്ക് മുന്‍പ് ഗുരുജി ഗോള്‍വല്‍ക്കറെ വന്നു കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. 1968 സപ്തംബര്‍ 13 ന് ഗുരുജി വീരേന്ദ്ര സന്ഥുവിന് അയച്ച കത്തില്‍ ഇങ്ങനെ പറയുന്നു.
‘കുമാരി വീരേന്ദ്ര സന്ഥു, സഹറാന്‍പൂര്, ഉത്തര്‍പ്രദേശ്.
രക്തസാക്ഷി വീര സര്‍ദാര്‍ ഭഗത് സിംഗിന്റെത് അലൗകിക കുടുംബമാണ്. രാഷ്ട്ര മുക്തിക്കായി സര്‍വസ്വവും ഹോമിച്ച രക്തസാക്ഷികള്‍ക്ക് തലമുറ തലമുറകളായി ജന്മം നല്‍കിയ അത്തരമല്പം ചില കുടുംബങ്ങളേ കാണുകയുള്ളൂ. ഭഗത്‌സിംഗിന്റെത് അങ്ങനത്തെ അസാമാന്യവും തേജസ്സുറ്റതുമായ കുടുംബമാണ്. ആ ജീവിത കഥ കാലാന്തരത്തില്‍ നശിച്ചു പോകാതെ ഇരിക്കാന്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരണം ചെയ്യാന്‍ താങ്കള്‍ നിശ്ചയിച്ചിരിക്കുകയാണ്. ഇത് നമ്മുടെ നാട്ടുകാരോട് ചെയ്യുന്ന വലിയ ഉപകാരമാണ്. എളുപ്പം തന്നെയീ പുസ്തകം കാണാന്‍ കിട്ടുമെന്ന് വിശ്വസിക്കുന്നു. താങ്കള്‍ തന്നെ ഉജ്ജ്വലമായ ഈ കുടുംബത്തിലെ ഒരു തിരിനാളമാണ്. സര്‍ദാര്‍ ഭഗത്‌സിംഗും അവരുടെ കിടയറ്റ രാഷ്ട്ര ഭക്തരായ പൂര്‍വ്വികരുടെ ജീവിത ഗാഥയും അതേ വംശത്തില്‍ ജനിച്ച താങ്കളെ പോലുള്ള ലേഖികയും, ഇതൊരപൂര്‍വ്വ യോഗമാണ്. അതുകൊണ്ട് ഈ ഗ്രന്ഥം ആധികാരികമാവുന്നതോടൊപ്പം സജീവവും ആവേശകരവുമാവുമെന്നതിന് സംശയമില്ല. താങ്കള്‍ക്ക് ഉത്തരോത്തരം വര്‍ധമാനമായ വിജയം കിട്ടട്ടെ എന്നു ആശംസിക്കുന്നു’.
ഇത് ആദ്യമായി ആയിരുന്നില്ല ഭഗത്‌സിംഗിന്റെ കുടുംബത്തിലുള്ളവര്‍ ഹിന്ദുത്വ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നത്. ഭഗത്‌സിംഗിന്റെ പൂജ്യ മാതാവ് വിദ്യാവതി ദേവി 1970 ല്‍, വീര സാവര്‍ക്കറുടെ മരണത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം ബാംഗ്ലൂരിലെത്തി രാഷ്‌ട്രോത്ഥാന സാഹിത്യ പ്രസിദ്ധീകരിച്ച ആത്മാഹൂതിയെന്ന വീര സാവര്‍ക്കറുടെ കന്നഡ ഭാഷയിലെ ജീവചരിത്രം പ്രകാശനം ചെയ്തു. 1957 ല്‍, 1857 ലെ സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാര്‍ഷികം ഡല്‍ഹിയില്‍വെച്ച് ആഘോഷിക്കുകയുണ്ടായി. ആ ചടങ്ങില്‍ വീര സാവര്‍ക്കര്‍ മുഖ്യ ക്ഷണിതാവായിരുന്നു. ഭഗത്‌സിംഗിന്റെ മാതാവ് വിദ്യാവതി ദേവി, ഭഗത് സിംഗിന്റെ ചെറിയച്ഛന്‍ അജിത് സിംഹന്റെ വിധവ ഹര്‍നാം കൗര്‍ (ഇന്ത്യയില്‍ നിന്നും നാടുകടത്തപ്പെട്ട അജിത് സിംഹന്‍ ലണ്ടലില്‍ ഇന്ത്യാ ഹൗസില്‍ സാവര്‍ക്കര്‍ക്കൊപ്പം താമസിച്ചിട്ടുണ്ട്, ഭാരത മാതാ സൊസൈറ്റി രൂപീകരണം നടത്തിയ അദ്ദേഹം, ഭാരത മാതാ എന്ന പേരില്‍ ഒരു മാസികയും ഇറക്കിയിരുന്നു. നീണ്ട കാലത്തെ നാടുകടത്തലിന് അവസാനം ഭാരതത്തില്‍ തിരിച്ചെത്തിയ അജിത് സിംഹന്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15 ന് തന്നെ അന്തരിച്ചു) എന്നിവര്‍ ഈ പരിപാടിയില്‍ സാവര്‍ക്കര്‍ക്കൊപ്പം പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു.
