1920 ആഗസ്റ്റ് 1-ന് ലോകമാന്യ തിലകന്‍ അന്തരിച്ചതോടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ഗാന്ധിയുഗം ആരംഭിക്കുന്നത്. പ്രമുഖ നേതാക്കളെല്ലാം പിന്‍വാങ്ങിയതോടെ ഗാന്ധിജി കോണ്‍ഗ്രസ്സിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറി. ഗാന്ധിജി ഏകപക്ഷീയമായി തീരുമാനമെടുക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അതിനുശേഷം ആ തീരുമാനത്തിന് അംഗീകാരം നല്‍കുകയും ചെയ്യുന്ന തരത്തിലാണ് രാജ്യത്തെ ബാധിക്കുന്ന പല സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടത്.
ഇതിന് ഒരുദാഹരണമാണ് ഖിലാഫത്ത് പ്രക്ഷോഭം. 1920 സപ്തംബര്‍ 4-നാണ് കല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ പ്രത്യേക സമ്മേളനം ഖിലാഫത്തിന് പിന്തുണ നല്‍കിക്കൊണ്ട് നിസ്സഹകരണ സമരം ആരംഭിക്കാനുള്ള ഗാന്ധിജിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പു തന്നെ ഗാന്ധിജിയുടെ മനസ്സ് ഖിലാഫത്തിന് അനുകൂലമായി പാകപ്പെട്ടിരുന്നു. 1919 നവംബര്‍ 23-24 തീയതികളില്‍ നടന്ന ഓള്‍ ഇന്ത്യാ ഖിലാഫത്ത് കോണ്‍ഫറന്‍സില്‍ ഗാന്ധിജിയാണ് ആദ്ധ്യക്ഷം വഹിച്ചത്. 1919 മാര്‍ച്ച് 10-നാണ് ഖിലാഫത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള നിസ്സഹകരണ സമരം ശുപാര്‍ശ ചെയ്യുന്നത്. അതേവര്‍ഷം മെയ് 18-നാണ് സെന്‍ട്രല്‍ ഖിലാഫത്ത് കമ്മിറ്റി ഈ തീരുമാനം അംഗീകരിക്കുന്നത്. ആഗസ്റ്റ് 21-ന് ”ഒരു വര്‍ഷത്തിനുള്ളില്‍ സ്വരാജ്” എന്ന ഗാന്ധിജിയുടെ വാഗ്ദാനവുമായി ഖിലാഫത്ത് പ്രക്ഷോഭവും ആരംഭിച്ചിരുന്നു.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഖിലാഫത്ത് പ്രക്ഷോഭം മുന്നോട്ടു പോയെങ്കിലും ‘ഒരു വര്‍ഷത്തിനുള്ളില്‍ സ്വരാജ്’ എന്ന ലക്ഷ്യം കാണാതെയാണ് അതവസാനിച്ചത്. മാത്രമല്ല ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മൂന്നാഴ്ചകള്‍ക്കു മുമ്പു തന്നെ മലബാറില്‍ മാപ്പിളലഹള ആരംഭിക്കുകയും അനേകം കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ദേശവ്യാപകമായി കോണ്‍ഗ്രസ്സിനും ഖിലാഫത്ത് പ്രക്ഷോഭത്തിനും എതിരായ വികാരം ഉണര്‍ത്തി. ”സര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി” മലബാറിലെ മാപ്പിള ലഹളയെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്: ”ആയിരം ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടു. ഇരുപതിനായിരം ഹിന്ദു സ്ത്രീകളെ നിര്‍ബന്ധിച്ചു മതംമാറ്റി, ആയിരക്കണക്കിന് ഹിന്ദുസ്ത്രീകളെ മാനഭംഗപ്പെടുത്തി, അനേകം ഹിന്ദു യുവതികളെ തട്ടിക്കൊണ്ടുപോയി, കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു.”
