കഞ്ഞിവിളമ്പുന്ന വലിയ ചിരട്ടത്തവിയില്‍ വലിയ ചെമ്പു ഗ്ലാസ്സില്‍ കൊള്ളുന്നതിലേറെ കഞ്ഞി കൊള്ളും. പല വലിപ്പത്തിലുള്ള എട്ടുപത്തു തവികളില്‍ ഏറ്റവും വലിപ്പമുള്ള ചിരട്ടത്തവിയിലാണ് കഞ്ഞി വിളമ്പുന്നത്. തവികള്‍ തൂക്കിയിടുന്നതിന് കുറെ ഓട്ടയുള്ള വീതിയുള്ള പലകയുണ്ട്. അത് അടുക്കളയുടെ കഴുക്കോലില്‍ കെട്ടിത്തൂക്കി ഇട്ടിട്ടുണ്ടാവും.
കൂട്ടാന്‍ വിളമ്പാന്‍ ചെറിയ തവിയും ചോറു വിളമ്പാന്‍ പരന്ന വലിയ തവിയു മുണ്ട്. മീന്‍കറി വിളമ്പുന്ന തവി കൊണ്ട് അതു മാത്രമേ വിളമ്പൂ. അതുപോലെ ഓരോന്നു വിളമ്പാനും ഓരോ തവിയുണ്ട്. അതിന്റെ ആകൃതിക്കും വ്യത്യാസമുണ്ട്.
”പാല് കൊടുക്കാനുണ്ടാവുമോ എന്ന് ചായപ്പീടികയിലെ നാരായണന്‍ ചോദിച്ചു. രണ്ടാഴ്ച കഴിഞ്ഞിട്ട് പറയാമെന്നാ ഞാന്‍ പറഞ്ഞത്.” അച്ഛന്‍ കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മയോട് പറഞ്ഞു.
”അടുത്തുള്ള വീടുകളിലുള്ളവര് പാലു ചോദിച്ചു വരുമ്പോ കടയില്‍ കൊടുക്കുന്നത് ശരിയാണോ?” അമ്മ ചോദിച്ചു.
അച്ഛന്‍ ഒന്നും പറഞ്ഞില്ല. അമ്മ പറഞ്ഞത് അച്ഛന്‍ അംഗീകരിച്ച തായാണ് കണ്ണന് തോന്നിയത്.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വീട്ടിനടുത്തുള്ള രണ്ടുമൂന്നുപേര്‍ രാവിലെ പാലുവാങ്ങാനെത്തി. രണ്ടുമൂന്നുഗ്ലാസ്സ്പാല് കൊടുത്താല്‍ തീറ്റവാങ്ങാനും അത്യാവശ്യം പല വ്യഞ്ജനം വാങ്ങാനുമുള്ള പൈസ കിട്ടുമെന്ന് അമ്മ അച്ഛനോട് രണ്ടു ദിവസം മുമ്പ് പറഞ്ഞത് അവരെ കണ്ടപ്പോള്‍ കണ്ണന് ഓര്‍മ്മ വന്നു.
”കറവയുള്ള പശു വീട്ടിലുണ്ടെ ങ്കില്‍ അതൊരു ഐശ്വര്യം തന്നാ..” പാലു വാങ്ങാന്‍ വന്ന സരസ്വതി ചേച്ചി അമ്മയോട് പറഞ്ഞത് കണ്ണന്‍ കേട്ടു.
പശുവിനെ കറന്ന് തൊഴുത്തില്‍ നിന്നിറങ്ങിയപ്പോള്‍ പാലിന്റെ വെളുത്ത പത പാത്രത്തിന് മുകളിലേയ്ക്ക് ഉയര്‍ന്നുനില്‍ക്കുന്നതു കണ്ണന്‍ കണ്ടു. അതു കാണാന്‍ നല്ല ചന്തമാണ്. പാലുവാങ്ങാന്‍ വന്നവര്‍ക്ക് മുറ്റത്തുവച്ചുതന്നെ വെള്ളം ചേര്‍ക്കാതെ, അളവില്‍ കൂടുതല്‍ പാല്‍ കൊടുത്തത് അവന്‍ ശ്രദ്ധിച്ചു.
വര്‍ഗ്ഗീസ് മാപ്പിള വാഴക്കുലയും തലയിലേറ്റി വീട്ടിലേയ്ക്കു കയറി വരുന്നത് കണ്ണന്‍ കണ്ടു. രാവിലെ തന്നെ അയാള്‍ കയറിവന്നത് എന്തിനെന്ന് കണ്ണന് മനസ്സി ലായില്ല. അച്ഛന്‍ പാല്‍പ്പാത്രം അമ്മയെ ഏല്പിച്ച് അയാളുടെ അടുത്തേയ്ക്കു ചെന്നു.
”താഴത്തെ മൂവാണ്ടന്‍ മാവില് അവിടെയും ഇവിടെയും കുറച്ച് മാങ്ങയുണ്ട്. വെറുതെ കാക്കയ്ക്കും കിളിക്കും കൊടുത്തിട്ട് എന്താ കാര്യം?” വര്‍ഗ്ഗീസ് മാപ്പിള, തലയിലിരുന്ന വാഴക്കുല മുറ്റത്തെ തിണ്ണയിലേക്ക് ചാരിവച്ച ശേഷം അച്ഛനോട് പറഞ്ഞു.
”അത് കാക്കയ്ക്കും കിളിക്കു മുള്ളതാ വര്‍ഗ്ഗീസെ.” അച്ഛന്‍ പറഞ്ഞു.
