ഒക്‌ടോബര്‍ 20
പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ സ്മൃതിദിനം
ഇതിഹാസത്തില്‍ അടിയുറച്ച ഒരു രാഷ്ട്രത്തിന് മാത്രമേ ശോഭനമായ ഒരു ഭാവികാലമുണ്ടാവുകയുള്ളൂ. കവികളും ദാര്‍ശനികന്മാരുമെല്ലാം ജന്മമെടുക്കുന്നത് ഉത്കൃഷ്ടങ്ങളായ പുരാവൃത്തങ്ങള്‍ക്കു രൂപം നല്കാന്‍ വേണ്ടിയാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്ര നിര്‍മ്മാതാക്കള്‍. സര്‍ഗ്ഗശക്തിക്കു വേണ്ടിയുള്ള ഏകാന്ത തപസ്സനുഷ്ഠിച്ച് കലയ്ക്കും കവിതയ്ക്കും ആവശ്യമായ നിര്‍മ്മാണശക്തി സ്വരൂപിച്ച് അതിനെ കാത്തുസൂക്ഷിച്ച് ഭാവി പ്രതിഭകള്‍ക്ക് വഴി തെളിക്കുന്നവരാണവര്‍. വ്യാസനും വാല്മീകിയുമെല്ലാം ഇത്തരത്തില്‍ ഭാരതപുരാവൃത്തത്തിന് ദാര്‍ശനികമായ അടിത്തറയൊരുക്കിയവരാണ്.
ഇതിഹാസങ്ങള്‍ കാലാതിവര്‍ത്തിയാണെങ്കിലും വ്യാഖ്യാനഭേദങ്ങള്‍ കാരണം കാലാന്തരത്തില്‍ അവയുടെ ദര്‍ശനപ്രഭയ്ക്ക് ചിലപ്പോള്‍ മങ്ങലേറ്റെന്നുവരാം. മലയാള സാഹിത്യലോകത്ത് ദുര്‍വ്യാഖ്യാനങ്ങളുടെ കൂരമ്പുകളേറ്റ് മഹാഭാരതമെന്ന മഹത്തായ ഇതിഹാസത്തിന് പലകുറി ചൈതന്യലോപങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭാരതേതിഹാസത്തിന്റെ രചനാലക്ഷ്യം പരിപൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് പുനര്‍വായിക്കാനുള്ള പരിശ്രമങ്ങള്‍ മലയാളത്തില്‍ ഒട്ടധികമൊന്നും നടന്നിട്ടുമില്ല. എം.ടി.യും കുട്ടിക്കൃഷ്ണ മാരാരും നാലപ്പാട്ട് നാരായണമേനോനും ത്രിവിക്രമന്‍ നമ്പൂതിരിപ്പാടുമെല്ലാം മഹാഭാരതത്തെ ആസ്പദിച്ച് സ്വന്തം നിലയ്ക്ക് ഗ്രന്ഥങ്ങള്‍ എഴുതുകയുണ്ടായി എന്നു മാത്രം. ക്രമേണ അവയ്ക്ക് മലയാളികളുടെ മനസ്സില്‍ മഹാഭാരതത്തേക്കാള്‍ വലിയ മഹത്ത്വം കൈവന്നതായി തോന്നിപ്പിക്കുകയും ചെയ്തു. അവരുടെ കൃതികള്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്തു.
