ലോകത്തെല്ലായിടത്തും ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്; ശ്രീലങ്കയിലും. 2011ലെ സെന്‍സസില്‍ 12.6% മാത്രമാണിവിടെ ഹിന്ദുക്കള്‍. അതില്‍തന്നെ വലിയൊരു വിഭാഗം ക്രിസ്ത്യന്‍, മുസ്ലീം മതവിശ്വാസികളാണ്. പുറമെ ഹിന്ദുക്കളായിരിക്കുമ്പോഴും അവര്‍ രഹസ്യമായി മറ്റുമതങ്ങളുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. ആ മതവിശ്വാസത്തെ ഒട്ടൊക്കെ പരസ്യമായിത്തന്നെ പിന്‍തുടരുന്നു. ക്രിസ്ത്യന്‍-മുസ്ലീം-ബുദ്ധമതവിശ്വാസങ്ങളെപ്പോലെ സംഘടിത സ്വഭാവമില്ലാത്തതിനാല്‍ ഹിന്ദുക്കള്‍ മതപരിവര്‍ത്തനത്തിനു വിധേയമാകാന്‍ എളുപ്പമാണ്.
ലോകത്ത് ഒട്ടുമിക്കരാജ്യങ്ങളിലും ഹിന്ദുമതവിശ്വാസികളുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് ഒരു ആഗോള പ്ലാറ്റ്‌ഫോം ഇല്ലാത്തതിനാല്‍ അവരുടെ പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ ഉന്നയിക്കപ്പെടാറില്ല. നമ്മുടെ തൊട്ടടുത്ത രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും വര്‍ഷങ്ങളായി ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെട്ടിട്ടും ഇന്ത്യയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അഭയാര്‍ത്ഥികളായി അവരെത്തുമ്പോള്‍ പൗരത്വം കൊടുക്കാന്‍ പോലും ഇവിടത്തെ മതേതര നിയമങ്ങള്‍ മൂലം സാധ്യമാകുന്നില്ല.
ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം ഇപ്പോള്‍ കെട്ടടങ്ങിയിരിക്കുകയാണ്. ഇപ്പോഴാണ് മാതൃഭൂമിക്ക് (ഒക്‌ടോബര്‍ 3) അതിനെക്കുറിച്ച് ലേഖനമെഴുതാന്‍ തോന്നുന്നത്. ”ചത്തകൊച്ചിന്റെ ജാതകം എഴുതിയിട്ടു” കാര്യമില്ല. എങ്കിലും ഇനിയുള്ള കാലത്തേയ്ക്ക് അതൊരു പാഠമായിരിക്കും.
ശ്രീലങ്കന്‍ പ്രശ്‌നം ഒരു ഹിന്ദു- ബൗദ്ധപ്രശ്‌നമായിരുന്നില്ല. സിംഹള-തമിഴ് പ്രശ്‌നമായിരുന്നു. തമിഴരില്‍ നല്ലൊരു പങ്ക് ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളുമുണ്ട്. തമിഴ് വംശീയപ്രശ്‌നങ്ങളില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമിച്ചു നിന്നാണ് പോരടിച്ചത്. മുസ്ലീങ്ങള്‍ തമിഴരായിരുന്നെങ്കിലും തമിഴ് പ്രശ്‌നത്തില്‍ ഒപ്പം നിന്നില്ല. സിംഹള മുസ്ലീങ്ങളും തമിഴ് മുസ്ലീങ്ങളും ഒരുമിച്ചു ചേര്‍ന്ന് മൂന്നാമതൊരു വിഭാഗമായി മാറി നില്‍ക്കുകയായിരുന്നു.
തമിഴരുടെ വിദ്യാഭ്യാസമേഖലയിലെ മുന്നേറ്റത്തില്‍ സിംഹളര്‍ക്കുണ്ടായ അസൂയയാണ് കലാപങ്ങള്‍ക്കു വഴി മരുന്നിട്ടത്. ധാരാളം മനുഷ്യജീവനുകള്‍ പൊലിഞ്ഞ കലാപങ്ങള്‍ ഒടുവില്‍ ഒന്നും നേടാതെ തകര്‍ന്നു. കലാപങ്ങള്‍ക്കു പകരം സമാധനപരമായ സമരമാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ തമിഴര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട നില കൈവരിക്കാനാകുമായിരുന്നു. ഇന്ത്യയുടെ ഇടപെടലുകളും പ്രഭാകരന്റെ ഭ്രാന്തന്‍ നിലപാടുകളും തമിഴരുടെ ദുരിതം ഇരട്ടിപ്പിച്ചു.