”പത്തിരുപത് റുപ്പ്യക്കുള്ള വക ഉണ്ടെന്നു തോന്നുന്നു.” അയാള്‍ പറഞ്ഞു.
”അന്ന് പറിച്ചതല്ലെ. ഇനി വേണ്ട. ഉള്ളത് പഴുത്ത് വീഴട്ടെ.” അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞു.
അച്ഛന്‍ ഒന്നു പറഞ്ഞു കഴി ഞ്ഞാല്‍ പിന്നെ അതില്‍ ഉറച്ചു നില്‍ക്കുമെന്ന് അറിയാവുന്നതു കൊണ്ട് അയാള്‍ അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. അച്ഛന്‍ കറുമ്പി യെ അഴിച്ച് പുറത്തെ തെങ്ങില്‍ കെട്ടുമ്പോള്‍ അയാള്‍ അതിനെ ശ്രദ്ധിക്കുന്നത് കണ്ണന്‍ കണ്ടു. അമ്മ വലിയ ചെമ്പുചരുവം തെങ്ങി നടുത്ത് കൊണ്ടുവച്ചപ്പോള്‍ കിണറ്റി ലെ വെള്ളത്തില്‍ കുളിപ്പിക്കാനാ ണെന്ന് അവന് മനസ്സിലായി.
”ഈ തിന്നുമുടിക്കുന്ന കൂട്ടത്തിനെ വിറ്റ് കൂടുതല്‍ പാലുകിട്ടുന്ന നല്ലൊരു ജേഴ്‌സിപ്പശുവിനെ വാങ്ങിക്കൂടെ ഗോവിന്ദേട്ടാ? പശുവിനെ വാങ്ങാന്‍ സര്‍ക്കാരീന്ന് ധന സഹായവും കിട്ടും.”
വീട്ടിലെ കൃഷിസാധനങ്ങളെല്ലാം വാങ്ങുന്നത് വര്‍ഗ്ഗീസ് മാപ്പിളയാണ്. അയാള്‍ പണക്കാരനായത് കൃഷി ക്കാരുടെ വീട്ടില്‍ പോയി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി ഇരട്ടിവിലയ്ക്ക് ചന്തയില്‍ കൊണ്ടു പോയി വില്‍ക്കുന്നതു കൊണ്ടാ ണെന്ന് സരസ്വതി ചേച്ചി അമ്മയോട് പറഞ്ഞത് കണ്ണന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് അയാളെ കണ്ണന് അത്ര ഇഷ്ടമല്ല.
”ഇനത്തിലെ പശുക്കളുടെ പാലിന് നാടന്‍ പശുവിന്റെ പാലിന്റെ ഗുണമുണ്ടാവില്ല വര്‍ഗ്ഗീ സേ. വീട്ടിലെ അത്യാവശ്യത്തിന് ഇത്തിരി പാലുവേണമെന്നല്ലാതെ പാലുവിറ്റ് സമ്പാദിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല. രണ്ടുമൂന്നുഗ്ലാസ്സ് പാല് കൊടുക്കുന്നതുതന്നെ പിണ്ണാ ക്കുവാങ്ങാനുള്ള പൈസ കിട്ടുമെന്നു കരുതിയാ.” അച്ഛന്‍ പറഞ്ഞു.
”മൃഗമാണെങ്കിലും കറുമ്പി ഇപ്പോ വീട്ടിലെ ഒരംഗം തന്നെയാ. അപ്പോ എങ്ങനാ അതിനെ വില്‍ ക്കാന്‍ കഴിയാ?” അമ്മ പറഞ്ഞു.
”വില്‍ക്കണ്ട. ഒരു ജേഴ്‌സി പശുവിനെക്കൂടി വാങ്ങിക്കോളൂ, ഞാന്‍ തരാം.” അയാള്‍ പറഞ്ഞു.
”ഇനത്തിലെ പശുവിന് നാടന്‍ പശുവിന് കൊടുക്കുന്ന തീറ്റയൊ ന്നും പോരല്ലോ. മാത്രമല്ല, അതിനെ ഇടയ്ക്കിടെ മൃഗഡോക്ടറെ കാണി ക്കാനൊക്കെ കൊണ്ടുപോകണ്ടേ. ഇതൊക്കെ മതിന്ന്.” അച്ഛന്‍ പറഞ്ഞു.
”ഇതുവഴി പോയപ്പോ ഒന്നു കേറിയെന്നേയുള്ളു. വിളഞ്ഞ വാഴക്കുല ഒന്നുമില്ലല്ലോ?” അയാള്‍ തിണ്ണയില്‍ ചാരിവച്ച വാഴക്കുല എടുത്ത് തലയില്‍ വച്ചുകൊണ്ടു ചോദിച്ചു.
”എന്നേക്കാള്‍ ഈ പറമ്പിലെ വാഴക്കുലയുടെ വിളവ് അറിയുന്നത് വര്‍ഗ്ഗീസിനല്ലേ?” അച്ഛന്‍ പറഞ്ഞു.
”വര്‍ഗ്ഗീസേട്ടന്റെ വീട്ടിലെ പശുവിനെ വില്‍ക്കാന്‍ തീരുമാനിച്ചോ..?” അമ്മ ചോദിച്ചു.
”നല്ല വില കിട്ടിയാല്‍ വില്‍ക്കും.”
അയാള്‍ കൂടുതലൊന്നും പറയാതെ ഇടവഴിയിലേയ്ക്കിറങ്ങി.
(തുടരും)
Comments