ഇത്തരം രചനകളെല്ലാം മഹാഭാരതത്തിന്റെ അന്യാദൃശമായ സ്വാധീനശക്തിയുടെ ഫലമായി രൂപപ്പെട്ടവയാണെങ്കിലും അവ മഹാഭാരതത്തിന്റെ സാമൂഹ്യ ദര്‍ശനത്തില്‍ നിന്ന് വളരെയേറെ വ്യതിചലിക്കുകയും ആളുകളെ ഭാരതേതിഹാസത്തിന്റെ പ്രപഞ്ചദര്‍ശനത്തില്‍ നിന്ന് വ്യതിചലിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന് കുട്ടിക്കൃഷ്ണമാരാരുടെ കാര്യം തന്നെയെടുക്കാം. ‘മഹാഭാരതത്തില്‍ ധര്‍മ്മം എവിടെയുണ്ടോ അതെല്ലാം അധര്‍മ്മമായും അധര്‍മ്മം എവിടെയുണ്ടോ അതെല്ലാം ധര്‍മ്മമായും മനോഹരമായ ഭാഷയില്‍ ആവിഷ്‌കരിച്ചിട്ടുള്ള ഒരു ഗ്രന്ഥം’എന്നാണ് മാരാരുടെ ഭാരതപര്യടനത്തെക്കുറിച്ച് സാഹിത്യവിമര്‍ശകനായ എം. കൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നത് (കലാകൗമുദി ഡിസംബര്‍ 23, 1984). മാരാരുടെ യുക്തിചിന്തയെയും ഭാഷാശൈലിയെയും കൃഷ്ണന്‍ നായര്‍ അംഗീകരിക്കുന്നു. അതിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറയുന്നു ‘യുക്തികള്‍ പ്രദര്‍ശിപ്പിച്ചേ മാരാര്‍ എഴുതിയിട്ടുള്ളൂ. ആ യുക്തികളുടെ അവാസ്തവികത സൂക്ഷ്മവിചിന്തനം കൊണ്ടേ സ്പഷ്ടമാകുകയുള്ളൂ’ (കലാകൗമുദി ജനുവരി 08,1989). ഇതൊക്കെയാണെങ്കിലും മാരാരുടെ പുസ്തകം സ്ഥൂലവായന ശീലമാക്കിയവര്‍ക്കിടയില്‍ പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു.
എന്നാല്‍ ധാര്‍മ്മികമായ പരാജയം ഏറ്റുവാങ്ങുന്നവര്‍ക്ക് ഭൗതികമായ പരാജയവും ഏറ്റുവാങ്ങേണ്ടി വരുമെന്നത് സനാതനമായ സത്യമാണ്. അതിന് ചിലപ്പോള്‍ കാലവിളംബമുണ്ടാകുമെന്നേയുള്ളൂ. മഹാഭാരതവ്യാഖ്യാനത്തിന്റെ കാര്യത്തിലും ഇത് തെളിയിക്കപ്പെട്ടു. കൈരളിയുടെ ദാര്‍ശനിക മണ്ഡലത്തില്‍ മഹാഭാരതത്തെ ശരിയായി അവതരിപ്പിച്ച ധര്‍മ്മ ധീരത അല്പം വൈകിയാണെങ്കിലും രംഗപ്രവേശം ചെയ്തു. അത് സംഭവിച്ചത് പ്രൊഫ. തുറവൂര്‍ വിശ്വംഭരനിലൂടെയായിരുന്നു. അദ്ദേഹം രചിച്ച ‘മഹാഭാരത പര്യടനം: ഭാരതദര്‍ശനം പുനര്‍വായന’ എന്ന കൃതി കേരളത്തിലെ വൈജ്ഞാനിക സാഹിത്യരംഗത്ത് സ്വര്‍ണ്ണത്തിടമ്പേറ്റി നില്‍ക്കുന്ന അപൂര്‍വ്വ സൃഷ്ടിയാണ്. മഹാഭാരതത്തിന്റെ മഹൗന്നത്യത്തെ വിശ്വംഭരനെന്ന പ്രതിഭാശാലി ചിന്താശീലരായ ജനങ്ങളുടെ ഹൃദയപീഠങ്ങളിലേക്ക് യഥാവിധി ആവാഹിച്ചു പുന:പ്രതിഷ്ഠിച്ചു എന്ന് പറയാം. തങ്ങളുടെ ശുഷ്‌കമായ സാമൂഹ്യ നിരീക്ഷണത്തിന്റെ അളവുകോലുകള്‍ കൊണ്ട് മഹാഭാരതമെന്ന ഇതിഹാസത്തെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്തുപോന്ന മലയാള സാഹിത്യ ലോകത്തിലെ കുലപതികളെ അദ്ദേഹം വ്യാസ വിവക്ഷയുടെ ദാര്‍ശനികമായ ഔന്നത്യം കൊണ്ടും തര്‍ക്കശാസ്ത്രത്തിന്റെ യുക്തിഭദ്രമായ ശസ്ത്രപ്രയോഗങ്ങള്‍ കൊണ്ടും നിഷ്പ്രഭമാക്കി.
