ഭാരതത്തിന്റെ ദേശീയ മൃഗമാണ് കടുവ. വനത്തിലെ ഏറ്റവും ഉന്നതനായ വേട്ടയാടല്‍ വീരനും കടുവയാണ്. പൂര്‍ണ്ണമായും മറ്റു മൃഗങ്ങളെ വേട്ടയടി ജീവിക്കുന്ന കടുവയുടെ നിലനില്‍പ്പിന് കാട് എന്ന ആവാസവ്യവസ്ഥ അത്യന്താപേക്ഷിതമാണ്. 2010ല്‍ റഷ്യയില്‍ ചേര്‍ന്ന കടുവ സംരക്ഷണ ഉച്ചകോടിയില്‍ ജൂലായ് 29 അന്താരാഷ്ട്രാ കടുവാ ദിനമായി ആചരിക്കുന്നതിന് തീരുമാനിച്ചു. ഭാരതത്തില്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് കടുവകളുടെ സംരക്ഷണം നോക്കുന്നത്. പ്രൊജക്ട് ടൈഗര്‍ എന്ന പേരില്‍, കടുവയുടെ സംരക്ഷണവും അവയുടെ ആവാസവ്യവസ്ഥയും പരിപാലിക്കുന്നു. വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡെറാഡൂണ്‍ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ദേശീയ കടുവാ സംരക്ഷണ അതോറിറ്റി ഭാരതത്തിലെ കടുവകളുടെ കണക്കെടുക്കാറുണ്ട്. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തില്‍ 2226 കടുവകള്‍ ഉണ്ടെന്ന് കണക്കെടുത്തിട്ടുണ്ട്. ലോകത്തിലെ വന്യമൃഗമായ കടുവകളുടെ 70 ശതമാനത്തോളം ഭാരതത്തിലാണ്. ബാക്കി 30 ശതമാനം ചൈന, റഷ്യ, തായ്‌ലാന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലുമാണ്. കേരളത്തില്‍ ഏറ്റവും ഒടുവിലത്തെ കണക്കെടുപ്പില്‍ 136 കടുവകള്‍ ഉള്ളതായി കണക്കാക്കുന്നു. കേരളത്തിലെ രണ്ട് കടുവ സങ്കേതങ്ങളാണ് പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കടുവകള്‍ കാണുന്ന പ്രദേശമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് മുതുമല – ബന്ദിപ്പൂര്‍ – നാഗര്‍ ഹോള്‍ – വയനാട് മേഖലയാണ്.