ഭഗത്‌സിംഗിന്റെ കണ്ടെടുക്കപ്പെട്ട ജയില്‍ ഡയറിയില്‍ മുന്നൂറ്റിനാല് പേജുകളാണ് എഴുതിയ നിലയില്‍ ഉള്ളത്. അതില്‍ അവസാനത്തോടടുക്കുന്ന ഭാഗത്തുള്ള, കൃത്യമായി പറഞ്ഞാല്‍ പേജ് നമ്പര്‍ 279 ല്‍ ഭഗത്‌സിംഗ് എഴുതിയ ഉദ്ധരണികൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം എന്നു കരുതുന്നു. ഇവിടെ ഭഗത്‌സിംഗ് ഉദ്ധരിച്ചിരിക്കുന്നത് വാലന്റൈന്‍ ചിരോള്‍ എന്ന ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്റെ Indian Unrest എന്ന കൃതിയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവാദിയാണ് എന്ന ആരോപണം നേരിട്ട ചിരോളാണ് തിലകനെ”Father of Indian Unrest” (ഭാരതത്തില്‍ ബ്രിട്ടന് നേരിടുന്ന സകല പ്രശ്‌നങ്ങളുടെയും പിതാവ്) എന്നു വിളിച്ചത്. തനിക്കെതിരെ നടത്തിയ അപവാദ പ്രചാരണങ്ങളുടെ പേരില്‍ ബാലഗംഗാധര തിലകന്‍ ചിരോളിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. ഇത്തരമൊരു വ്യക്തിയുടെ കൃതിയില്‍ നിന്ന് ഭഗത്‌സിംഗ് എന്താണ് ഉദ്ധരിച്ചിട്ടുണ്ടാവുക എന്ന് നമുക്ക് മുന്‍വിധിയുണ്ടാവാം.
എന്നാല്‍ ചിരോള്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാണിച്ച, ബ്രിട്ടീഷ് ഭരണത്തിന് എതിരെ വിപ്ലവകാരികള്‍ പ്രചരിപ്പിച്ച ലഘുലേഖയുടെ ഒരു ഭാഗത്തെയാണ് ഭഗത്‌സിംഗ് ‘സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന’ എന്ന തലക്കെട്ട് നല്‍കി ഉദ്ധരിച്ചിരിക്കുന്നത്. അത് ഇപ്രകാരമാണ്,
‘സൂചന: സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന”
‘വിപ്ലവം വിജയിച്ചതിന് ശേഷം, അവള്‍ സ്വത്വത്തിലേക്ക് മടങ്ങിയതിന് ശേഷം സ്വാശ്രയയായി, അവളുടെ ഭാവിക്ക് വേണ്ട ഭരണഘടന എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതാണ്, അത് ഭാരതാംബയുടെ ശബ്ദം തന്നെയാണ് തീരുമാനിക്കേണ്ടത്. വിശദാംശങ്ങളിലേക്ക് പോകാതെ ഇത്രമാത്രം പറയാം. ഇന്ത്യ എന്ന രാജ്യത്തിന്റെ സാമ്രാജ്യാധിപന്‍ പ്രസിഡന്റ് ആയിരിക്കുമോ, രാജാവായിരിക്കുമോ എന്നത് വിപ്ലവം എങ്ങനെ വികാസം പ്രാപിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. അമ്മ സ്വതന്ത്രയാകണം, ഏകവും അഖണ്ഡവുമാവണം. അവളുടെ ഇച്ഛയായിരിക്കണം പരമ പ്രധാനം. ആ ഇച്ഛ അവള്‍ പ്രകടിപ്പിക്കുന്നത് രാജകീയ കിരീടം ശിരസ്സിലണിഞ്ഞോ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ മുദ്ര ചാര്‍ത്തിക്കൊണ്ടോ എന്നത് പ്രശ്‌നമല്ല.