ഇതിഹാസ ദുര്‍വ്യാഖ്യാതാക്കളുടെ മാത്രമല്ല സഹസ്രാബ്ദങ്ങളായി കൊട്ടിഘോഷിക്കപ്പെടുകയും ആരാധിക്കപ്പെടുകയും മഹത്വത്തിന്റെ പുതപ്പിനടിയില്‍ സുഖസുഷുപ്തിയിലാണ്ടു കഴിയുകയും ചെയ്ത ചില ഇതിഹാസകഥാപാത്രങ്ങളുടെ മുഖംമൂടികള്‍ പോലും വിശ്വംഭരന്‍ മാഷുടെ തൂലികത്തുമ്പിന് മുന്നില്‍ അഴിഞ്ഞു വീണു. രചനാസങ്കേതത്തിന്റെ സവിശേഷത കൊണ്ടും ആഖ്യാനത്തിലെ പദവിന്യാസത്തിന്റെ ധ്വനനശക്തികൊണ്ടും അദ്ദേഹത്തിന്റെ ഭാരത വ്യാഖ്യാനം വേറിട്ടു നില്‍ക്കുന്നു.
മഹാഭാരതത്തെ കേവലമായ സ്വത്തവകാശത്തര്‍ക്കമായി ചുരുക്കിക്കണ്ട അനഭ്യസ്തന്മാര്‍ക്ക് വിശ്വംഭര പ്രതിഭയുടെ കനത്ത ഖണ്ഡനം തന്നെയേറ്റു. അദ്ദേഹം എഴുതി ‘മഹാഭാരതം സ്വത്തവകാശത്തര്‍ക്കത്തിന്റെയും പിന്നെ ആ തര്‍ക്കത്തിന്മേല്‍ അവകാശികള്‍ തമ്മില്‍ വാശിയും വീറും ഉരുണ്ടുകൂടി പൊട്ടിത്തെറിച്ച ഒരു മഹായുദ്ധത്തിന്റെയും കഥയല്ല. അത് ഭരണാധിപധര്‍മ്മത്തിന്റെ സര്‍വ്വകാലപ്രസക്തമായ ജനരഞ്ജനോപനിഷത്ത് ഉപദേശിക്കുന്ന, കാലാതീത മാഹാത്മ്യമാര്‍ന്ന, ഇതിഹാസമാണ്. ജനാധിപന്റെ വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വികാരവിചാരങ്ങള്‍ക്കും സര്‍വ്വവ്യക്തിബന്ധങ്ങള്‍ക്കും വെളിയില്‍ച്ചെന്ന് രാജ്യഭരണത്തെ ധര്‍മ്മാനുഷ്ഠാനമാക്കുന്ന, സമര്‍പ്പിതജീവന്മാരുടെ ത്യാഗത്തിന്റെ മഹാഗാഥയാണ് ഭാരതം’. (മഹാഭാരത പര്യടനം: ഭാരതദര്‍ശനം പുനര്‍വായന, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍. പേജ് 159-160)
ഇതിഹാസത്തെ തോന്നുംപടി വ്യാഖ്യാനിക്കാനുള്ള പരിശ്രമങ്ങളെ വിശ്വംഭരന്‍ മാഷ് അനുകൂലിച്ചില്ല. ‘സാധാരണ ഗ്രന്ഥങ്ങളുടെ മേല്‍ സ്വാഭിപ്രായം കൂര്‍പ്പിച്ച് എയ്‌തേല്‍പ്പിക്കുന്നത് ക്ഷന്തവ്യവും ഇതിഹാസത്തിന് മേല്‍ അങ്ങനെ ചെയ്യുന്നത് അക്ഷന്തവ്യവുമാണ്’ എന്ന് അദ്ദേഹം കരുതി (അതേ പുസ്തകം. പേജ്. 212). ഇതിഹാസവിമര്‍ശകനാവശ്യമായ യോഗ്യതയെയും ഭാരതവിമര്‍ശകന്മാര്‍ക്ക് സംഭവിച്ച പരാജയത്തെയും കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: ‘ബ്രഹ്മജ്ഞനായ വ്യാസന്‍ രചിച്ച കൃതി അതിന്റെ മൂലത്തില്‍ച്ചെന്നു ആസ്വദിച്ചറിയുന്നതിന് ബ്രഹ്മാനുഭൂതി ആവശ്യമാണ്. ഈ അതിദുര്‍ലഭമായ സിദ്ധിയുള്ളവര്‍ വളരെ പരിമിതം. പക്ഷേ, ബ്രഹ്മാനുഭൂതിയിലേക്കുള്ള ഭാവനാത്മകമായ പ്രയാണം പ്രതിഭാശാലികള്‍ക്ക് സാദ്ധ്യമാണ്. എന്നാല്‍ ഭാരതവിമര്‍ശകരായ പണ്ഡിതന്മാര്‍ക്ക് സംസ്‌കൃതഭാഷാപരിജ്ഞാനം മാത്രമേയുള്ളൂ. അതുതന്നെ കഷ്ടിയാണുതാനും. ആറു വേദാംഗങ്ങളും ആറു ദര്‍ശനങ്ങളുമെങ്കിലും ചുരുങ്ങിയത് ഭാരതവിമര്‍ശകന്‍ പഠിച്ചിരിക്കണം. പഠിച്ചിരുന്നാല്‍ മാത്രംപോരാ. തക്കസന്ദര്‍ഭത്തില്‍ അവയെടുത്ത് അനായാസം ഏതാശയങ്ങളോടും പൊരുതാനുള്ള സവ്യസാചിത്വം കരസ്ഥമാക്കണം. ഭാരതീയ സംസ്‌കാരത്തിന്റെ നിധിനിക്ഷേപങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ യൂറോപ്യന്‍ പണ്ഡിതന്മാര്‍ക്കും അവരുടെ ഭാരതീയരായ ശിഷ്യ പരമ്പരയ്ക്കും ദൗര്‍ഭാഗ്യവശാല്‍ ഈ സവ്യസാചിത്വമുണ്ടായിരുന്നില്ല’. (അതേ പുസ്തകം. പേജ്. 357-358)
ഇതിഹാസ വിമര്‍ശം വിശദമായി ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ പ്രകരണത്തില്‍ നിന്ന് വ്യതിചലിക്കാതെ ലോക രാഷ്ട്രീയവും ചരിത്ര സംഭവങ്ങളുമെല്ലാം വിശ്വംഭര പ്രതിഭയുടെ വിലയിരുത്തലുകള്‍ക്ക് വിഷയമായി. ഗാന്ധിജിയും മാര്‍ക്‌സും അക്കിലിസും സ്റ്റാലിനുമെല്ലാം അവയ്ക്കിടയില്‍ പരാമര്‍ശിക്കപ്പെട്ടു. അനേകം നിര്‍വ്വചനങ്ങളും ഭരണാധികാരിയും സാമൂഹ്യ പ്രവര്‍ത്തകനും സ്മരിക്കേണ്ടുന്ന സൂത്രവാക്യങ്ങളും അദ്ദേഹത്തിന്റെ ഭാരതവ്യാഖ്യാന കൃതിയില്‍ അടങ്ങിയിട്ടുണ്ട്. ‘ബന്ധുക്കളോടും സുഹൃത്തുക്കളോടും കുടുംബക്കാരോടും നീതി പുലര്‍ത്തുമ്പോഴല്ല; ശത്രുവിനോട് നീതി പുലര്‍ത്തുമ്പോഴാണ് ഒരാളുടെ ധര്‍മ്മബോധം പരീക്ഷിക്കപ്പെടുന്നത്'(പേജ്. 200) എന്ന് തലമുറകളോട് അദ്ദേഹം വിളിച്ചു പറയുന്നു. പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത് കൗരവസഭയില്‍ കുറ്റകരമായ മൗനം അവലംബിച്ച സദസ്യരെ അദ്ദേഹം ധര്‍മ്മ വിചാരണയുടെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തുന്നു. ‘അധര്‍മ്മം ധര്‍മ്മത്തെയോ അസത്യം സത്യത്തെയോ ഏതു സഭയില്‍ കൊന്നുവീഴ്ത്തുന്നുവോ ആ സഭയിലെ സദസ്യര്‍ക്കാണ് അതിന്റെ കുറ്റവും പാപവും ‘എന്ന ധര്‍മ്മാധര്‍മ്മ വിവേചനത്തിന്റെ നിയമപാഠം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.
