ഉണ്ണായിപ്പദമൊരു പൊന്നാനി തോല്‍ക്കുംമട്ടില്‍
നന്നായിപ്പാടിപ്പയ്യെയൊഴുകും നിളയുടെ
സ്വച്ഛമാം പുളിനത്തില്‍ സ്വച്ഛന്ദം നിലകൊള്‍വൂ
സച്ചരിതയാം കലാമണ്ഡലം ഗുരുകുലം,
വന്ദ്യനാം കവിയുടെ സ്വപ്നസാഫല്യത്തിന്റെ
കുന്ദമാലതിപ്പൂക്കള്‍ ചൂടി ഹാ! സുരഭിലം
ധന്യമീ മലയാളനടനകലയുടെ
കല്യമാം സാക്ഷാല്‍സാമ്യമകന്നോരുദ്യാനമായ്!
കല്ലടിക്കോടന്‍ കപ്ലിങ്ങാടനും കല്ലുവഴി-
ചൊല്ലിയാട്ടത്തിന്‍ ചിട്ടയഭ്യസിച്ചനന്തരം
കൂടിയാടുമീ കളിമണ്ഡപം വിരാജിപ്പൂ
നേടിയോരനഘമാം കീര്‍ത്തിമുദ്രകള്‍ ചൂടി.
നാട്യകൈരളിയാളെ കേവലം കൂത്തമ്പല-
ഖദ്യോതക്കരിന്തിരിവെട്ടത്തില്‍ നിന്നും മെല്ലെ
വിശ്വവേദിതന്‍ കെടാവിളക്കിന്‍ സമക്ഷത്തേ-
ക്കുത്സുകമുപനയിച്ചോരു ഗുരുകുലമേ,
നീവെല്‍ക നീണാള്‍! പരിപാവനം തിരുമുമ്പില്‍
സാദരം സവിസ്തരം സാഷ്ടാംഗനമസ്‌കാരം!
നിന്‍ കളിയരങ്ങിലെ മാനസ സരസ്സിങ്കല്‍
എല്ലാമായീടാം നവകമലദളം നാളെ!
കനകമയമാകും ചിറകും വിടര്‍ത്തിക്കൊ-
ണ്ടിളകിയാടാം കളഹംസ മുദ്രസം നീളെ!
കാലമാം ചുട്ടിക്കാരന്‍ കെട്ടിച്ചവേഷം നന്നാ-
യാടിയശേഷം രംഗം വിട്ടീടുമാട്ടക്കാരന്‍;
അപ്പോഴുമചഞ്ചലം ശാന്തമായൊളിമിന്നി-
ക്കത്തി നിന്നീടും ഭദ്രം നിന്‍വിളക്കിന്‍ പൊന്‍നാളം!
താളച്ചേങ്ങല താഴെവച്ചു തന്‍പാട്ടും നിര്‍ത്തി
വേദിയില്‍ നിന്നും പാട്ടുകാരനും മറഞ്ഞേക്കാം;
അപ്പൊഴും നിളാനദി പാടിക്കൊണ്ടൊഴുകീടും
മറ്റൊരുപൊന്നാനിതന്‍ ശുദ്ധകണ്ഠത്തെപ്പോലെ!
കൂരിരുള്‍തിരശ്ശീല താഴ്ത്തുവാന്‍ സന്ധ്യയ്‌ക്കെന്നും
ചന്ദ്രനെപ്പോലിക്കളിവിളക്കു ജ്വലിക്കട്ടെ!
കേട്ടറിഞ്ഞാള്‍ക്കാരെത്തിക്കേരളക്കളികാണ്‍മാന്‍
കേളികൊട്ടുണര്‍ത്തട്ടെ പുണ്യമീ നിളാതീരം!