ആദ്യത്തില്‍ വിശ്വാസം:- സ്ഥലം മണിപ്പൂര്‍. കാര്യവാഹിന്റെ വീട്. അയാളുടെ പൊന്നുമകന്റെ ഒന്നാം പിറന്നാളിന് ഉണ്ണാന്‍ എത്തി. കൂടെ ജില്ലാപ്രചാരക്. ഭാര്യ കോമള ശിശുവിനെ കുളിപ്പിച്ച് പൗഡറിട്ടു ഉടുപ്പിട്ടൊരുക്കി എന്റെ കയ്യില്‍ തന്നു. ഞാന്‍ മടിയില്‍ കിടത്തി. നെറ്റിയുടെ ഇടത്തുവശത്തായി കറുത്തമഷി കൊണ്ടൊരു പൊട്ട്. ഇതെന്തെന്ന് ഞാന്‍ ചോദിച്ചു. ഉത്തരം ”ദൃഷ്ടിബാധ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ക്കിടയില്‍ അത് പതിവുണ്ട്.” ഉടന്‍ ഞാന്‍ ”ഞങ്ങള്‍ക്കിടയിലും.” ‘ടീകാ’ എന്നാണ് ആ പൊട്ടിനുപേര്!
അരുണാചലില്‍ കുട്ടികളുടെ കളംചാടിക്കളി കണ്ടപ്പോളെന്നപോലെ എനിക്ക് യാത്രാവേളകളില്‍ അന്വേഷിക്കാന്‍ പുതിയൊരു പോയിന്റ് കിട്ടി. എറണാകുളത്തുകാരായ ഞങ്ങള്‍ അതിനു പറഞ്ഞിരുന്നത് ‘കൊതിപ്പൊട്ട്’ എന്നായിരുന്നു. മണിപ്പൂരില്‍ അത് ശരിക്കു പൊട്ടുകുത്തുന്ന നടുനെറ്റിക്കപ്പുറമിപ്പുറമുള്ള എവിടെയെങ്കിലുമാകാം. ആ സ്ഥാനഭ്രംശമാണത്രെ ദൃഷ്ടിഭ്രംശമുണ്ടാക്കി ദൃഷ്ടിബാധയില്‍നിന്നു രക്ഷിക്കുന്നത്.
സഞ്ചാരത്തിനിടയില്‍ താമസിച്ച വീടുകളിലെല്ലാം ഞാന്‍ അമ്മമാരോട് ഇതിനെക്കുറിച്ചന്വേഷിച്ചു. സകലദിക്കുകളില്‍നിന്നും ഒരേ ഉത്തരം – ”ദൃഷ്ടിബാധ ഉണ്ടാകാതിരിക്കാന്‍!” മഹാരാഷ്ട്രക്കാര്‍ കരിമ്പൊട്ടുതൊടുന്നത് കവിളിലാണ്. കവിളിന് മറാഠിയില്‍ ‘ഗാല്‍,’ വിരലിന് ‘ബോട്ട്’ എന്നാണ് വാക്കുകള്‍. കുട്ടിയുടെ കവിളില്‍ അമ്മ വിരലുകൊണ്ട് തൊടുന്ന ഈ കുറിക്കുപേര് ‘ഗാല്‍ബോട്ട്.’ ആ വാക്കുതന്നെ പൊട്ടുതൊടേണ്ട സ്ഥാനം സൂചിപ്പിക്കുന്നു. ഗോവയിലെ കൊങ്കിണിയിലും ‘ഗാല്‍ബോട്ട്’ തന്നെ. ഹിന്ദിപ്രദേശങ്ങളില്‍ അതിന് പേര് ‘ഡിഠൗനാ’, ചില ദിക്കില്‍ പാഠഭേദത്തോടെ ‘ഡിഠൗരാ’, മറ്റു ചില ദിക്കില്‍ ‘ദിഠൗനാ’, ചില ദിക്കില്‍ ‘ചഖോഡാ’, ചില പട്ടണങ്ങളില്‍ ‘നജര്‍ബട്ടു.’ തമിള്‍നാട്ടില്‍ അതിനുപേര് ‘കറുപ്പ്‌പൊട്ട്’ എന്നാണ്. എന്തായാലും ഭാരതം മുഴുക്കെ ഈ വിശ്വാസമുണ്ട്. നോക്കുന്നവന്റെ നേരിട്ടുള്ള നോട്ടം മറ്റൊരിടത്ത് തെറ്റിച്ചുവിടുകയാണുദ്ദേശ്യം.
