പ്രബുദ്ധ കേരളമെന്നും നവോത്ഥാന കേരളമെന്നും മതേതരത്വ സംസ്ഥാനമെന്നും നാഴികക്ക് നാല്പതുവട്ടം പറയുമെങ്കിലും കേരളം മതവിവേചനത്തിന്റെ ഉസ്താദാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനവും ജനസംഖ്യയില്‍ 27 ശതമാനം മാത്രം വരുന്ന മുസ്ലിം വിഭാഗത്തിനു നല്‍കിയ നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരെ പ്രീണിപ്പിക്കാനാണെന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. ഈ വിധിക്കെതിരെ സുപ്രീം കോടതിയില്‍ നിന്നു സ്റ്റേ ലഭിക്കാഞ്ഞത് സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയായി. ന്യൂനപക്ഷമെന്നാല്‍ മുസ്ലിമെന്നും പിന്നാക്കാവസ്ഥ അവര്‍ക്കു മാത്രമെന്നും കരുതുന്ന ഒരു സര്‍ക്കാരിന് മതേതരത്വമെന്ന് അവകാശപ്പെടാനുള്ള അര്‍ഹതയുണ്ടോ? സ്‌കോളര്‍ഷിപ്പുകളുടെ കാര്യത്തില്‍ മാത്രമല്ല മറ്റു പല ആനുകൂല്യങ്ങളുടെയും കാര്യത്തിലും കേരളത്തില്‍ കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നത്. പട്ടികജാതി-വര്‍ഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ കാലാകാലങ്ങളായി കടുത്ത അവഗണന നേരിടുമ്പോഴും മുസ്ലിം വിഭാഗത്തിന് ഒ.ബി.സിയുടെയും ന്യൂനപക്ഷങ്ങളുടെയും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ എന്തു സാമൂഹ്യനീതിയാണുള്ളത്?
ന്യൂനപക്ഷ പ്രീണനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും തമ്മില്‍ ഒരു വ്യത്യാസവും ഇതുവരെ ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല ഇക്കാര്യത്തില്‍ പലപ്പോഴും അവര്‍ മത്സരിക്കുക യാണ് ചെയ്തിട്ടുള്ളത്. കേന്ദ്രത്തില്‍ കോണ്‍ ഗ്രസ് ഭരിക്കുന്ന സമയത്താണ് രാഷ്ട്രത്തിന്റെ സമ്പത്തിന്റെ ആദ്യ അവകാശി മുസ്ലിം ജന വിഭാഗമാണെന്ന പ്രസ്താവന അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗില്‍ നിന്ന് ഉണ്ടായത്. അതിന്റെ ചുവടുപിടിച്ചാണ് മുസ്ലിം പ്രീണനമെന്ന ലക്ഷ്യത്തോടെ തികഞ്ഞ മുസ്ലിം പക്ഷപാതിയായ ജസ്റ്റിസ് സച്ചാറിന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ മുസ്ലിങ്ങളുടെ മാത്രം പിന്നാക്കാവസ്ഥയെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ചത്. മുസ്ലിം വനിതകള്‍ മുത്തലാഖ് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടായിരുന്നെങ്കിലും പത്തോളം അംഗങ്ങളുള്ള സമിതിയില്‍ ഒരു മുസ്ലിം വനിതയെ പോലും ഉള്‍പ്പെടുത്തിയില്ല എന്നതില്‍ നിന്ന് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് വ്യക്തമാണല്ലോ. പിന്നാക്കാവസ്ഥയുടെ കാര്യത്തില്‍ പ്രാദേശികമായുള്ള ഏറ്റക്കുറച്ചിലുകള്‍ സമിതി പരിഗണിച്ചില്ല. സച്ചാര്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ചു പഠിക്കാന്‍ ഇടതു സര്‍ക്കാര്‍ നിയോഗിച്ച പാലൊളി കമ്മിറ്റിയും പക്ഷപാതപരമായ സമീപനമാണ് കൈക്കൊണ്ടത്. ന്യൂനപക്ഷ ക്ഷേമത്തിനുള്ള സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനവും മുസ്ലിങ്ങള്‍ക്കു നല്‍കിയ ഇടതു സര്‍ക്കാരിന്റെ നടപടിയാണ് ഭരണഘടനാ വിരുദ്ധമായതിനാല്‍ കേരള ഹൈക്കോടതി റദ്ദാക്കിയത്.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച സുപ്രീം കോടതി നാലാഴ്ചക്കകം മറുപടി നല്‍കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു നോട്ടീസ് അയച്ചിരിക്കുകയാണ്. സ്‌കോളര്‍ഷിപ്പ് ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാ അനുപാതം പരിഗണിച്ചു നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് ചില മുസ്ലിം സംഘടനകളും സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചത്. 