ഒരു വിദേശരാജ്യത്തിന്റെ പിന്‍തുണയില്ലാതെ തമിഴ് ലിബറേഷന്‍ ആര്‍മിയെ നേരിടാന്‍ ശ്രീലങ്കന്‍ പട്ടാളത്തിനു കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യയുടെ പേരു പറഞ്ഞ് ചൈനയുടെയും പാകിസ്ഥാന്റെയും പിന്‍തുണ അവര്‍ നേടിയെടുത്തു. രക്തരൂക്ഷിതമായ ഒരുപരിഹാരത്തിലേയ്ക്കു കാര്യങ്ങള്‍ നീക്കിയത് പ്രഭാകരന്റെ അക്രമാഭിമുഖ്യവും അധികാരമോഹവുമായിരുന്നു. നോര്‍വെയുടെ സമാധാന ശ്രമങ്ങള്‍ക്കു പുലികള്‍ വഴങ്ങിയിരുന്നെങ്കില്‍ ശ്രീലങ്കയ്ക്കുള്ളില്‍ തമിഴ് നിയന്ത്രണത്തിലുള്ള ഒരു ഒട്ടോണമസ് സ്റ്റേറ്റ് രൂപീകൃതമാകുമായിരുന്നു. എന്നാല്‍ അങ്ങനെയുണ്ടാകുന്ന സ്റ്റേറ്റില്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പു നടന്നാല്‍ തമിഴര്‍ അവരുടെ നേതാവായി തിരഞ്ഞെടുക്കുക പ്രഭാകരനെയാകില്ല എന്ന് ആ വിപ്ലവനേതാവിന് അറിയാമായിരുന്നു. ആ തിരിച്ചറിവില്‍ നിന്നാണ് പ്രഭാകരന്‍ സമാധാനശ്രമങ്ങള്‍ക്കു മുഖം തിരിഞ്ഞു നിന്നത്.
സിംഹളരെ പ്രഭാകരന് തീരെ വിശ്വാസമില്ല എന്നതും അയാളുടെ തീരുമാനങ്ങള്‍ക്ക് ഒരു കാരണമായി. അക്രമമാര്‍ഗത്തിലൂടെയുള്ള പ്രശ്‌നപരിഹാരം വലിയൊരളവുവരെ അസാധ്യമാണെന്നുള്ളതിന്റെ സൂചനയാണ് ശ്രീലങ്കന്‍ പ്രശ്‌നം കാണിക്കുന്നത്. തമിഴര്‍ മറ്റേതെങ്കിലും മതവിഭാഗത്തില്‍പെട്ടവരായിരുന്നെങ്കില്‍ കുറച്ചുകൂടി പിന്‍തുണ ആഗോളതലത്തില്‍ അവര്‍ക്കു ലഭിക്കുമായിരുന്നു. ഹിന്ദുക്കളായതിനാല്‍ യു.എസിന്റെ കാര്യമായ പിന്‍തുണ ലഭിച്ചില്ല. സഹായിക്കാന്‍ ആകെയുണ്ടായിരുന്ന ഒരേയൊരു ശക്തിയായ ഇന്ത്യയുടെ നിലപാടുകള്‍ ബുദ്ധിശൂന്യമായിപ്പോയി. പീസ് കീപ്പിങ്ങ് ഫോഴ്‌സ് എന്ന പേരില്‍ ഒരു പട്ടാളത്തെ ഇറക്കി തമിഴരോടു യുദ്ധം ചെയ്ത ഇന്ത്യയുടെ വിഡ്ഢിത്തം ഒരിക്കലും തിരുത്താനാകാത്ത വമ്പന്‍ തെറ്റുതന്നെ. കുറച്ചുകൂടി ബുദ്ധിപരവും ആത്മാര്‍ത്ഥവുമായ നിലപാടുള്ള ഒരു ഭരണകൂടം ഇന്ത്യയിലുണ്ടായിരുന്നെങ്കില്‍ പൂ പറിക്കും പോലെ ശാന്തമായി ശ്രീലങ്കന്‍ വംശീയ പ്രശ്‌നം പരിഹരിക്കാനാകുമായിരുന്നു.
ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു ലോക പ്ലാറ്റ്‌ഫോം ഹിന്ദുക്കള്‍ക്കില്ല എന്നതാണ് അവരുടെ ഗതികേടിനു കാരണം. ഇന്ത്യ കേന്ദ്രമാക്കിക്കൊണ്ട് ഹിന്ദുക്കള്‍ക്ക് ഒരു ഗ്ലോബല്‍ ഐക്യം രൂപപ്പെടുത്തിയെടുക്കാവുന്നതേയുള്ളൂ. തമിഴരെ നേരിടാനായി ചൈനക്കടിമപ്പെട്ട ശ്രീലങ്ക ഇപ്പോള്‍ വലിയ വിലയാണ് കൊടുക്കേണ്ടി വന്നിരിക്കുന്നത്. വൈകാതെ ചൈനയുടെ കോളനിയായി ശ്രീലങ്ക മാറുമോ എന്നുതന്നെ സംശയം. ഇത് ഇന്ത്യയ്ക്ക് നല്ലൊരവസരമാണ്. ആ രാജ്യവുമായി അതിപൗരാണികകാലത്തുണ്ടായിരുന്ന ഐക്യം പുനഃസ്ഥാപിക്കാന്‍ നല്ലൊരവസരം കൈവന്നിരിക്കുന്നു. ഇന്ത്യ അതു പ്രയോജനപ്പെടുത്തുമെന്നു നമുക്കു പ്രത്യാശിക്കാം. ശ്രീലങ്ക സത്യത്തില്‍ ഇന്ത്യയുടെ ഭാഗം തന്നെയാണ്. അവിടത്തെ ഹിന്ദുക്കള്‍ സിംഹളര്‍ പ്രചരിപ്പിക്കും പോലെ തമിഴ്‌നാട്ടില്‍ നിന്നും ചെന്നു ചേര്‍ന്നവരല്ല. പ്രാചീന ശ്രീലങ്കന്‍ ജനത ഹിന്ദുക്കളായിരുന്നു. അശോകന്റെ ഭരണകാലത്ത് ബുദ്ധമതമാണ് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്തത്. അത് ശ്രീലങ്കക്കാര്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ ആ രാജ്യം ഇന്ത്യയുടെ ഭാഗം തന്നെയാണെന്ന ചരിത്രയാഥാര്‍ത്ഥ്യം അവര്‍ ഉള്‍ക്കൊള്ളും.
* * * * *
മാതൃഭൂമി ഇപ്പോള്‍ കൂടുതല്‍ കവിതകള്‍ ഉള്‍പ്പെടുത്തുന്നു എന്നത് ഒരു കവിയായ എന്നെ ആനന്ദിപ്പിക്കുന്നു. ഒക്‌ടോബര്‍ 3ന്റെ ലക്കത്തില്‍ ഏഴു കവിതകളാണുള്ളത്. ചീഫ് സബ് എഡിറ്ററായി കവിത പോലെ നോവലും ചെറുകഥയും എഴുതുന്ന സുഭാഷ് ചന്ദ്രന്‍ ഉള്ളതുകൊണ്ടാണോ ഇങ്ങനെ കവിതകള്‍ ഉള്‍പ്പെടുത്തുന്നത്? പിന്നില്‍ ആരായാലും സന്തോഷം തന്നെ. എല്ലാ കവിതകളെക്കുറിച്ചും എഴുതാന്‍ ഈ പംക്തിയില്‍ ഇടം കിട്ടില്ല. ചിലതിനെക്കുറിച്ചേ സൂചിപ്പിക്കാന്‍ കഴിയൂ.