ലഹള രൂക്ഷമായപ്പോള്‍ മലബാറില്‍ പട്ടാളത്തെ വിളിക്കേണ്ടിവരികയും അവര്‍ ലഹളക്കാരെ അടിച്ചമര്‍ത്തുകയും ചെയ്തു. അങ്ങനെ നിസ്സഹകരണ സമരം തകര്‍ന്നു തരിപ്പണമായി. ഖിലാഫത്ത് പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ആലി സഹോദരന്മാര്‍ ജയിലിലടയ്ക്കപ്പെട്ടു. 1922 ഫെബ്രു. 1-ന് വീണ്ടും നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കാനുള്ള തന്റെ തീരുമാനം ഗാന്ധിജി വൈസ്രോയിയെ അറിയിച്ചു. ഫെബ്രു.4-നാണ് ചൗരിചൗരയിലെ ഒറ്റപ്പെട്ട അക്രമസംഭവം നടക്കുന്നത്. ക്ഷുഭിതരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും 22 പോലീസുകാരെ ചുട്ടുകൊല്ലുകയും ചെയ്തു. അതോടെ ഗാന്ധിജി നിസ്സഹകരണ സമരത്തില്‍ നിന്നു പിന്മാറി. ദേശവ്യാപകമായി പതിനായിരക്കണക്കിന് ജനങ്ങള്‍ അണിനിരന്ന ഒരു പ്രക്ഷോഭത്തെയാണ് താന്‍ പാലിക്കുന്ന അഹിംസാ സിദ്ധാന്തത്തിന് എതിരാണെന്നു പറഞ്ഞ് ഗാന്ധിജി തകര്‍ത്തത്. 1922 മാര്‍ച്ച് 18-ന് ഗാന്ധിജിയെ ആറു വര്‍ഷത്തെ തടവിനു ശിക്ഷിച്ച് ജയിലിലടച്ചു.
ഖിലാഫത്ത് പ്രക്ഷോഭത്തില്‍ ചേര്‍ന്നതും ചൗരിചൗരയുടെ പേരില്‍ നിസ്സഹകരണ സമരത്തില്‍ നിന്നു പിന്‍വാങ്ങിയതും ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കാണിച്ച രണ്ട് ഹിമാലയന്‍ വിഡ്ഢിത്തങ്ങളായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേശബന്ധു ചിത്തരഞ്ജന്‍ദാസ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്നു രാജിവെച്ചത്. ഈ രണ്ടു സംഭവങ്ങളും ഭാരതത്തിന്റെ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തെ രണ്ടു ദശാബ്ദമെങ്കിലും പിന്നോട്ടുകൊണ്ടുപോയി. മുഴുവന്‍ രാജ്യത്തെയും ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷത്തെ കൃത്യമായി മനസ്സിലാക്കുകയും സൂക്ഷ്മ നിരീക്ഷകരായ ദേശസ്‌നേഹികളുടെ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യേണ്ടതായിരുന്നു.
ഡോക്ടര്‍ജിയുടെ മുന്നറിയിപ്പ്
നിസ്സഹകരണ പ്രസ്ഥാനത്തെയും ഖിലാഫത്ത് പ്രക്ഷോഭത്തെയും കൂട്ടിക്കെട്ടിയ കോണ്‍ഗ്രസ് നയത്തെ ശക്തമായി എതിര്‍ത്ത വ്യക്തിയായിരുന്നു രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സ്ഥാപകനായ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍. 1925ലാണ് അദ്ദേഹം ആര്‍.എസ്.എസ്. എന്ന പുതിയ സംഘടനയ്ക്ക് രൂപം നല്‍കിയത്. അതിനു മുമ്പുള്ള ഏതാനും വര്‍ഷങ്ങള്‍ കോണ്‍ഗ്രസ്സിന്റെ മഹാരാഷ്ട്രയിലെ പ്രമുഖനായ നേതാവായിരുന്നു.