‘അല്ലയോ മഹാരാജ്ഞി, മറക്കരുത്! അവിടുത്തെ ചെയ്തികളെ കുറിച്ച് കണക്ക് ചോദിക്കുക തന്നെ ചെയ്യും. പുതുതായി ജനിക്കുന്ന ജനത അതേ നാണയത്തില്‍ കണക്കുകള്‍ തിരിച്ചു നല്‍കും. ഈ ജനങ്ങളുടെ വിശ്വാസത്തെ ഒറ്റുകൊടുത്തവരെ, പിതാവിനെ തള്ളിപ്പറഞ്ഞവരെ, മാതാവിനെതിരെ നിന്നുകൊണ്ട് സ്വന്തം രക്തം അപവിത്രമാക്കിയവരെ, നിങ്ങളെ അടിച്ചമര്‍ത്തും. നിങ്ങള്‍ ചാരമോ ധൂളിയോ ആയി മാറും.
ഈ വാക്കില്‍ സന്ദേഹമുണ്ടോ? ഉണ്ടെങ്കില്‍, ധിംഗ്രയുടെ നാമത്തില്‍ (മദന്‍ലാല്‍ ധിംഗ്ര) നിശബ്ദരാവുക. അല്ലയോ ഭാരത മാതാവേ, ആ രക്തസാക്ഷിയുടെ പേരില്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളുടെ വാക്കുകളെ കുറിച്ച് ചിന്തിക്കുക. നീ വിതക്കുന്നത് നീ കൊയ്യും, ഈ രാഷ്ട്രത്തിന്റെ രക്ഷിതാക്കളിലെ ആദ്യത്തെ ആളായിട്ടൊ സ്വേച്ഛാധിപതികളില്‍ അവസാനത്തെ ആളായിട്ടൊ നിനക്കു മാറാം’.
ഒറ്റുകാരെ സ്വാതന്ത്ര്യപ്പോരാളികളാക്കുമ്പോള്‍
‘ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ ചന്ദ്രശേഖര്‍ ആസാദിനും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും ഹിന്ദുമഹാസഭാ നേതാവ് വി.ഡി സാവര്‍ക്കര്‍ പണം വാഗ്ദാനം ചെയ്തതായി രേഖകള്‍. എഴുത്തുകാരനായ യശ്പാലിന്റെ ”സിംഹാവലോകന്‍” എന്ന ആത്മകഥയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.’ കുറച്ചു നാളുകള്‍ക്ക് മുന്‍പ് കേരളത്തിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയാണ്. ബ്രിട്ടീഷുകാരുമായുള്ള യുദ്ധം അവസാനിപ്പിക്കാനും, മുഹമ്മദ് അലി ജിന്നയെ വധിക്കാനും 50000 രൂപ വിനായക് ദാമോദര്‍ സാവര്‍ക്കര്‍, ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനിലെ വിപ്ലവകാരിയായിരുന്ന ചന്ദ്രശേഖര്‍ ആസാദിന് വാഗ്ദാനം ചെയ്തു എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. പ്രാഥമികമായ വായനയില്‍ തന്നെ ഇതൊരു വ്യാജ ആരോപണമാണ് എന്ന് ചരിത്രത്തിന്റെ ബാലപാഠം പഠിച്ച ആര്‍ക്കും അറിയാം, കാരണം 1930 ല്‍ ജിന്ന ഇന്ത്യയിലെ വിഘടനവാദത്തിന്റെ ഒരു പ്രധാനമുഖം ആയിരുന്നില്ല എന്ന് മാത്രമല്ല, ആ കാലത്ത് അദ്ദേഹം ലണ്ടനിലും ആയിരുന്നു. ഇങ്ങനെ ഉള്ള ജിന്നയെ അന്ന് സാവര്‍ക്കര്‍ തന്റെ പ്രധാന ശത്രുവായി കാണേണ്ട കാര്യം എന്താണ്?