ഈ വിശ്വാസത്തിനു വല്ല അര്‍ത്ഥമോ അടിസ്ഥാനമോ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാല്‍ ഈ വിശ്വാസം കന്യാകുമാരി മുതല്‍ കാഠ്മണ്ഡു വരെ ഉണ്ടെന്നതിനു സംശയം വേണ്ട. ആ വിശ്വാസം ഭാരതത്തിന് പൊതുവാണ്. സ്വന്തം ഓമനക്കുഞ്ഞിന്റെ നല്ല ഭാവിയോര്‍ത്ത് ഉന്നതവിദ്യാഭ്യാസമുള്ള പ്രായംകുറഞ്ഞ നവമാതാക്കള്‍പോലും ആ വിശ്വാസം വെച്ചു പുലര്‍ത്തുന്നു. പ്രകാണ്ഡ സംസ്‌കൃത പണ്ഡിതന്മാര്‍ക്ക് ഇതിനു സാധൂകരണം ഏതെങ്കിലും സംസ്‌കൃതഗ്രന്ഥത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. ശ്രീരാമന് കൗസല്യ കൊതിപ്പൊട്ട് തൊട്ടു എന്നൊന്നും വാല്മീകി പറഞ്ഞിട്ടില്ല. യശോദ കണ്ണന് കൊതിപ്പൊട്ടിട്ടു എന്ന് ഭാഗവതവും പറഞ്ഞിട്ടില്ല. എന്നാല്‍ ഏതമ്മയ്ക്കുമുണ്ടായ കണ്ണനേയും രാമുവിനേയും ആ അമ്മ കൊതിപ്പൊട്ടിടുന്നു. അതാണ് ഭാരതം. ഈ ഭാരതജനത്തെ നാം കാണുകതന്നെ വേണം. എന്നാലേ ശരിയായ ഭാരതത്തെ കണ്ടെത്താനാകൂ.
ഇനി ഞാന്‍ ഒരന്ധവിശ്വാസത്തെക്കുറിച്ച് പറയട്ടെ. ഹിമാചല്‍പ്രദേശിലെ ലാഹോര്‍ സ്പിതിയില്‍ ജീപ്പ് മലകയറി വളഞ്ഞും പുളഞ്ഞും പോയിക്കൊണ്ടിരുന്നപ്പോള്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടുനിര്‍ത്തി. കാരണം പറഞ്ഞത് പൂച്ച വിലങ്ങനെ ഓടി എന്നാണ്. ഞാന്‍ തമാശയ്ക്കു ചോദിച്ചു. ”പൂച്ച കേരളത്തില്‍നിന്ന് വന്നതാണോ?” ”അതെന്താ?” എന്ന ചോദ്യത്തിന് ഞാന്‍ മറുപടി കൊടുത്തു, കേരളത്തിലും ഈ വിശ്വാസമുണ്ടെന്ന്. പിന്നീട് സൗകര്യപ്പെടുമ്പോളെല്ലാം ഞാനിതിനെക്കുറിച്ചന്വേഷിച്ചു. ഭാരതത്തില്‍ സര്‍വ്വത്ര ഈ വിശ്വാസമുണ്ട്. ഇങ്ങനെ അടിസ്ഥാനരഹിതമായ എത്രയോ വിശ്വാസങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. യുക്തിവാദികളും വേദാന്തികളും അതിലൊന്നും വിശ്വസിക്കുന്നില്ലെന്നത് സത്യം. എന്നാല്‍ നാട്ടുകാര്‍ക്കിടിയില്‍ അതുണ്ടെന്നതും അത്രതന്നെ സത്യം. ജനത്തെ മനസ്സിലാക്കാന്‍ ആ സത്യത്തെ, താന്‍ വിശ്വസിച്ചില്ലെങ്കിലും, അംഗീകരിച്ചേ പറ്റൂ. അത്തരം പ്രായോഗികമതികള്‍ക്കുമാത്രമേ ജനത്തിന്റെ ഹൃദയത്തുടിപ്പുകള്‍ മനസ്സിലാക്കാന്‍ കഴിയൂ. രോഗത്തെ മനസ്സിലാക്കുന്നതിനോടൊപ്പം രോഗിയെക്കൂടി മനസ്സിലാക്കുന്നവനാണ് വിജയിക്കുന്ന വൈദ്യോത്തമന്‍!