ഭീഷ്മത്യാഗമെന്ന സ്വാര്‍ത്ഥതന്ത്രം
നിസ്വാര്‍ത്ഥ നേതൃത്വം അധികാരഭ്രഷ്ടരാകുകയും സ്വാര്‍ത്ഥ നേതൃത്വം നിസ്വാര്‍ത്ഥരായി വാഴ്ത്തപ്പെട്ട് അരങ്ങു കയ്യടക്കുകയും ചെയ്യുകയെന്നത് എന്നും മാനവ ചരിത്രത്തിന്റെ ദുര്യോഗങ്ങളിലൊന്നാണ്. ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ് മഹാഭാരതത്തിലെ ഭീഷ്മര്‍. പ്രഥമദൃഷ്ടിയില്‍ ഭീഷ്മര്‍ മഹാനായ ത്യാഗിയാണെന്ന് പലരും തെറ്റിദ്ധരിച്ചേക്കും. എന്നാല്‍ ഭീഷ്മത്യാഗത്തിന്റെ സ്വാര്‍ത്ഥതന്ത്രം വിശ്വംഭരന്‍ മാഷ് ശരിയായി അവതരിപ്പിച്ചു. അദ്ദേഹം പറയുന്നു ‘രാജ്യം നിരസിച്ച് നൈഷ്ഠിക ബ്രഹ്മചര്യം സ്വീകരിച്ച ഭീഷ്മരുടെ ത്യാഗജീവിതത്തില്‍ ഒരിക്കലും ദുര്യോധനന്റെ കാലം വരെ, ഭീഷ്മര്‍ താന്‍ ത്യജിച്ച രാജ്യമോ അതിന്റെ ഭരണഭാരമോ ഭോഗസമൃദ്ധികളോ അനുഭവത്തില്‍ ത്യജിച്ചിട്ടില്ലായിരുന്നു. ത്യാഗത്തിന്റെ പൗര്‍ണ്ണമിയില്‍ ഭോഗത്തിന്റെ അമാവാസി നിഴല്‍ പരത്തിയിരുന്നു. ഭീഷ്മരുടെ ത്യാഗം നിരര്‍ത്ഥകമായിരുന്നു എന്ന് സ്ഥാപിക്കാനല്ല ഉദ്ദേശ്യം. സാര്‍ത്ഥകമായ ത്യാഗം അത്രയ്ക്കു ശ്രമകരമാണെന്നു കാണിക്കുകയാണ്'(പേജ്. 901). ‘തന്റെ രാജ്യപരിത്യാഗം നടപ്പില്‍ വരുത്തായ്ക ഭീഷ്മര്‍ക്ക് പറ്റിയ ധാര്‍മ്മികമായ പാളിച്ചയാണ്. ദുര്യോധനന്റെ കാലം വരെ ത്യജിച്ചതെന്നു പ്രഖ്യാപിക്കപ്പെട്ട രാജ്യം അദ്ദേഹം തന്നെ ഭരിച്ചുകൊണ്ടിരുന്നു. വിചിത്രവീര്യനും പാണ്ഡുവും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണു രാജ്യം ഭരിച്ചിരുന്നത്'(അതേ പുസ്തകം. പേജ്. 953).