മാധവന്‍ പുറച്ചേരിയുടെ കവിത ‘ഗൃഹബുദ്ധ’ നില്‍ നിന്നു തന്നെ തുടങ്ങാം. ബുദ്ധന്‍ നമുക്ക് അഹിംസയുടെ പ്രതീകമാണ്. ഉത്തരേന്ത്യയില്‍ വിഷ്ണുവിന്റെ അവതാരവുമാണ്. അഹിംസാവാദികളാണെങ്കിലും അന്യമതങ്ങള്‍ക്കെതിരെ ആയുധമെടുക്കുന്നതില്‍ ബുദ്ധമതക്കാര്‍ ഒട്ടും പിറകിലല്ല. മുകളില്‍ ചര്‍ച്ച ചെയ്ത ശ്രീലങ്കന്‍ പ്രശ്‌നത്തിലും മ്യാന്‍മാറിലും കംപൂച്ചിയയിലുമൊക്കെ അഹിംസാവാദികളുടെ സായുധമുഖങ്ങള്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ നമ്മള്‍ പാവം ഭാരതീയര്‍ക്കു ബുദ്ധന്‍ ഇന്നും മനുഷ്യസ്‌നേഹത്തിന്റെ മഹാപ്രവാചകനാണ്. കേരളത്തില്‍ ബുദ്ധനെ ഒരു വലിയ കാവ്യബിംബമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നത് കാല്പനികഘട്ടത്തില്‍ ആശാനും ആധുനിക കാലത്ത് സച്ചിദാനന്ദനുമാണ്. ഇന്നും പല കവികളും അതിനെ ആവര്‍ത്തിക്കുന്നു; മാധവന്‍ പുറച്ചേരിയും.
ഇക്കവിതയില്‍ ബുദ്ധന്‍ അടുക്കളയാണ്. അതായത് അതിനുള്ളില്‍ കുടുങ്ങിപ്പോയിരിക്കുന്ന സ്ത്രീയാണ്. നമ്മള്‍ കേരളീയര്‍ (ഭാരതീയര്‍ മൊത്തത്തിലും) ഏതെങ്കിലും ഒരു ആശയത്തില്‍ കുടുങ്ങിപ്പോയാല്‍ അതില്‍ നിന്നു വിമോചിക്കപ്പെടാന്‍ നൂറ്റാണ്ടുകളെടുക്കുന്നു. സ്ത്രീകളുടെ ദുരിതം ഒരു കാവ്യവിഷയമായിട്ടു ഏതാണ്ടൊരു അര്‍ദ്ധശതകമാകുന്നു. ഇന്നും അതിനു പത്തരമാറ്റാണ്. സ്ത്രീകളുടെ ദുരവസ്ഥയെക്കുറിച്ചെഴുതിയാല്‍ പറയത്തക്ക കാവ്യഗുണമൊന്നുമില്ലെങ്കിലും നമ്മുടെ പ്രസിദ്ധീകരണങ്ങള്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കും.
സ്ത്രീകള്‍ക്ക് ഇപ്പോഴും ദുരിതമുണ്ട്. എന്നാല്‍ പഴയ സ്ത്രീകളെ അപേക്ഷിച്ച് ഇന്നത്തെ പെണ്‍കുട്ടികള്‍ വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. ഇനിയും അതു മെച്ചപ്പെടേണ്ടതുണ്ട്. ചില വിഭാഗങ്ങളില്‍ സ്ത്രീകള്‍ ഇന്നും മുഖപടങ്ങള്‍ക്കുള്ളിലാണ്. അതു മാറേണ്ടതാണ്. അതിനുവേണ്ടത് അവര്‍ക്കു കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുക എന്നതാണ്. തൊഴില്‍ മേഖലയില്‍ ഇന്നുള്ള ജാതി മത സംവരണങ്ങള്‍ അതതു സമുദായങ്ങളിലെ സ്ത്രീകള്‍ക്കു നല്‍കിയാല്‍ സ്ത്രീകളുടെ സ്ഥിതിയും അതുവഴി ആ സമുദായങ്ങളുടെ സ്ഥിതിയും അത്ഭുതകരമായി ഉയരും. പ്രത്യേകിച്ചും മുസ്ലീം സംവരണം ആ സമുദായത്തിലെ സ്ത്രീകള്‍ക്കു നല്‍കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ നല്‍കിയാല്‍ ആ സമുദായത്തില്‍ വലിയ വളര്‍ച്ചയുണ്ടാകും. അമ്മമാരിലാണ് പരിവര്‍ത്തനം വേണ്ടത്. ഇങ്ങനെയൊന്നും ചിന്തിക്കാന്‍ കവിയ്ക്കും കവിതയ്ക്കുമാകില്ലല്ലോ. കവിത ഒന്നിനും പരിഹാരം നിര്‍ദ്ദേശിക്കാനുള്ള വേദിയല്ല. അത് സൗന്ദര്യം ഉത്പാദിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഗൃഹബുദ്ധനും അത്തരത്തിലുള്ള ഒരു ശ്രമം മാത്രം.