ഏകാധികം(നൂറല്ല, നൂറ്റിയൊന്ന്)
മുന്‍പറഞ്ഞ സ്വല്പാധികത്തെപ്പോലെ വിശേഷപ്പെട്ടതാണ് ഇവിടെപ്പറയുന്ന ഏകാധികം. ഇതും ഭാരതത്തില്‍ മാത്രം കാണപ്പെടുന്ന ഒരു സവിശേഷതയാണ്. ഈ ഏകാധികം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത് സംഭാവന, ദാനം, ദക്ഷിണ എന്നിവയുടെ കാര്യത്തിലാണ്. ഭാരതത്തിലെ സകലപ്രാന്തങ്ങളിലും ജാതിഭേദമില്ലാതെ, ധനികദരിദ്രാന്തരം നോക്കാതെ, നഗരഗ്രാമവ്യത്യാസമില്ലാതെ സംഭാവനകൊടുക്കുമ്പോള്‍ 101, 501, 1001 എന്നിങ്ങനെ കൊടുക്കുന്നു. തുകയോ ചെക്കോ കൈ മാറുമ്പോളെല്ലാം ഈ പതിവ് കാണുന്നു. ഈ കീഴ്‌വഴക്കം വിദേശങ്ങളിലില്ല. ആരെങ്കിലും നൂറ് രൂപ സംഭാവന തന്നാല്‍ ‘ഒരു രൂപ കൂടിത്തരൂ’ എന്ന് പറയാന്‍ ഒരു ഭാരതീയനും മടി കാണിക്കാറില്ല. അയാള്‍ക്ക് അത് വിസമ്മതം പറയാതെ കിട്ടാറുമുണ്ട്.
ഇതിനുപിന്നില്‍ എന്താണ് തത്ത്വം എന്നാലോചിക്കുന്നവരുണ്ട്. ചിന്തനത്തിലെ ചില എടുത്തുചാട്ടക്കാര്‍ അതിനെ അര്‍ത്ഥശൂന്യമെന്നധിക്ഷേപിക്കാറുമുണ്ട്. എന്നാല്‍ ഒരു പെരുമാറ്റം ഗീതയുടേയോ ഉപനിഷത്തിന്റേയോ പുരാണത്തിന്റേയോ രാമായണത്തിന്റേയോ പിന്‍ബലമില്ലാതെ മുഴുവന്‍ ദേശത്തില്‍ എണ്ണമറ്റ നൂറ്റാണ്ടുകളായി തലമുറ തലമുറയായി അഭംഗുരം അനുവര്‍ത്തിക്കപ്പെട്ടു പോരുമ്പോള്‍ മനശ്ശാസ്ത്രം വെച്ചളന്ന് അതിനെ അര്‍ത്ഥശൂന്യമെന്ന് എങ്ങനെ പറയും? എനിക്ക് മനസ്സിലാകുന്നില്ലെന്ന് പറയാം, എന്നാല്‍ അതില്‍ സാരമില്ലെന്നെങ്ങനെ പറയും?
