നൂറ് വര്‍ഷത്തിനടുത്ത് പാരമ്പര്യമുള്ള രാഷ്ട്രീയ സ്വയംസേവക സംഘം ഒരിക്കലും ഒരു പ്രക്ഷോഭം സംഘടിപ്പിച്ചിട്ടില്ല. തങ്ങളുടെ സ്വാഭാവികവും തനതുമായ പ്രവര്‍ത്തനത്തിന് വിരുദ്ധമായി സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടാവുക ഒന്നോ രണ്ടോ തവണ മാത്രമാകും. മന്മോഹന്‍ സിംഗ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ ‘കാവി ഭീകരത’ എന്നൊരു ആരോപണം ചമച്ച് ആര്‍.എസ്.എസ്സിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ഒരു ആസൂത്രിത ശ്രമം ഉണ്ടായപ്പോള്‍ അതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത് അത്തരത്തില്‍ വിരളമായ ഒന്നാണ്. സ്വതന്ത്ര ഭാരതത്തില്‍ ആദ്യമായി സംഘടനയെ നിരോധിച്ചപ്പോഴും അത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സംഘം സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരെയും ഒരു സംഘടന എന്നരീതിയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിഭജനസമയത്തും യുദ്ധങ്ങളിലും വിവിധ ദുരന്തങ്ങളിലുമുള്ള സംഘത്തിന്റെ പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് സ്വാതന്ത്ര്യസമര കാലത്തുള്ള രേഖകള്‍ പരിശോധിച്ചാലും കാണാനാവുക.
1940-ല്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിനുശേഷം രണ്ടാമത്തെ സര്‍സംഘചാലക് ആയി ചുമതല ഏറ്റെടുത്ത പ്രൊഫസര്‍ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ എന്ന ഗുരുജി, രാജ്യത്തിലുടനീളം സഞ്ചരിച്ച് സംഘടനയെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചു. 1942-ലാണ് കേരളത്തില്‍ സംഘടനയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1942-ഓടെ സംഘടനയെ കൂടുതല്‍ കര്‍ശനമായി ബ്രിട്ടീഷുകാര്‍ നിരീക്ഷിക്കാന്‍ ആരംഭിച്ചു. അത് സംഘത്തിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ എണ്ണത്തിലും വിവരങ്ങളിലുമുള്ള വര്‍ദ്ധനവായി നാഷണല്‍ ആര്‍ക്കൈവ്‌സില്‍ കാണാനാകും.
ബ്രിട്ടീഷ് ഭരണത്തിന് എതിരെയുള്ള നീക്കങ്ങള്‍
1942 ലെ “Note on the organisation aims etc of the Rashtriya Swayam Sewak Sangh” എന്ന പേരിലുള്ള രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സംഘത്തിന്റെ ഓരോ പ്രദേശങ്ങളിലുള്ള സംഘടനാ ശക്തിയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദമായ വിവരണങ്ങള്‍ നല്‍കുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിനെതിരെയുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നാഗ്പൂരില്‍ കൂടിയ സെക്യൂരിറ്റി കോണ്‍ഫറന്‍സിലെ മിനിട്‌സ് ഇപ്രകാരമാണ്:
‘സെന്‍ട്രല്‍ പ്രവിശ്യ, ബീഹാര്‍, ഐക്യ പ്രവിശ്യ, ബോംബെ, പഞ്ചാബ് എന്നിവ രാഷ്ട്രീയ സ്വയംസേവക സംഘത്തിനെ പേടിക്കേണ്ടതുണ്ട് എന്ന നിലപാടുള്ളവരാണ്. തെളിവുകള്‍ ഇല്ലെങ്കിലും ഹിന്ദുമഹാസഭയുടെ നിയന്ത്രണത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത് എന്നതിന് സംശയമില്ല. ഖക്‌സറിന് ഹിന്ദുക്കളുടെ മറുപടിയാണ് സംഘം എന്നാണ് കണക്കാക്കിയിരിക്കുന്നത്. സംഘടന ബ്രിട്ടീഷ് വിരുദ്ധമാണ്; ജപ്പാന്‍ അനുകൂല നിലപാടുകളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്; സംഘടനയുടെ സ്വഭാവത്തില്‍ ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടമാണ്.’
