രാഷ്ട്രീയ സ്വയംസേവക സംഘം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല എന്നതുമുതല്‍ ബ്രിട്ടീഷ് പക്ഷം പിടിച്ചു എന്നതുവരെ നിരവധി ആരോപണങ്ങള്‍ സംഘത്തിനെതിരെ പലരും ഉയര്‍ത്തിയിട്ടുണ്ട്, ഇന്നും അത് തുടര്‍ന്നു പോരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് രണ്ടുതവണ ജയില്‍വാസം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി സ്ഥാപകനായിട്ടും സംഘബന്ധമുള്ള ആദ്യപ്രധാനമന്ത്രി സ്വാതന്ത്ര്യ സമരസേനാനിയായിട്ടും ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍ ഇന്നും നടക്കുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാരെ സാമ്പത്തികമായി തളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ഉയര്‍ന്നുവന്ന സമരമാര്‍ഗമായിരുന്നു, വിദേശ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണവും സ്വദേശീ ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനവും. 1850 മുതല്‍ വിവിധ ഘട്ടങ്ങളില്‍ ഇത്തരമൊരു സമരമാര്‍ഗ്ഗം ബ്രിട്ടീഷുകാര്‍ക്കെതിരെ ഭാരതീയര്‍ ഉപയോഗിച്ചിട്ടുണ്ട്. 1918 മുതല്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഇന്ത്യന്‍ ജനത മറ്റ് സമരമുറകള്‍ക്കൊപ്പം സ്വദേശി പ്രസ്ഥാനത്തെയും സ്വീകരിച്ചിരുന്നു.
1934 ഫെബ്രുവരി മാസത്തിന്റെ ആദ്യപകുതിയിലെ റിപ്പോര്‍ട്ടില്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ആരംഭിച്ച വിദേശ ഉല്‍പ്പന്നങ്ങളുടെ ബഹിഷ്‌കരണത്തിലും സ്വദേശി പ്രസ്ഥാനത്തിലും ആര്‍.എസ്.എസ് പങ്കെടുത്തു എന്ന് വ്യക്തമാക്കുന്നു.
‘3. സ്വദേശി പ്രസ്ഥാനം – മുകളില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹിന്ദു സാമുദായിക പ്രസ്ഥാനമായ രാഷ്ട്രീയ സ്വയംസേവക സംഘം ഖാദിയുടെ വില്‍പ്പന കൂട്ടാന്‍ ശ്രമിക്കുകയും വിദേശ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.’ (NAI Reference:- Home-Political-NA-1934_NA_F-18-2)
സംഘടനാപ്രവര്‍ത്തന രീതികള്‍
1934 ജനുവരി രണ്ടാം പകുതിയിലെ റിപ്പോര്‍ട്ടില്‍ സംഘത്തിന്റെ ക്യാമ്പിനെക്കുറിച്ച് വിവരിച്ചിരിക്കുന്നു. ഹിന്ദുക്കളില്‍ പട്ടാളച്ചിട്ട വളര്‍ത്താന്‍ സംഘടന ശ്രമിക്കുന്നു എന്ന് അതില്‍ പ്രതിപാദിച്ചിരിക്കുന്നു. ‘ഇന്‍ഡോര്‍ – സെന്‍ട്രല്‍ പ്രിവിശ്യാ പോലീസിന് ക്രിസ്തുമസ് ആഴ്ചയില്‍ നാഗ്പൂരില്‍ വച്ചുനടന്ന വാര്‍ഷിക ക്യാമ്പില്‍ റാവു ബഹാദൂറും, എം.വി. കൈബും ഭാര്യയും പങ്കെടുക്കുകയും ഇന്‍ഡോറില്‍ സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാമെന്ന വാഗ്ദാനം ലഭിക്കുകയും ചെയ്തതായ വിവരം ലഭിച്ചിട്ടുണ്ട്. ഹിന്ദുക്കളില്‍ പട്ടാളച്ചിട്ടയുടെ ആവേശം ഉണ്ടാക്കുന്ന ഹിന്ദു സംഘടനയാണ് സംഘം. ഇക്കാര്യം ഇന്റലിജന്‍സ് ബ്യൂറോയുടെ 1932 ലെ രഹസ്യ അന്വേഷണ വിഷയമായിരുന്നു.’ ( NAI Reference:- Home_Political_NA_1934_NA_F-18-V)
1934 നവംബര്‍ ആദ്യപകുതിയിലെ റിപ്പോര്‍ട്ടില്‍ സെന്‍ട്രല്‍ പ്രവിശ്യയിലെ അസംബ്ലി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടായ കല്ലേറില്‍നിന്ന് ഡോക്ടര്‍ മുംഝെയെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ രക്ഷിച്ചതായി പറയുന്നുണ്ട്.
സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്നും സര്‍ക്കാര്‍ ജീവനക്കാരെ വിലക്കുന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ സര്‍ക്കുലറിനെ സംബന്ധിച്ച് കൗണ്‍സിലില്‍ സര്‍ക്കാര്‍ ശക്തമായി ആക്രമിക്കപ്പെട്ടു. തെളിവുകള്‍ വിരുദ്ധമായി ഉണ്ടായിട്ടും സംഘം ഒരു സാമുദായിക സംഘടനയല്ല എന്ന് സ്ഥാപിക്കപ്പെട്ടു. (NAI Reference:- Home_ Political _NA_1934_NA_F-18-3)
അതേസമയം 1934 ജനുവരി രണ്ടാം പകുതിയിലെ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ 1932-ല്‍ ചില പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് വ്യക്തമാക്കുന്നു. പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ചാല്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലന പദ്ധതി ആരംഭിച്ചതിനെക്കുറിച്ചാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത് എന്ന് മനസ്സിലാക്കാം. ആ റിപ്പോര്‍ട്ടിലെ പരാര്‍ശങ്ങള്‍ ഇപ്രകാരമാണ്.
”ഡോക്ടര്‍ മുംഝെയുടെയും ഭായി പരമാനന്ദിന്റെയും മഹാരാഷ്ട്രയിലെ ജില്ലകളിലേക്കുള്ള യാത്രയ്ക്കുശേഷം, ഹിന്ദുക്കള്‍ക്ക് പട്ടാള പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ 1932-ല്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ആരംഭിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. അവര്‍ യാത്രചെയ്ത ജില്ലകളിലെ പ്രവര്‍ത്തകരെ കായിക പരിശീലനം നല്‍കാനായി തിരഞ്ഞെടുത്തു.” രാഷ്ട്രീയ സ്വയംസേവക സംഘം തുടങ്ങിയത് 1932ലാണ് എന്ന ഗുരുതരമായ ഒരു പിശകും മുകളിലെ റിപ്പോര്‍ട്ടില്‍ കാണാന്‍ സാധിക്കും.
സംഘത്തിന്റെ യോഗങ്ങള്‍ ഇന്റലിജന്‍സ് വിഭാഗങ്ങളുടെ നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് 1935 ജനുവരി മാസത്തിലെ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകും. യവത്മാല്‍ ജില്ലയിലെ വുന്‍ എന്ന സ്ഥലത്തുവെച്ച് നടന്ന യോഗത്തില്‍ മുസ്ലിങ്ങളും അല്ലാതെയുള്ളവരും, ഹിന്ദുക്കള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും നടത്തുന്ന അധിക്ഷേപങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് നേതാക്കള്‍ പ്രസംഗിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.
1935 മെയ് മാസത്തിലെ റിപ്പോര്‍ട്ടില്‍ ആര്‍.എസ്.എസ്സില്‍ ആരംഭിച്ച പരിശീലന പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നു.