വാസ്തവത്തില്‍ ഏകാധികത്തിന്റെ ഈ പെരുമാറ്റം ശുഭാപ്തിവിശ്വാസം പ്രകടമാക്കുന്നു. ഭാരതത്തിലെ ദീര്‍ഘകാല ബിബിസി റിപ്പോര്‍ട്ടര്‍ മാര്‍ക് ടൂലി ”ഇന്ത്യയില്‍ ഫുള്‍സ്റ്റോപ്പില്ല” എന്നു പറയുന്നുണ്ട്. അതേ, ഇന്ത്യയില്‍ പൂര്‍ണ്ണവിരാമമില്ല. ഇവിടെ ഉള്ളത് അര്‍ദ്ധവിരാമമാണ്. സുനിശ്ചിതമായ മരണംപോലും ഇവിടെ അര്‍ദ്ധവിരാമമാണ്. അതു ദേഹാവസാനമാണെങ്കിലും ആത്മാവസാനമല്ല. ആ തത്ത്വം ഗീത പറയുന്നുണ്ടുതാനും. സാധാരണക്കാരന്‍ കാണുന്ന ദേഹാന്ത്യത്തെ ദേഹാന്തരപ്രാപ്തി എന്നാണ് ഗീത വിശേഷിപ്പിക്കുന്നത്. അപ്പോള്‍ സെമിറ്റിക് തത്ത്വജ്ഞാനത്തിലെ പൂര്‍ണ്ണവിരാമം ആര്‍ഷജ്ഞാനത്തില്‍ അര്‍ദ്ധവിരാമമാണ്. ദേഹാന്തരപ്രാപ്തിയില്‍ സാക്ഷാല്‍ ധീമാന്റെ ധീ കലങ്ങുന്നില്ല. ”തഥാ ദേഹാന്തരപ്രാപ്തിര്‍ ധീരസ്തത്ര ന മുഹ്യതി” (2-13) എന്ന് ഗീത.
ഈ ഉള്‍ക്കാഴ്ച അല്ലെങ്കില്‍ ദര്‍ശനം ഭാരതത്തില്‍ ആന്തരികവും ബാഹ്യവുമായ എല്ലാ തുറകളിലും പ്രതിബിംബിക്കുന്നതായി കാണാം. ശൂന്യമായ ഒന്നിനെ വിലയിരുത്തിക്കൊണ്ടു ഭാരതീയഋഷി കണ്ടുപിടിച്ചതാണ് പൂജ്യം. ഇംഗ്ലീഷുകാരുടെ സീറോ. ശൂന്യമായതിനെ സ്വീകരിക്കുക, അതിനു പൂജ്യം എന്ന് പേരിടുക, എന്തുമാത്രം ധിഷണാധൈര്യം വേണം! അത് നിങ്ങളുടേയും എന്റേയും പൂര്‍വ്വികന് ഉണ്ടായിരുന്നു. ആ പൂജ്യത്തില്‍ സൃഷ്ടിയുടെ വിരാമമുണ്ട്, സംരംഭവുമുണ്ട്.
സാമാന്യജീവിതത്തില്‍ പൂജ്യം ഒന്നിന്റെ അവസാനമാണ്. പൂജ്യം അംഗീകരിച്ചാല്‍ അവസാനം അംഗീകരിച്ച മട്ടായി. അവസാനത്തെ അംഗീകരിച്ചാല്‍ ജീവിതമവിടെ അവസാനിച്ചു. അതിനപ്പുറം ഇരുട്ടുതന്നെ ഇരുട്ട്. ശുഭാപ്തിവിശ്വാസിയായ ഭാരതീയന്‍ ഇതംഗീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. ഇക്കാര്യം സംഭാവനാദക്ഷിണാദിപ്രവൃത്തികളില്‍ നടപ്പാക്കാന്‍ അവന്‍ നിശ്ചയിച്ചു. ഒന്നും പൂജ്യത്തില്‍ അവസാനിക്കരുതെന്ന്. സംഭാവനയോ ദാനമോ കൊടുക്കുമ്പോള്‍ കൊടുക്കുന്നവന്‍ മേടിക്കുന്നവനേയും തന്നേയും കുറിച്ചു ചിന്തിച്ചു. നൂറ് രൂപ ആവശ്യപ്പെടുന്നയാള്‍ക്ക് ആ തുക കിട്ടിയാല്‍ തൃപ്തിയായി. എന്നാല്‍ അങ്ങനെ കൊടുത്തുകഴിഞ്ഞതുകൊണ്ട് ഞാന്‍ എന്തിന് തൃപ്തിപ്പെടണം, കൊടുക്കേണ്ട