1919-ല്‍ അമൃത്‌സറില്‍ വെച്ചു നടന്ന കോണ്‍ഗ്രസ്സിന്റെ ദേശീയ സമ്മേളനത്തില്‍ ഡോക്ടര്‍ജി പങ്കെടുത്തു. അവിടെ വെച്ചാണ് 1920-ലെ കോണ്‍ഗ്രസ് സമ്മേളനം നാഗ്പൂരില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. ആ സമ്മേളനം വിജയിപ്പിച്ചതില്‍ ഡോക്ടര്‍ജിക്കും ഒരു പ്രധാന പങ്കുണ്ടായിരുന്നു. ഖിലാഫത്തിനെ പൊക്കിപ്പിടിച്ച് നിസ്സഹകരണപ്രസ്ഥാനം നടത്താന്‍ പദ്ധതിയിട്ട ഗാന്ധിജിയുടെ നയത്തിന് ഡോക്ടര്‍ജി എതിരായിരുന്നു. തുര്‍ക്കിയില്‍ ഖലീഫാഭരണം പുനഃസ്ഥാപിക്കാന്‍ വേണ്ടിയുള്ള ഖിലാഫത്ത് പ്രക്ഷോഭം ഭാരതത്തിലെ മുസ്ലീങ്ങളില്‍ സ്വദേശബാഹ്യമായ മതഭ്രാന്ത് പാലൂട്ടി വളര്‍ത്തുകയേയുള്ളൂവെന്ന് ഡോക്ടര്‍ജി വാദിച്ചു.
ഖിലാഫത്ത് പ്രക്ഷോഭത്തിന് പരിപൂര്‍ണ്ണമായ സഹകരണം നല്‍കിക്കൊണ്ട് മുഹമ്മദീയരുടെ പ്രീതി സമ്പാദിക്കാനുള്ള ഗാന്ധിജിയുടെ നീക്കത്തില്‍ ഡോക്ടര്‍ജി അപകടം ദര്‍ശിച്ചു. ഹിന്ദു-മുസ്ലിം ഐക്യം എന്ന പുതിയ ആസൂത്രിത മുദ്രാവാക്യത്തില്‍ ഡോക്ടര്‍ജിക്ക് അശേഷം താല്‍പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തം കാഴ്ചപ്പാട് വിശദീകരിക്കാനായി ഗാന്ധിജിയെ സന്ദര്‍ശിച്ചു. ആമുഖമോ വളച്ചുകെട്ടലോ ഇല്ലാതെ ഡോക്ടര്‍ജി ചോദിച്ചു: ”ഇന്ത്യയില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ജൂത, പാര്‍സി മതങ്ങളും മതസ്ഥരും ഉണ്ട്. എല്ലാ വിഭാഗക്കാരും തമ്മിലുള്ള ഐക്യത്തിന് ശ്രമിക്കാതെ താങ്കള്‍ എന്തുകൊണ്ട് ഹിന്ദു-മുസ്ലിം ഐക്യം എന്ന പല്ലവി മാത്രം പാടുന്നു?” ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു: ”നമ്മുടെ രാഷ്ട്രത്തോട് മുസ്ലീങ്ങള്‍ക്ക് സൗഹൃദഭാവം വളര്‍ത്താന്‍ ഇത് സഹായിക്കും. ദേശീയ സമരത്തില്‍ നമ്മളോട് ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ അവര്‍ പ്രേരിതരാകും.”
ഡോക്ടര്‍ജി തൃപ്തനായില്ല. അദ്ദേഹം അഭിപ്രായപ്പെട്ടു: ”ഈ മുദ്രാവാക്യം മുഴങ്ങുന്നതിനു വളരെ മുമ്പു തന്നെ, പ്രശസ്തരായ പല മുഹമ്മദീയരും, ദേശീയമായ അനന്യമനസ്‌കതയോടെ, ലോകമാന്യതിലകന്റെ നേതൃത്വത്തില്‍ നമ്മോടൊപ്പം നമ്മുടെ മാതൃഭൂമിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബാരിസ്റ്റര്‍ ജിന്ന, ഡോക്ടര്‍ അന്‍സാരി, ഹക്കീം അജ്മല്‍ ഖാന്‍ എന്നിവര്‍ അതിനുദാഹരണമാണ്. ഈ പുതിയ പല്ലവി ഐക്യം ഉറപ്പുവരുത്തുന്നതിനു പകരം മുസ്ലീങ്ങളുടെ മനസ്സില്‍ ഭിന്നതാബോധം വളര്‍ത്തുവാനല്ലേ സഹായകമാവുക എന്ന് ഞാന്‍ ഭയപ്പെടുന്നു.”