(NAI Reference:- HOME_POLITICAL_I_1942_NA_F-28-8)
സുഭാഷ് ചന്ദ്രബോസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതുകൊണ്ടാണ് ജാപ്പനീസ് അനുകൂലമായ സംഘടനയായി സംഘത്തിനെ ബ്രിട്ടീഷുകാര്‍ കണ്ടത് എന്നുകരുതണം. എന്നാല്‍ ഫാസിസ്റ്റ് പ്രവണത എന്തിന്റെ അടിസ്ഥാനത്തിലാണ് ആരോപിക്കുന്നത് എന്നതിന് ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളില്‍ എവിടെയും ഒരു ന്യായീകരണം നിരത്തിയിട്ടില്ല.
അതോടൊപ്പം സംഘം ഭാവിയില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഭീഷണിയാകുമെന്നും സംഘടനയെ നിരോധിക്കാനുള്ള തെളിവുകള്‍ പക്കലില്ലെന്നും അതിനായി കൂടുതല്‍ കാര്യക്ഷമമായി ഇന്റലിജന്‍സ് നിരീക്ഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
‘സംഘത്തിനെതിരെ ഇപ്പോള്‍ നടപടി എടുക്കാനുള്ള അടിസ്ഥാനം ഒട്ടുമില്ല എന്നതു കൂടാതെ ഖക്‌സര്‍ എന്ന സംഘടനയുടെ നിരോധനം നീക്കുന്നത് ഏതെങ്കിലും വിധത്തില്‍ ഈ പ്രശ്‌നത്തെ എളുപ്പമാക്കുന്നുമില്ല. എന്തായാലും ഇത്തരത്തിലുള്ള എല്ലാ സംഘടനകളുടെയും ട്രെയിനിംഗ് ക്യാമ്പുകളും നിരോധിക്കുന്നത് സംഘത്തിനെ ഒറ്റതിരിഞ്ഞു ആക്രമിക്കാതെതന്നെ സംഘത്തിന് അടിയാവുകയും ചെയ്യും എന്ന നിര്‍ദ്ദേശമാണുണ്ടായത്.’
((NAI Reference:- HOME_POLITICAL_I_1942_NA_F-28-8)
അതേ ഫയലിലെ മറ്റൊരു രഹസ്യ റിപ്പോര്‍ട്ടില്‍ ധ്വജത്തിന്റെ മുമ്പില്‍വെച്ച് പ്രവര്‍ത്തകര്‍ എടുക്കുന്ന അന്നത്തെ പ്രതിജ്ഞ എന്താണെന്ന് വിവരിച്ചിരിക്കുന്നു.
‘എന്റെ പൂര്‍വ്വികരെയും എല്ലാ ശക്തി ദൈവങ്ങളുടെയും മുമ്പില്‍, ഹിന്ദു രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിക്കാനും ഹിന്ദു വിശ്വാസങ്ങളെയും സമൂഹത്തെയും സംസ്‌കാരത്തെയും സംരക്ഷിക്കാനുമായി ഞാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ യഥാവിധി പ്രതിജ്ഞ ചെയ്ത് അംഗമാകുന്നു. ഞാന്‍ സംഘത്തിന്റെ പ്രവര്‍ത്തനം വിശ്വാസ്യതയോടും നിസ്വാര്‍ത്ഥതയോടും നടത്തുമെന്നും എന്റെ പൂര്‍ണ്ണ മനസ്സോടു കൂടി ജീവിതകാലം മുഴുവന്‍ ഈ പ്രതിജ്ഞ പാലിക്കുമെന്നും ഉറപ്പുനല്‍കുന്നു.
ജയ് ബജ്‌റംഗ് ബലി – ബാല്‍ ഭീം കി ജയ്’
(NAI Reference:- HOME_POLITICAL_I_1942_NA_F-28-8)
പ്രസ്തുത റിപ്പോര്‍ട്ടില്‍ 1939-ലെ ദസറ മഹോത്സവത്തില്‍വെച്ച് സംഘത്തിന്റെ നാഗ്പൂരിലെ ഒരു പ്രവിശ്യാനേതാവായ ആര്‍.എന്‍.പദ്ധ്യേയുടെ പ്രസംഗത്തില്‍ സംഘടനയുടെ ലക്ഷ്യങ്ങളായി വിവരിച്ചതിനെ എടുത്ത് എഴുതിയിരിക്കുന്നു. അവ ഇപ്രകാരമാണ്:
1) നിറത്തിനും വിശ്വാസത്തിനും ജാതിക്കും അതീതമായി ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളെ സംഘടിപ്പിക്കുക.