മനഃസ്ഥിതിക്ക് എന്തിന് സ്തംഭനാവസ്ഥ വരണം എന്നവിധം അയാള്‍ ചിന്തിച്ചു. ദാനസംഖ്യയിലെ പൂജ്യത്തെ അയാള്‍ അംഗീകരിക്കാന്‍ ഒരുക്കമില്ലായിരുന്നു. ഇനിയും അതുപോലെ ദാനം കൊടുക്കാനുള്ള തന്റെ കഴിവിന് ഊനം തട്ടാതെ അക്കത്തെ മുറുക്കിപ്പിടിക്കാനും അയാള്‍ ശ്രദ്ധിച്ചു. ദാനത്തിലെ നൂറ്റിയൊന്നിലെ നൂറ് ദാനം മേടിച്ചവനെ സംബന്ധിച്ചിടത്തോളം തൃപ്തികരം. എന്നാല്‍ അതിലെ പൂജ്യം അംഗീകരിച്ചാല്‍ ദാതാവിന്റെ ദൃഷ്ടിയില്‍ ദാനവൃത്തി അവസാനിച്ചു എന്നായി. ഇനിയും അത് തുടരുന്നു, തുടരും, തുടരുകതന്നെചെയ്യും എന്നയാള്‍ പ്രവൃത്തിയില്‍ക്കൂടി കാണിക്കേണ്ടിയിരുന്നു. അതിന്റെ പ്രതീകമാണ് അയാള്‍ കൊടുക്കുന്ന അതിരിക്തമായ ഒന്ന്. ദാനത്തിനുള്ള നൂറും നശിക്കാന്‍ പാടില്ലാത്ത ദാനശക്തിയുടെ ശൂന്യമല്ലാത്ത ഒന്നും കൂടിച്ചേര്‍ന്നപ്പോള്‍ തുക നൂറ്റിയൊന്നായി. ദാനം കൊടുത്തു കഴിഞ്ഞിട്ടും ദാതാവിനുള്ളിലെ ദാതൃശീലം ആ ഒന്ന് – ഏകാധികം – കാണിക്കുന്നു. അതുകൊണ്ടാണ് സാധാരണ കൊടുക്കുന്ന തുക പൂജ്യത്തില്‍ അവസാനിക്കാത്തത്. പൂജ്യത്തിലവസാനിക്കാത്ത തുകയാണ് കൊടുക്കപ്പെടുന്നതെങ്കില്‍, അവിടെ ഈ ഏകാധികം കടന്നുവരാറില്ല. ‘ഗ്രന്ഥാലയക്കെട്ടിടത്തിന്റെ ഓട് എന്റെ വക’ എന്നു പറഞ്ഞ ദാതാവ് ഓടിന്റെ ബില്ലുമേടിച്ച് 5998 രൂപ ഔദാര്യത്തോടെ കൊടുക്കുന്നു. എന്നാല്‍ ആ ഉദാരമതിയോട് ഏതാണ്ട് കണക്കുകൂട്ടി 6000 രൂപ കിട്ടിയേനേ. ഇവിടെയാണ് ഏകാധികത്തിന്റെ സാംസ്‌ക്കാരികപ്രഭാവം.
വേദകാലം മുതലിങ്ങോട്ടുള്ള നമ്മുടെ പൈതൃകമാണ് ദാനം ചെയ്യുകയെന്നത്. ”യജ്ഞദാനതപഃകര്‍മ ന ത്യാജം കാര്യമേവ തത്” (യജ്ഞം, ദാനം, തപസ്സ് ഇവ ചെയ്യേണ്ടതുതന്നെ, ഒരിക്കലും കൈവെടിയരുത്, പവിത്രകര്‍മ്മങ്ങളാണവ) എന്നാണ് കൃഷ്ണഭഗവാന്‍ ഗീതയില്‍ പതിനെട്ടാം അദ്ധ്യായത്തില്‍ അരുളിയിരിക്കുന്നത്. ആ പവിത്രകര്‍മ്മം – ദാനം – നശിക്കുന്ന ഒന്നല്ല, നശിക്കേണ്ട ഒന്നല്ല എന്ന് ദത്തസംഖ്യയിലെ ഒന്ന് വിളിച്ചു പറയുന്നു. ഭാരതത്തിലെ അറുപിശുക്കന്‍പോലും ഇക്കാര്യത്തില്‍ വീഴ്ചക്കാരനായിരിക്കില്ല.
ഭാരതീയജനത്തിന്റെ ഈ വ്യതിരിക്തതയുണ്ടോ ആധുനികബുദ്ധിജീവി മനസ്സിലാക്കുന്നു?