”എനിക്ക് അങ്ങനെ തോന്നുന്നില്ല.” എന്നു പറഞ്ഞുകൊണ്ട് ഗാന്ധിജി ഡോക്ടര്‍ജിയുടെ ദീര്‍ഘവീക്ഷണത്തെ അവഗണിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, പില്‍ക്കാലത്തു നടന്ന സംഭവങ്ങള്‍ ഡോക്ടര്‍ജിയുടെ ഭയം തീര്‍ത്തും സത്യമാക്കി. (ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ജീവിതകഥ – ബി.വി. ദേശ്പാണ്ഡെ, എസ്.ആര്‍.രംഗസ്വാമി, ഹോ. വേ. ശേഷാദ്രി, പേജ് 59).
മലബാറില്‍ മാപ്പിളലഹള നടന്ന കാലത്ത് ഡോക്ടര്‍ജി ജയിലിലായിരുന്നു. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് അദ്ദേഹം നിരന്തരം പ്രസംഗപര്യടനങ്ങള്‍ നടത്തി. അധികൃതര്‍ ഇത് നിരോധിച്ചു. നിരോധനം ലംഘിച്ചതിന്റെ പേരില്‍ ഡോക്ടര്‍ജിക്കെതിരെ രാജ്യദ്രോഹത്തിനു കേസെടുത്തു. 1921 ആഗസ്റ്റ് 19ന് ജയിലിലടച്ചു. ഒരു വര്‍ഷത്തെ കഠിനതടവായിരുന്നു ശിക്ഷ. 1922 ജൂലായ് 12-നാണ് അദ്ദേഹം ജയില്‍ മോചിതനായത്.
മലബാറില്‍ ഹിന്ദുക്കളുടെ നേരെയുണ്ടായ അതിഭീകരമായ മുസ്ലിം ആക്രമണങ്ങളെക്കുറിച്ചും സര്‍ക്കാരിനെതിരായി അവര്‍ നടത്തിയ സായുധസമരത്തെക്കുറിച്ചും ഉള്ള വാര്‍ത്തകള്‍ ജയിലില്‍ ആയിരുന്നപ്പോള്‍ തന്നെ ഡോക്ടര്‍ജിയുടെ ചെവിയില്‍ എത്തിയിരുന്നു. സംഭവങ്ങളെക്കുറിച്ച് നേരിട്ടന്വേഷിക്കുന്നതിനുവേണ്ടി നാഗ്പൂരില്‍ നിന്ന് കോണ്‍ഗ്രസ് നേതാവും ഡോക്ടര്‍ജിയുടെ അടുത്ത സഹപ്രവര്‍ത്തകനുമായ ഡോ.ബി.എസ്. മുഞ്‌ജേ കേരളത്തില്‍ വന്നു. അദ്ദേഹം മലബാറിലെ ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചുമടങ്ങിയശേഷം വിവരങ്ങള്‍ ഡോക്ടര്‍ജിയെ വിശദമായി ധരിപ്പിച്ചു. ”മുസ്ലിം ഭരണകാലത്ത് നടന്നിട്ടുള്ളതിനേക്കാള്‍ ഭീകരമായ ആക്രമണം” എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഡോക്ടര്‍ജി ജയിലില്‍ അല്ലായിരുന്നെങ്കില്‍ അദ്ദേഹം ഹിന്ദുക്കള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍കാന്‍ കേരളത്തില്‍ എത്തുമായിരുന്നു എന്നു തോന്നുന്നു. ഡോക്ടര്‍ജിയും മുഞ്‌ജേയും കൂടിയാണല്ലോ നാഗ്പൂരില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ ദേശീയസമ്മേളനത്തില്‍ അധ്യക്ഷനാകാന്‍ ശ്രീ അരവിന്ദനെ ക്ഷണിക്കുന്നതിന് പോണ്ടിച്ചേരിയില്‍ പോയത്.