‘ത്യാഗം അധികാരമായി മാറുന്നതിന്റെ ദു:സ്ഥിതി നാം ഭീഷ്മരെക്കണ്ടു പഠിക്കണം’ എന്നു കൂടി വിശ്വംഭരന്‍ മാഷ് എഴുതി. ‘ദാനം ചെയ്യുന്നവരെല്ലാം യഥാര്‍ത്ഥ ദാതാക്കളല്ല. ത്യാഗം ചെയ്യുന്നവരെല്ലാം യഥാര്‍ത്ഥ ത്യാഗികളുമല്ല. ദാനവും ത്യാഗവും പലപ്പോഴും പലര്‍ക്കും തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മറച്ചുവയ്ക്കാനുള്ള നിറപ്പകിട്ടാര്‍ന്ന പുതപ്പു മാത്രമാണ്'(പേജ്. 894) എന്ന മന:ശാസ്ത്ര പാഠം പകര്‍ന്നു നല്‍കുകയും ചെയ്തു. അതിനപ്പുറം ഭീഷ്മ ഹൃദയത്തിന്റെ മര്‍മ്മം ഗ്രഹിച്ചു കൊണ്ട് അദ്ദേഹം തുടരുന്നു, തന്നെ എല്ലാവരും മാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന അസാധാരണമായ വിചാരമായിരുന്നു ഭീഷ്മരുടെ ഹൃദയത്തെ ഭരിച്ചിരുന്നത്. എന്നാല്‍ ഇത് മഹത്ത്വത്തിന്റെ കര്‍മ്മമാര്‍ഗമല്ല. മഹത്ത്വത്തിന്റെ കര്‍മ്മമാര്‍ഗം താന്‍ എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നതാണ്’ (പേജ്. 915). ഭീഷ്മരുടെ മാത്രമല്ല കര്‍ണ്ണവ്യക്തിത്വത്തിന്റെ സൂക്ഷ്മാംശങ്ങളെയും അദ്ദേഹം എടുത്തു കാണിച്ചിട്ടുണ്ട്.
മഹാഭാരതമെന്ന കൃഷ്ണവേദം
മഹാഭാരതത്തിന്റെ നായകന്‍ കൃഷ്ണനാണെന്നും ഭാരതം കൃഷ്ണവേദമാണെന്നും വിശ്വംഭരന്‍ മാഷ് സമര്‍ത്ഥിച്ചു. അദ്ദേഹം എഴുതുന്നു, ‘മഹാഭാരതത്തിന് കൃഷ്ണവേദമെന്നു മറ്റൊരു പേരുകൂടിയുണ്ട്. ധര്‍മ്മപുത്രരുടെയും ഭീഷ്മരുടെയും ഭാവപുഷ്ടമായ മഹാഗാഥയല്ല ഭാരതേതിഹാസം. ശ്രീകൃഷ്ണന്റെ അപൂര്‍വചരിതമാണ് മഹാഭാരതത്തിന്റെ വര്‍ണ്ണ്യവിഷയം. ഭീഷ്മരും ധര്‍മ്മപുത്രരും അര്‍ജ്ജുനനുമല്ല മഹാഭാരതത്തിന്റെ നായകന്‍. ഇതിഹാസത്തിലെ സര്‍വകഥാപാത്രങ്ങളും ധര്‍മ്മാധര്‍മ്മങ്ങളുടെ അതിര്‍ത്തികള്‍ കൊണ്ട് വ്യാപ്തി ക്‌നുപ്തപ്പെടുത്തിയിട്ടില്ലാത്ത തനതു ലോകത്തു ജീവിക്കുന്ന ഒരേ ഒരു മനുഷ്യന്റെ അഥവാ ഒരേ ഒരു അമാനുഷന്റെ സിദ്ധിവിഭൂതികള്‍ പ്രതിഫലിപ്പിക്കാനുള്ള കണ്ണാടികള്‍ മാത്രമാണ്'(പേജ്. 