2) പരസ്പരം ഐക്യത്തിന്റെ ബോധ്യമുണ്ടാക്കുക.
3) എന്തുവിലകൊടുത്തും ദേശത്തിന്റെയും ഹിന്ദു ധര്‍മ്മത്തിന്റെയും അഭിമാനം സംരക്ഷിക്കുക.
ഇത്തരം നിരീക്ഷണങ്ങളാണ് സംഘം ഭാവിയില്‍ ബ്രിട്ടീഷ് സര്‍ക്കാരിന് ഭീഷണിയാകുമെന്ന് അവര്‍ വിലയിരുത്താന്‍ കാരണമായിത്തീര്‍ന്നത്. അതോടൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള സംഘടനാ പ്രവര്‍ത്തനമാണ് തല്‍ക്കാലം ബ്രിട്ടീഷുകാരെ പ്രകോപിപ്പിക്കാതെ സംഘം ചെയ്യുന്നത് എന്നതും അവര്‍ തിരിച്ചറിഞ്ഞു. പ്രൊഫസര്‍ ഗോള്‍വല്‍ക്കര്‍ ‘പാകിസ്ഥാന്‍’ എന്ന ആശയത്തെത്തന്നെ നിരാകരിക്കാന്‍ ആഹ്വാനം ചെയ്തതും ബ്രിട്ടീഷ് റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചു.
സംഘത്തിന്റെ പോളിസിയെക്കുറിച്ച് വിലയിരുത്തുന്ന ഭാഗത്ത്, തല്‍ക്കാലം ഒരു ഭീഷണി ഇല്ലെങ്കിലും ഭാവിയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനുള്ള ഹിന്ദുക്കളെയാണ് സംഘടന ഒരുക്കിയെടുക്കുന്നത് എന്ന് വിശദീകരിച്ചിരിക്കുന്നു. ഇന്ത്യാ മഹാരാജ്യത്തെ അധിനിവേശത്തിലൂടെ കീഴടക്കി ഭരിക്കുന്ന ബ്രിട്ടീഷുകാര്‍ സംഘത്തിന് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും ഹിംസാത്മകമായ മാര്‍ഗത്തില്‍ വിശ്വസിക്കുന്നുവെന്നും വിലയിരുത്തി എന്നത് വിരോധാഭാസം തന്നെയാണ്.
വ്യക്തമാകുന്ന അജണ്ടകള്‍
സംഘം ബ്രിട്ടീഷ് ഭരണത്തിന് ഭീഷണിയാകുന്നു എന്ന് കണ്ടതിനെത്തുടര്‍ന്ന് സംഘടനയെ നിരീക്ഷിക്കുന്നത് ശക്തമാക്കിയിരുന്നു. തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകള്‍ അത് ശരിവെക്കുകയും ചെയ്തു. സംഘത്തിന്റെ പ്രവര്‍ത്തനരീതിയും ധനസമാഹരണവും പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളും സ്വഭാവവും പ്രവര്‍ത്തകരുടെ സംഖ്യയുമെല്ലാം റിപ്പോര്‍ട്ടുകളില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടു.