അംബേദ്കറുടെ വിമര്‍ശനം
കോണ്‍ഗ്രസ്സിന്റെ ഖിലാഫത്ത് നയത്തെ വിമര്‍ശിച്ച മറ്റൊരു നേതാവ് ഡോക്ടര്‍ ബി.ആര്‍.അംബേദ്കറാണ്. ‘പാകിസ്ഥാന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ഈ വിഷയത്തിലുള്ള തന്റെ നിലപാട് സവിസ്തരം പ്രതിപാദിക്കുന്നു: ”മുഹമ്മദീയരാണ് പ്രസ്ഥാനം ആരംഭിച്ചത്. ഉറപ്പോടും വിശ്വാസത്തോടും കൂടി ഗാന്ധിജി അതിനെ ഏറ്റെടുത്തപ്പോള്‍ നിരവധി മുസ്ലിങ്ങളെ പോലും അത് അമ്പരപ്പിച്ചു.” അംബേദ്കറും മറ്റു പലരും ചൂണ്ടിക്കാണിച്ചത് തുര്‍ക്കിയിലെ വസ്തുതകള്‍ വെച്ചുനോക്കുമ്പോള്‍ ഇക്കാര്യത്തിലുള്ള പിന്തുണ അപ്രസക്തമാണെന്നാണ്. ”തുര്‍ക്കിയിലെ ഖലീഫയുടെ ഭരണത്തെ ഒരു റിപ്പബ്ലിക്കാക്കി മാറ്റാന്‍ അവിടുത്തെ ജനങ്ങള്‍ തന്നെ ആഗ്രഹിക്കുമ്പോള്‍ അവര്‍ക്കുവേണ്ടിയെന്ന മട്ടില്‍ എത്രയോ അകലെയുള്ള ഇന്ത്യയില്‍ സമരം നടത്തുന്നതിന് ഒട്ടും ന്യായീകരണമില്ല.” കോണ്‍ഗ്രസ്സാണ് നിസ്സഹകരണ സമരത്തിന് തുടക്കം കുറിച്ചതെന്ന പൊതുവായ ധാരണ ശരിയല്ലെന്നും അംബേദ്കര്‍ ചൂണ്ടിക്കാട്ടി. ”നിസ്സഹകരണത്തിന്റെ ഉറവിടം ഖിലാഫത്ത് പ്രക്ഷോഭത്തിലാണ്, സ്വരാജിനുവേണ്ടിയുള്ള കോണ്‍ഗ്രസ് പ്രസ്ഥാനത്തിലല്ല. തുര്‍ക്കിയെ സഹായിക്കാന്‍ ഖിലാഫത്തുകാരാണ് അത് ആരംഭിച്ചത്. അവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുക മാത്രമാണ് ചെയ്തത്. സ്വരാജായിരുന്നില്ല അതിന്റെ പ്രാഥമിക ലക്ഷ്യം, ഖിലാഫത്തായിരുന്നു. അതില്‍ ചേരാന്‍ ഹിന്ദുക്കളെ പ്രേരിപ്പിക്കുന്നതിനുവേണ്ടി സ്വരാജിനെ രണ്ടാമത്തെ ലക്ഷ്യമായി കൂട്ടിച്ചേര്‍ത്തതാണ്.”