”ഏപ്രില്‍(1932) അവസാനം ലാത്തി, വാള്‍, കുന്തം എന്നിവയുടെ പരിശീലനവും എയര്‍ ഗണ്ണിന്റെ പരിശീലനവും ഓഫീസേഴ്‌സ് ട്രെയിനിംഗ് ക്ലാസ് എന്ന രൂപത്തില്‍ പൂനെയില്‍വെച്ച് ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ആരംഭിച്ചു. മെയ് 30-ന് കായിക പരിശീലനത്തിന്റെയും ആയുധ പരിശീലനത്തിന്റെയും പ്രദര്‍ശനത്തോടെ അവസാനിച്ച പരിപാടിയില്‍ ഏകദേശം 50 ആളുകള്‍ പങ്കെടുത്തു. സമാപനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍നിന്ന് ഈ സംഘടന ബ്രിട്ടീഷ് വിരുദ്ധം എന്നതിനേക്കാള്‍ മുസ്ലിം വിരുദ്ധ സംഘടനയായി വിലയിരുത്താം. പുതിയ ശാഖകള്‍ തുറക്കാനായുള്ള ശ്രമങ്ങള്‍ ഉണ്ടെങ്കിലും സംഘടനയ്ക്ക് ഫണ്ടിന്റെ അപര്യാപ്തതയുണ്ട്.” (NAI Reference:- Home_Political_NA_1935_NA_F-18-5)
ഇതോടൊപ്പം റിപ്പോര്‍ട്ടില്‍, ഡോക്ടര്‍ മുംഝെ നാസിക്കില്‍ മിലിട്ടറി ഹൈസ്‌കൂള്‍ പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നതും കൊടുത്തിരിക്കുന്നു. 1935 ജൂണിലെ റിപ്പോര്‍ട്ടില്‍ സംഘത്തിന്റെ പരിശീലന പദ്ധതിയില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം വര്‍ദ്ധിച്ചിരിക്കുന്നു എന്നുകാണാം.
”രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നാഗ്പൂരിലെ വേനല്‍ക്കാല ക്ലാസുകള്‍ക്കുശേഷം സാധാരണയായുള്ള പരിപാടിയില്‍ 1000 പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതുകൊണ്ടും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടും മാത്രമാണ് സംഘത്തിന് വര്‍ഗ്ഗീയതയുടെ പ്രതിച്ഛായ നല്‍കുന്നത് എന്ന വസ്തുതയ്ക്ക് പ്രാസംഗികര്‍ ഊന്നല്‍ നല്‍കി.”
(NAI Reference: Home_ Political_NA_1935_NA_F-18-6)
സംഘടനയുടെ വളര്‍ച്ച
സംഘം ബോംബെ പട്ടണത്തില്‍ ശാഖ തുടങ്ങുന്നത് 1935-ന്റെ പകുതിക്കുശേഷമാണ്. അതായത്, 1925-ല്‍ ആരംഭിച്ച സംഘടന 10 വര്‍ഷം കഴിഞ്ഞിട്ടും മറാത്തയുടെ തന്നെ പല പ്രദേശങ്ങളിലും എത്തിച്ചേര്‍ന്നിരുന്നില്ല. വ്യക്തി നിര്‍മ്മാണത്തിലൂടെയുള്ള ഹിന്ദു ഐക്യം എന്ന തനതായ ആശയത്തോടെയും വിദേശ സഹായങ്ങള്‍ ഒന്നുമില്ലാതെയും സ്വാതന്ത്ര്യപ്രക്ഷോഭത്തിനായുള്ള രാഷ്ട്രീയമുന്നേറ്റം അല്ലാതെയും ആരംഭിച്ച സംഘടനയുടെ വളര്‍ച്ച സ്വാഭാവികമായും സാവധാനത്തിലായിരുന്നു. സംഭാവനകള്‍ സ്വീകരിക്കുകയോ പിരിക്കുകയോ ചെയ്യാതെ പ്രവര്‍ത്തകര്‍ ഗുരുദക്ഷിണയായി സമര്‍പ്പിക്കുന്ന പണം മാത്രം സംഘടനാപ്രവര്‍ത്തിനായി ഉപയോഗിച്ചിരുന്നതും സംഘടനയുടെ പതിയെയുള്ള വളര്‍ച്ചയ്ക്ക് കാരണമാണ്. എന്നാല്‍ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി സംഘം പോലൊരു സംഘടന ആവശ്യമാണെന്ന് സെന്‍ട്രല്‍ പ്രവിശ്യ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ഹിന്ദുക്കള്‍ക്കെതിരെയുള്ള വിവേചനങ്ങളെയും അതിക്രമങ്ങളെയും അടിച്ചമര്‍ത്തലുകളേയും ചെറുക്കാന്‍ ഫലപ്രദമായ ഒരു രാഷ്ട്രീയേതര സംഘടന അന്ന് ഉണ്ടായിരുന്നില്ലതാനും.
