അപ്രതീക്ഷിതമെന്ന് തീര്‍ത്തും പറയാനാകില്ലെങ്കിലും കാലം തെറ്റിപ്പെയ്യുന്ന പെരുമഴകള്‍ കേരളത്തിന്റെ മണ്ണില്‍ ദുരന്ത കഥകള്‍ എഴുതി കടന്നു പോകുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത പെരുമഴ കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ നിരവധി പേരുടെ ജീവനും ജീവിതവും സര്‍വ്വസമ്പാദ്യങ്ങളും അപഹരിച്ചുകൊണ്ടാണ് കടന്നു പോയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ കൃത്യമായി ന്യൂനമര്‍ദ്ദങ്ങളുടെ സാന്നിദ്ധ്യം പ്രവചിച്ചിരുന്നു എങ്കിലും മിന്നല്‍ മഴയും പ്രകൃതിദുരന്തവും ഇത്രയേറെ ജീവനപഹരിക്കും വിധം ഭീകരമാകുമെന്ന് കരുതിയില്ലെന്ന് തോന്നുന്നു. വര്‍ദ്ധിച്ചു വരുന്ന ആഗോളതാപനവും അനന്തരഫലമായുണ്ടായിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ഭൂഗോളം മുഴുവന്‍ വ്യാപിച്ച് വന്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഹരിത ഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ വ്യാപനം ഭൂമിയിലെ കാലാവസ്ഥാ സംവിധാനത്തെ അടിമുടി മാറ്റിമറിച്ചിരിക്കുന്നു എന്ന കാലാവസ്ഥാ ശാസ്ത്രജ്ഞന്മാരുടെ നിഗമനത്തെ മുഖവിലയ്‌ക്കെടുത്തു കൊണ്ടു വേണം കേരളത്തിലെ പ്രകൃതിദുരന്തങ്ങളെയും വിലയിരുത്താന്‍. എന്നാല്‍ വന്‍തോതിലുള്ള വനനശീകരണവും മല ഇടിയ്ക്കലും പുഴ നികത്തലും എല്ലാം കേരളത്തിന്റെ കാലാവസ്ഥയേയും ആവാസവ്യവസ്ഥയേയും ബാധിച്ചിരിക്കുന്നു എന്ന സത്യത്തെ ഇനിയെങ്കിലും മലയാളി അംഗീകരിച്ചേ മതിയാകൂ. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ചരിഞ്ഞു കിടക്കുന്ന ഭൂഘടന കേരളത്തിന്റെ സവിശേഷതയാണ്. കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിനും പടിഞ്ഞാറന്‍ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന അറബിക്കടലിനുമുള്ള പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ ശുദ്ധജലത്തിന്റെ മഹാ സംഭരണിയായി വര്‍ത്തിക്കുന്ന പശ്ചിമഘട്ടത്തിലെ ശിലാ കുംഭ ഗോപുരങ്ങള്‍ ഡൈനാമിറ്റുകള്‍ കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കുന്ന പ്രക്രിയ അവസാനിപ്പിച്ചേ മതിയാകു എന്ന് വിലാപസ്വരത്തില്‍ വിളിച്ചു പറഞ്ഞ മാധവ ഗാഡ്ഗിലിനെ കല്ലെറിയാന്‍ അരമന വാഴുന്ന പിതാക്കന്മാരും രാഷ്ടീയ നേതാക്കളും മത്സരിക്കുന്ന കാഴ്ച നാം കണ്ടതാണ്. കാടു കയ്യേറിയവന് പട്ടയം നല്‍കുന്ന മഹാമേളകള്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ബാങ്കുകള്‍ സൃഷ്ടിക്കുന്നതില്‍ വിജയിച്ചെങ്കിലും മലയാളിയുടെ മരണപത്രമായിരുന്നു പട്ടയമേളകളിലൂടെ വിതരണം ചെയ്തതെന്ന് നാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.