ദേശീയ ചരിത്രകാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആര്‍.സി. മജുംദാര്‍ തന്റെ ‘ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ ഇന്ത്യ’ എന്ന ഗ്രന്ഥത്തില്‍ ഗാന്ധിജിയുടെ നിലപാടുകള്‍ വിശദമായി അപഗ്രഥിക്കുന്നുണ്ട്. ‘സ്വരാജ്’ എന്ന ലക്ഷ്യം മാത്രം മുന്നില്‍ നിര്‍ത്തി ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചിരുന്നെങ്കില്‍ അത് കോണ്‍ഗ്രസ്സിന്റെ കരുത്ത് പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്വരാജിനേക്കാള്‍ പ്രാധാന്യം ഖിലാഫത്തിനു നല്‍കിയതിലൂടെ മുസ്ലിങ്ങള്‍ വേറെ രാഷ്ട്രമാണെന്ന ഒരു വിഭാഗം നേതാക്കളുടെ നിലപാടിനെ പിന്തുണക്കുകയാണ് ഗാന്ധിജി ചെയ്തത്. ബിപിന്‍ ചന്ദ്രപാല്‍, ആനിബസന്റ്, ലാലാ ലജ്പത്‌റായ് തുടങ്ങിയ നേതാക്കളും ഗാന്ധിജിയുടെ നിലപാടിന് എതിരായിരുന്നു. മദ്ധ്യേഷ്യയും ഈജിപ്തുമടക്കമുള്ള മുസ്ലിം രാജ്യങ്ങളില്‍ പര്യടനം നടത്തി തിരിച്ചുവന്ന ലാലാ ലജ്പത്‌റായ് പാന്‍-ഇസ്ലാമിസത്തോട് ഏറ്റവും ആകൃഷ്ടരായിരിക്കുന്നത് ഇന്ത്യന്‍ മുസ്ലിങ്ങളാണെന്നും ഇത് അഖണ്ഡ ഭാരതം എന്ന ആശയത്തിന് ഒരു തടസ്സമായിത്തീരുമെന്നുമാണ് പറഞ്ഞത്.
ഫത്വയും പലായനവും
ലഖ്‌നൗവിലെ ഇസ്‌ലാമിക പണ്ഡിതനും ഖിലാഫത്ത് പ്രക്ഷോഭകാരിയുമായ മൗലാനാ അബ്ദുള്‍ ബാരി പുറപ്പെടുവിച്ച ഫത്വ അക്കാലത്തെ മുസ്ലിം നേതാക്കളുടെ മനോഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ബ്രിട്ടീഷുകാര്‍ തുര്‍ക്കിയിലെ ഖലീഫയോടുള്ള അനീതി തുടരുന്നതിനാല്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ അതില്‍ പ്രതിഷേധിച്ച് ഇന്ത്യയെ വിട്ട് ഒരു മുസ്ലിം രാഷ്ട്രമായ – ദാര്‍ ഉല്‍ ഇസ്ലാം – അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറണമെന്നായിരുന്നു ഫത്വ. ഇതനുസരിച്ച് 18,000 മുസ്ലീങ്ങള്‍ സ്വന്തമായുള്ളതെല്ലാം വിറ്റുപെറുക്കി അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു. അവര്‍ നേരിട്ട ദുരിതം അതികഠിനമായിരുന്നു. ഇത്തരത്തിലുള്ള ഒരു നീക്കത്തെ നിരുത്സാഹപ്പെടുത്തുന്നതിനു പകരം ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ്: ”മുസ്ലിങ്ങളുടെ പലായനം ത്വരിതഗതിയിലായിരുന്നു. വഴിയിലുടനീളം അവര്‍ ആവേശഭരിതരായിരുന്നു. അവരുടെ മതപരമായ വികാരങ്ങളെ മാനിക്കാത്ത ഒരു രാജ്യത്ത് എത്ര രാജകീയമായി ജീവിക്കുന്നതിലും നല്ലത് അവര്‍ക്കിഷ്ടമുള്ള രാജ്യത്ത് യാചകരായെങ്കിലും ജീവിക്കുന്നതാണ്.” ‘സാവര്‍ക്കര്‍: എക്കോസ് ഫ്രം എ ഫൊര്‍ഗോട്ടന്‍ പാസ്റ്റ്’ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ ഗ്രന്ഥകാരനായ വിക്രം സമ്പത്ത് പറയുന്നത് പാകിസ്ഥാന്റെ വിത്ത് മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പു തന്നെ വിതയ്ക്കപ്പെട്ടിരുന്നു എന്നാണ്. ദേശീയ മുഖ്യധാരയില്‍ നിന്നു മുമ്പു തന്നെ അകന്നുനിന്നിരുന്ന ഇന്ത്യന്‍ മുസ്ലിങ്ങളെ കൂടുതല്‍ അകറ്റാനാണ് ഖിലാഫത്ത് പ്രക്ഷോഭത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സിന്റെ നടപടി സഹായിച്ചത്.