മതാതീതമായ ജീവിതക്രമം
പ്രകരണം 18 മുതല്‍ 25 വരെയുള്ള എട്ട് പ്രകരണങ്ങളില്‍ കളി മുതല്‍ കൊതിപ്പെട്ടുവരെയുള്ള പൊതുജനപ്രകൃതത്തെക്കുറിച്ചു പറഞ്ഞു. സൂക്ഷിച്ചു ശ്രദ്ധിക്കുക. അവയിലൊന്നിനുപോലും ഭാരതത്തിന്റെ വിശ്വവിഖ്യാതമായ മതവിശ്വാസവുമായി ബന്ധമില്ല. പാപകര്‍മ്മമോ പുണ്യകര്‍മ്മമോ ആയുള്ള പരിഗണനയില്ല. സര്‍വ്വസാധാരണമായ ജനവ്യവഹാരമാണ് അവിടെ പ്രതിപാദിക്കപ്പെട്ടത്. ആര്‍ക്കും ഖണ്ഡിക്കാന്‍ കഴിയാത്ത നേരിട്ടുള്ള അനുഭവങ്ങള്‍.
യഥാര്‍ത്ഥഭാരതത്തെ തിരിച്ചറിയാന്‍ സാമാന്യഭാരതത്തെ തിരിച്ചറിയണം. ഇവിടെ എനിക്ക് ഭഗിനി നിവേദിതയെ ഓര്‍മ്മവരുന്നു. അവര്‍ക്ക് ഇപ്പറഞ്ഞ ഗുണമുണ്ടായിരുന്നു. ഉദാഹരണത്തിന് അവരുടെ’Web of Indian LIfe’ ((ഭാരതീയജീവിതത്തിന്റെ ഊടുംപാവും) എന്ന ഗ്രന്ഥത്തില്‍ അവര്‍ ഭാരതത്തിലെ സ്ത്രീകളെക്കുറിച്ച് ഒരു ബുദ്ധിരാക്ഷസനും പറയാത്ത സത്യം വെളിപ്പെടുത്തുന്നു. അവരുടെ ഗുരുദേവന്‍ സ്വാമി വിവേകാനന്ദന്‍പോലും അത് പറഞ്ഞിരുന്നില്ല. അതായത് പറഞ്ഞ കാര്യം അവരുടെ സുസൂക്ഷ്മനിരീക്ഷണമായിരുന്നു. തീര്‍ത്തും മൗലികമായ കണ്ടെത്തലായിരുന്നു അത്. ഭാരതത്തിലെ കുടുംബങ്ങളിലെ ഒാരോ കുടുംബിനിക്കും സ്വന്തമായ വരുമാനമുണ്ട്. പറമ്പില്‍ ഉണ്ടാകുന്ന മാങ്ങ, വെണ്ടക്ക, വഴുതിനങ്ങ മുതലായ പച്ചക്കറികള്‍, പശുവിന്‍പാല്‍, കോഴിമുട്ട, അടക്ക മുതലായവ സമീപിക്കുന്ന കുടുംബക്കാര്‍ക്ക് വിറ്റുകിട്ടുന്ന പണം അവരുടെ സ്വന്തമാണ്. പുരുഷന്മാര്‍ അതില്‍ കൈകടത്താറില്ല. വല്ലപ്പോഴും ചിലപ്പോള്‍ അതില്‍നിന്ന് കടം മേടിച്ചേന്നുവരാം.” (ഇത് തനി ഉദ്ധരണമല്ല.) എത്ര ശരിയായ നിരീക്ഷണം.