ആയിടയ്ക്ക് കറാച്ചിയില്‍ ഹിന്ദുക്കള്‍ക്കുനേരെ മുസ്ലീങ്ങള്‍ നടത്തിയ കൊലപാതകം പൂനെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ചര്‍ച്ചാ വിഷയമായെന്നും ഹിന്ദുക്കളുടെ സംരക്ഷണത്തിനായി സംഘം പോലൊരു സംഘടനയുടെ ആവശ്യകതയുണ്ടെന്ന് ചരിത്രകാരനും സാഹിത്യകാരനും നിരീക്ഷകനുമായിരുന്ന എന്‍.സി.കേള്‍ക്കര്‍ ഒരു പരിപാടിയില്‍ പ്രസംഗിച്ചുവെന്ന് 1935 ഒക്ടോബര്‍ മാസത്തിന്റെ രണ്ടാം പകുതിയിലെ റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നു. കൂടാതെ കൊലപാതകികള്‍ക്ക് മുസ്ലിങ്ങള്‍ വീരപരിവേഷം നല്‍കിയത് സിന്ധിലേയും ഹൈദരാബാദിലെയും ഹിന്ദുക്കളെ പ്രകോപിതരാക്കിയെന്നും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഹൈ ദരാബാദിലെ ആര്യസമാജക്കാര്‍ 50,000 രൂപ പിരിച്ച് ഇരയായവര്‍ക്ക് നല്‍കി യെന്നും വിവരിക്കുന്നു.
(NAI Reference: Home_Political_NA_ 1935_NA_F-18-10_35)
സംഘടനാ ലക്ഷ്യങ്ങളും നയങ്ങളും
സംഘടനയുടെ വളര്‍ച്ചയ്ക്കായി തുടക്കകാലത്ത് വ്യക്തിബന്ധങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നൊരു നിലപാട് ഡോക്ടര്‍ജി സ്വീകരിച്ചിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. അനാവശ്യമായ ആരോപണങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കിയെങ്കിലും ഹിന്ദുമഹാസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് സംഘടന വളര്‍ത്താനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്. സംഘത്തിന്റെ ബോംബെ സിറ്റിയുടെ ചുമതല ദാദാ നായക് എന്ന വ്യക്തിക്കായിരുന്നു. അദ്ദേഹം സര്‍ക്കാരിന്റെ ഭാഗമായി നോമിനേറ്റ് ചെയ്യപ്പെട്ട ഹിന്ദുമഹാസഭയുമായി, ബന്ധമുണ്ടായിരുന്ന എം.ജയകര്‍ എന്ന വ്യക്തിക്ക് അയച്ചിരുന്നു. ആ കത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഡോ. ഹെഡ്‌ഗേവാറും ദാദാ നായിക്കും ജയകറും തമ്മില്‍ സംസാരിച്ചതിനെത്തുടര്‍ന്നായിരുന്നു അത്തരമൊരു കത്ത് അയച്ചത്.
1937-ലെ ആ കത്തില്‍ രണ്ടര വര്‍ഷം മുമ്പ് ബോംബെയിലെ ഗിര്‍ഗാവ് എന്ന പ്രദേശത്തുള്ള ഒരു സ്‌കൂള്‍ മൈതാനത്താണ് നാല് വിദ്യാര്‍ത്ഥികളുമായി ആദ്യ ശാഖ ആരംഭിച്ചത് എന്ന് വ്യക്തമാക്കുന്നു. ഇപ്പോള്‍ സംഘടനയ്ക്ക് 12 ശാഖകള്‍ ഉള്ളതായും ദിവസേനയുള്ള ശാഖകളിലെ പങ്കാളിത്തം 350 ആയെന്നും അതില്‍ പറയുന്നു. കൂടുതല്‍ ശാഖകള്‍ ആരംഭിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും എന്നാല്‍ സ്ഥലപരിമിതി ഒരു പ്രശ്‌നമാണെന്നും ദാദാ നായക് വിവരിക്കുന്നു. 14 വയസ്സുവരെയുള്ളവരും അതിന് മുതിര്‍ന്നവരും എന്ന രീതിയില്‍ രണ്ടായി പ്രവര്‍ത്തകരെ വിഭജിച്ചിരിക്കുന്നു എന്നും സംഘടനയുടെ പ്രതിജ്ഞ ചൊല്ലുന്നതിലൂടെ ഏത് ഹിന്ദുക്കള്‍ക്കും സ്വയംസേവകന്‍ ആകാമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതോടൊപ്പം സംഘടനയുടെ ലക്ഷ്യവും നിലപാടും പ്രവര്‍ത്തന രീതിയും അദ്ദേഹം വ്യക്തമാക്കുന്നു.