726). മഹാഭാരതത്തിലെ കൃഷ്ണസാന്നിധ്യങ്ങളെ സംഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറയുന്നു ‘ജ്ഞാന പ്രതീകമായ കൃഷ്ണനും (വാസുദേവന്‍) കര്‍മ്മ പ്രതീകമായ കൃഷ്ണനും (അര്‍ജ്ജുനന്‍) ഇവ രണ്ടും സമന്വയിച്ച് പ്രയോഗിക്കേണ്ടുന്ന ജീവിതമായ കൃഷ്ണയും (ദ്രൗപദി) ചേര്‍ന്ന് ഏകാത്മകമായി നയിക്കുന്ന പ്രപഞ്ച ജീവിതം, സത്യസാക്ഷാത്കാരം നേടിയ കൃഷ്ണന്‍ (വ്യാസന്‍) വര്‍ണ്ണിച്ച് അവതരിപ്പിച്ചിരിക്കുന്നതാണ് മഹാഭാരതേതിഹാസം’ (പേജ്. 331).
ജീവിതം തന്നെ മഹാഭാരതത്തിന്റെ ഉപാസനയാക്കി മാറ്റിയ ഒരു യഥാര്‍ത്ഥ ആചാര്യന്റെ സ്മൃതികണങ്ങളുടെ ഏതാനും ബിന്ദുക്കളെ മാത്രമാണ് മുകളില്‍ എടുത്തുകാണിച്ചത്. അതിനുമെത്രയോ ഉയരെയാണ് അദ്ദേഹത്തിന്റെ ദര്‍ശനപ്രപഞ്ചം. വിശ്വംഭരന്‍ മാഷ് ജീവിച്ചിരുന്ന കേരളത്തിലിരുന്ന് കൊണ്ട് ആര്‍ക്കും മഹാഭാരതത്തിന്റെ മഹത്വത്തെ ചോദ്യം ചെയ്ത് വിജയിക്കാന്‍ കഴിഞ്ഞില്ല. ബൗദ്ധിക യുദ്ധത്തിന്റെ കുരുക്ഷേത്രത്തില്‍ യുക്തിയുടെ അക്ഷൗഹിണികളും ധര്‍മ്മത്തിന്റെ ബ്രഹ്മാസ്ത്രങ്ങളും കൊണ്ട് അദ്ദേഹം ഭാരതവിമര്‍ശകന്മാരെ ഒറ്റയ്ക്ക് നേരിട്ടു. അങ്ങനെ മാറിയ കാലത്തും വ്യാസവീക്ഷണത്തിന് ദാര്‍ശനികമായ പ്രതിരോധമൊരുക്കി. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയെങ്കിലും തലയെടുപ്പുള്ള ഒരു ഗ്രന്ഥം അദ്ദേഹം അവശേഷിപ്പിച്ചിട്ടുണ്ട്. ആ വ്യക്തിത്വത്തിന്റെ മഹത്ത്വത്തെ വേണ്ടത്ര മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ‘മഹത്ത്വം സമാര്‍ജ്ജിക്കുന്നത് മാത്രമല്ല, മഹത്ത്വത്തെ മനസ്സിലാക്കുന്നതും എളുപ്പമല്ല’ എന്ന അത്യന്തം ക്ലിഷ്ടമായ ചിരന്തന സത്യം വിശ്വംഭരന്‍ മാഷ് തന്നെ പറഞ്ഞു വെച്ചിട്ടുമുണ്ട്. അദ്ദേഹം തിരിച്ചറിയപ്പെടാതെ പോയതിന് കാരണവും അതായിരിക്കാം…
Comments