നയം
1942 ഒക്ടോബറില്‍ ഗ്വാളിയാറിലെ വിദ്യാര്‍ത്ഥി അംഗത്തിന്റെ കയ്യില്‍ നിന്ന് ഒരു കത്ത് പിടികൂടിയതിനെ തുടര്‍ന്ന് നിന്ന് സംഘത്തിന്റെ നയത്തെക്കുറിച്ച് ചില വസ്തുതകള്‍ കിട്ടി. ലഖ്‌നൗവിലെ സംഘത്തിന്റെ ഒരു സംയോജകനില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് എഴുതിയ കത്തില്‍ നിന്ന് മനസ്സിലായ വസ്തുതകള്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
‘നിങ്ങള്‍ ചിന്തിക്കുന്നത് സംഘം ഇന്ത്യയിലെയും ലോകത്തെയും എല്ലാ ഹിന്ദുക്കളെയും സംഘടിപ്പിക്കും എന്നാവും…. ഞങ്ങളുടെ മരണപ്പെട്ട നേതാവ് (ഡോക്ടര്‍ ഹെഡ്‌ഗേവാര്‍) അദ്ദേഹത്തിന്റെ മരണത്തിനുമുമ്പ്, പട്ടണങ്ങളില്‍ 3 ശതമാനവും ഗ്രാമങ്ങളില്‍ 1 ശതമാനവും ജനങ്ങളെ സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് നല്ല പരിശീലനം നല്‍കണം. എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുംമുമ്പ് നമ്മള്‍ അതിനെ സൂക്ഷ്മമായി വിലയിരുത്തണം. 1942 ആകുമ്പോഴേയ്ക്ക് നല്ലൊരു വിപ്ലവം ഇന്ത്യയില്‍ സാധ്യമാകുമെന്നും അതിനാല്‍ നാം അതിനായി തയ്യാറായി ഇരിക്കണം എന്നും മരണമടയുന്നതിന് മുമ്പായി അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. കൂടാതെ ചെറുതും മാറ്റമില്ലാത്തതുമായ സംഘടനയെ ശക്തിപ്പെടുത്തി സ്വാതന്ത്ര്യത്തിലേക്ക് നമ്മള്‍ ഒരു ചുവട് മുമ്പോട്ടുവെക്കും. നമ്മള്‍ അന്ന് പങ്കെടുക്കും, അഹിംസയിലൂടെയാവില്ല, പക്ഷെ നല്ല ആയുധധാരികളായി…. സംഘം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പങ്കെടുക്കുന്നില്ല എന്ന് നമ്മള്‍ക്കറിയാം. എന്നാല്‍ ഏത് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും സംഘത്തില്‍ പങ്കാളിയാകാം. അതിനാല്‍ ഞാന്‍ ആര്‍.എസ്.എസ്.എസിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും പങ്കെടുക്കുന്നു. സംഘം പറയുന്നത് എന്തെന്നാല്‍ നിങ്ങള്‍ ഏത് പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തില്‍ നേരിട്ടല്ലാതെ പങ്കാളിയായിക്കൊള്ളൂ. പക്ഷെ സംഘത്തിന്റെ പേരില്‍ ആയിരിക്കരുത്.’ (എഴുതിയ ആളിന്റെ ഇംഗ്ലീഷ് നല്ലതല്ല പക്ഷെ അര്‍ത്ഥം വ്യക്തമാണ്).
1942 ജൂലായ് 14ന് സംഗ്ലിയില്‍ വച്ചുനടന്ന ഒരു സ്വകാര്യ സംഭാഷണത്തില്‍ എം.എസ്. ഗോള്‍വല്‍ക്കര്‍ ഒരു പ്രാദേശിക സംഘ നേതാവിനോട് പറഞ്ഞത് എന്തെന്നാല്‍, സംഘം ഒരു സ്വതന്ത്ര സംഘടനയാണ്, കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് മുക്തമാണ്, ഹിന്ദുമഹാസഭ സ്ഥാപിച്ചതുമല്ല അത് എന്നാണ്. സംഘത്തിന്റെ മീറ്റിംഗുകളില്‍ കോണ്‍ഗ്രസ്സിന്റെ പ്രക്ഷോഭങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രാസംഗികര്‍ ആവശ്യപ്പെടുകയും ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ശ്രദ്ധിക്കേണ്ട ഒരു അപാകത, സംഘ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം ആളുകളെക്കൂട്ടി ചില മജിസ്‌ട്രേറ്റുമാരെയും പോലീസ് ഓഫീസര്‍മാരെയും കൊലപ്പെടുത്തിയ കുപ്രസിദ്ധമായ ചിമൂര്‍ പ്രക്ഷോഭമാണ്.’
(NAI Reference:- HOME_POLITICAL_I_1942_NA_F-28-8)
ഈ വിവരങ്ങളിലൂടെ ആര്‍.എസ്.എസ്സിന്റെ സ്വാതന്ത്ര്യസമരകാലത്തെ പ്രവര്‍ത്തനരീതിയെ വിശദീകരിക്കുന്ന ഇന്നത്തെ സംഘടനയുടെ നിലപാട് ശരിയാണ് എന്ന് ബോധ്യമാകുന്നു.
അതേസമയം ഇതേ ഫയലില്‍ സംഘത്തിനെക്കുറിച്ച് വളരെ അപക്വമായ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളും കാണാനാകും. പഞ്ചാബിലുള്ള സംഘടനാ അധികാരിയുടെ വിവരണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടില്‍ സര്‍സംഘചാലക് എന്ന സ്ഥാനത്തിനും മറ്റ് സ്ഥാനങ്ങള്‍ക്കും dictator എന്ന തര്‍ജ്ജമ കൊടുത്തിരിക്കുന്നത് കാണാം.