സ്വാഭാവികമായും യശ്പാലിനെ കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് ഈ ചോദ്യം വഴിവെച്ചു. ആദ്യകാലത്ത് ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷനില്‍ ഉണ്ടായിരുന്ന യാശ്പാല്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു, പുസ്തകങ്ങള്‍ എഴുതി പില്‍ക്കാലത്ത് പ്രസിദ്ധ സാഹിത്യകാരനായി. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡും പത്മഭൂഷണും ലഭിച്ചു. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് സാഹിത്യം വളര്‍ത്തിയതില്‍ വലിയ പങ്ക് ഈ മനുഷ്യന് ഉണ്ടായിരുന്നു, എന്നാല്‍ ഈ മനുഷ്യന്‍ ഒരു ബ്രിട്ടീഷ് ചാരനായിരുന്നു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ എല്ലാ മുഖ്യ നേതാക്കളെയും തൂക്കികൊല്ലുകയോ, വെടിവച്ചു കൊല്ലുകയോ, ആന്തമാനിലേക്ക് നാട്കടത്തുകയോ ആണ് ചെയ്തിരുന്നത്.സചീന്ദ്ര നാഥ് സന്യാല്‍, റോഷന്‍ സിംഗ്, അഷ്ഫാകുള്ള ഖാന്‍, രാമപ്രസാദ് ബിസ്മില്‍, ഭഗത്സിംഗ്, രാജ്ഗുരു,സുഖ്‌ദേവ്, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെ എല്ലാം ബ്രിട്ടന്‍ നേരിട്ടത് ഇങ്ങനെയാണ്. ചന്ദ്രശേഖര്‍ ആസാദിനെ ആല്‍ഫ്രഡ് പാര്‍ക്കില്‍ വെച്ച് ബ്രിട്ടീഷ് പൊലീസിന് ഒറ്റു കൊടുത്തത് യശ്പാല്‍ ആണെന്ന് ആരോപണം ഉണ്ടായിരുന്നു. എന്തായാലും ആസാദിന് ശേഷം യശ്പാല്‍ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ നേതൃത്വം ഏറ്റെടുത്തു, അതോടെ അനവധി വിപ്ലവപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആ സംഘടന നാമാവശേഷമായി. യശ്പാലിനെ ബ്രിട്ടന്‍ കഠിനമായി ശിക്ഷിച്ചില്ല. ജീവപര്യന്തം വിധിച്ചു എങ്കിലും കേവലം 6 വര്‍ഷമാണ് അയാള്‍ ജയിലില്‍ കിടന്നത്. ബ്രിട്ടീഷ് ജയിലില്‍ വെച്ച് തടവ്പുള്ളികളുടെ സ്വകാര്യ ആഘോഷങ്ങളോ, ആചാരങ്ങളോ നടത്തരുത് എന്ന് നിയമമുണ്ടായിരുന്ന ആ കാലത്ത് യശ്പാല്‍ ജയിലില്‍ വെച്ചു വിവാഹിതനായി. ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തില്‍ ഒരുപക്ഷെ ജയിലില്‍ വെച്ചു വിവാഹിതനായ ഏക സ്വാതന്ത്ര്യ സമര സേനാനി ആയിരിക്കും കമ്മ്യൂണിസ്റ്റുകാരനായ യശ്പാല്‍. എന്നാല്‍ പൊതുസമൂഹത്തില്‍ യശ്പാലിന്റെ കള്ളി വെളിച്ചതായത് പിന്നെയും കാലങ്ങള്‍ക്ക് ശേഷമാണ്. പില്‍ക്കാലത്ത് ഡിക്ലാസിഫൈ ചെയ്ത സിഐഡി വിഭാഗത്തിലെ ബ്രിട്ടീഷ് രേഖകള്‍ ധര്‍മേന്ദ്ര ഗൗര്‍ എന്ന ഉദ്യോഗസ്ഥന്‍ പബ്ലിഷ് ചെയ്തപ്പോള്‍, അതില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് വേണ്ടി