ലക്ഷ്യം: ഹിന്ദു വ്യവസ്ഥയെ സംരക്ഷിക്കാനും ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാനും വെളിയില്‍നിന്നുള്ള ആക്രമണങ്ങളെ സ്വയം ചെറുക്കാന്‍ പ്രാപ്തമാക്കുക. ഹിന്ദുവ്യവസ്ഥയേയും സംസ്‌കാരത്തെയും എല്ലായിടത്തും പ്രചരിപ്പിക്കാനുള്ള ശ്രമവും സംഘം നടത്തും.
നയങ്ങള്‍: രാഷ്ട്രീയത്തില്‍ പങ്കെടുക്കാതിരിക്കുകയും ഹിന്ദു സമൂഹത്തിന്റെ ഉന്നതിയും സംഘടിത പ്രവര്‍ത്തികളും ഹിന്ദുക്കളുടെ ഭൂമിക്കായി പരിമിതപ്പെടുത്തുകയും ചെയ്യും.
ഹിന്ദുക്കളുടെ മനസ്സിനും ശരീരത്തിനും പരിശീലനം നല്‍കാനുള്ള പദ്ധതിയാണ് സംഘം ഏറ്റെടുത്തിരിക്കുന്നത്. ഹിന്ദുക്കളുടെ വിശുദ്ധ സ്ഥലങ്ങളുടെയും വീടുകളുടെയും ഹിന്ദു സ്ത്രീകളുടെയും അഭിമാനവും സംരക്ഷണവും ഉറപ്പുവരുത്തുന്ന രീതിയിലുള്ള സ്വയം പര്യാപ്തത ശാരീരിക പരിശീലനത്തിലൂടെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. അതോടൊപ്പം ഹിന്ദു എന്ന സ്വാഭിമാനം വളര്‍ത്തുന്ന മാനസിക പരിശീലനവും നല്‍കുന്നു. തങ്ങളുടെ പഴയ പ്രതാപ ചരിത്രത്തിലും സംസ്‌കാരത്തിലും അഭിമാനിക്കാനും വിശ്വഗുരുവായി ഹിന്ദു വ്യവസ്ഥയെ പുനഃസ്ഥാപിക്കാനുമുള്ള ലക്ഷ്യം സാക്ഷാത്കരിക്കാനും സംഘം പഠിപ്പിക്കുന്നു(NAI Reference- Roll_00011_File_ No_65_part_II).
ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സ്ഥാപിച്ച സംഘടനയുടെ സ്വഭാവവും ലക്ഷ്യവും അദ്ദേഹത്തിന്റെ അറിവോടുകൂടി വളരെ അടുത്ത സംഘടനാ ചുമതലക്കാരന്‍ സംഘടനയുടെ ലെറ്റര്‍ ഹെഡ്ഡോടുകൂടി രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഈ കത്തിന്റെ ഏറ്റവും വലിയ സവിശേഷത. സംഘടനയുടെ ലക്ഷ്യത്തിനും പ്രവര്‍ത്തനരീതിക്കും കാലാന്തരത്തില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് ഈ കത്തിലൂടെ പരിശോധിക്കാവുന്നതാണ്. ഇതിലെല്ലാം ഹിന്ദു എന്നതിനെ മതം എന്ന രീതിയില്‍ അല്ല സംസ്‌കാരത്തിന്റെ പേരായാണ് അവതരിപ്പിച്ചതെന്നും ഭാരതത്തെ വിശ്വഗുരു ആക്കുകയാണ് ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനലക്ഷ്യമായി ഉയര്‍ത്തികാട്ടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അധിനിവേശ മതങ്ങളെപ്പോലെ വര്‍ഗീയ ലക്ഷ്യങ്ങള്‍ ഇതിലെവിടെയും ചൂണ്ടികാണിക്കാനുമാകുന്നില്ല. ഇതെല്ലാം പരിഗണിച്ചാല്‍ 100 വര്‍ഷത്തോട് അടുക്കുന്ന സംഘടനയ്ക്ക് അതിന്റെ തുടക്കക്കാലത്തു നിന്നും ആശയപരമായോ പ്രവര്‍ത്തന പദ്ധതിയിലോ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് കാണാനാകില്ല.