ക്വിറ്റ് ഇന്ത്യാ-സിവില്‍ നിയമവിരുദ്ധ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം
രണ്ടാം ലോകമഹായുദ്ധം ശക്തിപ്രാപിച്ച 1942 എന്ന വര്‍ഷം, ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും നിര്‍ണ്ണായകമായ ഒരു കാലഘട്ടമാണ്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവും അതിനെ രഹസ്യമായി അട്ടിമറിക്കാനുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങളും അതില്‍ എടുത്തുപറയേണ്ടവയാണ്. പി.സി.ജോഷിയുടെ കീഴില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രഹസ്യമായി ബ്രിട്ടീഷ് പാദസേവകര്‍ ആയതും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷ് പിന്തുണയോടെ രാജ്യത്തിന്റെ അധികാരം കൈക്കലാക്കാമെന്ന രഹസ്യപദ്ധതി നടപ്പിലാക്കിയതും സംബന്ധിച്ച ധാരാളം തെളിവുകള്‍ നാഷണല്‍ ആര്‍ക്കൈവ്‌സിലുണ്ട്. രാഷ്ട്രീയ-രാഷ്ട്രീയേതര ദേശീയ സംഘടനകള്‍ ഒന്നടങ്കം കോണ്‍ഗ്രസിന്റെ കീഴില്‍ അണിനിരന്ന കാലഘട്ടവുമായിരുന്നു അത്.
1942 വര്‍ഷാവസാനത്തോടെ, മദ്ധ്യ പ്രവിശ്യയിലെയും ബിറാറിലെയും ജില്ലകള്‍ തിരിച്ചുള്ള രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, 28/3/43 എന്ന ഫയലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആര്‍.എസ്.എസ്സിന് സ്വാതന്ത്ര്യസമരവുമായുള്ള ബന്ധത്തിന് നേരിട്ട് തെളിവുകള്‍ നിരത്തുന്നു. കൂടുതല്‍ വ്യാഖ്യാനങ്ങളോ വിവരങ്ങളോ ഇല്ലാതെതന്നെ ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ ‘ക്വോട്ട്’ ചെയ്യുന്നത് സ്വയം വിശദീകരണത്തിന് സഹായിക്കുന്നു എന്നതുകൊണ്ടാണ്.
ഇരുപതോളം ജില്ലകളിലെ സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിവിധഭാഗങ്ങളില്‍ സ്വാതന്ത്ര്യസമരത്തില്‍ സംഘടനാ പ്രവര്‍ത്തകര്‍ പങ്കാളികളായത് കോണ്‍ഗ്രസ്സിന്റെയും ഹിന്ദു മഹാസഭയുടെയും കുടക്കീഴിലാണ് എന്ന് വെളിവാക്കിയിരിക്കുന്നു. റിപ്പോര്‍ട്ടിന്റെ പത്താമത്തെ പേജില്‍ ജബല്‍പ്പൂരിനെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത് രണ്ട് സംഘപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി വിവരിച്ചിരിക്കുന്നു. ”രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സിഹോരയിലെ സംഘാടകനായ കെ.ബി. അഗ്‌നിഹോത്രി, ഷാപുരയിലെ പരിശീലകനായ ലട്ടു എന്ന സൂരജ് ചന്ദ്ര ബാനി എന്നീ രണ്ടുപേര്‍ കോണ്‍ഗ്രസ് അനുകൂല പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രതിരോധ നിയമപ്രകാരം അറസ്റ്റിലായി.”(NAI Reference:- 28/3/43)