യശ്പാല്‍ ചാരപ്പണി ചെയ്തതിന്റെ ഡോക്യൂമെന്റുകള്‍ പുറത്തു വന്നു. ബ്രിട്ടീഷ് ഇന്റലിജന്‍സിലെ സ്റ്റോക്വേല്‍ എന്ന ഉദ്യോഗസ്ഥന്‍ സിപിഐയിലുള്ള യശ്പാല്‍ നമ്മുടെ ആളാണ് എന്നും, നമ്മോട് നന്ദിയുള്ളവനാണ് എന്നും ഒരു സഹപ്രവര്‍ത്തകന് എഴുതിയ കത്താണ് ആദ്യം പുറത്തു വന്നത്. ഇന്ത്യയിലെ പല പ്രമുഖ ചരിത്രകാരന്മാരും, വിപ്ലവകാരികളുടെ ബന്ധുക്കളും പണ്ട് തൊട്ട് ഇയാള്‍ ബ്രിട്ടീഷ് അനുയായി ആണെന്ന് പറയുന്നുണ്ട്. നിലവില്‍ ഇന്ത്യയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക ഉപദേശക സമിതി അംഗവും ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക് അസോസിയേഷന്റെ സ്ഥാപക അംഗം സചീന്ദ്രനാഥ് സന്യാലിന്റെ പേരക്കുട്ടിയുമായ സഞ്ജീവ് സന്യാല്‍, യശ്പാലിനെ പോലെയുള്ള ഒരു ഒറ്റുക്കാരനെ ഭാരതം ബഹുമാനിക്കുന്നതിലെ അര്‍ത്ഥശൂന്യത വിവരിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളില്‍ എഴുതിയിട്ടുണ്ട്. എന്ന് മാത്രമല്ല കുറച്ചു കാലമെങ്കിലും യശ്പാലിനെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലില്‍ ഇട്ടത്, അന്ന് പുറത്തുണ്ടായിരുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ സുഹൃത്തുക്കളായിരുന്ന യഥാര്‍ത്ഥ വിപ്ലവകാരികളില്‍ നിന്ന് യശ്പാലിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ഇന്നും നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് യശ്പാല്‍ സാഹിത്യം പഠിക്കാന്‍ ഉണ്ട്. ചരിത്രത്തിന്റെ ചുവരില്‍ സര്‍ക്കാര്‍ ബഹുമതികള്‍ കൊണ്ട് പുരസ്‌കൃതനായ ഈ ബ്രിട്ടീഷ്ദാസനായ കമ്മ്യൂണിസ്റ്റ് നമ്മളെ നോക്കികൊണ്ട് ഇന്നും പുഞ്ചിരിക്കുന്നുണ്ട്. അതാണ് ഇന്ത്യന്‍ ചരിത്രത്തിന് സംഭവിച്ച അപചയം. യഥാര്‍ത്ഥവിപ്ലവകാരികള്‍ ,വര്‍ഗീയവാദികളും, ഒറ്റുകാരുമായി, യഥാര്‍ത്ഥ ഒറ്റുകാര്‍ സ്വാതന്ത്ര്യസമര പോരാളികളുമായി.
(അവസാനിച്ചു)
അവലംബം :
* The Bhagat Singh Reader Edited by Chaman Lal
* ഭഗത്‌സിംഗിന്റെ ജയില്‍ ഡയറി പരിഭാഷ ബിനോയ് വിശ്വം
* Bhagath singh’s Jail notebook, it’s context and relevance, Vol.5 edited by Malwinder Singh Waraich
* Bhagath singh revisited by Chander Pal Singh
* സായുധ സ്വാതന്ത്ര്യ സമരം 1857 മുതല്‍ നേതാജി വരെ, ബാല്‍ ശാസ്ത്രി ഹര്‍ദാസ്
* Savarkar A Contested Legacy by Vikram Sampath
* Lokamanya Tilak by G. P. Pradhan
* ശ്രീഗുരുജിസാഹിത്യസര്‍വസ്വം വാല്യം 7.