ഖിലാഫത്ത് പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് ചേരുന്നതിലൂടെ മുസ്ലിങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാമെന്നായിരുന്നല്ലോ ഗാന്ധിജിയുടെ കണക്കുകൂട്ടല്‍. പക്ഷെ 1885ല്‍ തുടങ്ങിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ എന്തുകൊണ്ട് മുസ്ലിങ്ങള്‍ കാര്യമായി ചേര്‍ന്നില്ല എന്നതിനെ സംബന്ധിച്ച് ചരിത്രപരമായ ഒരു വിലയിരുത്തല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി നടത്തേണ്ടതായിരുന്നു. അതുപോലെ ആ കാലഘട്ടത്തില്‍ സ്വാതന്ത്ര്യസമരത്തോടും ബ്രിട്ടീഷ് ഭരണത്തോടുമുള്ള മുസ്ലിം സമൂഹത്തിന്റെ സമീപനം എന്തായിരുന്നു? ഏതെല്ലാം ചിന്താധാരകളാണ് അഥവാ സംഘടനകളാണ് അവരെ നയിച്ചിരുന്നത്? ഈ ദൃഷ്ടിയിലുള്ള ഒരു വിലയിരുത്തല്‍ ഖിലാഫത്ത് പ്രക്ഷോഭത്തില്‍ ചേരാനുള്ള കോണ്‍ഗ്രസ് നിലപാടിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ പരിശോധിക്കാം.
മുസ്ലിം പ്രാതിനിധ്യം കുറവ്
തുടക്കം മുതല്‍ കോണ്‍ഗ്രസ്സില്‍ മുസ്ലിം പ്രാതിനിധ്യം കുറവായിരുന്നു. 1885 മുതല്‍ 1906ല്‍ മുസ്ലിം ലീഗ് രൂപീകരിക്കുന്നതുവരെയുള്ള 21 വര്‍ഷത്തെ കാലഘട്ടം പരിശോധിച്ചാല്‍ ഇതില്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തെ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ മുസ്ലിങ്ങളുടെ ശരാശരി പ്രാതിനിധ്യം 15% ആയിരുന്നു. തുടര്‍ന്നുള്ള 15 വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞു കുറഞ്ഞ് 5% വരെയായി. ആ കാലഘട്ടത്തില്‍ അലഹബാദ്, ലഖ്‌നോ, മീററ്റ്, ലാഹോര്‍, മദ്രാസ് തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിങ്ങള്‍ കോണ്‍ഗ്രസ്സിനെ എതിര്‍ത്തുകൊണ്ട് പ്രമേയങ്ങള്‍ പാസ്സാക്കിയിരുന്നു. അക്കാലത്തെ മുസ്ലിം പ്രസിദ്ധീകരണങ്ങളെല്ലാം കോണ്‍ഗ്രസ്സിന് എതിരായിരുന്നു. രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ഇടയില്‍ നിലനിന്നിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഗോവധവും പൊതുനിരത്തുകളില്‍ പള്ളികള്‍ക്കു മുന്നിലൂടെയുള്ള ഹിന്ദുക്കളുടെ ഘോഷയാത്ര തടയലും അക്കാലത്ത് വ്യാപകമായിരുന്നു. പലയിടത്തും കലാപങ്ങള്‍ വരെ ഉണ്ടായി. സ്വാഭാവികമായും ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സിനെ വിശ്വാസത്തിലെടുക്കാന്‍ മുസ്ലിങ്ങള്‍ തയ്യാറായിരുന്നില്ല. ബ്രിട്ടീഷുകാരാകട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഹിന്ദുക്കളെ തളച്ചിടുകയും ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങളെ മുതലെടുത്തുകൊണ്ട് മുസ്ലീങ്ങളില്‍ വേറിടല്‍ മനോഭാവം വളര്‍ത്തുകയും അവരെ പ്രീണിപ്പിക്കുകയുമാണ് ചെയ്തത്. ബ്രിട്ടീഷുകാരുടെ ഈ കുതന്ത്രത്തെ നേരിടാന്‍ ദുര്‍ബ്ബലമായ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൈയില്‍ യാതൊരു ആശയവുമുണ്ടായിരുന്നില്ല.
(തുടരും)