കുളിരില്‍ കുണുങ്ങി നില്‍ക്കാനല്ലയീ-
നേരം; നഷ്ടതീരങ്ങള്‍ തിരിച്ചെടുക്കാന്‍
മഴയായി, ഉരുളിന്റെ വന്യമാം താളമായ്
ഒരു രൗദ്രരൂപിയായ് ഒഴുകിടേണം.
പൊങ്ങിപ്പുളച്ചു പതഞ്ഞു പാഞ്ഞെത്തി-
യീ കല്ലിന്റെ കോട്ടകള്‍ തല്ലിത്തകര്‍ക്കണം
മലവെള്ളമൊഴുകേണ്ട വഴിയില്‍ നാട്ടുന്നവ
കട പുഴകേണ്ടവ തന്നെയല്ലോ?
അഷ്ടിയ്ക്കായ് നട്ടൊരുക്കീടാന്‍ കനിഞ്ഞു
സമൃദ്ധമാം വൃഷ്ടിയായ് വാര്‍ന്നിടുമ്പോള്‍
മണ്ണോടു ചേര്‍ക്കാതെ, തളയ്ക്കും അണകളില്‍
തുപ്പിനിറച്ചു തലപ്പോളമേറ്റണം.
താങ്ങാനരുതായ്ക തള്ളിത്തുറക്കുന്ന
താഴിന്റെ താഴേക്ക് തെന്നിത്തെറിച്ചു പോയ്
കയ്യേറിയോരെന്‍ കരകളിലേക്കങ്ങു
തുള്ളിയലച്ചെത്തി അട്ടഹസിക്കണം.
ചെളിയില്‍ കലങ്ങി ചെമന്നു നിറഞ്ഞ്
പല വഴി നീളും ബഹുല കരങ്ങളില്‍
പൊട്ടിയ ചില്ലയുടെ അസ്ഥിമാലയും ചാര്‍ത്തി
ഝടിതിയിലാടിത്തിമിര്‍ക്കണം താണ്ഡവം.
ഭീതി,യാശങ്ക പ്രളയമൊഴിയാത്ത
കാലത്തില്‍ കണ്ണു തുറന്നു വയ്ക്കൂ
കുത്തിയൊഴുകി ഞാനെത്തുമ്പോള്‍
താഴുന്ന പത്തിയേയുള്ളൂ നിനക്കറിയൂ
ഇനിയെങ്കിലും തെല്ലടങ്ങുവിന്‍ ദുര-
മൂത്ത ചിരിയുമായ്, എന്നടുത്തെത്തിടേണ്ട
പെണ്ണായ്, പെരിയാറായ് പ്രകൃതിയാം ഞാന്‍
തന്ന പുണ്യത്തെ പുണ്ണാക്കി മാറ്റിയോരേ
എന്റെ സഹനത്തെത്തുളച്ചു നീയെന്നില്‍ നി-
ന്നേറ്റെടുത്തതിനൊക്കെ നിത്യശ്രാദ്ധം.