അതേ റിപ്പോര്‍ട്ടിന്റെ 16 ാം പേജില്‍ സൗഗൂര്‍ പ്രദേശത്തെ സംഘപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത്, സ്വാതന്ത്ര്യം നേടിയെടുക്കാനും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ പ്രവര്‍ത്തിക്കാനുമായി സായുധ ആക്രമണങ്ങള്‍ സംഘത്തിന്റെ മാര്‍ഗ്ഗമാണെന്ന് വ്യക്തമായതായി വിശദീകരിച്ചിരിക്കുന്നു. ‘സൗഗൂര്‍ പ്രദേശത്തില്‍ ഗ്വാളിയാറില്‍ നിന്നുള്ള ഒരു കേശോ സദാശിയോ ഖേര്‍ എന്നയാള്‍ ഒരു വിമല്‍ എസ്. പണ്ഡിറ്റ്, C/o ശങ്കര്‍റാവു ദേബ്‌റസ് പണ്ഡിറ്റ്, രാംപുര മൊഹല്ല, സൗഗൂര്‍ എന്ന വിലാസത്തിലുള്ള ആളുമായി കത്തിടപാട് നടത്തുന്നതായി കണ്ടെത്തി. ഗ്വാളിയാര്‍ പ്രദേശത്തിന്റെ അകത്തും പുറത്തും സംഘത്തിന്റെ പ്രചാരണപ്രവര്‍ത്തനം നടത്തുന്നയാളാണ് കെ.എസ്. ഖേര്‍. സ്വാതന്ത്ര്യം ലഭിക്കാനും ക്വിറ്റ് ഇന്ത്യയ്ക്കും വേണ്ടി സായുധ കലാപം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രഹസ്യ സിദ്ധാന്തമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കത്തിക്കുന്നതും റെയില്‍വേ ലൈനുകള്‍ നശിപ്പിക്കുന്ന അട്ടിമറിപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഖ്യ പരിപാടിയാണെന്ന് നേരിട്ടല്ലാതെ വിശദീകരിക്കുകയും ചെയ്തു. സൗഗൂര്‍ പോസ്റ്റ് ഓഫീസ് കത്തിച്ച ആള്‍ക്കൂട്ടത്തില്‍ വിമല്‍ എസ്. പണ്ഡിറ്റ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതിനും കെ.എസ്.ഖേര്‍ മുതിര്‍ന്നു. ‘അഭിനവ് ഭാരത് സ്വരാജ് സമിതി’ എന്ന പേരില്‍ സൗഗൂര്‍ കേന്ദ്രമാക്കി ഒരു സംവിധാനം തുറക്കാനുള്ള അഭിപ്രായം കെ.എസ്.ഖേര്‍ മുന്നോട്ടുവെക്കുകയും ചെയ്തു. അതിന്റെ ലക്ഷ്യം അക്രമവും ‘ക്വിറ്റ് ഇന്ത്യ’യും ആയിരിക്കും. സര്‍ദാര്‍ ഭഗത് സിംഗിന്റെയും സുഭാഷ് ചന്ദ്ര ബോസിന്റേയും പാത പിന്തുടരുന്നവരാണ് രാഷ്ട്രീയ സ്വയംസേവക സംഘം എന്നും കെ.എസ്.ഖേര്‍ പ്രസ്താവിച്ചു.'(NAI Reference:- 28/3/43)
ഭഗത്സിംഗിനെയും സുഭാഷ് ചന്ദ്രബോസിനെയും പണ്ടുമുതല്‍ക്കേ ആരാധിക്കാന്‍ ആര്‍.എസ്.എസ്. ആരംഭിച്ചിരുന്നു എന്ന് ഇതിലൂടെ വ്യക്തമാകുന്നു. അതേ റിപ്പോര്‍ട്ടില്‍ ഹോഷങ്കാബാദ് ജില്ലയെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്ത് സംഘപ്രവര്‍ത്തകര്‍ സംഘത്തിന്റെ യൂണിഫോമിന്റെ ഭാഗമായ ലാത്തിയോടുകൂടി പങ്കുചേര്‍ന്നതായും അതില്‍ പ്രകോപനകരമായ ബ്രിട്ടീഷ് വിരുദ്ധ പ്രസംഗങ്ങള്‍ ഉണ്ടായിരുന്നതായും സൂചിപ്പിച്ചിരിക്കുന്നു.