കേരളം തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ക്കും പ്രളയപ്പെരുമഴയ്ക്കും സാക്ഷ്യം വഹിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. കേരളത്തിലെ മലയോര ജില്ലകള്‍ മാത്രമല്ല ആലപ്പുഴ പോലുള്ള തീരദേശ ജില്ലകളും ഈ പ്രകൃതിദുരന്തങ്ങളുടെ ദുരിതം പേറേണ്ടി വന്നു കൊണ്ടിരിക്കുന്നു. മലയോര മേഖലയിലെ ഉരുള്‍പൊട്ടലും പ്രളയവും കുട്ടനാടിനെ എങ്ങിനെ ബാധിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം കണ്ടതാണ്. 2018ല്‍ ഉണ്ടായ മഹാമാരിയും മണ്ണിടിച്ചിലും ഒറ്റപ്പെട്ട സംഭവമായി നാം വിസ്മരിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും 2019ലെ കവളപ്പാറ ദുരന്തവും പുത്തുമല ദുരന്തവും കടന്നു വന്നു കഴിഞ്ഞിരുന്നു. 2020ല്‍ ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ എല്ലാവരുടേയും മൃതദേഹങ്ങള്‍ പോലും ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല. ഇത്തരം സംഭവങ്ങളുടെ നടുക്കങ്ങള്‍ വിട്ടുമാറും മുന്നെയാണ് കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയത്തിനടുത്തുള്ള കൂട്ടിക്കലിലും ഇതിനോട് ചേര്‍ന്നു കിടക്കുന്ന ഇടുക്കി ജില്ലയിലെ കൊക്കയാറിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉരുള്‍പൊട്ടി നിരവധി പേര്‍ മരണ പ്രളയത്തില്‍ മണ്‍മറഞ്ഞു പോയത്. പ്ലാപ്പള്ളി എന്ന പ്രദേശത്തു മാത്രം രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന മഴയ്ക്കിടെ ഇരുപതില്‍പരം ഉരുളുകള്‍ പൊട്ടിയത്രെ. മേഘവിസ്‌ഫോടനം മൂലം അളവറ്റ ജലം ഒരു പ്രദേശത്ത് ഒന്നായി പതിച്ച് അത് പുഴ പോലെ ഒഴുകി പരക്കുന്ന പ്രതിഭാസമാണ് ഇവിടെ നടന്നിരിക്കുന്നതെന്നു വേണം അനുമാനിക്കാന്‍. അനിയന്ത്രിതമായി പെയ്യുന്ന മഴവെള്ളം ഭൂമി ക്കടിയിലുള്ള പാറ ഇടുക്കുകളില്‍ കെട്ടിനിന്ന് ഒടുക്കം പൊട്ടി ഒഴുകുന്നതിനേയും ഉരുള്‍പൊട്ടല്‍ എന്ന് പറയാറുണ്ട്. രണ്ടായാലും ജലപ്രവാഹത്തെ പ്രതിരോധിക്കുന്നതില്‍ മരങ്ങള്‍ക്കും പാറക്കെട്ടുകള്‍ക്കുമുള്ള പങ്ക് വളരെ വലുതാണ്. പശ്ചിമഘട്ടത്തില്‍ നടക്കുന്ന പാറ ഘനനം ഭൂമിയുടെ ഉറപ്പിനെ നശിപ്പിക്കുന്നു എന്ന് മാധവ ഗാഡ്ഗില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. 2013 ല്‍ അദ്ദേഹം നല്‍കിയ അപകട സൂചനയെ മുഖവിലയ്‌ക്കെടുക്കുന്നതിനു പകരം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിയ്ക്കാന്‍ രാഷ്ട്രീയ, മതമേലദ്ധ്യക്ഷന്‍മാര്‍ നടത്തിയ തെരുക്കൂത്തുകള്‍ മലയാളി മറന്നിട്ടുണ്ടാവില്ല. അതിനൊക്കെ കൊടുക്കേണ്ടി വരുന്ന വില നിരപരാധികളുടെ ജീവനാണ് എന്നുവരുന്നിടത്താണ് പ്രശ്‌നങ്ങളുടെ മര്‍മ്മം. ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൂട്ടിക്കല്‍, ഏന്തയാര്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നും വിളിപ്പാടകലെയാണ് വാഗമണ്‍ മലനിരകള്‍. ഈ പ്രദേശങ്ങളത്രയും സംഘടിത മത രാഷ്ട്രീയശക്തികള്‍ ചേര്‍ന്ന് കൈയേറി നടത്തുന്ന പ്രകൃതി വിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഇരകളാണ് ഉരുള്‍പൊട്ടലില്‍ മരിച്ച പാവങ്ങള്‍. ഇടുക്കി ജില്ലയുടെ പ്രവേശന കവാടമെന്ന് വിശേഷിപ്പിക്കാവുന്ന പീരുമേടു മുഴുവന്‍ ചില സ്വകാര്യ മത സംഘടനകള്‍ക്ക് പാട്ടത്തിനെന്ന പേരില്‍ അധികൃതര്‍ നല്‍കിയിട്ട് വര്‍ഷങ്ങളായി. അവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളത്രയും പരിസ്ഥിതി സന്തുലനത്തെ തകിടം മറിയ്ക്കുന്നവയാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലമടക്കം ഈ പ്രദേശങ്ങളെല്ലാം മാധവ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായി അടയാളപ്പെടുത്തപ്പെട്ട മേഖലകളാണ്.
കാലാവസ്ഥാ വ്യതിയാനം എന്നത് ലോകം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമായി ഇന്നെല്ലാവരും സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. വര്‍ദ്ധിച്ചു വരുന്ന അന്തരീക്ഷ താപം ഭൂമിയിലെ ജലരാശിയെ നീരാവിയാക്കി അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയും അത് മേഘമായി നമുക്കു മേല്‍ മറ്റൊരു കടലായി നിറയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഇതിനിടയില്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആവര്‍ത്തിച്ച് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമെല്ലാം ചേര്‍ന്ന് അതീവ ഗുരുതരമായ പ്രകൃതിദുരന്തമേഖലയാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ പരിസ്ഥിതി പരിപാലനത്തില്‍ ശ്രദ്ധിക്കുന്നതു പോലെ തന്നെ കാര്യക്ഷമതയുള്ള ഒരു ദുരന്തനിവാരണ നയവും പദ്ധതിയും കൂടി അടിയന്തിരമായി രൂപപ്പെടുത്തേണ്ടതുണ്ട്. അധികൃതരുടെ ശ്രദ്ധ ഇനിയെങ്കിലും ഇത്തരം കാര്യങ്ങളില്‍ പതിഞ്ഞാല്‍ ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാനെങ്കിലും കഴിഞ്ഞേക്കാം.