ഇതോടൊപ്പം സംഘത്തിന്റെ ചരിത്രത്തെക്കുറിച്ചും ദാദാ നായിക് വിവരിക്കുന്നുണ്ട്. സംഘടന 10 വര്‍ഷംമുമ്പ് ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ആശയത്തില്‍നിന്നും ഉടലെടുത്തതായി വിവരിക്കുന്നു. അദ്ദേഹത്തിന് ഡോക്ടര്‍ മുംഝെയെപ്പോലുള്ള ആളുകള്‍ പ്രേരണയും പ്രോത്സാഹനവുമായി എന്നും പറയുന്നു. ഇത് മുംഝെ സംഘത്തിന് ആരായിരുന്നു, എന്തായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ്. അതിനപ്പുറം മുംഝെയ്ക്ക് സംഘത്തിന്റെ നിയന്ത്രണം ഉണ്ടായിരുന്നു എന്നതും മുംഝെയാണ് സംഘടന സ്ഥാപിച്ചത് എന്നുമുള്ള ചില ആരോപണങ്ങള്‍ക്കും ഇത് തടയിടുന്നു.
നാഗ്പൂരിലും ഹൈദരാബാദിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുമായി കഴിഞ്ഞ പത്തുവര്‍ഷം പ്രവര്‍ത്തനം ഒതുങ്ങിയിരുന്നെന്നും ഇപ്പോള്‍ മുപ്പത്തിനായിരത്തിനടുത്ത് പ്രവര്‍ത്തകര്‍ ഉണ്ടെന്നും ഇതേ കത്തില്‍ വെളിപ്പെടുത്തുന്നു. സംഘത്തോട് പ്രതിപത്തിയുണ്ടായിരുന്ന ചില വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്നതോടൊപ്പം ബോംബെയ്ക്ക് പുറമെ പൂനെ, സതാറ, സംഗ്ലി, നാസിക്, ചിപ്ലുന്‍, ബുസാവള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ശാഖകള്‍ ഉണ്ടെന്നും പറയുന്നു. അഞ്ച് വയസ്സുള്ള ഏത് ഹിന്ദുവിനെയും സംഘടന ഉള്‍ക്കൊള്ളുന്നുവെന്നും എല്ലാ ഹിന്ദുക്കളെയും സംഘടിപ്പിക്കാനായി അവബോധം കൊടുക്കാന്‍ സംഘടന പരിശ്രമിക്കുന്നു എന്നും അവകാശപ്പെട്ടിരിക്കുന്നു.
ഹിന്ദുമഹാസഭയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ സംഘമോ ഡോക്ടര്‍ ഹെഡ്‌ഗേവാറോ ഇടപെട്ടിട്ടില്ല എങ്കിലും ഹിന്ദുമഹാസഭ സംഘത്തിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്കുവേണ്ടി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയെ ഹിന്ദുമഹാസഭ 1937-38 ലെ 19-ാം പാര്‍ട്ടി സമ്മേളനത്തിലെ പ്രമേയത്തിലൂടെ അഭിനന്ദിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്.