ഞാനിതനുഭവിച്ചിട്ടുണ്ട്. സംഘശിബിരത്തില്‍ പോകാന്‍ ശിബിരവിഹിതം കൊടുക്കേണ്ടിയിരുന്നു, മൂന്ന് ദിവസത്തേയ്ക്ക് മൂന്ന് രൂപ. അച്ഛന്‍ വിഷമം പറഞ്ഞപ്പോള്‍, അമ്മയുടെ പിന്നാലെ കൂടി അമ്മയുടെ കയ്യില്‍നിന്നാണ് ശിബിരവിഹിതം ഞാന്‍ ഒപ്പിച്ചത്. നിവേദിത പഴയകാലത്ത് പറഞ്ഞ കഥ ഇന്നും ശരിയാണ്. മകള്‍ വലുതായി കല്യാണം വരുമ്പോള്‍ കല്യാണത്തിന് കൊടുക്കേണ്ട പണ്ടം ഓരോന്നായി ഒരുക്കിയ നാലഞ്ച് അമ്മമാരെ എനിക്കറിയാം. ഈ സത്യമാണ് വിദേശവനിതയായ ഭഗിനി നിവേദിത കണ്ടെത്തിയത്. താദാത്മ്യം ഓളം വെട്ടുന്ന ഈ കാഴ്ചപ്പാട് സ്ഥാനമോഹികളായ രാഷ്ട്രീയനേതാക്കന്മാര്‍ക്കില്ലെന്നതാണ് പരുക്കന്‍ പരമാര്‍ത്ഥം.
ഇതുപോലെയാണ് അവര്‍ മറ്റൊരു പരമാര്‍ത്ഥം പറഞ്ഞത്. ഗുരുദേവന്റെ കൂടെ ഹിമാലയപ്രാന്തങ്ങളിലെ തീര്‍ത്ഥസ്ഥലങ്ങളെല്ലാം കണ്ടതിനുശേഷം അവര്‍ പറഞ്ഞു. ”അമേരിക്കയിലെ നയാഗ്രാ വെള്ളച്ചാട്ടം ഭാരതത്തിലായിരുന്നെങ്കില്‍ അതിന്റെ സാന്നിദ്ധ്യപ്പെരുമ മറ്റൊന്നാകുമായിരുന്നു.” പ്രകൃതിസൗന്ദര്യം വിളയുന്നേടത്ത് ഭാരതം ദിവ്യത്വം കാണുന്നു എന്ന ചിരന്തനസത്യമാണ് അവര്‍ ദര്‍ശിച്ചത്. ആ ദര്‍ശനമാകട്ടെ ചര്‍മ്മചക്ഷുസുകള്‍കൊണ്ട് സുന്ദരസ്ഥലങ്ങള്‍ കണ്ട അനുഭവങ്ങള്‍ക്കപ്പുറമുള്ളതായിരുന്നു; കണ്ട സൗന്ദര്യത്തിനപ്പുറം കടന്ന് ആ സൗന്ദര്യത്തെ സൃഷ്ടിച്ച ദിവ്യത്വത്തില്‍ മഗ്നമാകുന്നതായിരുന്നു. തീര്‍ത്ഥദര്‍ശനത്തില്‍ മതിമറക്കുന്ന ജനത്തിന്റെ ഉള്ളം കാണുന്നതായിരുന്നു.
ഏതൊരു ഭൂപ്രദേശത്തേയും രാഷ്ട്രമാക്കിത്തീര്‍ക്കുന്ന ജനം ഇമ്മാതിരിയുള്ളതാണ്. ഓരോ ജനതയ്ക്കും അതിന്റേതായ തന്മയും തനിമയുമുണ്ട്. ഭൂമിശാസ്ത്രം, കാലാവസ്ഥ, അയല്‍ക്കാരുടെ പെരുമാറ്റം, പാരമ്പര്യം, ജീവിതരീതി ഇവയെല്ലാം ആ കരുപ്പിടിപ്പിക്കലില്‍ പങ്കുചേരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഭാരതത്തിലെ ജനവും ഇംഗ്ലണ്ടിലെ ജനവും ഹോളണ്ടിലെ ജനവും ചൈനയിലെ ജനവും തമ്മില്‍ ഭേദമുണ്ട്. നമ്മുടെ ദേശത്തെ സംബന്ധിച്ച് ഈ സത്യം വിളിച്ചുപറയുന്ന വരികളാണ് ”ശിലാജാഡ്യം പിളര്‍ന്നെത്തും ഇന്ത്യയെന്ന വികാരമേ, അന്തക്കരണ പുഷ്പത്താല്‍ നിന്നെ അര്‍ച്ചന ചെയ്‌വു ഞാന്‍” (വിഷ്ണു നാരായണന്‍ നമ്പൂതിരി) എന്നത്.
(തുടരും)