80:20 അനുപാതം 13 വര്‍ഷമായി നിലനില്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും സ്റ്റേയ്ക്കായി നിര്‍ബ്ബന്ധം പിടിച്ചാല്‍ ഹരജി തള്ളുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനത്തെ മുസ്ലിം സംഘടനകള്‍ ഒന്നടങ്കം രംഗത്തുവന്നപ്പോള്‍ മുസ്ലിം സ്‌കോളര്‍ഷിപ്പിന്റെ എണ്ണത്തിലോ തുകയിലോ ഒരു കുറവും വരില്ലെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന 20% സ്‌കോളര്‍ ഷിപ്പ് നല്‍കാന്‍ പൊതുഖജനാവില്‍ നിന്ന് അധികം തുക അനുവദിക്കുകയാണ് ചെയ്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹത. അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പ് 6000 രൂപയും മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് 15,000 രൂപയും ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് 10,000 രൂപയും സി.എച്ച്. മുഹമ്മദ് കോയ സ്‌കോളര്‍ ഷിപ്പ് 5000 മുതല്‍ 13000 വരെയുമാണ് വിവിധ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിക്കുന്നത്. ബിപിഎല്‍ വിഭാഗത്തിനാണ് മുന്‍ഗണന നല്‍കുന്നതെങ്കിലും അവരുടെ അഭാവത്തില്‍ ന്യൂനപക്ഷ വിഭാഗത്തിലെ 8 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള നോണ്‍ ക്രീമിലെയര്‍ വിഭാഗത്തെയും പരിഗണിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തില്‍ ഉദാര മനഃസ്ഥിതിയോടെ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന പട്ടികജാതി, വര്‍ഗ്ഗവിഭാഗങ്ങളുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. വര്‍ഷങ്ങളോളം 125 രൂപ മാത്രമാണ് അവര്‍ക്ക് ലംപ്‌സം ഗ്രാന്റായി നല്‍കിയിരുന്നത്. ഹിന്ദു ഐക്യവേദിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇതില്‍ നാമമാത്രമായ വര്‍ദ്ധനവ് വരുത്തിയിട്ടുള്ളത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു നല്‍കുന്ന പരിഗണന പട്ടിക വിഭാഗങ്ങള്‍ക്കു നല്‍കിയിട്ടില്ല എന്നറിയാന്‍ സ്‌കോളര്‍ഷിപ്പു തുകയിലെ അന്തരം നോക്കിയാല്‍ മതി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ സ്‌കോളര്‍ഷിപ്പ് നല്‍കു മ്പോള്‍ പട്ടിക വിഭാഗങ്ങളില്‍ പെട്ട എല്‍പി വിദ്യാര്‍ത്ഥികള്‍ക്ക് 320 രൂപയും യുപി വിദ്യാര്‍ ത്ഥികള്‍ക്ക് 630 രൂപയും ഹൈസ്‌കൂള്‍ വിദ്യാര്‍ ത്ഥികള്‍ക്ക് 910 രൂപയും മാത്രമാണ് നല്‍കിവരുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 7000 രൂപയുടെ സ്‌കോളര്‍ഷിപ്പും 13,000 രൂപ ഹോസ്റ്റല്‍ ഫീസും അനുവദിക്കുമ്പോള്‍ പട്ടിക വിഭാഗത്തില്‍ പെട്ട അപൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ എം.ബി.ബി.എസ്സിന് പ്രവേശനം നേടിയാല്‍ പോലും 3125 രൂപയാണ് സ്റ്റൈപ്പന്റായി നല്‍കുന്നത്. സ്‌കോളര്‍ഷിപ്പിന്റെയും മറ്റാനുകൂല്യങ്ങളുടെയും കാര്യത്തില്‍ കടുത്ത വിവേചനമാണ് പട്ടികജാതി, പട്ടിക വര്‍ഗ്ഗങ്ങള്‍ നേരിടുന്നത്. വിവിധ വകുപ്പുകളില്‍ പട്ടികജാതി – വര്‍ഗ വിഭാഗങ്ങള്‍ക്കു വേണ്ടി സംവരണം ചെയ്തിട്ടുള്ള നിരവധി ഒഴിവുകളില്‍ നിയമനം നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എല്ലാ മതവിഭാഗങ്ങളിലും പെട്ട പിന്നാക്കക്കാരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും അവര്‍ക്ക് സമാനമായ രീതിയില്‍ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുകയും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ ഇപ്പോള്‍ നിലനില്‍ക്കുന്ന മതവിവേചനം അവസാനിപ്പിക്കാന്‍ കഴിയുകയുള്ളൂ.