‘ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെയും അച്ചടക്കത്തെയും ഹിന്ദുമഹാസഭ അഭിനന്ദിക്കുകയും ഹിന്ദുരാഷ്ട്രത്തിന്റെ പ്രതിരോധത്തിനായി ഈ സംഘടനയെ സഹായിക്കാനും പ്രചരിപ്പിക്കാനും ഹിന്ദുമഹാസഭ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നു.
(NAI Reference: Roll_00011_File_ No_65_part_II)
ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് വിനായക ദാമോദര്‍ സവര്‍ക്കര്‍ ഒപ്പിട്ട പ്രസ്തുത പ്രമേയത്തില്‍, നാസിക്കില്‍ സ്ഥാപിച്ച ഹിന്ദു മിലിട്ടറി സ്‌കൂളിന്റെ പേരില്‍ ഡോക്ടര്‍ മുംഝെയെ അനുമോദിക്കുന്നതിന് പുറമെ ഡോക്ടര്‍ ഹെഡ്‌ഗേവാറിനെയും അനുമോദിക്കുന്നു.
‘രാഷ്ട്രീയ സ്വയംസേവക സംഘമെന്ന പ്രസിദ്ധ സംഘടനയ്ക്കു പിന്നില്‍ അക്ഷീണം പ്രയത്‌നിച്ചതിന്റെ പേരില്‍ ഡോക്ടര്‍ ഹെഡ്‌ഗേവാറിനെയും കമ്മിറ്റി അഭിനന്ദിക്കുന്നു. ഒപ്പം ഹിന്ദു യുവാക്കളെയും മറ്റുള്ളവരെയും പോലുള്ള ധാരാളം ആളുകള്‍ ഈ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനവും ചെയ്യുന്നു.’
(NAI Reference:- Roll_00011_File_No_65_part_II)
1937ല്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തിയശേഷം യൂണിഫോം നിരോധിക്കാനുള്ള ആലോചനകള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ചു. അതിനോട് അനുബന്ധിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ സംഘം ആരംഭിച്ചത് 1918-ല്‍ ആണെന്നതുപോലുള്ള അബദ്ധങ്ങള്‍ ധാരാളം നിറച്ചിരിക്കുന്നത് കാണാം.
‘രാഷ്ട്രീയ സ്വയംസേവക സംഘം (ദേശീയ വാളണ്ടിയര്‍ സേന):- 1918-ല്‍ നാഗ്പൂരില്‍ ആരംഭിച്ച ഒരു ഹിന്ദു രാഷ്ട്രീയ-സാമുദായിക സംഘടനയാണ് ഇത്. 1927-ല്‍ സെന്‍ട്രല്‍ പ്രവിശ്യയിലെ നാല് മറാത്തി ജില്ലകളില്‍ ഹിന്ദുക്കളെ വര്‍ഗീയ കലാപങ്ങളില്‍ പ്രതിരോധിക്കാനായി ഡോക്ടര്‍ മുംഝെ പുനഃസംഘടിപ്പിച്ചു. ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദു സമൂഹത്തിനെ സംഘടിപ്പിച്ച് പട്ടാളച്ചിട്ട ഉണ്ടാക്കിയെടുക്കുകയും പ്രവര്‍ത്തകര്‍ക്ക് ലാത്തി, കത്തി, വാള്‍ പോലുള്ളവയില്‍ പരിശീലനം കൊടുക്കുകയുമാണ്. ഭാവിയില്‍ സംഘം, ജര്‍മ്മനിയിലെ നാസികളെപ്പോലെ ഒരു ഫാസിസ്റ്റ് സംഘടനയാകുമെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസും ഹിന്ദുമഹാസഭയും തമ്മില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങളില്‍ സംഘം ചെറിയ പങ്കേ വഹിച്ചിട്ടുള്ളു. സംഘം മുസ്ലിം വിരുദ്ധവും, രാജ്യത്ത് ഹിന്ദു ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവുമുള്ള, സെന്‍ട്രല്‍ പ്രവിശ്യ, ബിറാര്‍, ഐക്യ പ്രവിശ്യ, ബോംബെ പ്രസിഡന്‍സി എന്നിവിടങ്ങളില്‍ ശാഖകളുള്ള സംഘടനയാണ്.’
(NAI Reference:- Home_Political_ NA_1937_NA_F-4-5)
(തുടരും)