‘സിവില്‍ നിയമവിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹോഷങ്കാബാദിലെ സംഘപ്രവര്‍ത്തകര്‍ ലാത്തികളോടുകൂടി, എതിര്‍ക്കപ്പെടേണ്ട പ്രസംഗങ്ങള്‍ നിറഞ്ഞ ഹോഷങ്കാബാദിലെ ചില മീറ്റിംഗുകളില്‍ പങ്കെടുത്തതായി സൂചനകള്‍ കിട്ടിയിട്ടുണ്ട്. ഇത്തരം മീറ്റിംഗുകളിലെ ആളുകളെ ലാത്തിച്ചാര്‍ജ് നടത്തി പിരിച്ചുവിടേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ ഈ ആളുകള്‍ തങ്ങളുടെ ലാത്തികള്‍ പ്രയോഗിക്കും എന്നൊരു സംശയം ഹോഷങ്കാബാദിലെ സ്റ്റേഷന്‍-ഹൗസ് ഓഫീസര്‍ക്കുണ്ട്.’ – (NAI Reference:- 28/3/43)
പ്രസ്തുത റിപ്പോര്‍ട്ടിലെ റായ്പ്പൂര്‍ ജില്ലയെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത്, സംഘം സര്‍ക്കാര്‍ വിരുദ്ധമായി തല്‍ക്കാലം പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിട്ടില്ലെങ്കിലും സംശയലേശമെന്യേ അപകടമുള്ള സംഘടനയാണ് എന്ന് വിവരിക്കുന്നു. സിവില്‍ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ 7 സംഘപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ ആക്കിയതായും വിവരിച്ചിരിക്കുന്നു.
”പൊതു വിവരണം.- അംഗത്വം ക്രമേണ വര്‍ദ്ധിക്കുകയും പ്രവര്‍ത്തകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായി അതിനായുള്ള ആളുകള്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പ്രവര്‍ത്തകര്‍ നല്ല അച്ചടക്കമുള്ളവരും ആചാരപരമായ പരിപാടികളില്‍ ബുദ്ധിപരമായി കൂട്ടത്തോടെ എത്തിച്ചേരുകയും ചെയ്യുന്നു. തല്‍ക്കാലം സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടുന്ന നയം ഇല്ലെങ്കിലും സംഘം സംശയലേശമെന്യേ അപകട സാദ്ധ്യതയുള്ള സംഘടനയാണ്. ഏകദേശം സംഘത്തിന്റെ 7 അംഗങ്ങള്‍ പ്രത്യേകം പ്രത്യേകമായി ഇപ്പോഴത്തെ സിവില്‍ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ പ്രതിരോധ വകുപ്പ് നിയമത്തിലെ 129 വകുപ്പ് പ്രകാരം ജയിലില്‍ ആവുകയും ചെയ്തു.'(‘NAI Reference:- 28/3/43)
ഭണ്ടാര ജില്ലയിലെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന ഭാഗത്ത്, സ്വാതന്ത്ര്യസമരത്തില്‍ സംഘം കോണ്‍ഗ്രസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത് എന്ന ഇന്നത്തെ സംഘനേതൃത്വത്തിന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിക്കുന്നു. ”ഈ പ്രവര്‍ത്തകര്‍ ഭാവിയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പ്രസിഡന്റും സംഘാടകനും കോണ്‍ഗ്രസ് ചായ്‌വുള്ള സജീവ പ്രവര്‍ത്തകരാണ്.” (ചഅക ഞലളലൃലിരല: 28/3/43) ഭണ്ടാര ജില്ലയിലെ തുംസര്‍ എന്ന ഭാഗത്തെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്ന മറ്റൊരു ഭാഗത്ത്, ചില സംഘടനാ പ്രവര്‍ത്തകര്‍ ആഗസ്റ്റ്(ക്വിറ്റ് ഇന്ത്യാ) പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെന്ന് വിവരിച്ചിരിക്കുന്നു.
‘തുംസറിലെ ഫത്തേചന്ദ് സേത്ത് ആണ് ഈ ശാഖ ആരംഭിച്ചത്. കൂടാതെ നല്ല സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു. മൊഹാദിയിലെ പാത നശിപ്പിക്കുന്നതില്‍ പങ്കെടുക്കുകയും കഴിഞ്ഞ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റില്‍ ആവുകയും ചെയ്ത ബീഹാറിലാല്‍ പട്ടേലിന് ഇവരുമായി അടുത്ത ബന്ധമുണ്ട്. യുവാക്കളെ ലാത്തിയും വാളും കഠാരയും ശൂലവും പ്രയോഗിക്കാന്‍ ശാഖ പഠിപ്പിക്കുന്നു. ചില അംഗങ്ങള്‍ 1942 ആഗസ്റ്റ് 14-ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തെങ്കിലും ആള്‍ക്കൂട്ടത്തിലേക്ക് വെടിവെച്ചതിനാല്‍ പെട്ടന്നുതന്നെ അവര്‍ അതുപേക്ഷിച്ചു.” (NAI Reference:- 28/3/43)
(തുടരും)