ആദിത്യശങ്കറിന്റെ കവിതയ്ക്കു നീണ്ട തലക്കെട്ടാണ്; ”നിങ്ങളുടെ ഇന്ത്യന്‍ കോഫീ ഹൗസിനുള്ളില്‍ എന്റെയും ഒരു കോഫീഹൗസുണ്ട്” എന്റെ എന്നതിനോട് ഉം ചേരുമ്പോള്‍ ‘എന്റെയും എന്നു മതി’ എന്റേയും എന്നു വേണ്ട. കവിതയുടെ തലക്കെട്ടില്‍ എന്റേയും എന്നാണ് ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ കോഫീ ഹൗസുകള്‍ ഒരു കാലത്ത് നമ്മുടെ നാട്ടിലെ അലസ ബുദ്ധിജീവി നാട്യക്കാരുടെ താവളങ്ങളായിരുന്നു. അവിടെയിരുന്ന് ചര്‍ച്ച ചെയ്തു ചെയ്താണ് അവര്‍ ഒരുപാട് അസംബന്ധങ്ങള്‍ നെയ്‌തെടുത്തത്. കമ്മ്യൂണിസവും നക്‌സലിസവുമെല്ലാം അങ്ങനെ കൂടിയവരുടെ അലസവിനോദങ്ങളായിരുന്നു. ധാരാളം യുവാക്കളുടെ ജീവിതം തകര്‍ത്തു എന്നല്ലാതെ അതൊന്നും കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല.
കോഫീ ഹൗസ് കള്‍ച്ചര്‍ 18-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചതാണ്. അലക്‌സാണ്ടര്‍ പോപ്പിന്റെ (Alexander Pope) Rape of the Lock- ഒരു കോഫീ ഹൗസ് ഗോസിപ്പ് ആണെന്നു കേട്ടിട്ടുണ്ട്. 1650ല്‍ ഇംഗ്ലണ്ടില്‍ ആദ്യ കോഫീഹൗസ് തുറന്നപ്പോള്‍ മുതല്‍ എഴുത്തുകാരും ബുദ്ധിജീവികളും അവിടെ സമ്മേളിക്കാന്‍ തുടങ്ങിയിരുന്നു. എന്തിനും ഏതിനും പടിഞ്ഞാറിനെ അനുകരിക്കുന്ന നമ്മള്‍ ഇംഗ്ലണ്ട് കോഫീ ഹൗസിനെ അനുകരിക്കാന്‍ തുടങ്ങിയത് രണ്ട് നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് നമ്മുടെ ബുദ്ധിജീവികള്‍ കോഫീഹൗസുകളെ അനുകരിച്ചു തുടങ്ങിയത്. എന്നാല്‍ ഇന്നതിന് ഒരു പ്രസക്തിയുമില്ല. അത്തരം കോഫീഹൗസുകളുടെ പ്രസക്തി ഏതാണ്ട് പൂര്‍ണ്ണമായും അസ്തമിച്ചു കഴിഞ്ഞു. പഴമയില്‍ ജീവിക്കുന്ന കവി ആ കോഫീ ഹൗസുകളുടെ അസ്ഥികൂടത്തെ തന്റെ കവിതയിലൂടെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുന്നു. ഈ അസ്ഥികൂടം പഴയ തലമുറയുടെ സ്മരണയെ ചിലപ്പോള്‍ ഉണര്‍ത്തിയേക്കാം.